Asianet News MalayalamAsianet News Malayalam

ജേക്കബ് അഥവാ ദൈവം, മേഘമല്‍ഹാര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മേഘ മല്‍ഹാര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Megha Malhar
Author
First Published Sep 21, 2023, 6:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam  short story by Megha Malhar

 

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആ സ്വപ്നം കണ്ടത്. ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ടു. അങ്ങനെ പറഞ്ഞാല്‍, ജേക്കബ് പല തവണയായി ഒളിഞ്ഞും തെളിഞ്ഞും എന്നോട് പറഞ്ഞിരുന്ന പാരാ നോര്‍മല്‍ ധാരണകളെ അണ്‍ലേണ്‍ ചെയ്യാന്‍ ഞാനിപ്പോഴും സമയമെടുക്കുന്നു. എന്നാലും ചില തീവ്രതയുള്ള സ്വപ്നങ്ങള്‍ കാണുമ്പോള്‍ അയാള്‍ പറഞ്ഞു തന്നിരുന്ന പ്രവൃത്തികള്‍ ഇന്‍വോളന്ററി ആയി മനസ്സ് ചെയ്തു തുടങ്ങും.

I cancel that wish
Oh Jesus,
I strongly cancel that wish. 

എന്തോ അസാധാരണമായ ശക്തിയുള്ളത് പോലെ മനസ്സ് അങ്ങനെ ഇടപെട്ട് തുടങ്ങും. തീവ്രതയോടെ  രണ്ട് മൂന്ന് തവണ അങ്ങനെ പറഞ്ഞാല്‍ എന്താണോ മനസ്സിനെ ബുദ്ധിമുട്ടിക്കുന്നത്  അതിന്റെ ശക്തി ക്ഷയിക്കുമെന്നാണ് ജേക്കബ് പറഞ്ഞ് തരാറുള്ളത്. 

ഇത്തവണയും ഞാനത് അറിയാതെ പറഞ്ഞ് പോയി. അങ്ങനെ പറയുന്നതില്‍ എനിക്ക് സ്വയം ചില സംശയങ്ങളും പുച്ഛവുമുണ്ടെങ്കില്‍ കൂടിയും, ഞാന്‍ ജേക്കബിനെ പരിധിയില്‍ കവിഞ്ഞ് വിശ്വസിക്കുന്നില്ലേ! കഠിനമായ മാനസിക പ്രയാസങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജേക്കബിനെയല്ലേ ഓര്‍ക്കുന്നത്! 

ചിലപ്പോള്‍ ഞാന്‍ അയാളുടെ മാനസിക അടിമയാണെന്ന് വരെ എനിക്ക് തോന്നാറുണ്ട്. ഒരു സൈക്കോളജിസ്റ്റ് ആയതിനാല്‍ ആളുകളെ പറഞ്ഞ് മയക്കി അവരുടെ മെന്റല്‍ ഫ്രെയിം ആകെപ്പാടെ പറഞ്ഞ് മാറ്റി മാനിപുലേറ്റ് ചെയ്യുന്നതായും തോന്നാറുണ്ട്. മറ്റ് ചിലപ്പോള്‍ അയാളുടെയത്ര നന്‍മയുള്ള, അത്രയധികം ജെനുവിനായ മറ്റൊരാള്‍ ലോകത്തിലില്ല എന്ന് വരെ തോന്നിപ്പോകും. 

എത്ര തവണയാണ് മനസ്സ് കൊണ്ട് അയാളോട് യുദ്ധം ചെയ്തിട്ടുള്ളത്. എത്രയധികം തവണ ഞാനയാളെ കഠിനമായി വെറുത്തിട്ടുണ്ട്, ഇനിയൊരിക്കലും അയാളുമായുളള യാതൊരു ബന്ധവും വേണ്ട എന്ന് കരുതി പലതവണ വാട്‌സ് ആപിലും ടെലഗ്രാമിലുമൊക്കെ ബ്ലോക് ചെയ്തിട്ടുണ്ട്. എന്നാലും അയാളുടെ അരികിലേക്ക് തന്നെ തിരികെയെത്തും. ഒരു പക്ഷെ മരിക്കും വരെ എനിക്കയാളോടുള്ള സ്‌നേഹം അങ്ങനെ തന്നെ നിലനില്‍ക്കുമായിരിക്കും. 

ഞാനയാളെ വെറുക്കുന്നു, അതേപോലെ സ്‌നേഹിക്കുന്നു.

കണ്ട സ്വപ്നത്തില്‍ വളരെ ഡിസ്റ്റബ്ഡായി ഇത്തവണയും ഞാന്‍ ജേക്കബിനെ വിളിച്ചു. 

ഡാ... നീ ഇന്നലെ എന്തെങ്കിലും സ്വപ്നം കണ്ടോ...?

ജേക്കബ് ആര്‍ദ്രമായി എന്നോട് ചോദിച്ചു. 

ഉം.. 

സ്വപ്നം വിവരിക്കാന്‍ അയാള്‍ എന്നോട് പറഞ്ഞു. 

എനിക്ക് കരച്ചില്‍ വന്നു. സ്വപ്നത്തില്‍ കണ്ട സ്ത്രീയുടെ മുഖം, അത്ര വേദനയുള്ള കാഴ്ച മറ്റൊരിക്കലും കാണാനിടവരരുതേ... ദൈവമേ...

പറ... ഡാ... ജേക്കബ് പിന്നെയും സാവകാശത്തില്‍ ചോദിച്ചു. 

വളരെ ചിതറിയ ചില ഓര്‍മ്മകള്‍ മാത്രമായിരുന്നു എനിക്ക് സ്വപ്നത്തെ പറ്റി വിവരിക്കാനുണ്ടായിരുന്നത്.

ഞാന്‍ ഒരു വലിയ ബസില്‍ ഉയര്‍ന്ന് പറക്കുകയായിരുന്നു. അത് നിര്‍ത്താതെ പറന്നു കൊണ്ടിരുന്നു.

ആം...ഹാ... അതൊന്നുമില്ലടാ. നിന്റെ ഭാവനയുടെ ആധിക്യത്താല്‍ ഉണ്ടാകുന്നത് മാത്രമാണ്. നോ വറീസ് കുട്ടി.

സ്വപ്നത്തിലെ അടുത്ത രംഗത്തെ പറ്റി വിവരിക്കാനാവാതെ വേദനിച്ചു കൊണ്ട് മറുതലയ്ക്കല്‍ ഞാന്‍ ആത്മാര്‍ത്ഥതയില്ലാത്ത ഒരാളെ പോലെ  നിന്നു.

ഒരു കാര്യം കൂടി കണ്ടു ജേക്കബ്. വേദനയില്‍ പുറത്ത് കടക്കാനാവാതെ ഞാന്‍ സങ്കടത്തോടെ പറഞ്ഞു.

ഒരു... ലേഡി. അവര്‍...
 
എന്താണ്? ആ സ്ത്രീ നിന്നെ ഉപദ്രവിക്കാന്‍ വരുന്നതായിട്ടാണോ കണ്ടത്. ജേക്കബ് ചോദിച്ചു.

അല്ല, അവര്‍... അവര്‍...

അല്ല.... അവര്‍... അവര്‍...
ഒരു ലോറി...
കൊങ്കിണിയങ്കിള്‍
ആ ലേഡി...

അവര്‍ സെക്ഷ്വലി അസോള്‍ട്ടഡായിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ ഞാന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. മറുതലയ്ക്കല്‍ ജേക്കബ് മിണ്ടാതെ നിന്നു.

 

Also Read : ചില്ലുമാളങ്ങള്‍, ആരതി അശോക് എഴുതിയ കഥ


2

നിലത്തിറങ്ങാതെ പച്ചയും ചീരച്ചുകപ്പും ഇടകലര്‍ന്ന നിറമുള്ള ബസ് പുതിയ ബസ് സ്റ്റാന്റിലെ  കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴെ നിലം നോക്കി അവയോടൊപ്പമല്ലാതെ പറന്നു കൊണ്ടിരുന്നു. ഞാന്‍ ശീതോഷ്ണ വികാരങ്ങളാല്‍ ബസിനകത്തോ പുറത്തോ എന്നത് പോലെ ഒരു പക്ഷെ രണ്ടിലും, അല്ലെങ്കില്‍ രണ്ടിലുമുള്‍പ്പടാതെ ചേര്‍ന്നും പിരിഞ്ഞും നിന്നു. ഒന്നുകില്‍ ബസ് ഉയര്‍ന്നു പറക്കുന്നതിനെ പറ്റി ആരെങ്കിലും ചിന്തിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യുന്നില്ല, അല്ലെങ്കില്‍ നിരത്തില്‍ നിന്ന് പരിഭ്രാന്തരായ ചിലരെങ്കിലും ആ പ്രശ്‌നത്തെ പറ്റിയോര്‍ത്ത് വേവലാതിപ്പെടുന്നുണ്ട്. ചിലര്‍ ഒന്നിലുമുള്‍പ്പെടാതെ മിണ്ടാതെ നടന്നു പോകുന്നു. ഞാന്‍ ഇവയുടെയെല്ലാം സങ്കരരൂപമായി ബസിനുള്ളിലിരുന്നു. പിന്നീട് എന്താണ് സംഭവിക്കുകയെന്ന്  ആലോചിച്ചതേയില്ല.

നുള്ളിപ്പാടിയില്‍ നിന്ന് ചെന്നിക്കരയിലേക്കുള്ള ഇടവഴി തെറ്റി നടന്നപ്പോള്‍ ശരണ്യയെ കണ്ടു. അവളും എന്റെ മാതിരി യൂണിഫോം ധരിച്ച്, എന്റെ മാതിരി  മുടി വെട്ടി; കണ്ണുകള്‍ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തോ ചെറിയ ആശയശകലങ്ങള്‍ കൈമാറി. വഴിയിലൊരു ദു:സ്സൂചന തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അത്തരം ഇന്‍സ്റ്റിക്റ്റുകളെ മണത്തെടുക്കുന്നതില്‍ സ്വാഭാവികമായ ഒരു കഴിവ് എന്നില്‍ എപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. ഒരു പക്ഷെ വളരെയേറെ അതെന്നെ ബുദ്ധിമുട്ടിക്കുകയും.

ചെന്നിക്കര കോളനിയിലെ അഞ്ചാം നമ്പര്‍ വീട് കഴിഞ്ഞപ്പോള്‍ കൊങ്കിണിയങ്കിളിന്റെ സ്‌കൂട്ടര്‍ കണ്ടു. പതിവ് പോലെ അയാളുടെ ട്രൗസര്‍ മുണ്ടിന് താഴെ ഇറങ്ങി നിന്നിരുന്നു. കരിമ്പന്‍ പറ്റി കീറാറായ അയാളുടെ മുണ്ടും ഷര്‍ട്ടും പഴയ പച്ചക്കറികള്‍ നിറച്ച കൊട്ടയും.

എന്തോ ഒരു അകല്‍ച്ച ഉണ്ടെങ്കിലും ഞാനയാളെ അഭിസംബോധന ചെയ്തു. ഒരു പക്ഷെ അയാളില്‍ നിന്ന് രക്ഷപ്പെടാനുള്ള എന്റെ മാര്‍ഗങ്ങളില്‍ ചിലതായിരുന്നിരിക്കണം അത്. 

പഴയ ടി വി എസിന്റെ കിക്കര്‍  മന്ത് കാല് കൊണ്ട് അയാള്‍ പണിപ്പെട്ട് ചവിട്ടി. 

ആ... ഇത് യാറ്.... മഞ്ജിമാവാ.... അയാളുടെ കൊങ്കിണിയും കന്നടയും കലര്‍ന്ന മലയാളം പ്രത്യേക ശൗര്യത്തില്‍ എപ്പോഴത്തെയും പോലെ.

പച്ചക്കറി വേണമെങ്കില്‍ വീട്ടിലേക്ക് വരാന്‍ എന്നത്തെയും പോലെ പറഞ്ഞു. അക്കയുണ്ട് വീട്ടില്‍. അയാളുടെ ഭാര്യയാണ്. വൈജയന്തിമാല. ആദ്യത്തെ ഭാര്യ കിണറ്റില്‍ ചാടി മരിച്ചപ്പോള്‍ രണ്ടാമത് കല്യാണം കഴിച്ച് കൊണ്ട് വന്നതാണ്. നീളം കുറഞ്ഞ് വെളുത്ത, എപ്പോഴും മഞ്ഞള് തേക്കുന്ന, നെറ്റിയില്‍ മെഴുക് വട്ടത്തില്‍ പുരട്ടി അതിന് മുകളില്‍ സിന്ദൂരപ്പൊടി തൊടുന്ന, പഴയ ഹിന്ദി - കന്നഡ പാട്ട് പാടുന്ന, മിക്കപ്പോഴും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന, ഒരു പാവം സ്ത്രീ. വൈജയന്തി മാലയെ ആ പരിസരത്തുള്ള ആളുകള്‍ 'അക്ക' എന്നും കൊങ്കിണിയങ്കിളിനെ സ്വാമി എന്നുമാണ് വിളിക്കുന്നത്. അവര്‍ പരസ്പരം 'ദേവാ' എന്നും 'ദേവി' എന്നും.

ആയ കാലത്ത് അങ്കിളിന് പത്ത് പതിനഞ്ച് ലോറിയുണ്ടായിരുന്നു. ചരക്ക് ലോറികളായിരുന്നു. കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ  ഗോതമ്പ്, അരി, പച്ചക്കറികള്‍, മദ്യം ഇവയെല്ലാം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ പറ്റിയും ആ യാത്രകളെ പറ്റിയും കൊങ്കിണിയങ്കിള്‍ അച്ഛനോട് പറയുന്നത് കേള്‍ക്കാം. 

പണ്ട് അമ്മയുടെ നാട്ടിലേക്ക് പോകുമ്പോള്‍ ചെര്‍ക്കള വളവിലൂടെ വലിയ ചരക്ക് ലോറികള്‍ ഇഴഞ്ഞിഴഞ്ഞ് പോകുന്നത് കാണുമ്പോള്‍, അതിന്റെ അടിക്കുന്ന ചുവപ്പും മഞ്ഞയും നീലയും കാണുമ്പോള്‍ വണ്ടിക്കാരുടെ ഒരു പ്രത്യേകതരം ബോഡി ലാംഗ്വേജ് കാണുമ്പോള്‍, ദയയില്ലാത്ത കണ്ണുകള്‍ കാണുമ്പോള്‍ ആ കാഴ്ചയില്‍ നിന്ന് പുറത്ത് കടക്കുവാന്‍ ഞാനെത്ര പണിപ്പെട്ടിരുന്നു. 

ലോറിക്കാരനായ കൊങ്കിണിയങ്കിള്‍, അയാളുടെ യാത്രകള്‍, മുഷിഞ്ഞ തുണികള്‍, ഇപ്പോള്‍ ലോറി യാത്രകള്‍ തുടരുന്ന അയാളുടെ ആദ്യ ഭാര്യയിലെ മകന്‍ ശ്യാമു. മദ്യം കഴിച്ച് പൊള്ളി വീങ്ങിയ പോലത്തെ അയാളുടെ ശരീരം.  എല്ലാം കൊണ്ടും എനിക്ക് എന്തോ പോലെ തോന്നി.

'മഞ്ജിമാ, സ്‌കൂട്ടറില്‍ കയറുന്നോ...' അങ്കിള്‍ തല ചെറുങ്ങനെയാട്ടുന്ന ചേഷ്ഠയോടെ  ചോദിച്ചു. 

വയസ്സാകുമ്പോള്‍ തന്റെ നിയന്ത്രണത്തിലല്ലാതെ മനുഷ്യരുടെ തല, വിരലുകള്‍ എന്നിവ വിറച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ പറ്റി ഞാന്‍ ഭയത്തോടെ ആലോചിച്ചു.

സാധ്യതകളും അസാധ്യതകളും നിറഞ്ഞ ഒരു സങ്കീര്‍ണ ജീവിതാവസ്ഥയാണ് മനുഷ്യന്റേത്. ഒരു പക്ഷെ, മറ്റ് ജീവികളെക്കാളും കഠിനതരം. ടി വി എസ് പതിയെ ചലിച്ച് തുടങ്ങിയപ്പോഴും അങ്കിള്‍ തല പതിയെ ചെരിച്ച് ചിരിച്ച് കൊണ്ട് തന്നെയിരുന്നു.

ഞാന്‍ കേറുന്നില്ലെന്ന് ശക്തമായി തന്നെ അങ്കിളിനോട് പറയുന്നു എന്ന ധാരണയില്‍ ശിരസ്സ് നെടുങ്ങനെയാട്ടി കൊണ്ട് ഞാന്‍ അമ്മയ്ക്ക് രണ്ട് നാള്‍ കഴിഞ്ഞ് തയ്ച്ച് കൊടുക്കാനുള്ള പീച്ച് നിറമുള്ള ജോര്‍ജെറ്റ്  തുണി പുറത്തെടുത്ത് അതിന്റെ നിറം ഒന്നൂടെ അതാണെന്നുറപ്പ് വരുത്തി 'ശാരിക'സില്‍ക്‌സിന്റെ ബോര്‍ഡ് ലക്ഷ്യമാക്കി കൊണ്ട് നടന്നു. 

അമ്മയിപ്പോള്‍ പുറത്തെ സിറ്റൗട്ടില്‍ തയ്യല്‍ മെഷീന് മുകളില്‍ തല വെച്ച് കരയുന്നത് എനിക്കപ്പോള്‍  അറിയില്ലായിരുന്നു. എപ്പോഴും സംഭവിക്കാറുള്ള ഇന്‍സ്റ്റിങ്റ്റുകളിലേക്ക് പോലും അത്തരമൊരു കാഴ്ചയുടെ ചെറിയൊരനക്കം പോലുമെത്തിയിരുന്നില്ല.

 

Also Read : വെടിക്കാരത്തി, ബിജു സി പി എഴുതിയ കഥ


3

ചിന്ന ചിന്ന ആസൈ
ചിറകടിക്കുമാസൈ
മുത്ത് മുത്ത് ആസൈ
മുടിന്ത് വിട്ട ആസൈ...

  
'റോജ'യിലെ ഹിറ്റ് പാട്ട് ആശ ഭോസ്ലെയുടെ ശബ്ദമനുകരിച്ച് കൊണ്ട്  വൈജയന്തിമാല പാടും. പാട്ട് പാടുമ്പോള്‍ ഉള്ളില്‍ നൃത്തം ചെയ്യുന്നതിന്റെ ഭാവം പുറത്തേക്ക് ശകലം തെറിപ്പിച്ച് കൊണ്ട് അവര്‍ ചിലപ്പോള്‍ പാചകം ചെയ്തു കൊണ്ടിരിക്കും. അല്ലെങ്കില്‍ വിളക്ക് കത്തിച്ച് ഭജനത്തിനായുള്ള ഒരുക്കങ്ങള്‍ ചെയ്യും. അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ അവര്‍ ചെയ്തു കൊണ്ടേയിരിക്കും. 

അവരെ ആദ്യമായി കണ്ടപ്പോള്‍ ഏറെ അകല്‍ച്ച തോന്നിപ്പിക്കുന്നതും വെളുത്ത് നീളം കുറഞ്ഞ തീരെ ഭംഗിയില്ലാത്ത ഒരാളെ പോലെയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഞാനും അമ്മയും വാടകയ്ക്ക് താമസിക്കുവാന്‍ വീടുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ വകയിലൊരു ബന്ധുവായ ദുര്‍ഗാന്റിയും അവരുടെ രണ്ട് മക്കളും പണ്ട് താമസിച്ചിരുന്ന വീടായിരുന്നത് കൊണ്ട് ആ ഒരു പരിചയത്തിലായിരുന്നു കൊങ്കിണി കുടുംബത്തെ നേരിടാന്‍ പോയത്. പുറത്തേക്ക് പോകുമ്പോള്‍ എപ്പോഴും ഉണ്ടാകാറുള്ള, എന്നാല്‍ കൃത്യമായി പറയാന്‍ കഴിയാത്ത സ്വയം മതിപ്പ് തോന്നിപ്പിക്കാത്ത  അപരിഷ്‌കൃത വിചാരങ്ങള്‍ എന്നെ പിന്തുടര്‍ന്നു. അമ്മയ്ക്കും അത് പോലെയുള്ള വിചാരങ്ങള്‍ തോന്നുന്നുണ്ടാകുമോ! 

എന്ത് കൊണ്ടോ, എനിക്കുണ്ടാകുന്ന ആ മോശപ്പെട്ട വികാരങ്ങള്‍ അമ്മയുമായി പങ്ക് വെച്ചിരുന്നില്ല. ഉള്ളിലേക്കുള്ളിലേക്ക് അടിച്ചമര്‍ത്തി. അമ്മയും എന്റെയുള്ളില്‍ വളരുന്നുണ്ടായിരുന്ന മാനസിക അപക്വതകളെ തിരിച്ചറിഞ്ഞിരുന്നില്ല. ഞങ്ങള്‍  ഒന്നിനെ കുറിച്ചും പരസ്പരം പറഞ്ഞ് കൊണ്ട് വേദനിപ്പിച്ചിരുന്നില്ല. ചില ഘട്ടങ്ങളില്‍ അമ്മ കരയുമ്പോള്‍, സങ്കടം സഹിക്കാനാകാതെ കരയല്ലമ്മേ എന്നും പറഞ്ഞ് ഞാനും കരയും. മറ്റ് ചില ഘട്ടങ്ങളില്‍ അമ്മ മരിച്ചു പോയാല്‍ എനിക്കീ ഭൂമിയില്‍ മറ്റാരുണ്ട് എന്നോര്‍ത്ത് ഞാന്‍ നിലവിളിക്കുമ്പോള്‍ അമ്മ ചിരിച്ച് കൊണ്ട് എന്നെ സമാധാനിപ്പിക്കും. എന്നാലും ഞങ്ങള്‍ രണ്ട് പേരും വളരെയേറെ ആത്മാഭിമാനമുള്ളവരായിരുന്നു. അമ്മ ആരുടെ മുന്നിലും തല കുനിച്ചിരുന്നില്ല. ഞാനും അങ്ങനെ തന്നെ. 

കൊങ്കിണിയങ്കിള്‍ ആദ്യമൊന്നും വീട് തരാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വീട് തരാന്‍ തീരുമാനിച്ചതിന്റെ കാര്യം വൈജയന്തിമാലയില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്കിളിനെ ഞങ്ങളുടെ സന്ദര്‍ശനം ഏതൊക്കെയോ വിധത്തില്‍ അലട്ടിയിരുന്നുവത്രേ. അയാളുടെ ആദ്യ ഭാര്യ കിണറ്റില്‍ ചാടി മരിക്കുന്ന കാഴ്ച അലോസരപ്പെടുത്തിയ അതേ കടുപ്പത്തില്‍, ഇളം റോസ് നിറത്തില്‍ സ്‌കൂള്‍ യൂണിഫോമിട്ട് നില്‍ക്കുന്ന ഞാനും പഴയ കൈത്തറി സാരിയുടുത്ത് നില്‍ക്കുന്ന അമ്മയും ബുദ്ധിമുട്ടിച്ചുവത്രേ. അതില്‍ നിന്ന് ഒരു കണക്കിന്  രക്ഷപ്പെടാനായി  അക്ക അതായത് വൈജയന്തിമാല  പറഞ്ഞു കൊടുത്ത ഉപാധിയാണത്രേ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയെന്നത്. 

പക്ഷെ എനിക്കെന്ത് കൊണ്ടോ, ആ വീട് മാറ്റം ഇഷ്ടമായിരുന്നില്ല. ഇഷ്ടമില്ലായ്കകളെ പറ്റി, പല കാരണങ്ങള്‍ കൊണ്ടും, എനിക്ക് അമ്മയോട് പറയാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ളതിനെ സ്വീകരിക്കുകയെന്നല്ലാതെ പലതില്‍ തിരഞ്ഞെടുക്കുവാനുള്ള രീതി ഞാന്‍ പരിചയിച്ചിരുന്നില്ല. അതിനാല്‍ എല്ലാറ്റിന് മുന്നിലും വെറുതെ നിന്നു. വൈജയന്തിമാലയുടെ വശമില്ലാത്ത മലയാളത്തിന് മുന്നിലും അമ്മയോടൊന്നിച്ച് ആ വീട് മാറാന്‍ കഴിയണേ എന്ന നിര്‍വികാരമായ ആശയില്‍ ഞാന്‍ നിന്നു. 

ഏയ്... മഞ്ജിമാ, ഇത് നോഡി.... ഈ കളറ് സ്യൂട്ട് ആകുവാ..!

ഓര്‍മ്മകള്‍ പരന്ന് പോകുന്നതിനിടയിലേക്ക് ശാരിക സില്‍ക്‌സിലെ  രമേശ ഷേണായി ഇടപെട്ടു. ഞാന്‍ കുറച്ചധികം സമയമെടുത്ത് ആ നിറത്തിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി. 

'ഇത് മതി. മുക്കാല്‍ മീറ്റര്‍ എടുത്താല്‍ മതിയാകും.' അയാള്‍ പിടിച്ചിരിക്കുന്ന കത്രികയിലേക്ക് നോക്കി അളവ് കൃത്യമായി നോക്കി മുറിച്ചെടുക്കണമെന്ന ആവശ്യത്താല്‍ ഞാന്‍ നിന്നു. ശാരിക സില്‍ക്‌സില്‍ നിന്ന് തുണിയും വാങ്ങി ബില്ലടച്ച് ഇറങ്ങിയപ്പോള്‍ കൊങ്കിണിയങ്കിളിന്റെ സ്‌കൂട്ടര്‍ ചെന്നിക്കരയില്‍ നിന്ന് നുള്ളിപ്പാടിയിലേക്ക് പതിയെ ടേണ്‍ ചെയ്ത് ഇഴയുന്നത് കണ്ടു. ചില സമയങ്ങളിലെല്ലാം കടന്നു വരാറുള്ള അപരിഷ്‌കൃതമായ ഭയം അപ്പോള്‍ തോന്നി. കോളനിയിലെ ഇടറോഡിലൂടെ ഞാന്‍ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.  

 

Also Read : മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

4

വയറുവേദന വന്ന് നിലത്തുരുണ്ട് പിടഞ്ഞ ഒരു ദിവസമായിരുന്നു. രാവിലെ തന്നെ കൊങ്കിണിയങ്കിളിന്റെ സ്‌കൂട്ടര്‍  മുറ്റത്തേക്ക് വരുന്നതിന്റെ ശബ്ദം കേട്ടിരുന്നു. മാര്‍ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ പോയി വാങ്ങിയ രണ്ട് കിലോ അയിലയുമായുള്ള വരവാണ്. അയാള്‍ക്കിത് എപ്പോഴുമുള്ള സൂക്കേടാണ്. മാസത്തില്‍ രണ്ട് തവണയെങ്കിലും അയില പൊരിച്ചതും കറി വെച്ചതും കൂട്ടണം. അമ്മയത് ഉണ്ടാക്കി കൊടുക്കണം.  മാസാമാസം കൃത്യമായി വാടക കൊടുക്കുന്നുണ്ടെങ്കിലും മുതലാളിയുടെ പലയിനം തരാതരങ്ങള്‍ക്ക് നിന്നും കൊടുക്കണം. എനിക്ക് എപ്പോഴും ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ദേഷ്യം വന്നു. വയറിന് ചുറ്റും മുറുക്കെ പിടിച്ച്, അയാളെ നാല് ചീത്ത, വിളിക്കാനായി സിറ്റൗട്ടിലിറങ്ങിയപ്പോള്‍, ഒന്നും മിണ്ടാനാകാതെ ഞാന്‍ തറഞ്ഞു നിന്നു.

അയാള്‍ അമ്മയെ മുറ്റത്ത് നിന്ന് ദേഹത്തോടടുപ്പിച്ച് 'ദേവീ...' എന്ന് വിളിക്കുന്നു. ദൂരെ, അയാളുടെ വീടിന്റെ പിന്‍ വരാന്തയിലെ ഇരുട്ടില്‍ നിന്ന് വൈജയന്തിമാല ഞങ്ങളുടെ മുറ്റത്തേക്ക് നോക്കുന്നു. എന്റെ നിശ്ചലമായ നോട്ടത്തില്‍ അമ്മയും വൈജയന്തിമാലയും ഒരു നാടയില്‍ കെട്ടിയ രണ്ട് കല്ലുകള്‍ പോലെ നിലകൊണ്ടു. 

ലോകം അങ്ങനെയാണെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു. ദരിദ്രരും ദുര്‍ബലരുമായ വിഭാഗത്തെ എല്ലായ്‌പ്പോഴും സകലരും നിയന്ത്രിച്ചു കൊണ്ടിരിക്കും, എത്ര തന്നെ കുതറി മാറാന്‍ ശ്രമിച്ചാലും, അനായാസേന അത് തുടര്‍ന്നു കൊണ്ടിരിക്കുന്നുവല്ലോ. 

എന്നെ കണ്ടപ്പോള്‍ അയാള്‍ ടി വി എസ് നിര്‍ത്തുമ്പോഴുണ്ടാകുന്ന  അതേ ചിരിയോടെ പറഞ്ഞു.
'ഹാ... ഇത് യാറ് മജ്ജിമാവാ..., ഹത്തിറെ ബന്നി...'

എനിക്ക് എപ്പോഴും അയാളോട് തോന്നാറുള്ളതിന്റെ  ഇരട്ടി ദേഷ്യം കനത്തു വന്നു. 'രണ്ട് കല്ലുകളുടെ കൂട്ടത്തിലേക്ക്  മൂന്നാമതൊരെണ്ണമായി കൂട്ടാന്‍ എന്നെ കിട്ടില്ലെടോ തനിക്ക്' എന്നും പറഞ്ഞ് ഞാന്‍ അടുക്കളയിലേക്ക് ഒരു കാറ്റ് പോലെ നടന്നു.

 

Also Read; ക്രിയാപദങ്ങളുടെ ഭൂതകാലം, എം. നന്ദകുമാര്‍ എഴുതിയ കഥ

5

പിന്‍ വരാന്തയിലെ മതിലിനപ്പുറം നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന ജവുക്ക് മരങ്ങള്‍ അനക്കമറ്റ് നിലംപൊത്തിയത് പോലെ തോന്നി. സങ്കടം വരുമ്പോള്‍ ഞാന്‍ ചെമ്പരത്തിയുടെ തണ്ടില്‍ കെട്ടിയടുക്കാറുള്ള ചെറിയ തുണ്ടുകടലാസുകള്‍ അങ്ങനെ തന്നെ ഉറച്ചിരിക്കുന്നത് കണ്ടു. കാര്യമൊന്നുമില്ലെങ്കിലും ഞാന്‍ അറിയാതെ ദൈവത്തിനെ വിളിച്ചു. 

ഓ... എന്റെ ദൈവമേ....

അതിന് ശേഷം ഞാന്‍ ജേക്കബിനെ  വിളിച്ചു. സത്യത്തില്‍ എനിക്ക് അയാളെ കൊണ്ട് യാതൊരു ആവശ്യവുമില്ലായിരുന്നു.പക്ഷെ ചില ശീലങ്ങളില്‍ നിന്ന്  പിന്‍ാറുവാന്‍ കുറച്ചധികം പ്രയാസകരമാണ്. മനസ്സ് ദുര്‍ബലമാകുമ്പോള്‍ അതൊരു സ്യൂഡോ സ്‌പേസ് ആണെന്നുള്ള തിരിച്ചറിവുണ്ടെങ്കില്‍ കൂടിയും അതിലേക്ക് വീണ്ടും പോകാന്‍ തോന്നും. 

ഞാന്‍ ജേക്കബിനോട് വിശദമായി സംസാരിച്ചു. ജേക്കബ്, സൈദ്ധാന്തികമായ ആത്മീയവാദങ്ങള്‍ എനിക്ക് വിശദീകരിച്ചു തന്നു, ഉദാഹരണ സഹിതം. ചില എതിര്‍ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല. ശ്വാസമടക്കി ഞാന്‍ മൂളിക്കൊണ്ടിരുന്നു. 

സംഭാഷണമവസാനിച്ചിട്ടും ഞാന്‍ ജേക്കബിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.


Oh Jesus
I cancel that wish
Strongly  cancel that wish 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios