റോം: ഇറ്റലിയിലെ ബിസാക്ക എന്ന പട്ടണത്തില്‍ 100 രൂപയ്ക്ക് താഴെ വിലയില്‍ വീടുവാങ്ങാം. പ്രകൃതിരമണീയമായ ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലാണ് ബിസാക്ക എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. രണ്ട് കോഫിക്ക് ചിലവാക്കുന്ന തുകയ്ക്ക് ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടുത്തെ പട്ടണത്തിലെ ഭരണകൂടം പറയുന്നത്. ഒരു യൂറോയ്ക്കാണ് ഒരു വീട് നല്‍കുന്നത്. എന്തിനാണ് ഇത്രയും കുറഞ്ഞവിലയില്‍ ഒരു വീട് നല്‍കുന്നത്, അതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ഈ പട്ടണത്തിലെ ഒരു തെരുവില്‍ 90 വീടുകളോളം ഒഴിഞ്ഞുകിടപ്പുണ്ട്. ഇത്തരത്തില്‍ പല തെരുവുകളിലും ഉപേക്ഷിക്കപ്പെട്ട വീടുകള്‍ അനവധി. ഇവയില്‍ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയതോടെ ഈ പട്ടണത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു.  കുടിയേറ്റം വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്പങ്ങളും അനുഭവപ്പെട്ടിരുന്നു.

1980കളലാണ് അവസാനമായി ഭൂകമ്പം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു. തെരുവിനോട് ചേര്‍ന്ന്  അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച് എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.

വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍കിയ മുന്നോട്ട് വയ്ക്കുന്നത്. 

മെഡിറ്ററേനിയന്‍ ദ്വീപായ സാംബുകയില്‍ നിന്നും 2019ല്‍ സമാനമായ ഓഫര്‍ വന്നിരുന്നു. ഇവിടെ ഒരു ഡോളറിന് വില്‍ക്കാന്‍ തയ്യാറായി നിരവധി വീടുകളാണുള്ളത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി നാട്ടുകാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതോടെ വിജനമായ ബീച്ചിലേക്ക് ഭരണകൂടം ആളുകളെ ക്ഷണിച്ചിരുന്നു.