ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ഗരുഡ ഡ്രൈവിംഗ് സ്‌ക്കൂളിന്റെ മുറ്റം സാഹിര്‍ ഇന്നത്തേക്ക് തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. 

അങ്ങോട്ടേക്കുള്ള വഴി വീട്ടിലേതു പോലെ ഇടുങ്ങിയതും വണ്ടി ഒരിഞ്ചു മാറിയാല്‍ കുടുങ്ങി പോകുന്നതുമാണ്. ഫോര്‍ഡ് എന്‍ഡീവറിന്റെ ഒരു മോഡല്‍ രാവിലെ തന്നെ കാര്‍ ഷോപ്പില്‍ നിന്നും ഏര്‍പ്പാടാക്കി. ഇതിലൂടെ അതാദ്യം ഗ്രൗണ്ടിലേക്ക് എത്തിക്കുന്നവന് ഡ്രൈവര്‍ നിയമനത്തില്‍ മുന്‍ഗണന.

കീഴങ്ങാടിയിലെ പാടവും, മണ്ണാര്‍ക്കാട്ടെ ഒന്നരയേക്കറും വിറ്റു കാര്‍ വാങ്ങിയതിന് നാട്ടിലാകെ ഒരു ചടപ്പ് സംസാരമുണ്ടെന്നയാള്‍ക്കറിയാം. നേരിട്ടത് പറഞ്ഞവരോടൊക്കെ അയാളിങ്ങനെ പറഞ്ഞു.

'ഇക്കണ്ട വഴിയൊക്കെ മനുഷ്യന്മാരും ചക്രങ്ങളുമൊക്കെ നീങ്ങി നീങ്ങി തേഞ്ഞുപോയില്ലേ. ഞാന്‍ കുറച്ചധികം പുതിയ വീതിയുള്ള വഴിയുണ്ടാക്കാന്‍ പോകാണ്... വല്ല്യ വണ്ടി വേണമതിന്. അപ്പൊ തോനെ പൈസേം...'

പള്ള വീര്‍ത്തു നിലം കാണാന്‍ കഴിയാത്തോനാണ് ഇനി പുത്തന്‍ വഴിയുണ്ടാക്കണേ.. തലയ്ക്കു മുകളില്‍ നിന്ന് വാപ്പേം ഉപ്പൂപ്പേം നിലവിളിക്കുമെന്ന് താക്കീത് നല്‍കിയവര്‍ ഇടുങ്ങിയ വഴികളിലൂടെ നടന്നു.

അയാളിതുവരെ മയ്യത്തായോരെ ഓര്‍ത്തിട്ടില്ല, അതുകൊണ്ടുതന്നെ അവരുടെ നിലവിളി കേട്ടിട്ടുമില്ല.

''എന്തിനാടാ ഇങ്ങനൊരു ഏര്‍പ്പാട്..? നാട്ടിലുള്ള ആരേലും പണിക്ക് വെച്ചാ പോരെ.. 10 ഉര്‍പ്യ വീട്ടിക്ക് കൊടുക്കാന്‍ കഴിയാത്ത എത്ര ചെക്കന്മാരും പെണ്ണുങ്ങളുമുണ്ടീ നാട്ടില്.. അപ്പഴാ ഇയ്യ് ഇറക്കുമതിക്കാരെ കൂടെ വിളിക്കണേ.''

അല്‍താഫ് പറഞ്ഞത് സത്യമാണ്. മീശയും മുടിയും കറുത്തവര്‍ക്കാര്‍ക്കും ജോലിയില്ല, പണമില്ല. പത്തുപന്ത്രണ്ടു മണിക്കൂര്‍ പണിയെടുത്താലും അവനു കിട്ടണ ശമ്പളത്തേക്കാള്‍ വിലയുണ്ട് വരാന്‍ പോകുന്ന വണ്ടിക്ക് സാഹിര്‍ പറഞ്ഞേല്പിച്ച ഷീറ്റിന്. അല്‍ത്താഫിന് വളയം പിടിക്കാനറിയാത്തതിനാല്‍ അയാള്‍ മാത്രം ഡ്രൈവര്‍ തസ്തികക്ക് ശുപാര്‍ശ ചെയ്തില്ല.

...................................

Read more: മുങ്ങാംകുഴി, സലു അബ്ദുല്‍ കരീം എഴുതിയ കഥ
...................................

 

സാഹിര്‍ ഗ്രൗണ്ടിലേക്ക് നടന്നു. മൂന്നുകാലുകളുള്ള ചലം കൊണ്ടുണ്ടാക്കിയൊരു ജീവി വട്ടപൂജ്യത്തിനു മുകളില്‍ കയറി നില്‍ക്കുന്ന പോലെയാണ് അയാള്‍ക്ക് സ്വയം തോന്നിയത്. ഉമ്മയുടെ പേരിലുണ്ടായിരുന്ന മേല്‍പ്പാറക്കുന്ന് പൊട്ടിക്കാന്‍ വെച്ച വെടിമരുന്നിലൊന്നു നിറച്ചപ്പോഴുണ്ടായ അപകടത്തെത്തുടര്‍ന്ന് കൂടെ കൂടിയതാണീ വോക്കിങ് സ്റ്റിക്ക്. പാറപൊടിച്ചു ചാക്കിലാക്കി കച്ചവടവും കഴിഞ്ഞു. ഇപ്പോഴുമീ വലത്തേകാലിന്റെ എല്ലില്‍ ഇറച്ചി പിടിക്കുന്നില്ല. നാശം!

മണ്ണിടിച്ചിലില്‍ നാടൊലിച്ചു പോയതിനാല്‍ മേല്‍വിലാസമില്ലാതായവനായിരുന്നു ആദ്യത്തെ മത്സരാര്‍ത്ഥി. അവന്റെ കാലിലെ ചേറിന്റെ കറയിപ്പോഴും പോയിട്ടില്ലെന്ന് അല്‍ത്താഫ് ഇടങ്കണ്ണിട്ട് സാഹിറിന് കാണിച്ചുകൊടുത്തു. പഞ്ചായത്ത് പൈപ്പിന്റെ അകിട് ഞെക്കിപ്പിഴിഞ്ഞു ഒരു കപ്പ് വെള്ളം അവരവന് കറകളയാന്‍ നല്‍കി. വിയര്‍പ്പുചാലുകളൊഴുകിയ അടയാളങ്ങളിലൂടെ പോകവേ ആ കോപ്പയിലെ വെള്ളമത്രയും അവന്റെ ദേഹത്തിന്റെ ചൂടില്‍ ആവിയായത് എത്ര പെട്ടെന്നാണ്. ഗ്രൗണ്ടിന്റെ പിറകിലെ കട്ടില് മാത്തന്റെ വീട്ടില്‍ നിന്നുമൊരു കുടം തെളിനീര് വരുത്തി നോക്കിയിട്ടുമാ കറ കളയാനായില്ല. തേച്ചിട്ടും മാച്ചിട്ടും പോകാത്ത കറയുള്ളവന്റെ കാലില്‍ തന്റെ ഉടുമുണ്ടൂരി വരിഞ്ഞു കെട്ടി സാഹിര്‍ പോംവഴിയുണ്ടാക്കി. കാറില്‍ ചളിയാകരുത് എന്നത് മാത്രമാണല്ലോ നമ്മുടെ പരമപ്രധാനമായ ലക്ഷ്യം എന്ന് ചുറ്റുമുള്ളവരെ ഒന്നുകൂടി ഓര്‍മിപ്പിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നുമൊരു വിസിലെടുത്തു കൂവി തുടക്കം കുറിച്ചു.

ആക്‌സിലറേറ്ററില്‍ ആഞ്ഞൊരു ചവിട്ടുകൊടുത്തു മത്സരാര്‍ത്ഥി.

വണ്ടി ഇടുങ്ങിയ വഴിയിലെ വലത്തേ മതിലിനെ ഇടിച്ചു മുന്നോട്ട് നീങ്ങി. കട്ടില് മാത്തന്റെ പറമ്പിലൂടെ മൂന്നാല് വട്ടമിട്ടോടിച്ചതിനുശേഷം അടുക്കിപെറുക്കിവെച്ചിരുന്ന മരത്തടികളിലിടിച്ചു കലിയടങ്ങാതെ തളച്ച കൊമ്പനെ പോലെ ആ കൂറ്റന്‍ വണ്ടി മുന്നോട്ടും പിറകോട്ടുമായി നീങ്ങി ചിന്നംവിളിച്ചുകൊണ്ടിരുന്നു. സാഹിറിന്റെ വീട്ടിലേക്ക് വൈകീട്ടെത്തിക്കാനുള്ള കഞ്ഞിപ്പശ വയറ്റിലൊട്ടിയ ചെറിയ മൂരിക്കുട്ടന്‍ ഈ ബഹളമെല്ലാം കണ്ട് കൂട്ടത്തിലാരുടെയോ കയ്യില്‍ നിന്നും കുതറിയോടി ഇടത്തെ മതിലും പൊളിച്ചു. കണ്മുന്നിലൂടെയെല്ലാം തകര്‍ന്നു വീഴുമ്പോഴുള്ള ഭയം അവരെയറിയിച്ചുകൊണ്ട് കാലില്‍ നിന്നും ഉടുമുണ്ട് വലിച്ചൂരി മേല്‍വിലാസമില്ലാത്തവന്‍ അട്ടഹസിച്ചുകൊണ്ട് നടന്നുപോയി.

 

.................................

Read more: വിളിയാളം, സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ
 

 

ഉണ്ടായ നഷ്ടങ്ങള്‍ക്കെല്ലാം കണക്കെഴുതാന്‍ സാഹിര്‍ അല്‍ത്താഫിനെയേല്‍പ്പിച്ചു. സഹീറിനെ ഞെട്ടിച്ചു കൊണ്ടയാള്‍ അതിനൊരു കൂലി ആവശ്യപ്പെടുകയും ചെയ്തു. സന്ദര്‍ഭോചിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍!

വഴിമുഴുക്കെ മതിലുപൊളിഞ്ഞു കിടപ്പാണ്. ഇഷ്ടിക കണക്കില്‍ നഷ്ടപരിഹാരം കൊടുക്കുമെന്നേറ്റതിനാല്‍ പൊട്ടിപ്പൊളിഞ്ഞ കഷ്ണങ്ങളുടെ അവകാശത്തെച്ചൊല്ലി അവിടെ രണ്ട് സ്ഥലമുടമകള്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്. എന്നാലും സാഹിറിന് പിന്മാറാന്‍ ഉദ്ദ്യേശം ഉണ്ടായിരുന്നില്ല.

അയാള്‍ അടുത്ത മത്സരം ഇങ്ങനെ പ്രഖ്യാപിച്ചു.

'കട്ടില് മാത്തന്റെ പെരയില് നിന്നാ വണ്ടി ഇറക്കി ഗ്രൗണ്ടിലെത്തിക്കുന്നവന് ജോലിക്ക് മുന്‍ഗണന.'

ഇപ്രാവശ്യം വന്നത് മൂക്കില്ലാത്തവനായിരുന്നു. പുകതുപ്പുന്ന വലിയ കുഴലുകളുള്ള ഫാക്ടറികള്‍ വന്നതില്‍ പിന്നെ ജീവന്‍രക്ഷാര്‍ഥം അവന്റെ നാട്ടുക്കാര്‍ സ്വയം മൂക്കുകള്‍ മുറിച്ചവരായിരുന്നു. ശ്വാസമെടുക്കാതെ കരയില്‍ ജീവിക്കാന്‍ കഴിയുന്ന വിഭാഗം എന്ന പുതിയ കാറ്റഗറി ഉണ്ടാക്കി അവര്‍ക്ക് സംവരണം നല്‍കണമെന്ന സമരം ശക്തമായി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഇക്കൂട്ടര്‍ നമ്മെ വഞ്ചിക്കയാണെന്നും മൂക്ക് ചെത്തിക്കളഞ്ഞാലും വായു ഉള്ളിലേക്കെത്താനുള്ള സുഷിരങ്ങള്‍ അവര്‍ ബാക്കിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സംഘം സാക്ഷ്യം നല്‍കിയത്. 

അങ്ങനെയതൊരു തോറ്റ സമരമായി. സര്‍ക്കാരിനും മനുഷ്യര്‍ക്കും വേറെയെന്തെല്ലാം ചിന്തിക്കാനിരിക്കുന്നു.

മൂക്കില്ലാത്തവന്‍ വണ്ടി പറമ്പില്‍ നിന്നെടുത്തു ഗ്രൗണ്ടിലിറക്കിയെങ്കിലും വാഹനത്തിനുള്ളില്‍ വെച്ച വിദേശ അത്തറിന്റെ മണം ആസ്വദിക്കാനവന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

അവരുടെ നാട്ടില്‍ അത്തറില്ലല്ലോ!

എത്ര ശ്രമിച്ചിട്ടുമവന് ആ ഗന്ധം കിട്ടിയില്ല. എല്ലാ സുഷിരങ്ങളും കരിപിടിച്ചടഞ്ഞു പോയിരിക്കുന്നു. 

.

.............................

Read more: നാറ്റം, ഹൈറ സുല്‍ത്താന്‍ എഴുതിയ കഥ
..............................

 

കറുത്തുചുരുങ്ങിയ അയാളുടെ ശ്വാസകോശത്തില്‍ നിന്നുവന്ന ചാരം വണ്ടിക്കുള്ളിലാകെ നിറഞ്ഞു. കണ്ണുകാണാതെയയാള്‍ വണ്ടി മൂക്കുള്ള മനുഷ്യരുടെ നേരെയോടിച്ചുകയറ്റി. ആളപായമുണ്ടായില്ലെങ്കിലും കാഴ്ചക്കാരില്‍ ചിലര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റി. പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ ഓടുമ്പോള്‍ എന്തെല്ലാം സംഭവിക്കാം എന്നവരെ പഠിപ്പിച്ചുകൊണ്ട് മൂക്കില്ലാത്തവന്‍ ചുമച്ചു ചുമച്ചു കരിതുപ്പി പോയി. 

നിലവിളികളോടൊപ്പം വായുവിലലിഞ്ഞ വീര്യമുള്ളൊരു അത്തറിന്റെ മണം നല്‍കിയ മത്തില്‍ എല്ലാവരും കുറച്ചു നേരം മണ്ണില്‍ വീണുറങ്ങി.

മൂന്നാമത് വന്നവന്‍ കണ്ണീരൊഴുക്കിയവിടമാകെ പ്രളയമുണ്ടാക്കി, നാലാമത് വന്നവന്‍ അവരുടെ മുന്‍പില്‍ വെച്ച് അനേകം കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തു.

വന്നവരെയെല്ലാം ഉള്‍പ്പെടുത്തി സഹീര്‍ തന്റെ മത്സരം തുടരുകയും, മത്സരാര്‍ത്ഥികളെല്ലാം പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പൂര്‍വികരുണ്ടാക്കിയ സമ്പത്തിന്റെ കൂമ്പാരം ഒരറ്റത്തു നിന്നു അല്‍ത്താഫ് മാന്തിയെടുത്തു പരാതിക്കാര്‍ക്കു കൊടുത്തു ക്ഷീണിച്ചു പോയിരിക്കുന്നു. രാവിലെ കണ്ടതിലും കൂടുതല്‍ അയാള്‍ക്ക് പ്രായമേറിയിരിക്കുന്ന കാര്യം സാഹിര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞു. ഇപ്പോഴയാള്‍ തന്റെ 'കൂലിക്കാരന്‍' മാത്രമാണെന്നതിനാലാവാം അങ്ങനെ സംഭവിച്ചത്.

സന്ധ്യയോടുകൂടി തിരിച്ചറിയാനാകാത്ത വിധത്തില്‍ ആ പ്രദേശം മാറിപ്പോയിട്ടുണ്ടായിരുന്നു. ഇപ്പോഴവിടെ പരിക്കേറ്റവരും, പണം ലഭിച്ചവരും, കലഹിക്കുന്നവരും മാത്രമാണുള്ളത്. കൂടുതല്‍ അപകടങ്ങള്‍, ഉറപ്പുള്ള സാമ്പത്തിക ഭദ്രത നല്‍കുമെന്നോര്‍ത്ത് നാട്ടുകാര്‍ അവരവരുടെ വീട്ടിലുള്ളവരെയെല്ലാം പറമ്പില്‍ കൊണ്ടുവന്നു നിറച്ചു. കട്ടില് മാത്തന്‍ ടിക്കറ്റ് പൈസ ഈടാക്കിയാണിപ്പോള്‍ സ്വന്തം പറമ്പിലേക്ക് ആളുകളെ കയറാന്‍ സമ്മതിക്കുന്നത്. ഗ്രൗണ്ടിനടുത്തു ചെറിയൊരു പെട്ടിക്കടയൊരുക്കാന്‍ കണ്ണപ്പന്‍ ചെട്ടിയാര്‍ പേരറിയാത്തൊരുത്തന് ഇന്നത്തേക്ക് മാത്രം പണം പലിശക്ക് നല്‍കി, സര്‍ക്കാര്‍ റോട്ടിലെ അനധികൃത സംരംഭങ്ങള്‍ പൊളിച്ചു നീക്കുമെന്ന് പറഞ്ഞു വന്ന ഉദ്യോഗസ്ഥര്‍ ഒടുവില്‍ വാടകച്ചീട്ടു എഴുതികൊടുത്തു മടങ്ങി. ചുരുക്കത്തില്‍ എല്ലാവരും കച്ചവടക്കാരായെന്ന സവിശേഷത ഒരു ദിവസം കൊണ്ട് ഇവിടുള്ളവര്‍ നേടിയെടുത്തു.

ഇരുട്ടിത്തുടങ്ങിയതിനാല്‍ നല്ലവണ്ണം കൂര്‍പ്പിച്ചു നോക്കിയവരാണ് ഏറ്റവും ഒടുവിലെ പരീക്ഷാര്‍ത്ഥിയെ കണ്ടത് - എല്ലുന്തി, ചോരവറ്റി, മുറിവേറ്റൊരുത്തി...

പെണ്ണോ?

രാത്രിയില്‍ കണ്ണുചത്തവര്‍ കണ്ടുറപ്പിക്കാന്‍ പാട്‌പെട്ടു. അവള്‍ക്ക് നാഭികളോ, മാറിടങ്ങളോ പൂര്‍ണമായ ശരീരഭാഗങ്ങളോ ഉണ്ടായിരുന്നില്ല. ഇരുട്ടിനാവോളം കയറിയിറങ്ങാനുള്ള വലിയൊരു ദ്വാരം മാത്രമായിരുന്നു ആ സ്ത്രീ. 

 

...................................

Read more : ചെല്ലാനം, ഷബ്‌ന ഫെലിക്‌സ് എഴുതിയ കഥ
...........................

 

ഗ്രൗണ്ടിന്റെയറ്റത്തൊരിടത്തിരുന്ന സാഹിര്‍ ചാവി കൊടുക്കുമ്പോള്‍ അവള്‍ തന്റെ ദേഹത്തു നിന്നൊരു കഷ്ണം ഇറച്ചി പറിച്ചെടുത്തു അവന്റെ വലത്തേകാലിലേക്കിട്ടു കൊടുത്തു. നാണംകെട്ട എല്ല് അതിനെയും നക്കിയിരുന്നു.  

അവളാ വണ്ടിയുടെ വാതില്‍ തുറന്ന് ആദ്യമൊരു ഹോണടിച്ചു, തീക്ഷ്ണമായ അതിന്റെ ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്ത് അവിടമാകെ വെളിച്ചം കുത്തിനിറച്ചു തയ്യാറായി.

സാഹിറിന് വേച്ചുകെട്ടിയ ഇറച്ചിയിലാകെയൊരു നീറ്റലനുഭവപ്പെട്ടു, വലിച്ചു പറിച്ചെറിയാനാകാത്ത വിധം അതയാളുടെ ദേഹത്തൊട്ടിയിരിക്കുന്നു. വെന്തുരുകിയ ഇറച്ചിക്ക് മേല്‍പ്പാറ കുന്നിനെ തുരന്ന വെടിമരുന്നിന്റെ മണമാണെന്നറിഞ്ഞ ഞെട്ടലില്‍ അലറി വണ്ടിയുടെ അടുത്തേക്കോടാന്‍ ശ്രമിക്കവേ അവന്റെ കണ്ണുകള്‍ പുറകോട്ട് മറിഞ്ഞു.

പിറ്റേന്നു രാവിലെ പണം വാങ്ങാന്‍ വന്ന വേലപ്പചെട്ടിയാരും, ഉദ്യോഗസ്ഥരും ഗ്രൗണ്ടിരുന്നിടത്തു കണ്ടത് ചോരയുടെ നിറമുള്ള കുളമായിരുന്നു. അതിന്റെ ഒത്തനടുവില്‍ സാഹിര്‍ പൊന്തിക്കിടക്കുന്നു. അവരോടിയില്ല ഭയപ്പെട്ടില്ല, അവര്‍ക്കിവിടുള്ള മനുഷ്യരെ നന്നായി അറിയാമായിരുന്നു. 

നാണയങ്ങളെ ചൂണ്ടയില്‍ കുരുക്കിയവര്‍ കുളത്തിലേക്കിട്ടു. 

മയ്യത്തായ മീനുകള്‍ ഇരകൊത്തില്ലെന്നു പറയാന്‍ ആ നാട്ടില്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.