ലോകരാജ്യങ്ങള്‍ കൊവിഡ് ഭീഷണിക്കുമുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ  സ്ഥിതിമാറി കഴിഞ്ഞു. ഈ മഹാമാരിയുടെ ഉത്ഭവകേന്ദ്രമായ വുഹാനിൽ നാളുകളായി നീണ്ടു നിന്നിരുന്ന ലോക്ക് ഡൗൺ വരെ അവസാനിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയപ്പോള്‍ പുതിയൊരു പ്രശ്നമാണ്  ചൈനയിലെ യുവതലമുറ ഇപ്പോള്‍ നേരിടുന്നത്. 

വിവാഹ അപേക്ഷകളുടെ എണ്ണം കൂടുന്നതാണ്  പ്രശ്നത്തിന് കാരണം. അപേക്ഷകളുടെ എണ്ണം പെരുകിയതോടെ വിവാഹ അപേക്ഷാ സംവിധാനം തന്നെ തകരാറിലായി. ലോക്ക് ഡൗൺ അവസാനിച്ചത്തോടെ വുഹാനിലെ പ്രണയിതാക്കൾ എത്രയും പെട്ടെന്ന് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ചൈനയിലെ ടെക് പ്ലാറ്റ്ഫോമായ അലിപേയുടെ നിയന്ത്രണത്തിലുള്ള പ്രാദേശികമായ വിവാഹ അപേക്ഷാ സംവിധാനത്തിന്‍റെ ഉപയോക്താക്കളുടെ എണ്ണത്തിൽ 300 ശതമാനം വർദ്ധനവാണ് ഒറ്റ ദിവസം കൊണ്ട് തന്നെ രേഖപ്പെടുത്തിയത്. ഇതുമൂലം അപേക്ഷാ സംവിധാനം താൽക്കാലികമായ പ്രശ്നങ്ങൾ നേരിടുന്നതായി ചൈനയുടെ വെയിബോ എന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിലൂടെ അലിപേ ജനങ്ങളെ അറിയിക്കുകയും ചെയ്തു. 

11 ദശലക്ഷം ജനങ്ങളുള്ള വുഹാനില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഫെബ്രുവരി,  മാർച്ച് മാസങ്ങളിൽ വിവാഹ അപേക്ഷകൾ സ്വീകരിക്കുന്നതും നിര്‍ത്തിവെച്ചിരുന്നു. 76 ദിവസത്തെ ലോക്ക് ഡൗൺ മൂലം വിവാഹം കഴിക്കാൻ സാധിക്കാതെ വന്നവർ ഒറ്റദിവസംകൊണ്ട് അപേക്ഷകൾ സമർപ്പിക്കാൻ തിരക്ക് കൂട്ടിയതാണ് സംവിധാനത്തെ തകരാറിലാക്കിയത് എന്നും അധികൃതര്‍ അറിയിച്ചു.