പലപ്പോഴും മഴ നനഞ്ഞും, ഭക്ഷണമോ വെള്ളമോ ചായയോ ഒക്കെ ഒഴിവാക്കിയും എല്ലാമാണ് ഇവര്‍ ജോലി ചെയ്യുന്നത് എന്ന് നമുക്കിവരെ നിരീക്ഷിച്ചാല്‍ മനസിലാക്കാൻ സാധിക്കും. സമയത്തിന് കസ്റ്റമര്‍ക്ക് മുമ്പില്‍ സാധനവുമായി എത്തുകയെന്നത് മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം.

ഇത് ഓൺലൈൻ ഓര്‍ഡറുകളുടെ കാലമാണ്. നമുക്ക് അവശ്യം വേണ്ടുന്ന എന്തും ഓണ്‍ലൈനായി എര്‍ഡര്‍ ചെയ്ത് വീട്ടുവാതില്‍ക്കല്‍ വരെയെത്തിക്കാനുള്ള സൗകര്യം ഇന്ന് നമുക്ക് ലഭ്യമാണ്. ഇത്തരത്തില്‍ ഓണ്‍ലൈനായി കിട്ടാത്ത സാധനങ്ങളും ഇന്നില്ല.

എങ്കിലും ഫുഡ് ഡെലിവെറി തന്നെയാണ് ഇതില്‍ മുൻനിരയില്‍ നില്‍ക്കുന്നത്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ നമുക്ക് പതിവായി കാണാം ഫുഡ് ഡെലിവെറി ഏജന്‍റുകള്‍ ഇരുചക്രവാഹനങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

പലപ്പോഴും മഴ നനഞ്ഞും, ഭക്ഷണമോ വെള്ളമോ ചായയോ ഒക്കെ ഒഴിവാക്കിയും എല്ലാമാണ് ഇവര്‍ ജോലി ചെയ്യുന്നത് എന്ന് നമുക്കിവരെ നിരീക്ഷിച്ചാല്‍ മനസിലാക്കാൻ സാധിക്കും. സമയത്തിന് കസ്റ്റമര്‍ക്ക് മുമ്പില്‍ സാധനവുമായി എത്തുകയെന്നത് മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. ട്രാഫിക്കിലൂടെ അതിവേഗം വണ്ടിയോടിച്ച് പോകുമ്പോള്‍ ഇവരുടെ മനസിലുള്ള ഏക ചിന്ത അത് മാത്രമായിരിക്കും.

എന്നാലിത്തരത്തില്‍ ഭക്ഷണമോ ആവശ്യത്തിന് വിശ്രമമോ ഒന്നുമില്ലാതെ മഴയിലും മഞ്ഞിലും വെയിലുമെല്ലാം ജോലിയെടുക്കുന്ന ഡെലിവെറി ഏജന്‍റുമാരെ കാണുമ്പോള്‍ സ്വാഭാവികമായും പലരും ഇവരെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ എങ്ങനെ, അല്ലേ?

ഇപ്പോഴിതാ ഒരു യുവ യൂട്യൂബര്‍ ഇത്തരത്തില്‍ കഷ്ടപ്പെടുന്ന ഡെലിവെറി ഏജന്‍റുമാരെ സഹായിക്കാനായി അദ്ദേഹത്തിന്‍റേതായ രീതിയില്‍ ഒരു സംവിധാനം സജ്ജീകരിച്ചിരിക്കുകയാണ്. സിദ്ദേഷ് ലൊകാരെ എന്ന യൂട്യൂബറാണ് 'റിലാക്സ് സ്റ്റേഷൻ' എന്ന പേരില്‍ ഡെലിവെറി ഏജന്‍റുമാര്‍ക്കൊരു ഇടത്താവളമൊരുക്കിയിരിക്കുന്നത്. 

ഇവിടെ ഡെലിവെറി ഏജന്‍റുമാര്‍ക്ക് വെള്ളം, ചായ, സ്നാക്സ്, അല്‍പനേരം ഇരിക്കാനുള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, മഴക്കോട്ട് എല്ലാം ലഭ്യമായിരിക്കും. റിലാക്സ് സ്റ്റേഷൻ എന്ന ഈ ഐഡിയയിലേക്ക് താൻ എങ്ങനെയെത്തിയെന്നും സിദ്ദേഷ് തന്‍റെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ദുരിതത്തിലൂടെ ജോലി ചെയ്യുന്ന ഡെലിവെറി ഏജന്‍റുമാരെ ആദ്യം കാണിക്കുന്നു. ശേഷം ഇവര്‍ക്ക് വേണ്ടി താൻ തയ്യാറാക്കിയ റിലാക്സ് സ്റ്റേഷനും. നിരവധി ഡെലിവെറി ഏജന്‍റുമാര്‍ വന്ന് സിദ്ദേഷിന്‍റെ റിലാക്സ് സ്റ്റേഷനില്‍ നിന്ന് ചായയും വെള്ളവുമെല്ലാം വാങ്ങിക്കഴിക്കുന്നതും, അക്ഷരാര്‍ത്ഥത്തില്‍ 'റിലാക്സ്' ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

സിദ്ദേഷിന്‍റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളോ അതത് കമ്പനികളോ ഈ തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, പക്ഷേ ഇതുപോലുള്ള ചെറുപ്പക്കാരെങ്കിലും ഇവരെ പരിഗണിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുണ്ടാക്കുന്നുവെന്നും ഇതിന് അഭിനന്ദനങ്ങള്‍ എന്നും ധാരാളം പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് തന്നെ കഴിച്ചു; ശേഷം കസ്റ്റമര്‍ക്ക് ഒരു മെസേജും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News