ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഐറിസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read: ശ്രീലങ്കന്‍ കവി ബെയ്‌സില്‍ ഫെർണാൻറോയെ വായിക്കുമ്പോള്‍

അന്നയോ മേരിയോ
പനിയമ്മയോ
ഏത് പേരായാലെന്ത്

മര്യനാട്ടുകാരി
അഞ്ചുതെങ്ങുകാരി
അതല്ലെങ്കി
പൂന്തുറയോ തുമ്പയോ പൂവാറോ
കടല്‍വാരമേതായാലെന്ത്

മീങ്കാരി

ചരുവം തലച്ചുമടാക്കി
ആയത്തില്‍ കൈവീശി
വ്യാകുലക്കൊന്തചൊല്ലി
ഓ എന്റെ ഈശോയേ എന്ന്
വീര്‍പ്പിട്ട്

കര്‍ത്താവിന്റെ ശിലുവയുടെ
കനപ്പാടിനോട്
പെണ്ണിനെകെട്ടിച്ചതും
കെട്ട്യോന്‍ കടലില്‍ താണതും
കുടി പണിതീരാത്തതും
ചേര്‍ത്തുവച്ച്
കിതപ്പാറ്റി

വഴിച്ചന്തയിലെത്തുമോ
കാശ് കിട്ടുമോ
കടം തീരുമോ എന്ന്
എടയ്ക്ക് വയറ്റില്‍ പിടുത്തമിടും
മിന്നല്‍വലിയില്‍ത്തട്ടി
കണ്ണീരുപ്പ് വറ്റി
തേക്കമിറക്കി

പട്ടണത്തിന്റെ
ഒത്തനടുക്ക്
മീന്‍വണ്ടിയിറങ്ങി

...................................

Also Read ; മഞ്ഞവെളിച്ചത്തില്‍ കവിത വായിക്കുന്നവന്‍, വെങ്കിടേശ്വരി കെ എഴുതിയ കവിത

...................................

കണ്ണില്ലാ പാച്ചിലുകള്‍
വഴിതടയലുകള്‍
കൊടിനിറങ്ങള്‍
മൈക്കിന്നൊച്ചകള്‍
പലപാട് പ്രാന്തെടുത്തോടും ആളോര്
ഒരുതിര മറുതിരയെന്ന്
മുങ്ങിനിവര്‍ന്ന്
ഉടുചേല മുറുക്കി
ചെരുപ്പിന്റെ വാറ്
ഇറുക്കിപ്പിടിച്ച്

പോണൊണ്ട്

കണ്ടാലുമറിയാത്ത
അന്തമില്ലാ
പെരുവഴി നോക്കി
ഒറ്റനടത്തം

ചുവന്ന റേഷന്‍കാര്‍ഡ്
മത്സ്യഫെഡ് നമ്പര്
എസ്സ് എച്ച് ജി കടക്കുറി
പള്ളിക്കങ്ങേശം ബിസിസി
അക്കണക്ക് ഏതായാലെന്ത്

മീഞ്ചൂര്
ഐസിട്ട ഒടല്

ചരുവത്തില്‍
നെറയണതും
ഒഴിയണതും
വീഴുവോളം
പങ്കപ്പാട്
അതിനുമില്ല കണക്ക്

..................................

Read Also: പുഴയിഴവഴികള്‍, ജസ് പ്രശാന്ത് എഴുതിയ കവിതകള്‍

Read Also: രാഷ്ട്രമീ- മാംസ: അധികാരത്തിന്റെ ഫുള്‍സൈസ് നടനകേളികള്‍

.........................


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...