പല വിധത്തിലും നമ്മെ കൗതുകത്തിലാഴ്ത്തുന്ന വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ നാം കാണാറുണ്ട്. എന്നാലിത് അതില്‍ നിന്നെല്ലാം വളരെ മുകളിലാണെന്ന് പറയേണ്ടിവരും. കാരണം ഇന്ന് വരെ കേട്ടറിവ് പോലുമില്ലാത്ത സംഗതികളാണ് ഈ വീഡിയോയിലുള്ളത്. 

അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റിന്റെ പുതിയ റെസ്‌റ്റോറന്റ് ഉദ്ഘാടന വീഡിയോയെ കുറിച്ചാണ് പറയുന്നത്. യൂട്യൂബില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള മിസ്റ്റര്‍ ബീസ്റ്റിന്റെ മിക്ക വീഡിയോകള്‍ക്കും മില്യണുകളോളം കാഴ്ചക്കാരാണുള്ളത്. 

2019ല്‍ ഏറ്റവുമധികം കാഴ്ചക്കരെ സമ്പാദിക്കാനായ യൂട്യൂബര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. 2018ല്‍ ഏറ്റവും പരോപകാരിയായ മനുഷ്യന്‍ എന്ന ബഹുമതിയും യൂട്യൂബ് മിസ്റ്റര്‍ ബീസ്റ്റിന് നല്‍കി. ഇത്തരത്തില്‍ ശ്രദ്ധേയനായ മിസ്റ്റര്‍ ബീസ്റ്റിന്റെ റെസ്‌റ്റോറന്റും ഒരൊറ്റ വീഡിയോയിലൂടെ ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമായിക്കഴിഞ്ഞിരിക്കുകയാണ്. 

'സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ലോകത്തിലെ ആദ്യ റെസ്‌റ്റോറന്റ്' എന്ന വിശേഷണവുമായാണ് മിസ്റ്റര്‍ ബീസ്റ്റ് തന്റെ റെസ്‌റ്റോറന്റ് തുറന്നിരിക്കുന്നത്. സംഗതി സത്യമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയും തെളിയിക്കുന്നത്. വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം, ഒപ്പം നോട്ടുകെട്ടുകളും. 

ഭക്ഷണം തീരുന്നതിന് അനുസരിച്ച് വീണ്ടും ഉണ്ടാക്കുന്നതും നോട്ടുകെട്ടുകള്‍ തീരുന്നതിന് അനുസരിച്ച് വീണ്ടും കെട്ടുകളോളം അടങ്ങിയ ബാഗ് തുറക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സൗജന്യ ഭക്ഷണത്തിനും പണത്തിനുമായി നീണ്ട ക്യൂവാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ റെസ്റ്റോറന്റിന് പുറത്ത് കണ്ടത്. അപ്ലോഡ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ വീഡിയോയും മില്യണ്‍ ക്ലബില്‍ ഇടം നേടി. 

എന്നാല്‍ തന്റെ പുതിയ റെസ്റ്റോറന്റിന് പബ്ലിസിറ്റിയുണ്ടാക്കാനാണ് ജിമ്മി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. യൂട്യൂബിലൂടെ ലഭിച്ച വരുമാനം തന്നെ ഇതിനായി വിനിയോഗിച്ചുവെന്നും ഇവര്‍ പറയുന്നു. അതേസമയം മിസ്റ്റര്‍ ബീസ്റ്റിനെ അനുകൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും എത്രയോ പേര്‍ക്ക് അദ്ദേഹം വെറുതെ പണം നല്‍കി, ആ മനസ് കാണാതെ പോകരുതെന്നാണ് ഇവരുടെ ഭാഷ്യം. 

വൈറലായ വീഡിയോ കാണാം...

 

Also Read:- ഹോട്ടല്‍ ബില്ലിനൊപ്പം കസ്റ്റമര്‍ നല്‍കിയത് മൂന്നര ലക്ഷത്തിന്റെ ടിപ്പ്...