ഒറ്റനോട്ടത്തിലൊരു നേര്‍വര പോലെ ലളിതമെങ്കിലും ആളെപ്പറ്റിക്കുന്ന അടിയൊഴുക്കുകളുണ്ട് ബിജു സിപിയുടെ കഥകളില്‍. പെട്ടെന്ന് മുറിച്ചുകടക്കാമെന്ന തോന്നലുണ്ടാക്കി കഥയുടെ അവിചാരിത ഗതിവിഗതികളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന ആഖ്യാനത്തിന്റെ വഴുതല്‍. സമകാലികതയുടെ ശ്വാസം കഴിച്ച് പടരുന്നവയാണ് ബിജുവിന്റെ കഥകള്‍. അതില്‍ വിളുമ്പുകളുടെ ജീവിത ഗന്ധമുണ്ട്. ഫാന്റസി കൊണ്ട് മാത്രം മുറിച്ചുകടക്കാവുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ജീവിതത്തിന്റെ ആഴക്കലക്കങ്ങളില്‍ രാഷ്ട്രീയം കലരുന്ന രസതന്ത്രമുണ്ട്.  

സംഗതി പറഞ്ഞാല്‍, ബിജുവിന്റെ കഥകളില്‍ കാണുന്നതെല്ലാം നമുക്ക് പരിചിതര്‍. നാം ജീവിക്കുന്ന ജീവിതവും കാലവും ദേശവും. എന്നാല്‍, അവയെല്ലാം പല താല്‍പ്പര്യങ്ങള്‍ക്കുമേല്‍ എടുത്തണിയുന്ന കാര്യഗൗരവങ്ങളുടെ കുപ്പായങ്ങള്‍ അവിടെ അഴിഞ്ഞു വീഴുന്നു. ചിരപരിചിതത്വങ്ങളിലെ അപരിചിതമായ ഊടുവഴികള്‍ പൊടുന്നനെ ആഴങ്ങളില്‍നിന്നു പൊങ്ങിവരുന്നു. മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ കൊണ്ടുനടക്കുന്ന അസംബന്ധ ബന്ധങ്ങളെക്കുറിച്ച് നമുക്കെന്തോരം കുറേച്ച അറിയാവൂ എന്നൊരു അമ്പരപ്പ് അത് ബാക്കിയാക്കുന്നു. എന്നാല്‍, ഒരേ മരണക്കിണറില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വണ്ടികളല്ല ബിജുവിന്റെ കഥകള്‍. പ്രമേയതലത്തില്‍ അവ ഒന്നിനൊന്ന് മാറിനില്‍ക്കുന്നു. മുനകൂര്‍പ്പിച്ച ആഖ്യാനങ്ങളോരോന്നും പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോവുന്നു. 'ഞാനീ നാട്ടുകാരനല്ലേ, എന്ന മട്ടില്‍ ഒഴിഞ്ഞുമാറിക്കളഞ്ഞ് കഥാകൃത്ത്, സ്ഥലജലവിഭ്രമങ്ങളുടെ കണ്ണാടിയില്‍ നമ്മെത്തന്നെ കാട്ടിത്തരുന്നു. 

 

 

കാര്യം പേരക്ടാവെക്കെയാണെങ്കിലും ടോണിച്ചെറക്കന്‍ പെങ്കൊച്ചിനെ കൊണ്ടോന്ന് വെടിവെപ്പ് പഠിപ്പിക്കാന്‍ ചേര്‍ത്തെന്ന് കേട്ടപ്പം തൊമ്മച്ചന്‍ ചേട്ടന് ആകെ മേലാസകലം ഒന്ന് വെറഞ്ഞ് കേറി. ഇതിപ്പം ആരോടെങ്കിലുവൊന്ന് പറയാമ്പറ്റുവോ! വേറേ വല്ലോരുവാര്‍ന്നെങ്കി ഇച്ചിരെ കള്ളും കുടിച്ചോണ്ടിരുന്ന് തോതോച്ചേട്ടന്‍ ഒരു നോവല് പോലെ പറഞ്ഞേനേം, കാര്യങ്ങള്.

ഇതിപ്പം നാട്ടുകാര് പറയും തോതോച്ചേട്ടന്റെ പേരക്ടാവ് നാട്ടില് വന്നട്ട് വെടിവെച്ച് നടക്കുവാന്ന്. തൊമ്മച്ചന്‍ ചേട്ടന്‍ മേരിക്കുട്ടിയുടെ അടുത്ത് ചെന്ന് പമ്മിപ്പരുമ്മി നിന്നു. നിന്റെ പുന്നാരമോന് ഇതെന്നാത്തിന്റെ കേടാടീ..എന്നൊരു ചോദ്യം ചവച്ചരച്ച് മേരിക്കുട്ടിയുടെ ചെകിട്ടില്‍ ചോദിച്ചു. 

മേരിക്കുട്ടിച്ചേച്ചി ഇപ്പം എന്നാ പറയാനാ! 

ഇപ്പളത്തെ പെങ്കൊച്ചുങ്ങക്ക് അങ്ങനെയെക്കെ പഠിക്കണാരിക്കും. അതിനിപ്പം നിങ്ങക്ക് ഇതെന്നാത്തിന്റെ കേടാ... 

ഓ! ഗള്‍ഫീന്ന് വന്ന് പഠിച്ചേച്ചും അവള് വെല്യേ വെടിവെപ്പ് കാരിയാന്‍ പോകുവാരിക്കും.... തൊമ്മച്ചന്‍ ചേട്ടന്‍ പിന്നേം മേരിക്കുട്ടിയോട് തെറി തന്നെ പറഞ്ഞു.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പം റൂത്ത് ടി. നൊവോമി എന്ന പുത്രിയെ പ്ലസ് ടു പഠിക്കാന്‍ പാലായില്‍ കൊണ്ടെ ചേര്‍ത്തതാണ് തോതോച്ചേട്ടന്റെ പുത്രന്‍ ടോണി തോമസ്. പാടത്ത് കൊയ്ത്തുകാരുടെ പൊറകേ കാലാ പെറക്കണ പോലെ എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ പൊറകേ പ്ലസ് ടൂ പഠിത്തം കൂടെയങ്ങു നടക്കും എന്നേയുള്ളൂ. ഗൈനക്കോളജിസ്റ്റ് ആയേ തീരൂ എന്ന് വാശിയുണ്ടായിരുന്നതു കൊണ്ടാണ് റൂത്ത് എന്‍ട്രന്‍സിന് പഠിക്കാന്‍ പാലായില്‍ തന്നെ പോയത്. 

എല്‍.കെ.ജി. യൂ.കെ.ജി. വരെ തോപ്രാംകുടീ പഠിച്ചതാണ് റൂക്കുട്ടി എന്ന റൂത്ത് ടി. നൊവോമി. അതി പിന്നെയാണ് ദുബായിലേക്ക് പറന്നത്. അതീ പിന്നെയാണേലും എല്ലാ കൊല്ലോം ഒന്നൊന്നര മാസം ദുബായീന്ന് പാറിപ്പറന്നു വന്ന് തോപ്രാംകുടീലെത്തും റൂക്കുട്ടി. ചാച്ചേം അമ്മേം നിര്‍ബന്ധിച്ചട്ടല്ല, റൂത്തിന്റെ തന്നെ നിര്‍ബന്ധം കൊണ്ടാണ് എന്‍ട്രന്‍സിന് പഠിക്കാന്‍ തീരുമാനിച്ചത്. ഗൈനക്കോളജിസ്റ്റാവണോങ്കി ആദ്യം ടെസ്‌റ്റൊന്ന് ജയിച്ച് പിന്നെ എം.ബി.ബി.എസും കൂടി പഠിച്ച് തീര്‍ക്കണോല്ലോ! പക്ഷേ, എട്ടൊമ്പതു കൊല്ലം നാഴികയ്ക്ക് നാപ്പത് വട്ടം ഗൈനക്കോളജിസ്‌റ്റെന്നും പറഞ്ഞ് നടന്ന റൂത്തിന് ഒമ്പത്- പത്താം ക്ലാസ്സുകളൊക്കെ ആയപ്പോഴേക്കും ഗൈനക്കോളജിസ്റ്റിന്റെ ഇഷ്ടം വറ്റി വരണ്ട് വന്നതാരുന്ന്. 

സിനിമ പിടിക്കണം, ഷൂട്ടിങ്ങ് പഠിക്കണം, മോഡലിങ് ചെയ്യണം, മോട്ടിവേഷനല്‍ സ്പീക്കണം...ആശയാഗ്രഹങ്ങളങ്ങനെ കലങ്ങിക്കുത്തി ഒഴുകി നെറഞ്ഞപ്പം റൂക്കുട്ടിക്ക് എങ്ങും പിടിത്തം കിട്ടീല്ല. പണ്ടേ തീരുമാനിച്ച പടി പഠിക്കാന്‍ പാലായ്ക്ക് പറന്നു. ഇപ്പഴത്തെ നെലയ്ക്ക് പെങ്കൊച്ച് എന്‍ട്രന്‍സൊന്നും കടക്കത്തില്ലെന്ന് ടോണിക്കും അറിയാഞ്ഞട്ടല്ല. എന്നാലും പിന്നെ ഇതൊക്കെ ഒരാചാരമാണല്ലോ എന്നോര്‍ത്ത് കൊണ്ടോന്നങ്ങ് ചേര്‍ത്തെന്നേയൊള്ള്. പത്തുകൊല്ലം ദുബായില്‍ പഠിച്ചതിന്റെ കാമ്പും കരുത്തുവൊക്കെ കൊച്ചിനൊണ്ടന്ന് ടോണിച്ചാച്ചയ്ക്ക് അറിയാല്ലോ. 

ഒന്നരാടം ഞായറാഴ്ചകളില്‍ തോതോച്ചേട്ടന്‍ ഡ്രൈവറ് കേശൂനേം കൂട്ടി തോപ്രാംകുടീന്ന് പാലായ്ക്ക് വെച്ചു പിടിക്കും. പേരക്ടാവിന്റെയടുത്തോട്ട്. കേശുവാണെങ്കി മുട്ടത്തുന്ന് തിരിഞ്ഞ് ഈരാറ്റുപേട്ട വഴിക്കേ പോകത്തൊള്ള്. അതാ വഴി നല്ലത്. കിലോമീറ്ററ് നൂറ്റി  ചില്വാനം വരൂങ്കിലും രണ്ട് രണ്ടര മണിക്കൂറും കൊണ്ടങ്ങ് പാലായി ചെല്ലും. വേറേ പുള്ളേരു വല്ലോരുവാ വണ്ടിയോടിക്കണേങ്കി തൊടങ്ങനാട്ട് ചെന്നേച്ചും എലിവാലി കൊല്ലപ്പിള്ളി വഴിയേ പോകത്തൊള്ള്. അതാകുമ്പം പാലായിലോട്ടങ്ങ് എത്തണേന് മിന്നം കൊച്ചിന്റെ ഹോസ്റ്റലി ചെല്ലാം. റൂക്കൊച്ചിനേക്കാലും കാര്യവായിട്ടാ അവക്കടെ കൂട്ടുകാരിക്കൊച്ചുങ്ങള് തോതോച്ചാച്ചനേം നോക്കിക്കൊണ്ടിരിക്കണത്. 

എന്നാ കാര്യം! 

തേങ്ങാക്കൊത്തും കൂര്‍ക്കേം. അതാ കാര്യം.


...................................

Read more: സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ 

...................................

 

തേങ്ങാക്കൊത്തും കൂര്‍ക്കയും 
അമ്മാമ്മച്ചി ബീഫ് വരട്ടുമ്പം സവാളേം ഉരുളക്കെഴങ്ങുവൊന്നും ചേര്‍ക്കത്തേയില്ല. സവാളയ്ക്ക് പകരം ചെറ്യേ ഉള്ളി മാത്രം. അത് കുനുകുനാ അരിഞ്ഞ് വഴറ്റി ചേര്‍ക്കും. ഉരുളക്കെഴങ്ങിനു പകരം കൂര്‍ക്കക്കെഴങ്ങാ. പിന്നെ രണ്ടുനാല് ബീഫുംകഷണത്തിന് ഒന്ന് ആകാനും മാത്രം തേങ്ങാക്കൊത്തും. രണ്ടു ദിവസം മുമ്പേ പെരളനായിട്ട് ബീഫ് വെച്ചേച്ചും കൊറേശ്ശേ കൂട്ടും. രണ്ടു ദിവസോങ്കിലും രാവിലേം വൈകിട്ടും വരട്ടും. ഓരോ ബീഫുങ്കഷണത്തേന്നും പൊടി പൊടി പോലെ പെരട്ട് അങ്ങനെ ഉരുണ്ടുചാടണ പോലെ നിക്കും. റൂത്തിന്റെ ഉണ്ണീശോയേ... ഈ തോതോച്ചാച്ചന്റെ നാടന്‍ ബീഫിന് എന്നാ ഒര് രുചിയാണോ...ന്നാ കൂട്ടുകാരിക്കൊച്ചുങ്ങള് പറയണേന്നും പറഞ്ഞ് റൂക്കുട്ടിക്ക് വെല്യേ സന്തോഷവാ.

റൂത്തിന് ഇപ്പം തോതോചാച്ചനോട് അത്രയ്‌ക്കൊരു കോളൊന്നും ഇല്ല. പണ്ട് തോതോച്ചാച്ചന്‍ മതിയാരുന്ന് എക്കേത്തിനും. ഒന്നാമത് തോതോച്ചാച്ചന് നെറയെ താടീം മീശേമാ. കരടിച്ചാച്ചന്‍ന്നു വിളിക്കും ചെലപ്പം അവള്. അത് ഇഷ്ടം വരുമ്പളാ. ക്ലീന്‍ഷേവാ റൂക്കുട്ടിക്കിഷ്ടം.  പിന്നെ, തോതോച്ചാച്ചന്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കണ എടപാടില്ല. വന്നേച്ചും പോണേന് മുമ്പ് ഒരു പ്രാവശ്യം എങ്കിലും മുണ്ട് മാറ്റി അണ്ടര്‍വെയറും കാണിച്ച് പോക്കറ്റി കൈയിട്ട് കാശിന്റെ പൊതിയെടുക്കും. പേഴ്‌സ് ഉപയോഗിക്കത്തേയില്ല. കാശ് പൊതിഞ്ഞോണ്ടാ നടക്കണത്. വള്ളിച്ചെരിപ്പേ ഇടത്തൊള്ള്. നടക്കുമ്പം ചെരിപ്പ് വന്ന് ടപ്പേ ടപ്പേന്ന് അടിച്ച് ഒച്ചവരും. വെല്യേ ഒരു സ്വര്‍ണമാല ഇട്ടോണ്ട് നടക്കും. കാറ് മേടിക്കത്തില്ല. ജീപ്പേലേ പോകത്തൊള്ള്. ഇപ്പഴത്തെ കൊച്ചുങ്ങക്ക് ഹൈറേഞ്ചുകാര്‌ടെ ഈ പരിപാടിയെക്കെ എങ്ങനെ പിടിക്കാനാ!

ഒന്നരാടം ഞായറാഴ്‌ചേടെ തലേ വെള്ളിയാഴ്ച തന്നെ റൂത്തിന്റെ കൂട്ടുകാരത്തിക്കൊച്ചുങ്ങള് തോപ്രാംകുടിക്ക് വിളിക്കും. ഇത്തോണേം കൂടി എന്‍ട്രന്‍സ് കിട്ടാണ്ടായാ ദുബായില് 'തോതോമേരീസ് നാടന്‍ അടുക്കള' എന്നൊരു റെസ്റ്റോറന്റ് തൊടങ്ങൂഡാ.. എന്ന് ഒന്നരാടം ഞായറേഴ്‌ചേലൊക്കെ റൂത്തിനോട് പറയും ബെഡ് മേറ്റ് ശ്രീലക്ഷ്മി ബി. നായര്‍. ദുബായില് റൂക്കുട്ടീടെ ജസ്റ്റ് സീനിയറായിട്ട് സ്‌കൂള് മൊതലേ ഒള്ളതാ ശ്രീലക്ഷ്മി.  

ദുബായില് വെച്ച് ടോണിച്ചാച്ചയാണെങ്കി, തോതോച്ചാച്ചന്റേം വെല്യാപ്പച്ചന്‍േറം വീരകൃത്യങ്ങള് പറഞ്ഞ് കേട്ട് കേട്ട് തോതോച്ചാച്ചന്‍ എന്തോ വെല്യേ ആളാന്നാ റൂക്കുട്ടി ഓര്‍ത്തോണ്ടിരുന്നത്. ശ്രീലക്ഷ്മിക്കും അവുടുന്നേ അറിയാം ലെഗസി ഓഫ് തോതോ. റൂത്ത് ടി. നൊവോമീടെ തോതോച്ചാച്ചന്‍ വെല്യേ നോവലെഴുത്തുകാരനാന്ന് പറഞ്ഞപ്പം ശ്രീലക്ഷ്മീടമ്മ സിന്ധൂന് ഭയങ്കര അതിശയാരുന്ന്. ശ്രീലക്ഷ്മീടമ്മയാണെങ്കി കവിതയെഴുത്തുകാരിയാണല്ലോ. തകഴി ശിവശങ്കരപ്പിള്ളേനേപ്പോലെയോ എന്നാ ശ്രീലക്ഷ്മീടമ്മ റൂക്കുട്ടിയോട് ചോദിച്ചത്. തകഴി ശിവശങ്കരപ്പിള്ള ആരാന്ന് റൂക്കുട്ടിക്ക് അറിയത്തില്ലല്ലോ! അന്നേരം മൊതല് ഗൂഗിളില് തപ്പിത്തപ്പി നോക്കീട്ടും മലയാളത്തില്‍ തോമസ് തോപ്രാംകുടി എന്നൊരു നോവലിസ്റ്റിനെ കണ്ടുകിട്ടിയതേ ഇല്ല ശ്രീലക്ഷ്മീടമ്മയ്ക്ക്.

ആ വെള്ളിയാഴ്ച വീക്കെന്‍ഡില് ഫാമിലി ഗെറ്റ് റ്റുഗദറിന് ടോണിച്ചാച്ചേം അമ്മേം റൂക്കുട്ടീം കൂടി ജുമേറിയേല് ശ്രീലക്ഷ്മീടെ വീട്ടി ചെന്നപ്പഴാ ടോണിച്ചാച്ച തോതോച്ചാച്ചന്റെ നോവലെഴുത്ത് കാര്യം പറയണത്. പത്തു നാപ്പത് നോവലെങ്കിലും എഴുതീട്ടൊണ്ട് തോതോച്ചാച്ചന്‍. ആദ്യം തോപ്രാംകുടി തൊമ്മച്ചന്‍ എന്ന പേരിലായിരുന്നു എഴുത്ത്. പിന്നെ തോമസ് തോപ്രാംകുടി ആയി. അതാണ് തോതോ ആയത്. അമ്മച്ചി ബീഫ് വരട്ടുമ്പോലെയല്ല ചാച്ചന്റെ നോവലെഴുത്തെന്ന് പറയും ടോണി. ചാറ് ഇഷ്ടം പോലെയാ. 

പണ്ടൊള്ളവര് നാടന്‍ അടുക്കളേല് വരട്ടിയെടുക്കണ പോലെ വല്ലോം പറ്റുവോ കച്ചോടത്തിന് ഒണ്ടാക്കണോര്‍ക്ക് ന്ന് ചോദിച്ച് ശ്രീലക്ഷ്മീടമ്മ. വെല്യേ റസ്റ്റോറന്റുകാരാന്നേ, ചാറും കാണത്തില്ല. സോസ് ഒഴിച്ച് കൊഴകൊഴാന്നാക്കും- കവിതക്കാരത്തി അടുക്കള വിശേഷം പറഞ്ഞ്.

ഏലത്തിന്‍േറം കുരുമൊളകിന്‍േറം പണിത്തെരക്ക് കഴിഞ്ഞാ, ചാച്ചന്‍ നോവലെഴുത്ത് തൊടങ്ങും. മംഗളത്തിലും മനോരമേലുവെക്കെ എഴുതീട്ടൊണ്ട്. നെടുങ്കണ്ടത്തൂന്ന്് എറങ്ങിക്കോണ്ടിരുന്ന മലയോരസഖിയിലാണ് കൂടുതലും. ഒരു ഒന്നൊന്നരയാഴ്ച കൊണ്ട് ഒറ്റയടിക്ക് നോവല് തീര്‍ക്കും. ടോണിയൊക്കെ സ്‌കൂളി പഠിക്കുമ്പം വൈന്നേരം പുള്ളേര് ചിമ്മിനി വെളക്കും വെച്ചോണ്ടിരിക്കുമ്പം അപ്പറത്തെ പെട്ടിപ്പൊറത്ത് വെളക്കും വെച്ചോണ്ടിരുന്ന് തോതോച്ചാച്ചന്‍ നോവലെഴുതും. ചെലപ്പം ഒരു ദിവസം രണ്ടധ്യായം എഴുതും. എല്ലാ നോവലിനും 30 അധ്യായം. ഒരധ്യായത്തിന് 10 രൂപ മൊതല് എഴുതിത്തൊടങ്ങീതാന്ന് തോതോച്ചാച്ചന്‍ പറഞ്ഞട്ടൊണ്ട്. ഒരധ്യായത്തിന് 3000 രൂപാ വരെ കിട്ടീട്ടൊണ്ട്. വാരികേലേയ്ക്കാരുന്ന് എല്ലാം എഴുതിക്കോണ്ടിരുന്നത്. വായിച്ചേച്ചും ആള്‍ക്കാര് തോതോച്ചാച്ചന് കത്തെഴുതുവാരുന്ന്. അങ്ങനത്തെ കൊറേ എഴുത്തുകള് 'പുളിമൂട്ടില്‍ ടെക്‌സറ്റൈല്‍സ് കോട്ടയം തൊടുപുഴ' എന്നൊരു പ്ലാസ്റ്റിക്ക് കൂടിനകത്തിട്ട് കാല്‍പ്പെട്ടീടെ താഴെ സൂക്ഷിച്ചട്ടൊണ്ടാരുന്ന് തോതോച്ചാച്ചന്‍. 'ആശാന്റെ ലീലാമ്മ' എന്ന നോവല്‍ പുസ്തകമാക്കി ഇറക്കീട്ടൊണ്ട്. അതിന്റെ പൊറത്ത് തോതോ എന്നു മാത്രേ എഴുത്തുകാരന്റെ പേര് കൊടുത്തട്ടൊള്ളൂ. വേറേം ഒണ്ട് പുസ്തകങ്ങളാക്കീത് ആറേഴണ്ണം

 

...................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

...................................


ആശാന്റെ ലീലാമ്മ
തിരുവനന്തപുരത്ത് ഒരു ആശ്രമത്തില്‍ സന്ന്യാസിയാവാന്‍ നിന്നട്ട് ഒളിച്ചോടി ഹൈറേഞ്ചിലെ തോപ്രാംകുടിയിലെത്തിയ കുമാര്‍ എന്ന യുവാവ് അവിടെ ഓടു ബിസിനസ് നടത്തുകയാണ്. തദേവൂസ് എന്ന കച്ചവടക്കാരന്റെ വീട്ടിനടുത്താണ് കുമാറിന്റെ ഓട് ഡിപ്പോ. ഇപ്പോഴത്തെ മുത്തപ്പന്‍ പള്ളിക്കും അയ്യപ്പന്റെ അമ്പലത്തിനും ഇടയ്‌ക്കെവിടെയോ ആയിട്ടായിരുന്നു ഇത്. പ്രായം ഏതാണ്ട് മധ്യവയസ്സിനോടടുത്ത കുമാറിനെ ആശാന്‍ എന്നാണ് ഹൈറേഞ്ചിലുള്ളവര്‍ വിളിച്ചിരുന്നത്. അയല്‍വക്കത്തു താമസിക്കുന്ന കുമാറുമായി തദേവൂസിന്റെ മകള്‍ ലീലാമ്മ പ്രണയത്തിലായി. ഈഴവനായ കുമാറുമായി ലീലാമ്മ പ്രേമത്തിലാണെന്നറിഞ്ഞ തദേവൂസ് ഒരിക്കല്‍ കടയിലേക്ക് സാധനം വാങ്ങാനായി തൊടുപുഴയ്ക്കു പോയപ്പോള്‍ മകളെയും കൂട്ടി. വൈകാതെ, തൊടുപുഴയ്ക്കടുത്തുള്ള മറ്റൊരു കച്ചവടക്കാരന്റെ മകന് ലീലാമ്മയെ കെട്ടിച്ചും കൊടുത്തു. എന്നാല്‍ ലീലാമ്മയ്ക്ക് കുമാറിനെ മറക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്ക് വിശേഷമായതുമില്ല. ആയിടെ ഹാര്‍ട്ടറ്റാക്ക് വന്ന് ലീലാമ്മയുടെ ഭര്‍ത്താവ് മരിച്ചു. ഇയ്യാളെ ലീലാമ്മ വിഷം കൊടുത്തു കൊന്നതാണെന്ന് ചിലരൊക്കെ പൂച്ചം പൂച്ചം പറഞ്ഞിരുന്നെങ്കിലും അത് വലിയ കാര്യമായില്ല. 

കുമാറാകട്ടെ, ലീലാമ്മയുടെ കല്യാണം കഴിഞ്ഞതോടെ ഓടു കച്ചവടം നേരാംവണ്ണം നോക്കാതെ കഞ്ചാവും മറ്റുമായി ആകെ വശപ്പെശകായി നടപ്പായി. ഒരിക്കല്‍ മുത്തപ്പന്‍ പള്ളിക്കടുത്തു വെച്ച്് ലീലാമ്മ കുമാറിനെ കണ്ടു. ഭ്രാന്തനെപ്പോലെ നടന്ന കുമാര്‍ ഓടിച്ചെന്ന് ലീലാമ്മയെ കെട്ടിപ്പിടിച്ചു. ലീലാമ്മ കാറിക്കൂവി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കുമാറിനെ ഇടിച്ച് ഇഞ്ചപ്പതയാക്കി. പിറ്റേന്ന് പെരിഞ്ചാക്കുട്ടിയാറിലെ ചെറിയൊരു കയത്തില്‍ കുമാറിന്റെ ശവം പൊങ്ങി. ലീലാമ്മയാകട്ടെ കുമാറിന്റെ ഓട് ഡിപ്പോ ഏറ്റെടുത്തു നടത്തി. കുറേക്കഴിഞ്ഞ് മുത്തപ്പന്‍ പള്ളിക്കടുത്ത് ചെറിയൊരു കെട്ടിടം മേടിച്ച് അനാഥപ്പിള്ളേര്‍ക്കായി ഒരു സ്‌നേഹഭവനം തുടങ്ങുകയും ചെയ്തു. 

ആശാനും ലീലാമ്മയുമായുള്ള പ്രണയം വര്‍ണിക്കുന്ന രണ്ടധ്യായങ്ങളില്‍ കൊറച്ചൊന്ന് ഒളിച്ചാണെങ്കിലും തോതോച്ചേട്ടന്‍ നല്ല മുറ്റ് സെക്‌സ് കയറ്റിയിരുന്നു. വായനശാലകളില്‍ ആശാന്റെ ലീലാമ്മ പുതിയ പതിപ്പ് മേടിച്ചു കൊണ്ടു ചെന്നാല്‍  രണ്ടാഴ്ചയ്ക്കകം പത്തിരുപതു പേജ് കീറിപ്പോകും. അങ്ങനെയാണ് പുസ്തകത്തിന്റെ ഒരുപാട് കോപ്പി വിറ്റു പോയത്. 

 

...................................

Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍ 
...................................

 
ഏലപ്പെര
ആമ്പക്കാടന്‍മാരു കണ്ടു പിടിച്ച പുതിയ കപ്പ തോപ്രാംകുടിയില്‍ കൊണ്ടു വന്നത് തോതോച്ചാച്ചനാ. ഒന്നൊന്നരയേക്കറ് ഏലം, കാനിയേ പൂപ്പ് പിടിച്ച് കെട്ടു പോയപ്പോ അവിടെ റബ്ബറ് വെച്ചു നോക്കീട്ടൊണ്ട് ചാച്ചന്‍. കോട്ടയത്ത് നോവലു കൊടുക്കാന്‍ പോയിട്ട് ഒരിക്കല്‍ ഒരു ജീപ്പും മേടിച്ചോണ്ടാണ് ചാച്ചന്‍ തിരിച്ചു വന്നത്. കോട്ടയത്തൂന്ന് കട്ടപ്പന വരെ ഒരു ഡ്രൈവറ് തോതോച്ചാച്ചനെ ഡ്രൈവിങ്ങ് പഠിപ്പിച്ചു. കട്ടപ്പനേല്‍ കെട്ടിച്ചേക്കണ ഏലിക്കുട്ടിപ്പെങ്ങടെ വീട്ടി കെടന്നേച്ചും പിറ്റേന്ന് നേരം വെളുത്തപ്പം തോതോച്ചാച്ചന്‍ ജീപ്പ് ഓടിച്ചോണ്ട് നേരേ തോപ്രാംകുടീലെത്തി. ഒറ്റ ദിവസം കൊണ്ട് തോതോച്ചാച്ചന്‍ ഡ്രൈവിങ്ങ് പഠിച്ച്. അഞ്ചാറു കൊല്ലം കഴിഞ്ഞേപ്പിന്നെയാ ലൈസന്‍സ് എടുത്തത്. 

ആശാന്റെ ലീലാമ്മ വന്നേ പിന്നെ തോതോച്ചാച്ചന് നോവലെഴുത്തിന്റെ തെരക്കാരുന്ന്. മുത്തപ്പന്‍ പള്ളീലെ പെരുന്നാളിനും അയ്യപ്പന്റമ്പലത്തിലെ ഉത്സവത്തിനും ചാച്ചനെ അവര് ആദരിക്കുവാരുന്ന്. ഏലം ഒണക്കാന്‍ വേണ്ടി ഒന്നാന്തരം ഒരു ഏലപ്പെര പണിതു ചാച്ചന്‍. പെരിഞ്ചാക്കുട്ടിയാറിന്റെ തീരത്ത് നല്ല പൊക്കപ്പൊറത്ത് പാറക്കൂട്ടത്തില് ഒന്നാന്തരം ഏലപ്പെര. വീട്ടി കരണ്ട് എടുക്കണേനു മുമ്പ് ഏലപ്പെരേലാ കരണ്ടെടുത്തത് ചാച്ചന്‍.  പുത്യേ പുത്യേ വെട്ടോം കരണ്ടുവൊന്നും നേരേ വീട്ടിലോട്ട് കേറ്റാന്‍ പറ്റത്തില്ലെന്ന് പറഞ്ഞ് തോതോച്ചാച്ചന്‍. ഏലത്തിന്റെ തണലുപ്ലാവ് വെട്ടി നല്ലൊന്നാന്തരം കട്ടിലും മേശേം മൂന്നാല് കസേരേം പണീപ്പിച്ചിട്ടട്ട് അവടെയായി പിന്നെ തോതോച്ചാച്ചന്റെ നോവലെഴുത്ത്. ജനലു തൊറന്നിട്ടാ പെരിഞ്ചാക്കുട്ടിയാറ്റീന്ന് കാറ്റടിക്കും. അതു കാരണം ജനവാതലൊക്കെ അടച്ചിട്ടിരുന്നാ നോവലെഴുത്ത്. ഒറ്റയിരിപ്പിനങ്ങനെ നോവല് വെച്ചൊണ്ടാക്കുമ്പം പൊറത്തൂന്ന് കാറ്റടിച്ചാ ജലദോഷം വരും ചാച്ചന്. അല്ലേലും പൊറത്തൂന്നൊള്ള കാറ്റടിച്ചാലും ജലദോഷം വരാണ്ടിരിക്കണോങ്കി അത്രേം മാത്രം ആരോഗ്യം വേണോല്ലോ!

അയ്യപ്പന്റമ്പലത്തിലെ ഉത്സവക്കമ്മറ്റി കൂടണത് തോതോച്ചാച്ചന്റെ ഏലപ്പെരേലാരുന്ന്. ആനക്കൂട്ടിക്കാരും മണ്ണാത്തിപ്പാറക്കാരും എക്കേം കൂടി അയ്യപ്പന്റമ്പലം അങ്ങനെ ഒത്തുപിടിച്ച് പണിതു കൂട്ടിക്കോണ്ട് വന്ന് അതങ്ങനെ തോപ്രാംകുടീലൊര് ഐശ്വര്യായിട്ട് വളന്ന് വളന്ന് വരുവാ. ഒരു പ്രാവശ്യം ഉത്സവത്തിന് ആനയെ കിട്ടാന്‍ പെടാപ്പാട് പെട്ടപ്പം അമ്പലക്കാര് ചുമ്മാ പറഞ്ഞതാ തോതോച്ചാച്ചനോട് ഒരാനേനെ മേടിക്കാന്‍. ആ സമയത്താ ദീപിക പത്രത്തില് ബീഹാറിലെ വെല്യേ ഒരാനച്ചന്തേടെ പടോം വാര്‍ത്തേം വന്നത്. അപ്പഴത്തേക്കും വെല്യേചാച്ചന്‍ മരിച്ചാരുന്ന്. പെങ്ങമ്മാര് മൂന്നെണ്ണത്തിനേം കെട്ടിച്ചും വിട്ട്. ഒരാള് വണ്ണപ്പൊറത്തും ഒരാള് പണിക്കന്‍ കുടീലും. മൂത്ത പെങ്ങളാ കട്ടപ്പനേ കെട്ടിച്ച ഏലിക്കുട്ടി. ടോണിച്ചെറക്കനും സോഫിക്കൊച്ചും ഉദയഗിരി സ്‌കൂളീന്ന് പഠിത്തം കഴിഞ്ഞ് തോപ്രാംകുടീല് ഹൈസ്‌കൂളിലായി. 

ഒറ്റിയിരിപ്പിന് മൂന്ന് നോവലാ തോതോച്ചാച്ചന്‍ എഴുതിത്തീര്‍ത്തത്. നോവല് തന്നാ കാശ് കണക്കുകൂട്ടി തരണോന്ന് പറഞ്ഞ് ചാച്ചന്‍. വാരികക്കാര്‍ക്ക് അങ്ങനെ മുമ്പേറ് കാശുകൊടുക്കാന്‍ പറ്റുവോ! ചാച്ചന്‍ പറഞ്ഞ് നോവല് ദേ ഞാന്‍ തീര്‍ത്തങ്ങു തരുവാ. കാശിങ്ങ് തന്നോന്ന്. മൂന്ന് വാരികേന്നും ആഴ്ച കണക്കാക്കി കാശ് മേടിച്ച്. നോവലു മൂന്നും വാരികേല് വന്ന് തീര്‍ന്നതും അടുത്തയാഴ്‌ചേല് സാധനം പുസ്തകമായിട്ടും എറങ്ങി. പിറ്റേ മാസം കോട്ടയത്ത് ചെന്നപ്പം മുമ്മൂന്ന് കോപ്പി സൗജന്യായിട്ട് കൊടുത്ത് തോതോച്ചാച്ചന്. 

 

മാതംഗലീല
മൂന്ന് നോവലിന് മുമ്പേറ് കിട്ടിയ കാശും ഒരുകൊല്ലത്തെ ഏലത്തിന്റെ പകുതി കാശും കൂടി കൊടുത്തട്ടാ തോതോച്ചാച്ചന്‍, ആന തോതോ ആയത്. തൃശൂര് ഒരു മനേന്ന് പറഞ്ഞ വെലയ്ക്ക് ഒരു കുട്ടിക്കൊമ്പനെ മേടിച്ച്. ആനയ്ക്ക് ക്രിസ്ത്യാനിപ്പേരിടണോന്ന് മേരിക്കുട്ടിച്ചേച്ചിക്ക് ഒരാശയൊണ്ടാരുന്ന്. ടോണിച്ചെറക്കന്‍ അപ്പഴത്തേക്കും പത്താംക്ലാസ്സാവാറായി. ജീപ്പേല് 'ടോണി മോന്‍, സോഫി മോള്‍'  എന്ന് എഴുതി വെച്ചേക്കണ പോലെ ആനേടെ പൊറത്ത് പുള്ളേരടെ പേരെഴുതി വെക്കാന്‍ പറ്റുവോ! തോപ്രാംകുടി ഗീവര്‍ഗീസ് എന്നോ തോപ്രാംകുടി അന്തോണീസെന്നോ ഒക്കെ പേരിടണോന്നാരുന്ന് മേരിച്ചേച്ചിക്ക്. അതു കേട്ടപ്പം തോതോച്ചാച്ചന്‍ ചിരിച്ചു പോയി. ആനയ്ക്കാരെങ്കിലും നസ്രാണിപ്പേരിടുവോ! നല്ല അണ്ടിയൊള്ള ആമ്പുള്ളേരടെ പേരിടണോടീ ആനയ്ക്ക് എന്നും പറഞ്ഞ് തോതോച്ചാച്ചന്‍ ചിരിച്ച്. ടോണിച്ചെറക്കനേക്കാലും രണ്ടോ മൂന്നോ വയസ്സ് താഴെയാ രാമചന്ദ്രന്‍. ഹൈറേഞ്ചില് ആദ്യായിട്ട് മേടിക്കണ ആനേലൊന്നാ തോപ്രാംകുടി ശ്രീരാമചന്ദ്രന്‍.

അയ്യപ്പന്റമ്പലത്തിലെ ഉത്സവത്തിന് ആന ഫ്രീയാ. ആനയായപ്പഴത്തേനും തോതോച്ചാച്ചന് ഹൈറേഞ്ചില് പവറൊന്ന് കൂടി. ആനേം ജീപ്പും. മൂലമറ്റത്ത് ഇച്ചിരെ റബ്ബര്‍ത്തോട്ടോം മേടിച്ച്. സോഫിക്കൊച്ച് നേഴ്‌സിങ്ങിനും പോയി ടോണിച്ചെറക്കന്‍ കോതമംഗലത്ത് പോളിടെക്‌നിക്കിനും പോയി. പുള്ളേരെ വളത്തി ഒര് നെലേലാക്കണ കാര്യം ഇത്രേം ഒള്ളെടിയേന്നും പറഞ്ഞ് തോതോച്ചാച്ചന്‍ മേരിക്കുട്ടീനെ ചൊറിയാനും മാന്താനും തൊടങ്ങും. നോവലെഴുത്തുകാര്‍ക്കെക്കെ ഒരിച്ചിരി എളക്കം കൂടുതലാരിക്കുമെടീ എന്ന് ടോണിച്ചെറക്കനെ പെറ്റ് കെടക്കുമ്പം മൊതല് മേരിക്കുട്ടി കേട്ടട്ടൊണ്ടല്ലോ. നല്ല മഴയെക്കെയൊള്ളപ്പം ചെലപ്പം നട്ടപ്പകല് തോതോച്ചാച്ചന്‍ മേരിക്കുട്ടീനെ ജീപ്പേ കേറ്റി ഏലപ്പെരേലോട്ട് കൊണ്ടു പോകും. 

ഏലപ്പെരേടടുത്താ ആനയെ കെട്ടുന്നേ. ആരെക്കെ എന്നാക്കെ പറഞ്ഞാലും ആനേനെ കെട്ടണ്.. എന്നേ മേരിക്കുട്ടിച്ചേച്ചി പറയത്തൊള്ള്. ആനയെ തളച്ചെന്ന് പറയെടീന്നും പറഞ്ഞ് തോതോച്ചാച്ചന്‍ തെറി പറയും. കൊമ്പന്‍ അപ്പറത്ത് നിക്കുമ്പം അതിന്റെയൊര് ഉശിര് ഒന്ന് വേറെയാന്ന് പറയും തോതോച്ചാച്ചന്‍. 
മുടക്കംവാല്‍ ആയതു കൊണ്ടാണ് തൃശൂരിലെ മനക്കാര്‍ കൊച്ചിലേ ശ്രീരാമചന്ദ്രനെ വിറ്റൊഴിച്ചത്. അവന്റെ കൊമ്പ് താഴ്ന്ന് വളഞ്ഞ് വരുന്ന രീതിയും അവര്‍ക്കത്ര പിടിച്ചിരുന്നില്ല. അറ്റം ചുവന്ന് പരന്ന ചെവി ആട്ടുമ്പോള്‍ ദേഹത്ത് തട്ടിയുണ്ടാകുന്ന ഫഡ് ഫഡ് ശബ്ദം തോതോച്ചാച്ചന് വല്ലാത്തൊരു ഹരമാണ്. അത് വേറെന്തോ ഒച്ചയായിട്ടാണ് ചാച്ചന്‍ ആസ്വദിക്കുന്നത്. 

മാതംഗലീല എന്ന പുസ്തകത്തിലാണ് ആനവളര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നു കേട്ട് തോതോച്ചാച്ചന്‍ വല്ലാതെയങ്ങു സന്തോഷപ്പെട്ടു. ലീല ചാച്ചന്റെയൊരു വാഴ്ത്തുപുസ്തകമാണല്ലോ. ആനലീലാമ്മ എന്നൊരു ചെറ്യേ നോവല്‍ എഴുതി ചാച്ചന്‍. അത് എറണാകുളത്തൂന്ന് അച്ചടിച്ചോണ്ടിരുന്ന കാന്താരി എന്നൊരു കൊച്ചുപുസ്തകത്തിലേക്കാരുന്നു. കൊച്ചു പുസ്തകക്കാര്‍ക്ക് എഴുതിക്കൊടുത്താല്‍ കാശ് അപ്പത്തന്നെ കിട്ടും. വെല്യേ കാര്യയാട്ടൊന്നും കാണത്തില്ല. എന്നാലും ഒരു നേരമ്പോക്ക്. ആനലീലാമ്മ തോതോച്ചാച്ചന്‍ മേരിക്കുട്ടിച്ചേച്ചീനെ വായിച്ചു കേപ്പിച്ചു. ഏലപ്പെരേല് വെച്ച്. മേരിക്കുട്ടിച്ചേച്ചി കാര്‍ക്കിച്ചൊരു തുപ്പ് വെച്ചു കൊടുത്ത് മിറ്റത്തോട്ട്. ഇങ്ങനെയൊര് എരണം കെട്ട മനുഷ്യേന്‍ന്നും പറഞ്ഞ്. എന്നാലും ഇച്ചിരി കഴിഞ്ഞ് ആനലീലാമ്മേടെ കഥ ഒന്നോടെയൊന്ന് ഓടിച്ച് വായിച്ചു. കന്നക്കുഴിയില്‍ മദം നിറയുന്ന കാലത്ത് ആളെ ചുറ്റിയെടുത്ത് എറിഞ്ഞ് കൊല്ലുന്ന പോലെയാക്കിക്കളയുന്ന ലീലാമ്മയുടെ കഥ. 

ആനയുടെ കന്നക്കുഴി പതിഞ്ഞിരിക്കുന്നതും മദം നിറഞ്ഞ് കന്നക്കുഴി വീര്‍ത്തിരിക്കുന്നതും കന്നത്തുളയിലൂടെയുള്ള നീരൊലിപ്പുമെല്ലാം ചാച്ചന്‍ പലപ്പഴായി മേരിക്കുട്ടിച്ചേച്ചീനെ കാണിച്ചു കൊടുത്തു.

ആന വന്നതിന്റെ പിറ്റേക്കൊല്ലം ടോണി ഗള്‍ഫിലേക്ക് പറന്നു. പിറ്റേ കൊല്ലം ടോണി നൊവോമിയെ കെട്ടി. പിറ്റേ കൊല്ലം പെമ്പ്രന്നോര് റൂത്ത് ടി. നൊവോമിയെ പെറ്റു. പിറ്റേ കൊല്ലം നൊവോമി ഗള്‍ഫിലേക്കു പറന്നപ്പം റൂത്ത് തോപ്രാംകുടിക്കാരിയായി കൊഞ്ചിക്കൂടി. ആന വന്നതിന്റെ അങ്ങേപ്രത്തായി തോതോച്ചേട്ടന്റെ കാര്യങ്ങള്. കൊച്ച് തൂറിയാലും മുള്ളിയാലും ഒക്കെ അതിനെ കഴുകിപ്പെറക്കിയെടുക്കും. അഞ്ചു മിനിറ്റ് വെക്കത്തില്ല കൊച്ചിനെ താഴെ.  ആ റൂത്തിനാണ് ഇപ്പം തോതോച്ചേട്ടന്റെ ആനയോട് ഇത്ര കലിപ്പ്. ഇള്ളക്കൊച്ചായിരിക്കുമ്പം ആനപ്പൊറത്ത് കേറിയവളാ റൂത്ത്. ആനേടെ സകല കാലിന്റേം തുമ്പീടേം എടേ കൂടി ചുറ്റിയെറങ്ങീട്ടൊണ്ട്. കൊമ്പേ പിടിച്ച് തൂങ്ങീട്ടൊണ്ട്, തുമ്പിക്കൈയേ കേറി ഇരുന്ന് ഊഞ്ഞാലാടീട്ടൊണ്ട് റൂത്ത് ടി.നൊവോമി. 

ഗള്‍ഫില് വെച്ച് എട്ടാം ക്ലാസ്സിലോമ്മെറ്റെ പഠിക്കുമ്പഴാ. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന കഥബുക്കിലെ ഏതാണ്ട് ഇച്ചിരി പഠിക്കാനൊണ്ടാര്‍ന്ന്. അത് പഠിപ്പിക്കണേനെടേല് ശ്രീലക്ഷ്മീടെ കൂട്ടുകാരിപ്പിള്ളേരാരാണ്ടാ ക്ലാസ്സില് വിളിച്ചു പറഞ്ഞത,് മിസ്സേ റൂത്തിന്റെ തോതോച്ചാച്ചന് ആനയൊണ്ടന്ന്. അന്നു മുതലാണ് ക്ലാസ്സില് റൂത്തിന് കുഴിയാനാന്ന് പേര് വീണത്. ഒള്ളത് പറഞ്ഞാ അന്ന് മൊതലാ റൂക്കുട്ടിക്ക് തോതോച്ചാച്ചനോട് ദേഷ്യം പിടിച്ചത്.

 

...................................

Read more: ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
...................................

 

വെടിവെപ്പ്
പത്താംക്ലാസ്സെക്കെ ആയപ്പഴത്തേക്കും റുക്കുട്ടിക്ക് നാട്ടിലേക്ക് പോണോന്ന് വെല്യയൊര് താല്‍പ്പര്യം ഒന്നുമില്ലാരുന്ന്. ഹോസ്റ്റലി നിക്കാം. ശ്രീലക്ഷ്മീം കൂടിയൊണ്ട്... അതു കൊണ്ടൊക്കെ പോന്നെന്നേയൊള്ള്. കുഞ്ഞായിരുന്നപ്പം മൊതലേ റൂക്കുട്ടി പറഞ്ഞോണ്ടിരുന്നതല്ലേ, ഗൈനക്കോളജിസ്റ്റാവണോന്ന്. ഒന്ന് ശ്രമിച്ചില്ലെന്ന് വേണ്ടാന്ന് ചാച്ച പറഞ്ഞപ്പം റൂക്കുട്ടിക്കും തോന്നി ശരിയാണല്ലോന്ന്. തോപ്രാംകുടീന്ന് പാലായ്ക്ക് പോണ വഴി ടോണിച്ചാച്ച ഒരു രസത്തിന് മലങ്കര ഡാം കാണാന്നും പറഞ്ഞ് മുട്ടത്തുന്ന് തിരിഞ്ഞതാ. ഒരിക്കല്‍ ദുബായില് വന്നപ്പം ടോണിച്ചാച്ച സണ്ണിസാറിനെ പരിചയപ്പെട്ടിട്ടൊണ്ട്. പറഞ്ഞു വന്നപ്പം സണ്ണിസാറ് തോതോച്ചാച്ചന്റെ നോവലൊക്കെ വായിച്ചിട്ടൊള്ളയാളാ. മുട്ടത്ത് റൈഫിള്‍ ക്ലബ്ബില്‍ ചെന്ന് സണ്ണിസാറിനെ കണ്ടു. ഫയറിങ് റേഞ്ചും കണ്ടപ്പം റൂക്കുട്ടി ഒടനേ ചേര്‍ന്നു ഷൂട്ടിങ് പ്രാക്റ്റീസിന്. വെക്കേഷന് ഒരാഴ്ച ഫയറിങ് ബേസിക്‌സിന്റെ ഒരു കോഴ്‌സ് ചെയ്താ പിന്നെ രണ്ടാഴ്‌ചേലോ മാസത്തിലോ വന്ന് പ്രാക്റ്റീസ് ചെയ്താ മതിയെന്ന് സണ്ണിസാറ് സമ്മതിച്ചു. ദേ! എന്‍ട്രന്‍സിന് കോച്ചിങ്ങിന് പാലായി ചേരാന്‍ പോയ റൂക്കുട്ടി അതിനും മുന്നേ ഷൂട്ടിങ്ങിന് ചേര്‍ന്ന്. മാസത്തിലൊരിക്കല് തോതോച്ചാച്ചന്‍ ഹോസ്റ്റലി വരുമ്പം ചാച്ചന്റെ കൂടെ മുട്ടത്ത് ചെന്ന് പ്രാക്റ്റീസിന് പോകാം എന്ന് ടോണിച്ചാച്ച തീരുമാനിച്ചു. അതു പറഞ്ഞപ്പം തോതോച്ചാച്ചന് തീരെ ഇഷ്ടപ്പെട്ടില്ല. പെങ്കൊച്ചിനെ വെടിവെപ്പ് പഠിക്കാന്‍ വിടണ്... എന്നും പറഞ്ഞ് ഒരു ചാട്ടം. അതു കേട്ടതും ടോണിച്ചാച്ചേം അങ്ങ് ചൂടായി തോതോച്ചാച്ചനോട്. ഷൂട്ടിങ്ങ് പഠിക്കണേന് ഇതെന്നാ കൊഴപ്പം ന്ന് റൂക്കുട്ടിക്കൊട്ട് പിടി കിട്ടീതും ഇല്ല. 

തോതോച്ചാച്ചന്റെ ഏലപ്പെരേല് എയര്‍ ഗണ്‍ രണ്ടെണ്ണം ഉണ്ട്. അതും പോരാഞ്ഞട്ട് പൈനാവില്‍ ചെന്ന് ലൈസന്‍സ് എടുത്തട്ട് വെല്യേ ഒരു ഡബിള്‍ ബാരല്‍ തോക്ക് മേടിച്ച് അലമാരീടെ പൊറകില് പ്രത്യേകം കെയ്‌സ് ഒണ്ടാക്കി അതില് വെച്ചു കൊടുത്തട്ടൊണ്ട് ടോണിച്ചാച്ച. ഒരഞ്ചാറു കൊല്ലം മുമ്പു വരേം കൂടി തോതോച്ചാച്ചന്‍ മൊയലിനേം കൊളക്കോഴീനേം പന്നീനേം വെടിവെച്ച്് പിടിക്കുവാര്ന്ന്. ഇപ്പം വല്ലപ്പഴും ആരെങ്കിലും വെടിയെറച്ചി കൊണ്ടെ കൊടുത്താലും വല്ലപ്പഴുവേ മേടിക്കത്തൊള്ള്.

 

...................................

Read more​​​​​​​: വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
...................................


പന്തികേട്
ഇതിയാന് വയിസും പ്രായോം ആയപ്പം ഇച്ചിരെ അഹമ്മതി കൂടീട്ടൊണ്ടന്ന് മേരിക്കുട്ടി എപ്പഴും പറയണതാ. ചെലപ്പം കാര്യവായട്ട് പറയും. ചെലപ്പം തോതോച്ചാച്ചന്റെ ശൃംഗാരം കണ്ട് മേരിക്കുട്ടീം ഇച്ചിരി ശൃംഗാരം കൂട്ടി പറയും. ആനേം കീനേം എക്കെയൊണ്ടെങ്കിലും ആള്‍ക്കാര് പഴേപോലെയങ്ങ് മൈന്റ് ചെയ്യണില്ലന്നൊര് തോന്നലൊണ്ട് തോതോയ്ക്ക്. എഴുതാന്‍ മുട്ടീട്ടും എഴുത്തങ്ങ് വരണില്ല. എഴുതിയാലാണേ, വാരികക്കാര്‍ക്കൊട്ട് വേണ്ടേം താനും. അതിനിപ്പം വാരികേന്ന് പറയാനും കാര്യവായട്ടൊന്നും ഇല്ലല്ലോ. 

അന്ന് എന്നാന്ന് വെച്ചാ, ആകെയൊരു പന്തികേടില് തോതോച്ചാച്ചന്‍ രാവിലെ മൊതല് ഏലപ്പെരേല് കേറി ഇരുന്ന് ഒരേ എഴുത്താരുന്ന്. ടോണിച്ചാച്ചേം റൂക്കുട്ടീം മേരിക്കുട്ടി അമ്മാമ്മച്ചീം കൂടി ടോണിച്ചാച്ചേടെ പുതിയ ഹോണ്ടാ സിറ്റീല് ഏലപ്പെരേലോട്ട് ചെന്ന്. തോതോച്ചാച്ച വാതില് അടച്ചിട്ടോണ്ടിരുന്ന് എഴുത്താ. മുട്ടിയപ്പം തൊറക്കപ്പെട്ട്. എല്ലാരേം കൂടി കണ്ടപ്പം തോതോച്ചാച്ചയങ്ങ് ഐസ് പോലെ ആയി നിക്കണ്. 

എന്നതാ ചാച്ചേ എഴുതിക്കോണ്ടിരുന്നേ... 

പുതിയേ നോവലാണോന്ന് ചോദിച്ച് ടോണിച്ചാച്ച. 

വല്ലോ തെറിക്കഥേം ആരിക്കും ന്ന് പറഞ്ഞ് അമ്മാമ്മച്ചി. 

നോക്കുമ്പം തോതോച്ചാച്ച ചെന്ന് എഴുതിക്കോണ്ടിരുന്ന കടലാസെടുത്ത് ലൈറ്ററു കൊണ്ടങ്ങ് കത്തിച്ചു കളഞ്ഞ്. എന്നേച്ചും നേരേ ചെന്ന് ആനേടെ തുമ്പിക്കൈയേ പിടിച്ച്. പിന്നെ കൊമ്പേ പിടിച്ച്. പിന്നെ ആനേടെ പൊറകിലത്തെ കാലേ കൂടി ചവിട്ടി ആനപ്പൊറത്ത് കേറിയങ്ങ് കെടന്ന്. കൊറേ നേരം ആ കെടപ്പാരുന്ന്. പിന്നെ ടോണിച്ചാച്ച ചെന്ന് വിളിച്ചപ്പം തോതോച്ചാച്ചന്‍ ആനപ്പൊറത്തുന്ന് എറങ്ങിപ്പോന്ന്. 

അന്നേരം, ഏലപ്പെരേല് തോതോച്ചാച്ചന്റെ എഴുത്തു മുറീല് ടോണിച്ചാച്ച മേടിച്ച സോണി ബ്രാവോ ടീ.വി. പിടിപ്പിച്ചോണ്ടിരിക്കുവായിരുന്ന്. വൈകിട്ട് ടോണിച്ചാച്ചേം റൂക്കുട്ടീം കൂടി മുരിക്കാശ്ശേരീ ചെന്ന് പത്തു നാല്പത് സിനിമേടെ സീഡി മേടിച്ചോണ്ടു വന്ന് ടീവിടെ താഴെ വെക്കാനായിട്ട് മേടിച്ച ഡിസ്‌പ്ലേ യൂണിറ്റില് അടുക്കി വെച്ച്.

ചാച്ച കൊറച്ച് സിനിമാ കാണ്. രണ്ടാഴ്ച അടുപ്പിച്ച് കൊറേ സിനിമാ കണ്ടാ അതിന്റെയൊര് രീതി കിട്ടും. എന്നട്ട് ചാച്ചയൊര് സ്‌ക്രിപ്റ്റ് എഴുത്. നമ്മക്ക് ഒര് ഷോട്ട് ഫിലിം പിടിക്കാം എന്നു പറഞ്ഞ് ടോണിച്ചാച്ച. ഷോര്‍ട് ഫിലിം പിടിക്കണോന്ന് റൂക്കുട്ടിക്കും താല്‍പ്പര്യവാണല്ലോ.

 

...................................

Read more​​​​​​​: അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍​​​​​​​
...................................

 

ട്വിന്‍സ്
റൂക്കുട്ടീനെ ഹോസ്റ്റലി കൊണ്ടെയാക്കി അതുവഴി നേരേ ഇലഞ്ഞി, പിറവം വഴി നെടുമ്പാശ്ശേരീ ചെന്ന് ടോണിച്ചാച്ച ദുബായിക്ക് പറന്ന്.

മാസത്തിലൊരിക്കല്‍ തോതച്ചാച്ചന്‍ ഹോസ്റ്റലില് ചെന്ന് റൂക്കുട്ടീനേം കൂട്ടി മുട്ടത്തു പോയി പ്രാക്റ്റീസ് ചെയ്യുവെങ്കിലും സംഗതി അത്ര സുഖത്തിലല്ലാരുന്ന്. എല്ലാ ദിവസോം രാവിലേം വൈകിട്ടും തോപ്രാംകുടീന്ന് അമ്മാമ്മച്ചി വിളിക്കും. എന്നും വൈകിട്ട് ദുബായീന്ന് ടോണിച്ചാച്ച വാട്‌സ് ആപ്പില് വിളിക്കും. ശ്രീലക്ഷ്മീടമ്മ വിളിക്കും. റൂക്കുട്ടീം ശ്രീലക്ഷ്മീം ട്വിന്‍സ് ആന്നാ ഹോസ്റ്റലില് പറയണത്. ഇരുമെയ്യാണെങ്കിലും ഷോര്‍ട്‌സും ഫ്രോക്കും ജീന്‍സുവെക്കെ ഒന്നാ. ഗള്‍ഫ് കാരത്തികള് രണ്ടും കൂടി കേറി ഹോസ്റ്റലടുക്കള നാടനടുക്കളയാക്കാന്‍ നോക്കണത് അവടെ എല്ലാര്‍ക്കുവൊര് തമാശാരുന്ന്.

 

...................................

Read more​​​​​​​: രാജേഷ് ആര്‍ വര്‍മ്മ എഴുതിയ കഥ, കൊളോണിയല്‍ കസിന്‍സ്
...................................


ദേ പിന്നേം ലീല
ടോണീം റൂക്കുട്ടീം കൂടി മേടിച്ചു വെച്ച സിനിമാ സീഡികള് തോതോച്ചാച്ചന്‍ ഓരോന്നോരോന്നായിട്ട് എടുത്ത് നോക്കി. ലീല എന്നൊരു സിനിമാപ്പേര് കണ്ടപ്പം തോതോച്ചാച്ചന്റെ കണ്ണ് അറിയാണ്ടങ്ങ് മിഴിച്ച്. അപ്പത്തന്നെ സിനിമാ ഇട്ട് കണ്ട്. വെള്ളം ചേര്‍ക്കാണ്ട് റമ്മ് കുടിച്ച പോലെ തോതോച്ചാച്ചന്‍ ആളങ്ങ് കിറുങ്ങിപ്പോയി. ഇത് നമ്മടെ ആനലീലാമ്മ പോലത്തെയൊരു കഥയാണോന്ന് തോതോച്ചാച്ചന് തോന്നിപ്പോയി. കാട്ടാന പോലത്തെ ഒരാമ്പെറന്നോന്റെ ലീലാവിലാസമായട്ട് ഒരു പെങ്കൊച്ചിനെ തപ്പിപ്പെറക്കിയെടുത്ത് ഒര് നാട്ടാനേടെ മുമ്പിലിട്ട് കുത്തിച്ചതയ്ക്കണ സിനിമ. തോതോച്ചാച്ചന്‍ ജീപ്പെടുത്ത് നേരേ പയനിയര്‍ ലൈബ്രറീലോട്ട് ചെന്ന്. അവടെ വൈകിട്ടല്ലേ ലൈബ്രറി തൊറക്കത്തൊള്ള്. തോതോച്ചാച്ചന്‍ ആളെ തപ്പിപ്പിടിച്ച് നേരത്തേ ലൈബ്രറി തൊറന്ന്്, സിനിമായാക്കിയ ലീല നോവല്‍ തപ്പി. നോവല്‍ അവിടെയില്ല. കുമാരനാശാന്റെ ലീലയുണ്ട്. ലീലാന്ന് ഒരു നോവലില്ല. കുമാരനാശാന്റെ ലീല കണ്ടപ്പം തോതോച്ചാച്ചന്‍ അറിയാണ്ടൊന്ന് ചിരിച്ചു പോയി. അറിയാണ്ട് അതെടുത്ത് തുറന്നു പോയി. അറിയാണ്ട് അങ്ങ് പാടിപ്പോയി... 

കരുതുവതിഹ ചെയ്യ വയ്യ, ചെയ്യാന്‍ വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം...

ലീല എന്ന നോവല് കിട്ടാഞ്ഞട്ട് തോതോച്ചാച്ചന് ആകപ്പാടെ ഒരു എരിപൊരിയായി. ലീല സിനിമ ഒന്നോടെ കണ്ടു. ജീപ്പെടുത്ത് വീട്ടിച്ചെന്ന് ശകലം ബീഫും കൂട്ടി കൊറച്ചധികം ചോറുണ്ടു. മേരിക്കുട്ടിച്ചേച്ചിയോട് ചോദിക്കുവാ നീ ആനപ്പൊറത്ത് കേറണൊണ്ടോന്ന്. മേരിക്കുട്ടിച്ചേച്ചിക്കങ്ങ് ദേഷ്യം വന്ന്. 

ചാച്ചന്‍ ചിരിച്ചോണ്ട് കട്ടിലേ കേറി കെടന്ന്. 

 

ഈസ്റ്റര്‍
പെസഹാ വ്യാഴത്തിന്റന്ന് കാലത്തേ തന്നെ തോതോച്ചാച്ചന്‍ ചെന്ന് റൂക്കുട്ടീനേം ശ്രീലക്ഷ്മീനേം തോപ്രാംകുടിക്ക് കൊണ്ടോന്ന്. ജീപ്പേലെക്കെ കുരിശും വെച്ചോണ്ട് ആള്‍ക്കാര് മലയാറ്റൂര്‍ക്ക് പോണത് കണ്ട് ശ്രീലക്ഷ്മിക്ക് ഇതെന്നാ സംഗതീന്ന് പിടി കിട്ടീല്ല. തുമ്പിച്ചീലെത്തിയപ്പം ചാച്ചന്‍ ജീപ്പ് നിര്‍ത്തിച്ച്. കുരിശ് മല കേറണൊണ്ടോന്ന് ചോദിച്ച്. ഒരഞ്ച് മിനിറ്റ് കേറീപ്പത്തേനും കാലു കഴച്ചട്ട് റൂക്കുട്ടീം ശ്രീലക്ഷ്മീം നെലത്തിരുന്നു പോയി. തുമ്പിച്ചി കുരിശ് മല കേറണോങ്കി ഓടിച്ചെന്ന് അങ്ങ് കേറാമ്പറ്റുവോ!

പുള്ളേര് ചെല്ലണതും നോക്കി അമ്മാമ്മച്ചി വഴീലോട്ട് എറങ്ങി വന്നട്ടൊണ്ടാരുന്ന്്. കൊച്ചിന് നോമ്പൊന്നും ഇല്ലല്ലോന്നു പറഞ്ഞ് അമ്മാമ്മച്ചി. ഒരു കുഞ്ഞി കഷണം അപ്പം തേങ്ങാപ്പാലില് മുക്കി മേരിക്കുട്ടിച്ചേച്ചി തന്നെ പുള്ളേര്‍ക്കടെ വായില് വെച്ച് കൊടുത്ത്. ശ്രീലക്ഷ്മിക്ക് പിടീം കോഴിയെറച്ചീം വെളമ്പി. റൂക്കുട്ടിയോട് ചോദിച്ച് കൊച്ചിന് ഈസ്റ്ററിന് പോരേന്ന്. റൂക്കുട്ടി എന്നാ പറയാനാ. അവള് പിടീടെ ഉണ്ടയുണ്ടകള് പെറക്കി മാറ്റി വെച്ച്, വെന്ത മാവ് മാത്രം നാക്കേല് വെച്ച് അലിയിച്ച് അലിയിച്ച് തിന്ന്. ശ്രീലക്ഷ്മി ആദ്യായിട്ടാ കള്ളപ്പം തിന്നുന്നേ. റൂക്കുട്ടിക്ക് കടലക്കറി ഒണ്ടാര്‍ന്നെങ്കിലും അവള് ഒരു കള്ളപ്പം എടുത്ത് ചുരുളാക്കി കടിച്ചു തിന്നു. 

തോതോച്ചാച്ചന്‍ ശ്രീലക്ഷ്മീനേം വിളിച്ച്- മക്കള് വാ നമ്മക്ക് ഏലപ്പെരേല്‍ പോവാം. പെരിഞ്ചാക്കുട്ടിയാറ്റിപ്പോകാം. ആനപ്പൊറത്ത് കേറാം... 

അതെന്നതാഡാ ഏലപ്പെരാ..ന്ന് റൂത്തിനോട് ചോദിച്ച് ശ്രീലക്ഷ്മി. 

തോതോച്ചാച്ചന്റെ അണ്ടര്‍വേള്‍ഡാ ന്ന് പറഞ്ഞ് റൂക്കുട്ടി ചിരിച്ച്. 

ചാച്ചന്‍മാര്‌ടെ അധോലോകത്തോട്ട് നമ്മള് ഗേള്‍സിന്റെ വരവ് ഒര് വരവാരിക്കും കെട്ടോ...ന്ന് പറഞ്ഞ് ശ്രീലക്ഷ്മി പിന്നേം ചിരിച്ച്.

പുള്ളേരെങ്ങും മൈന്റ് ചെയ്യത്തില്ലാരിക്കൂന്നാ വിചാരിച്ചേങ്കിലും രണ്ടും കൂടി 'ഞങ്ങള് വരാം ചാച്ചാ...' ന്ന് പറഞ്ഞപ്പം തോതോച്ചാച്ചന്‍ മീശയൊന്ന് പിരിച്ച് കാണിച്ച് ചിരിച്ച്.

പുള്ളേര് ഒന്ന്് ഇരിക്കട്ടെ, വൈന്നേരം പോകാം പൊറത്തേക്ക് എന്നും പറഞ്ഞ് അമ്മാമ്മച്ചി പിള്ളേരെ മുകളില് ടോണീടെ മുറീലോട്ട് വിട്ട്. തോതോ ജീപ്പുവെട്ത്ത് ഏലപ്പെരേലോട്ടും വിട്ട്.

തോതോച്ചാച്ചന്‍ കൊണ്ടു പോയ ജീപ്പ് ആനകുത്തി മറിച്ചെന്ന് ആരാണ്ടും വിളിച്ചു പറഞ്ഞ കാരണം കവലേന്ന് ഓട്ടോ വിളിച്ചു വരുത്തിയാ മേരിക്കുട്ടിച്ചേച്ചീം പുള്ളേരും കൂടി ഏലപ്പെരേലോട്ട് ചെന്നത്. 

അവടെ ചെന്നപ്പം ആകെ ബഹളം. ഒറ്റക്കാലേലെ ചങ്ങല വലിച്ച് പൊട്ടിക്കാന്‍ നോക്കുവാ ആന. തോതോച്ചാച്ചന്റെ ജീപ്പ് ആനേടടുത്ത് ചെരിഞ്ഞ് കെടപ്പൊണ്ട്. പുള്ളേരെ  ആനപ്പൊറത്ത് കേറ്റണോന്നും പറഞ്ഞ് തോതോച്ചാച്ചന്‍ ജീപ്പ് കൊണ്ടെ ആനേടെ അടുത്ത് നിര്‍ത്തീതാ...

തോതോച്ചാച്ചന്‍ ആനേടെ മുമ്പിക്കൂടി അങ്ങോട്ടും ഇങ്ങോട്ടും വെരകി നടപ്പാ. പഴക്കൊലേം പിടിച്ചോണ്ട് ആനക്കാരന്‍ ചെന്നപ്പം തുമ്പിക്കൈ നീട്ടി ഒറ്റത്തട്ട്. കൊല തെറിച്ചും പോയി ആനക്കാരന്‍ വീണും പോയി. ഏലപ്പെരേടെ ചുറ്റുപാടും കയ്യാലേലും എക്കെയായിട്ട് തോപ്രാംകുടിക്കാര് സകലമാന ആള്‍ക്കാരുവൊണ്ട്. ആനക്കാരന്റെ കാലേ ചുറ്റി വലിച്ച് കാലിന്റെ ചോട്ടിലേക്കിട്ടട്ട് ആന തുമ്പിക്കൈ പൊക്കി ഒരൊറ്റ അലറിച്ച. ചവുട്ടാനായട്ട് ആന കാലങ്ങ് പൊക്കി. തോപ്രാംകുടി മുഴുവനും ഞെട്ടി വെറച്ചു പോയി. 

എന്നതാ പറ്റിയേന്ന് ആനയ്ക്കു പോലും പിടി കിട്ടീല്ല. വെടി കൊണ്ടത് സ്വന്തം നെറ്റിയേലാണോന്ന് പേടിച്ച് കിടുങ്ങിപ്പോയി തോതോച്ചേട്ടന്‍. ഡബിള്‍ ബാരലും കൊണ്ട് ആദ്യായിട്ടാ വെടിവെക്കണേങ്കിലും റൂക്കുട്ടീടെ ഉന്നം ഷാര്‍പ്പാരുന്ന്. കൊച്ച് ഒന്നാന്തരം വെടിക്കാരത്തിയാണല്ലോന്ന് അന്തിച്ച് പോയി മേരിക്കുട്ടിച്ചേച്ചി. ചങ്ങല പൊട്ടിയെങ്കിലും ആന കൊമ്പുകുത്തി ഇരുന്നു പോയി. 

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം