കൊവിഡ് രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോട് കൂടിയാണ് രാജ്യത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. തലസ്ഥാനമായ ദില്ലി അടക്കം പലയിടങ്ങളിലും ഓക്‌സിജന്‍ പോലും ലഭിക്കാതെ രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് കാണാനായത്. മാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും ഈ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംരാജ്യങ്ങളിലേക്കും എത്തുകയായിരുന്നു

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യമേഖലയെ ഒന്നടങ്കം സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം രാജ്യത്തിന് വേണ്ടി സഹായങ്ങളെത്തുകയാണ്. ഇതിനിടെ പ്രതികരണവുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമാണ്, അല്ലെങ്കില്‍ അതിനപ്പുറമാണ് എന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം അറിയിച്ചിരിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 

'ആരോഗ്യമേഖലയ്ക്ക് സഹായകമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആശുപത്രികളിലെ ഉപയോഗത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും എത്തിക്കാനാണ് ആദ്യഘട്ടത്തിലെ ശ്രമം. ഓക്‌സിജന്‍, അതുപോലെ ലബോറട്ടറി സംവിധാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കിവരുന്നുണ്ട്...'- ടെഡ്രോസ് അഥാനോം പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ വിവിധ ആരോഗ്യപദ്ധതികളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദഗ്ധരില്‍ നിന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം പേരെ ഇന്ത്യയിലെ ആരോഗ്യമേഖലയിലേക്ക് എത്തിച്ചതായും അദ്ദേഹം അറിയിച്ചു. 

കൊവിഡ് രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോട് കൂടിയാണ് രാജ്യത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. തലസ്ഥാനമായ ദില്ലി അടക്കം പലയിടങ്ങളിലും ഓക്‌സിജന്‍ പോലും ലഭിക്കാതെ രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് കാണാനായത്. മാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും ഈ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംരാജ്യങ്ങളിലേക്കും എത്തുകയായിരുന്നു. 

തുടര്‍ന്ന് പല രാജ്യങ്ങളും ഇന്ത്യക്ക് സഹായഹസ്തം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുഎസില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ വാക്‌സിന്‍ ഉപകരണങ്ങള്‍ എന്നിവ രാജ്യത്തെത്തി. ഇതോടൊപ്പം തന്നെ യുഎഇയും ഓക്‌സിജന്‍ കണ്ടെയ്‌നറുകളയച്ചു. ഐക്യരാഷ്ട്രസഭയുടെ ആരോഗ്യസമിതിയും രാജ്യവുമായി ഈ ഘട്ടത്തില്‍ സഹകരിക്കുന്നുണ്ട്.

Also Read:- 'ഹൃദയഭേദകം'; ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് പിച്ചായിയും, നദെല്ലയും...