കൊറോണ വൈറസ് ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തിരിച്ചടിയായിരിക്കുന്നത് പ്രായമായവര്‍ക്കാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പല കണക്കുകളും നിരീക്ഷണങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കൊവിഡ് 19 ഏറ്റവുമധികം നാശം വിതച്ച ചൈനയിലും ഇറ്റലിയിലുമൊക്കെ ജീവന്‍ നഷ്ടമായവരില്‍ ഏറെയും പ്രായം ചെയ്യന്നവര്‍ തന്നെയാണെന്നതും നമ്മള്‍ കണ്ടു.

പ്രായമായവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും പ്രായമായവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്ന പ്രഖ്യാപനങ്ങളും വരുന്നത് ഈ പശ്ചാത്തലത്തില്‍ തന്നെ. എന്നാല്‍ അക്കാരണം കൊണ്ട് മാത്രം തങ്ങള്‍ സുരക്ഷിതരാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാരുമുണ്ട്. 

അത്തരത്തില്‍ ചിന്തിക്കുന്നതും സ്വതന്ത്രമായി പെരുമാറുന്നതും കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചന. 

'ഓരോ ദിവസവും നമ്മള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കണ്ടെത്തുകയാണ്. ഇതുവരേയും പൂര്‍ണ്ണമായി വൈറസിന്റെ വ്യാപനരീതിയും സ്വഭാവവും നിര്‍ണയിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും തീര്‍ച്ചയായും പ്രതിരോധമാര്‍ഗങ്ങള്‍ പാലിച്ചേ മതിയാകൂ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ തോതില്‍ ചെറുപ്പക്കാരും ഈ ദുരന്തത്തിന് ഇരകളാകും എന്ന കാര്യത്തില്‍ സംശയമില്ല...'- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഡെനം പറയുന്നു. 

ലോകാരോഗ്യസംഘടന നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍...

1. ആള്‍ക്കൂട്ടങ്ങള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കുക. സ്വയം ഐസൊലേറ്റ് ചെയ്യാനോ ക്വരന്റൈന്‍ ചെയ്യാനോ തയ്യാറാവുക. 

2. കൈകള്‍ ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകുക. അതോടൊപ്പം തന്നെ സാനിറ്റൈസറിന്റെ ഉപയോഗവും നിര്‍ബന്ധമാക്കുക. 

3. മൊബൈല്‍ ഫോണ്‍, വാളറ്റ് പോലുള്ള എപ്പോഴും ഉപയോഗിക്കുന്ന വ്യക്തിപരമായ സാധനങ്ങള്‍ കൂടി സാനിറ്റൈസ് ചെയ്യുക. 

4. ചുമയോ തലവേദനയോ തൊണ്ടവേനദയോ പനിയോ പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ തയ്യാറാവുക. 

5. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം മാസ്‌ക് ധരിച്ച് മാത്രം മറ്റുള്ളവരോട് ഇടപഴകുക.

6. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക. 

7. സാമൂഹികാകലം പാലിക്കാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക. ഒരു മീറ്റര്‍ അഥവാ മൂന്നടി അകലമാണ് മറ്റുള്ളവരില്‍ നിന്ന് ഓരോരുത്തരും പാലിക്കേണ്ട അകലം.