ജീവിതം വീല്‍ചെയറില്‍ ഒതുങ്ങിപ്പോകരുതെന്ന് ചലനമറ്റ ആയിരക്കണക്കിന് സുഹൃത്തുക്കളോട് ആത്മവിശ്വാസത്തോടെ പറഞ്ഞവന്‍, അവര്‍ക്ക് കരുത്ത് പകര്‍ന്നവന്‍, ഒടുവില്‍ എല്ലാ കരുതലും സ്‌നേഹവും പ്രിയപ്പെട്ടവരെ ഏല്‍പിച്ച് മടങ്ങിയിരിക്കുന്നു. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് ഫാസിലിന്റെ മരണം, കണ്ടും കേട്ടും അറിഞ്ഞ ഓരോരുത്തരെയും വേദനിപ്പിക്കുന്നുണ്ട്. എങ്കിലും അവന്‍ സ്വന്തം ജീവിതം കൊണ്ട് പറഞ്ഞുവച്ച മൂല്യങ്ങള്‍ ഒരുകാലത്തും ഇല്ലാതായിപ്പോകുന്നില്ല.

വിധി ഫാസിലിനെ തോല്‍പിച്ചത്...

മലപ്പുറം വെളിമുക്ക് വാല്‍പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെയും ഹഫ്‌സത്തിന്റെയും മകനാണ് ഫാസില്‍. അഞ്ച് വയസുവരെ മിടുമിടുക്കനായി ഓടിനടന്നിരുന്ന കുട്ടിയായിരുന്നു അവന്‍. അഞ്ചാം വയസില്‍ പേശികളുടെ ശക്തി ക്ഷയിച്ചുപോകുന്ന 'മസ്‌കുലാര്‍ ഡിസ്‌ട്രോഫി' എന്ന അസുഖം പിടിപെട്ടതോടെ ശരീരം ഭാഗികമായി തളര്‍ന്നുപോയി. ഫാസിലിന്റെ മറ്റ് രണ്ട് സഹോദരന്മാരെയും ഇതേ അസുഖം പിടികൂടിയിരുന്നു. മൂത്ത സഹോദരന്‍ സല്‍മാന്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. 

ഫാസിലിന്റെ ചികിത്സകളെല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടു. ആറ് വയസ് കഴിയുമ്പോഴേക്ക് പൂര്‍ണ്ണമായി വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ഇനി പ്രത്യേകിച്ച് ചികിത്സയൊന്നും ചെയ്യാനില്ലെന്നും പിടിച്ചുനില്‍ക്കാന്‍ ശരീരത്തെ പരിശീലിപ്പിക്കുന്നതിനായി ഫിസിയോതെറാപ്പി മാത്രം തുടര്‍ന്നാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെ സ്വപ്‌നം കാണാന്‍ ഒന്നും ബാക്കിയില്ലാതെ വീട്ടിനകത്തെ ഇരുട്ടിലേക്ക് ഫാസില്‍ ഒതുങ്ങി.

ഉയിര്‍ത്തെഴുന്നേല്‍പ്...

പഠനവും കളിയും കൂട്ടുകൂടലും ഒന്നുമില്ലാതെ വീട്ടുചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ, മരണസമാനമായ ആ അവസ്ഥയില്‍ നിന്ന് വൈകാതെ ഫാസില്‍ സ്വയം ഉയിര്‍ത്തെഴുന്നേറ്റു. പഠിക്കാന്‍ പോകണമെന്ന് വാശി പിടിച്ചു. ഫാസിലിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വീട്ടുകാര്‍ വഴങ്ങി. 

പഠനത്തിനായി വീണ്ടും സ്‌കൂളിന്റെ പടി കടന്നെത്തുമ്പോള്‍ ഫാസിലിനെ കാത്തിരുന്നത് ഒരുപിടി നല്ല സൗഹൃദങ്ങള്‍ കൂടിയായിരുന്നു. അവരില്‍ നിന്ന് കിട്ടിയ പിന്തുണ തുടര്‍ന്നും മുന്നോട്ടുപോകാന്‍ ഫാസിലിനെ പ്രേരിപ്പിച്ചു. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ജയിച്ചു. തുടര്‍ന്ന് പ്ലസ് വണ്ണിന് ചേര്‍ന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ തന്നെപ്പോലെ വീല്‍ചെയറിലും കിടക്കയിലുമെല്ലാം ഒതുങ്ങിപ്പോയവര്‍ക്ക് വേണ്ടി എഴുതി. 

ശരീരം പുറംമോടിയാണെന്നും അത് തളര്‍ന്നാലും മനസ് തളരുന്നില്ലെന്നും ഫാസില്‍ ഉറക്കെ ലോകത്തോട് പറഞ്ഞു. പുറത്തിറങ്ങാനും, യാത്ര ചെയ്യാനും, കഴിയാവുന്ന ജോലികള്‍ ചെയ്യാനും തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അതിനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും സധൈര്യം പറഞ്ഞു. പറയുക മാത്രമല്ല, ഫാസില്‍ സ്വന്തം ജീവിതം കൊണ്ട് കഴിയാവുന്നതെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. 

തിരക്കുപിടിച്ച് വണ്ടികള്‍ ചീറിപ്പായുന്ന റോഡില്‍ തന്റെ ഇലക്ട്രോണിക് വീല്‍ചെയറുപയോഗിച്ച് ഫാസില്‍ യാത്ര ചെയ്തു. പോകാനാകുന്ന പൊതുവിടങ്ങളിലെല്ലാം എത്തി. ചലനമറ്റ്, പ്രതീക്ഷകള്‍ അസ്തമിച്ച യുവാക്കളുടെ കൂട്ടായ്മകള്‍ നടത്തി. അവരോട് കരുത്തോടെ സംസാരിച്ചു. എണ്ണമറ്റ സൗഹൃദങ്ങള്‍ സമ്പാദിച്ചു. ഒരിക്കല്‍ എഴുതിത്തള്ളിയവരെ കൊണ്ടെല്ലാം തിരുത്തിപ്പറയിച്ചു. 

വലിയ രീതിയിലുള്ള സ്വാധീനമാണ് ഫാസിലിന്റെ സാന്നിധ്യം അത്തരത്തില്‍ തളര്‍ന്നുപോയ നിരവധി മനുഷ്യരിലുണ്ടാക്കിയത്. ഗ്രീന്‍ പാലിയേറ്റീവ് കൂട്ടായ്മയുമായി ബന്ധപ്പെട്ട് തന്റെ പ്രവര്‍ത്തനമേഖല ഫാസില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്ന 'പെര്ന്നാ കോടി' എന്ന പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ പോലും പങ്കെടുത്തുകൊണ്ടാണ് ഫാസില്‍ മടങ്ങുന്നത്. 

പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങിയുടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് അതെത്തിച്ചുനല്‍കാന്‍ സഹായിക്കണമെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഫാസിലിന്റെ വാളില്‍ കിടപ്പുണ്ട്. പക്ഷേ പെരുന്നാള് കാണാന്‍ നില്‍ക്കാതെ മരണത്തിന്റെ അനിവാര്യതയെ ഫാസില്‍ അംഗീകരിച്ചു. പനിയും കഫക്കെട്ടുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, പിന്നീട് നില മോശമാവുകയായിരുന്നു. 

അവനുവേണ്ടി ചെയ്യേണ്ടത്...

'മസ്‌കുലാര്‍ ഡിസ്‌ട്രോഫി'യെന്ന അസുഖത്തെ തുടര്‍ന്നാണ് ഫാസിലിന്റെ ശരീരം തളര്‍ന്നുപോയതെന്ന് സൂചിപ്പിച്ചുവല്ലോ. ഈ അസുഖം അത്ര വ്യാപകമല്ലാത്ത ഒരസുഖമാണ്. എന്നാല്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ശരീരം തളര്‍ന്നുപോയവര്‍ നമുക്കിടയില്‍ നിരവധിയാണ്. അത്തരത്തിലുള്ള മനുഷ്യരെയും സാധാരണജീവിതത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ഫാസിലിന്റെ ആഗ്രഹം. 

അവര്‍ക്ക് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആവശ്യമായ സൗകര്യവും അതിന്റെ സേവനവും ഉറപ്പുവരുത്തണമെന്ന് ഫാസില്‍ നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക്, പടിക്കെട്ടുകള്‍ കടക്കാന്‍ പ്രയാസമായതിനാല്‍ പൊതുവിടങ്ങള്‍ അവരെ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തണമെന്നും ഫാസില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യപരിഗണന, സാമ്പത്തിക സുരക്ഷ, ചികിത്സ- ഇത്തരം വിഷയങ്ങളെല്ലാം ഇതോടൊപ്പം നമുക്ക് ചേര്‍ത്തുവയ്ക്കാം. 

വീടിനുള്ളില്‍ ചുരുങ്ങിപ്പോകുന്ന ഇത്തരം മനുഷ്യര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ലോകമെന്നും, അതിന് അവരെ അനുവദിക്കണമെന്നും തന്റെ ചെറിയ ജീവിതം കൊണ്ട് ഫാസില്‍ പറഞ്ഞുവച്ചിരിക്കുന്നു. അതിന് വേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട്. അവന്റെ മരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ആയിരക്കണക്കിന് ജീവിതങ്ങളെയാണ്. ഇതല്ലാതെ മറ്റെന്താണ് ഒരു മനുഷ്യന്റെ വിജയം!