എന്തും ഏതും ഒരു വീഡിയോ ആക്കി സോഷ്യല്‍ മീഡിയകളില്‍ ഇട്ടുകഴിഞ്ഞാല്‍ പ്രശസ്തി നേടാമെന്ന ധാരണ എത്രമാത്രം അപകടം പിടിച്ച ചിന്തയാണെന്നതിന് തെളിവാണ് ഈ സംഭവം. ഇത് എവിടെ നടന്നതാണെന്നോ, തുടര്‍ന്ന് എന്ത് നടന്നുവെന്നോ വ്യക്തമല്ല. എന്നാല്‍ ഈ വീഡിയോ മാത്രം മതി, നമ്മളാദ്യം പറഞ്ഞ 'വൈറല്‍' ആകാനുള്ള ആവേശം സമ്മാനിക്കുന്ന അപകടങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കാന്‍. 

ഒരു ചെറുപ്പക്കാരന്‍, കാഴ്ചയ്ക്ക് അല്‍പം ഭയങ്കരനാണെന്ന് തോന്നിപ്പിക്കുന്ന ഒരു പാമ്പിനെ കയ്യിലെടുത്ത് ക്യാമറയ്ക്ക് പോസ് ചെയ്ത് അതിനെ കളിപ്പിക്കുന്നു. പല തവണ പാമ്പിന് നേരെ ഊതിയും മാറിമാറി പിടിച്ചുമെല്ലാം അവന്‍ അതിനെ പ്രകോപിപ്പിക്കുന്നുണ്ട്. 

ഇതിനിടെ അവന്‍ പാമ്പിനെ പതിയെ നെറ്റിയിലേക്ക് എടുത്തുവച്ചു. എന്നിട്ട് ക്യാമറയിലേക്ക് നോക്കാനായി തിരിഞ്ഞതാണ്. നിമിഷനേരം, നെറ്റിയില്‍ ആഞ്ഞുകൊത്തി പാമ്പ്. പിടിച്ചുവലിച്ച് പാമ്പിനെ വേര്‍പെടുത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് കടിച്ച കടിയാലേ അവിടെത്തന്നെ മുറുകെത്തൂങ്ങിയിരിക്കുകയാണ്. 

വേദന കൊണ്ട് പുളഞ്ഞതോടെ ക്യാമറയൊന്നും നോക്കാതെ, അവന്‍ എഴുന്നേറ്റ് പാമ്പിനെ വേര്‍പെടുത്താന്‍ പെടാപ്പാട് പെടുന്നതോടെ വീഡിയോ തീരുന്നു. 'റെപ്‌റ്റൈല്‍ ഹണ്ടര്‍' എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

അനാവശ്യമായി പാമ്പിനെ പീഡിപ്പിച്ചതിന് ദൈവം നല്‍കിയ മറുപടി എന്ന നിലയ്ക്കാണ് ഇവര്‍ തന്നെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ നടന്ന അപകടങ്ങളുടെ ചിത്രങ്ങള്‍ പലരും വീഡിയോയ്ക്ക് താഴെ കമന്റായി ഇട്ടിട്ടുണ്ട്. 

പാമ്പുകളെ കൈകാര്യം ചെയ്യാന്‍ കൃത്യമായി അറിവുള്ളവര്‍ മാത്രമേ അത് ചെയ്യാവൂ എന്നും അല്ലാത്തപക്ഷം മരണം പോലും ക്ഷണിച്ചുവരുത്തിയേക്കാവുന്ന 'മണ്ടന്‍ സാഹസികത'യാണ് ഇത്തരം പ്രവണതകളെല്ലാമെന്നും വിദഗ്ധര്‍ പറയുന്നു. അങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് എടുത്തുപെരുമാറാനുള്ളതല്ല, മറ്റ് ജീവികളെന്ന് നമ്മള്‍ മനസിലാക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

വീഡിയോ കാണാം...