Asianet News MalayalamAsianet News Malayalam

Malayalam Poems: ഋതു, അനുപമ പി എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനുപമ പി എഴുതിയ കവിതകള്‍

chilla malayalam poems by Anupama P
Author
First Published Nov 28, 2023, 2:27 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poems by Anupama P
 

അപരിചിതര്‍

ചിലര്‍ അങ്ങിനെയാണ്
കാഴ്ച്ചയില്‍ അപരിചിതര്‍.
ആത്മാവുകൊണ്ട് ചിരപരിചിതര്‍.
യുഗയുഗാന്തരങ്ങളായി
നമ്മെ കാത്തുകാത്തു നിന്ന് 
എന്നേക്കുമായി നിശ്ചലരായവര്‍!

 

Also Read: ആത്മാവിനൊരു പ്രണയലേഖനം, അനുപമ പി എഴുതിയ കവിത


ഋതു

വസന്തം എന്നേ
എന്നെ കടന്നുപോയി!
പിന്നെയും ഞാനിതാ
തളര്‍ത്തിയ വേനലിനും
മരവിപ്പിച്ച തണുപ്പിനും
ക്ഷമ നല്‍കി
യാത്ര തുടരുന്നു.
വഴിയിലെവിടെയെങ്കിലും
ഇനിയൊരു വസന്തം
കാത്തുനില്‍പ്പുണ്ടെങ്കിലോ?

 

Also Read: വീടെന്ന വിചിത്ര ജീവി, സരൂപ എഴുതിയ കവിതകള്‍


അവള്‍

എത്ര പതിയെയാണ്
നീയൊന്നു തളിര്‍ത്തത്.

എന്നിട്ടിപ്പോള്‍?
ഒരു പകലിന്റെ ദൈര്‍ഘ്യത്തില്‍?

വിലാപകാവ്യം
പാടുന്നില്ല ഞാന്‍
വിരിഞ്ഞു നിന്ന ഒരുനിമിഷം
ഞാന്‍ കണ്ട ഒരിറ്റ്
പുഞ്ചിരിയുണ്ടല്ലോ..
അതുമതി
നിന്നെയെനിക്ക്
നിര്‍വചിക്കാന്‍.

 

Also Read: മാരക സ്മാരകങ്ങള്‍, ഷാജു വിവിയുടെ കവിത

 

എന്നേക്കുമായി!

സമയചക്രം ഉരുളും
ഋതുക്കള്‍ മാറിമറിയും.

എന്റെ പാതയില്‍
സുഖദുഃഖങ്ങള്‍
കണ്ണാരം പൊത്തിക്കളിക്കും.

അപ്പോഴും പങ്കിടാന്‍
നിങ്ങളില്ലെന്ന ബോധം തളര്‍ത്തും, 
എന്നേക്കുമായി!

 

Also Read: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍


ഖബര്‍

ഖബറിടത്തിലെ
കുഞ്ഞു പൂവ് 
എന്നെ നോക്കി ചിരിച്ചു.
വെയിലില്‍ വാടി വീഴാതെ
മഴയിലൊഴുകാതെ
കവിളിടം കാട്ടി ചിരിച്ചു.

പറയൂ,
മീസാന്‍ കല്ലിനു
കീഴില്‍ നീയാണോ?

 

Also Read: ഏതിരുട്ടിലും, എം.പി. പ്രതീഷിന്റെ കവിതകള്‍


നിള

ഇത്ര വേഗം 
കടന്നുപോകേണ്ടവളായിരുന്നില്ല നീ.
അന്തര്‍മുഖത്വത്തിന്റെ
ആഴപ്പരപ്പില്‍
വീണ്ടും ഞാനിതാ 
താഴ്ന്നു പോകുന്നു.!
ഏകാന്തതയുടെ ചുഴിയില്‍
തളര്‍ന്നു വീഴുന്നു.
പകലും രാത്രിയും
നിലാവെളിച്ചവും
എന്നെ നിന്നില്‍ തളച്ചിടുന്നു!

വയ്യ, ഈ വെയില്‍ പ്രഹരമേല്‍ക്കാനും
മഞ്ഞിന്റെ സ്‌നേഹമേല്‍ക്കാനും.
ഈ ശിശിരത്തിനെന്നെ
വിട്ടുകൊടുക്കാതെ,
എന്നെയും കൂട്ടൂ,
നിന്റെ കൂടെ.

 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios