സ്വന്തം മൂത്രം കുടിച്ചുകൊണ്ട് ജീവിക്കുക, എന്നിട്ട് അതിന്റെ എണ്ണമറ്റ ആരോഗ്യഗുണങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുക. ഈ അടുത്ത കാലത്തായി പലയിടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇത്തരത്തില്‍ പ്രശസ്തരായത്. എന്താണ് ഇതിന് പിന്നിലെ പ്രചോദനമെന്നത് വ്യക്തമല്ല, എങ്കിലും വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ഇവരെല്ലാം ഇക്കാര്യം പൊതുമധ്യത്തില്‍ അവതരിപ്പിക്കുന്നത്. 

അത്തരത്തിലൊരു വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. സൗത്തേണ്‍ ഇംഗ്ലണ്ടിലെ ഹാംപ്‌ഷെയര്‍ സ്വദേശിയായ ഹാരി മെറ്റഡെന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഈ കഥാപാത്രം. രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ പഴക്കമുള്ള സ്വന്തം മൂത്രം നിത്യവും ഒരു 200 എം എല്‍ അകത്താക്കുകയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹാരിയുടെ പതിവ്. 'യൂറിന്‍ തെറാപ്പി' എന്നാണ് ഹാരി ഇതിനെ വിളിക്കുന്നത്. ജ്യൂസൊക്കെ കഴിക്കും പോലെ  പഴകിയ മൂത്രം സ്റ്റൈലായി ഗ്ലാസിലെടുത്ത് അതിന് മുകളിലായി അല്‍പം 'ഫ്രഷ്' മൂത്രം കൂടി ചേർത്ത് 'സിപ്' ആയി പതിയെ കുടിച്ചുതീര്‍ക്കും.

ഇതിന് ശേഷം ഇതില്‍ നിന്നല്‍പമെടുത്ത് മുഖത്ത് മസാജും ചെയ്യും. ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍ ലോകത്തില്‍ ലഭ്യമായ ഏറ്റവും നല്ല മസാജ് ഇതാണെന്നാണ് ഹാരി അവകാശപ്പെടുന്നത്. 

എവിടെ നിന്നെല്ലാമോ ലഭിച്ച അറിവുകളുടെ പുറത്താണ് ഇത്തരമൊരു വിചിത്രമായ പതിവിലേക്ക് ഹാരി കടന്നത്. ആദ്യമെല്ലാം മൂത്രത്തിന്റെ ഗന്ധവും രുചിയും പ്രശ്‌നമായിരുന്നുവെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെടുകയും ക്രമേണ അതെല്ലാം ഇഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്തുവത്രേ.'യൂറിന്‍ തെറാപ്പി' തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന കടുത്ത വിഷാദം പമ്പ കടന്നെന്നും, പൂര്‍വ്വാധികം ഊര്‍ജസ്വലനായി താന്‍ കാണപ്പെടാന്‍ തുടങ്ങിയെന്നും ഹാരി പറയുന്നു. വിഷാദരോഗത്തിന് മാത്രമല്ല, അല്‍ഷിമേഴ്‌സ്, ക്യാന്‍സര്‍, മറവിരോഗം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളേയും അകറ്റിനിര്‍ത്താന്‍ ഇത് സഹായകമാണെന്നാണ് ഹാരിയുടെ വാദം.

'യൂറിന്‍ തെറാപ്പി'യുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന രണ്ട് പുസ്തകങ്ങളും ഹാരി എഴുതിയിട്ടുണ്ടത്രേ. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആളുകളെ ഇക്കാര്യം പറഞ്ഞ് ബോധവത്കരിക്കാറുണ്ടെന്നും ഹാരി പറയുന്നു. എന്തായാലും ഇതിലെ ആധികാരികതയുടെ കാര്യത്തില്‍ സംശയം നില്‍ക്കേ വളരെ അസാധാരണമായ ഒരു രീതിയായും വാദമായും മാത്രമേ ഇതിനെ കണക്കാക്കാനാവൂ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പലരും അഭിപ്രായപ്പെടുന്നത്.