ഈ ലോക്ഡൗൺ കാലത്ത് മിക്ക ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോം അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾകണ്ടാൽ മനസിലാകും. ഒരുപാട് കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. ഡേകെയറും പ്ലേസ്കൂളുമെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികളെ സ്കൂളിലും വിടാൻ പറ്റാത്ത അവസ്ഥയാണ്. അത് തന്നെയാണ് രക്ഷിതാക്കളുടെയും പ്രശ്നവും.

മക്കളുടെ വികൃതിയും കളിയ്ക്കുമിടയിൽ വേണം ജോലി ചെയ്യാൻ. അത്തരത്തിലൊരു വീഡ‍ിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടങ്ങിയിരിക്കാത്ത രണ്ടു മക്കൾ, അച്ഛന്റെ ലാപ്ടോപ്പിലും കസേരയിലുമാണ് ഇവരുടെ കളികൾ. ജോലി ചെയ്യാൻ സമ്മതിക്കാതെ തന്റെ കസേരയിൽ കയറിയിരിക്കുന്ന കുട്ടികളെ അച്ഛൻ കട്ടിലിൽ കൊണ്ടിരുത്തുന്നു.

കുട്ടികൾ കട്ടിലിൽ നിന്നിറങ്ങി വീണ്ടും കസേരയിൽ പോയിരിക്കുന്നു. അവസാനം, മക്കളെ അടക്കിയിരുത്താൻ ശ്രമിച്ച അച്ഛൻ ശരിക്കും ക്ഷീണിച്ചു പോയി. വർക്ക് ഫ്രം ഹോമിന്റെ അവസ്ഥ എങ്ങനെയാണെന്നുള്ള ഈ വീഡിയോയിൽ വ്യക്തമായി കാണാം. അമ്മയാണ് ഈ തകർപ്പൻ വീഡിയോ പിടിച്ചതും എഡിറ്റ് ചെയ്തിരിക്കുന്നതും.