ആശങ്കകള്‍ പടര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നതിനിടെ പ്രതിരോധത്തിനായി ഉപയോഗിക്കേണ്ടുന്ന അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് ഏറുകയാണ്. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി നിത്യേന ആവശ്യം വരുന്ന ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വാങ്ങിക്കൂട്ടുന്നത്. 

അപ്രതീക്ഷിതമായി പെട്ടെന്ന് ഡിമാന്‍ഡ് ഏറിയതോടെ ഇത്തരം ഉത്പന്നങ്ങളില്‍ പലതും മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സാഹചര്യം വരെ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത്തരമൊരവസ്ഥയില്ല. മറ്റ് പല വിദേശരാജ്യങ്ങളിലേയും സ്ഥിതിഗതികളെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ആവശ്യമുള്ള സാധനങ്ങള്‍ കിട്ടാതെ വരുന്നതോടെ പലയിടങ്ങളിലും ജനം രോഷത്തോടെയാണ് കച്ചവടക്കാരോട് പ്രതികരിക്കുന്നത്. അതോടൊപ്പം തന്നെ ചിലയിടങ്ങളിലെങ്കിലും അവശ്യസാധനങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലും നടക്കുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് പുറത്തുവരുന്നത്. 

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കണ്ടിരുന്നോ? പ്രധാനമായും ട്വിറ്ററിലായിരുന്നു ഇത് പ്രചരിച്ചിരുന്നത്. ഒരു സൂപ്പര്‍മാര്‍ക്കറ്റിനകത്ത് വച്ച് രണ്ട് സ്ത്രീകള്‍ ടോയിലറ്റ് പേപ്പറിനായി അടിപിടി കൂടുന്നതാണ് വീഡിയോ. പ്രായം ചെന്ന ഒരു സ്ത്രീ തന്റെ ട്രോളിയില്‍ അടുക്കടുക്കായി ടോയിലറ്റ് പേപ്പറിന്റെ പാക്കറ്റുകള്‍ വച്ചിരിക്കുന്നു. അതില്‍ നിന്ന് ഒരെണ്ണം ആവശ്യപ്പെട്ട് മറ്റൊരു സ്ത്രീ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇതനുവദിക്കാന്‍ പ്രായമായ സ്ത്രീ തയ്യാറല്ല. തുടര്‍ന്ന് ഇരുവരും സംസാരിച്ച്, അത് കയ്യേറ്റത്തിലെത്തി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രായമായ സ്ത്രീക്കൊപ്പം വന്നിരിക്കുന്ന യുവതിയും ഈ അടിപിടിയില്‍ പങ്കെടുക്കുന്നുണ്ട്. 

ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. എന്തായാലും വീഡിയോ വൈറലായതോടെ രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വീഡിയോ കാണാം...