ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ഇപ്പോള്‍‌ ദുബായില്‍ ലഭ്യമാണ്.

പെര്‍ഫ്യൂം പൂശുന്ന സ്വാഭാവം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. ഒരു യാത്രയ്ക്ക് പോകുമ്പോഴോ ചടങ്ങിന് പോകുമ്പോഴോ ഓഫീസില്‍ പോകുമ്പോഴോ പെര്‍ഫ്യൂം ഉപയോഗിച്ചില്ലെങ്കില്‍ എന്തോ പോലെ തോന്നുന്നവരും ഉണ്ടാകും. അത്തരം പെര്‍ഫ്യൂം പ്രേമികള്‍ക്കുളള വാര്‍ത്തയാണിത്. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ഇപ്പോള്‍‌ ദുബായില്‍ ലഭ്യമാണ്. 'ശുമുഖ്' എന്ന പെര്‍ഫ്യൂമിന് 4750000 ദിര്‍ഹമാണ് വില. അതായത് ഏകദേശം 8.9 കോടി ഇന്ത്യന്‍ രൂപ.

പെര്‍ഫ്യൂം വാങ്ങുമ്പോള്‍ കൂടെ ലഭിക്കുന്നത് 3500 രത്നങ്ങള്‍, മുത്തുകള്‍, 18 കാരറ്റ് സ്വര്‍ണ്ണം രണ്ട് കിലോ, അഞ്ച് കിലോ വെള്ളി എന്നിവ അടങ്ങിയ ഒരു പാക്കറ്റും. 12 മണിക്കൂറോളം ഈ ഫെര്‍ഫ്യൂം ശരീരത്തെ സുഗന്ധ പൂരിതമാക്കും. വസ്ത്രത്തില്‍ പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 92 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ മൂന്ന് വര്‍ഷം വരെ പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം ഉണ്ടാക്കിയത്.

ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്. മാര്‍ച്ച് 30 വരെ ദുബായ് മാള്‍ ഫാഷന്‍ അവന്യൂവില്‍ പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം കൊണ്ട് നിര്‍മ്മിച്ച 'ശുമുഖ്' പെര്‍ഫ്യൂം പ്രദര്‍‌ശനത്തിനായി ഒരുക്കിയിട്ടുണ്ട്.