ആണുങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ പെണ്ണുങ്ങള്‍ അടുക്കളയില്‍ ചോറും കറിയുമുണ്ടാക്കി പിള്ളേരും നോക്കി ഇരിക്കുന്നതൊക്കെ പണ്ട്. ഇന്ന് പുരുഷന്മാരെ പോലെ തന്നെ, സ്ത്രീകളും ജോലി ചെയ്താണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ കുറച്ച് അധികം സമയം ജോലി ചെയ്യുന്നത് സ്ത്രീകളാണോ? 'അതേ' എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് ഇന്ന് ഉറക്കം കുറഞ്ഞുവെന്നും അവര്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുവെന്നുമാണ് അമേരിക്കയിലെ ലേബര്‍ വകുപ്പിന്‍റെ സര്‍വ്വേഫലം പറയുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ജോലി ചെയ്യുന്നതിനായി ഉറക്കം  പോലും സ്ത്രീകള്‍ വേണ്ടയെന്ന് വെയ്ക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ കണക്ക് പ്രകാരം സ്ത്രീകള്‍ ഒരു ദിവസം ഏഴര മണിക്കൂര്‍ ഓഫീസില്‍ ചിലവഴിക്കുന്നു എന്നാണെങ്കില്‍ ഈ വര്‍ഷം അതില്‍ 20 മിനിറ്റ് കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ദൈര്‍ഘ്യം കൂടിയിട്ടുണ്ട്.

അതുപോലെ തന്നെ, ജോലിക്ക് പോകുന്ന സ്ത്രീകള്‍ ദിവസവും രണ്ട് മണിക്കൂര്‍ കുട്ടികളെ നോക്കാന്‍ ചിലവിടുമ്പോള്‍ ജോലിക്ക് പോകുന്ന പുരുഷന്മാര്‍ ഏകദേശം ഒന്നര മണിക്കൂര്‍ ആണ് ഇതിന് ചിലവിടുന്നത്. അതായത് ഉറക്കമില്ലാതെ കൂടുതല്‍ സമയം ഓഫീസില്‍ ചിലവഴിക്കുന്നതും കുട്ടികളെ അധികസമയം നോക്കുന്നതും സ്ത്രീകളാണെന്നാണ് ഈ പഠനം പറഞ്ഞുവെയ്ക്കുന്നത്. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സമയം അടുക്കളയില്‍ ചിലവിടുന്നവരും സ്ത്രീകളാണത്രേ. 

ജോലിക്ക് പോകുന്ന സ്ത്രീകള്‍ വിശ്രമത്തിനും വ്യായാമത്തിനുമായി  ദിവസവും മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് ചിലവിടുമ്പോള്‍ പുരുഷന്മാര്‍ അവിടെ നാല് മണിക്കൂര്‍ 40 മിനിറ്റ് ചിലവിടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ തന്നെയാണ് സ്ത്രീകളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും വളരെയധികം കുറഞ്ഞു. ഇത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

 ഒരു  ആഴ്ചയില്‍‌ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ വിഷാദ രോഗം വരാനുളള സാധ്യത ഏറെയെന്നാണ്  ലണ്ടണിലെ  ക്വീന്‍ മേരി യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. ദിവസവും ഏഴ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ വിഷാദ രോഗം വരാനുളള സാധ്യത 7.3 ശതമാനമാണെന്ന് പഠനം പറയുന്നു.  ബിഎംജെയുടെ ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍റ്  കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 20,000 പേരിലാണ് പഠനം നടത്തിയത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളില്‍ വിഷാദം വരാനുളള സാധ്യത വളരെ കൂടുതലാണെന്നും പഠനം പറയുന്നു.