മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ രണ്ടു ഭാഷകള്‍. കവിത, കഥ എന്നിങ്ങനെ രണ്ടു മാധ്യമങ്ങള്‍. എഴുത്തുകാരി എന്ന നിലയില്‍ ആരതി അശോകിന്റെ ലോകങ്ങള്‍ ഇവയാണ്. ഇംഗ്ലീഷില്‍ കവിതയും കഥയും എഴുതുന്നു. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ അവ പ്രസിദ്ധീകരിക്കുന്നു. ആ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രമേയ തലത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ ഇടങ്ങള്‍ തിരയുന്നു, സൃഷ്ടിക്കുന്നു. പെണ്‍മയുടെ കലക്കങ്ങളും വൈയക്തികമായ കടലിളക്കങ്ങളും രാഷ്ട്രീയമായ ആധികളുമാണ് കവിതയില്‍ പ്രകടമാവുന്നത്.  എന്നാല്‍, കഥയിലെത്തുമ്പോള്‍, അടിത്തട്ടിലെ മനുഷ്യജീവിതങ്ങള്‍ തെളിമയോടെ കടന്നുവരുന്നു. പുതുജീവിതപ്പുളപ്പുകള്‍ അടയാളപ്പെടുത്തി മതിവരാത്ത നമ്മുടെ കാലത്തെ എഴുത്തുകള്‍ കാണാതെ വിടുന്ന പച്ചജീവിതത്തിന്റെ മുറിവുകളെ സൂക്ഷ്മ രാഷ്ട്രീയ തലത്തില്‍ സമീപിക്കുന്നു.  

നീതിയുടെ രാഷ്ട്രീയമാണ് ആരതിയുടെ കഥകളെ കരുത്തുറ്റ അനുഭവമാക്കുന്നത്. ഇടമില്ലാത്തവരുടെ ഇടങ്ങളാണ് അവ തിരയുന്നത്. പ്രാന്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ ലോകങ്ങള്‍. സ്ത്രീ ജീവിതത്തിന്റെ പൊള്ളുന്ന നേരുകള്‍. ജാതി, ലിംഗവിവേചനങ്ങള്‍, ഭിന്നലൈംഗികത, കീഴാള ജീവിതം എന്നിവയെല്ലാം ജൈവനീതിയുടെ പക്ഷത്തുനിന്നു കൊണ്ട് ആരതി അഭിസംബോധന ചെയ്യുന്നു. കഥകളിലേക്ക് മനുഷ്യരുടെ വിങ്ങലുകളും നിസ്സഹായതകളും രോഷങ്ങളും ചെറുത്തുനില്‍പ്പുകളും കടന്നുവരുന്നു. അനീതിയുടെ പെരുമഴക്കാലത്ത് ചുറ്റുമുള്ള മനുഷ്യരിലേക്ക് കണ്ണയക്കുന്ന ഒരാള്‍ക്കും അവഗണിക്കാനാവാത്ത കാഴ്ചകളും കേള്‍വികളും അതിന് അടിനൂലാവുന്നു. 

വ്യത്യസ്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നുന്നുവെങ്കിലും, ആരതിയുടെ എഴുത്തുകള്‍ ചിലപ്പോഴൊക്കെ മാധവിക്കുട്ടിയുടെ എഴുത്തുകളെ, ഭാഷയുടെ തലത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍, ഉള്ളടക്കത്തിലെ രാഷ്ട്രീയ വീക്ഷണവും ജീവിക്കുന്ന കാലത്തോടും ദേശത്തോടുമുള്ള കൃത്യതയുള്ള നിലപാടുകളും സമകാലികതയും മാധവിക്കുട്ടിയുടെ എഴുത്തുകളോടുള്ള ചാര്‍ച്ചകളെ സ്വയം നിഷേധിക്കുന്നു, അത്തരമൊരു താരതമ്യവഴിയെ കബളിപ്പിച്ച് എഴുത്തിന്റെ കരുത്തുകൊണ്ട് മുന്നോട്ടേക്ക് നടക്കുന്നു.

 

 

 

....................................

Read more: ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
....................................


 

എപ്പോഴും

അയാള്‍ വരുന്ന വെള്ളിയാഴ്ച്ചകള് മുതല്‍ അയാള്‍ തിരിച്ചു പോകുന്ന ഞായറാഴ്ച്ചകള്‍ വരെ അവള്‍ ശ്വാസം പോലും ഉറക്കെ കഴിക്കാതെ പതുങ്ങിയ പൂച്ചക്കാലുകള്‍ കൊണ്ടാണ് നടക്കാറ്. ആ രണ്ടു ദിവസങ്ങള്‍ മുഖം മുന്നോട്ടുയര്‍ത്തി  സൂര്യവെളിച്ചം തട്ടാന്‍ പാകത്തിനു നടക്കും. അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ അവള്‍ എന്ത് ചെയ്യുകയാണെന്ന് പാളി നോക്കാറുണ്ട്. അയാള്‍ കാണട്ടെ! അയാള്‍ കരുതുന്ന ഒന്നല്ല അവള്‍ ചെയ്യുന്നതെങ്കില്‍ പിന്നെ, കുട്ടികളെ വഴിതെറ്റിച്ചു വിടുന്ന അവളെക്കുറിച്ചുള്ള പ്രാക്ക് കേള്‍ക്കാം. ഉദാഹരണത്തിന് അവള്‍ അടുക്കളയില്‍ ആണെന്നിരിക്കട്ടെ. അവള്‍ അടുപ്പൂതുകയോ, കറിക്കരിയുകയോ, തേങ്ങ ചിരവുകയോ ആവണം. അതയാള്‍ ക്ഷമിക്കും. 

എന്നാല്‍ അവള്‍ ജനാലക്കുള്ളിലൂടെ പുറത്തേക്കു ചുവന്ന ചെമ്പരത്തികള്‍ നിറഞ്ഞ ചെടി നോക്കി നില്‍ക്കുകയാണെങ്കില്‍ അയാള്‍ നരിച്ചീറിനെ പോലെ ചീറും. അപ്പോള്‍ അവള്‍ നല്ല അമ്മയല്ലാത്ത, അകാലത്ത് സ്വപ്നം കാണുന്ന, തലയ്ക്കു ഓളമുള്ള, ഭ്രാന്തിയാവും. ആ മനുഷ്യന്‍ ഉള്ളപ്പോള്‍ ചിന്തകള്‍ ഞെരിഞ്ഞമരുന്നത് അവള്‍ക്കും അറിയാം. ഒരിക്കല്‍ മാത്രം അവളുടെ മുഖത്ത് വിരിഞ്ഞു നിന്ന സൂര്യകാന്തികളെ കണ്ട് അയാളുടെ കണ്ണ് തുറിച്ചു പോയി. ഒരിക്കല്‍ പോലും അയാള്‍ക്ക് മുന്നില്‍ അവള്‍ അങ്ങനെ പൂത്തുലഞ്ഞിട്ടില്ല. ഓര്‍ക്കാപ്പുറത്തു മനസ്സിനുള്ളില്‍ വിരിഞ്ഞുപോയ ചീവീടിന്റെ ഈണത്തെ, വാക്കുകളില്‍ ഓര്‍ത്തെടുക്കുമ്പോള്‍ സംഭവിച്ചു പോയതാണ്. അയാളുടെ പകച്ച കണ്ണുകളില്‍ പിന്നെ മെല്ലെ പരിഹാസം പടര്‍ന്നടിഞ്ഞു. കെട്ടുപോയ നരച്ച ആകാശം പോലെ അന്നേരം അവള്‍ ചുരുങ്ങിപ്പോയി. എത്ര തന്നെ മാറ്റിനിര്‍ത്തിയാലും  ശവംനാറിപ്പൂക്കളുടെ വാട അവളുടെ മൂക്കിനറ്റത്ത് നിന്ന് ഒഴിഞ്ഞു പോയില്ല. ശ്വാസം അടക്കി കൊണ്ട് തിരിച്ചു അടുക്കളയുടെ നിഴലരിച്ച ചുമരില്‍ പറ്റുമ്പോള്‍ വേണ്ടെന്നു വച്ചിട്ടും കണ്ണുകളില്‍ മേഘങ്ങള്‍ കനത്തു.

പലപ്പോഴും അവള്‍ അയാളെ കാണുന്നേയില്ലായിരുന്നു. അവള്‍ അവള്‍ പോലുമറിയാതെ, നടന്നു പോയ വഴികളിലെ സൂര്യപ്രകാശക്കല്ലുകള്‍ പെറുക്കുകയായിരുന്നു. അമ്മമ്മയുടെ വീടിനു കിഴക്ക് ഭാഗത്തുള്ള തൊഴുത്തിനുമപ്പുറത്തു വല്ലിയുടെ വീട്ടിലേക്കുള്ള നിഴല്‍ വഴികളില്‍ മഞ്ഞച്ചേരകള്‍ അവളെ നോക്കി നിന്നു. ഇന്നലെകളില്‍ പൊളിഞ്ഞു കിടക്കുന്ന വേലിക്കെട്ടുകര്‍ക്കിടയിലൂടെ അവള്‍ ഊര്‍ന്നു വല്ലിയുടെ വീട്ടിലേക്ക് കടന്നു ചെന്നു. ഓല മേഞ്ഞ നാല് ചുമരുകളില്‍ ഒന്ന് തുറന്നു വല്ലിയുടെ അമ്മ രാധ കുളിച്ചിറങ്ങിയതും, അവള്‍ ശീമക്കൊന്ന വകഞ്ഞു മാറ്റിയതും ഒരേ നേരത്തായിരുന്നു. ചെറുനാരങ്ങാവലിപ്പമുള്ള ചെറിയ മുലകളിലേക്ക് അവളുടെ കണ്ണുകള്‍ തറഞ്ഞു പോയി. രാധ പെട്ടെന്നു ''വല്ലീ'' എന്ന് വിളിച്ചു, അവളെ നോക്കി മുറിഞ്ഞ പല്ലു കാട്ടി, വീട്ടിനുള്ളിലേക്ക് കയറിപ്പോയി. മണ്ണിന്റെ നിറമുള്ള മുലകളെ ഓര്‍ത്തു അവിടെ രണ്ടു നിമിഷം തങ്ങി നിന്നതിനു ശേഷം അവള്‍ ഒന്നും സംഭവിക്കാത്തതു പോലെ വല്ലിയുടെ വീട്ടിലേക്ക് കയറി. 

കുടത്തിനുള്ളിലെ തണുത്ത വെള്ളത്തില്‍ ഇട്ടു വെച്ച തേങ്ങക്കഷ്ണം വല്ലി ചെറുതായി അരിയുകയായിരുന്നു. അമ്മയെന്താ ഇത്ര നേരമായി വസ്ത്രം മാറി വരാത്തതെന്ന് എന്ന് വല്ലി പിറുപിറുത്തു. ചാണകം മെഴുകിയ നിലത്തിരുന്നു അവള്‍ പുറത്തെ ഉച്ചയില്‍ ഒലിച്ചു. ഇല്ലിക്കാടുകളില്‍ അന്നേരം ഉച്ചക്കാറ്റ് വീശി. ''വാ, പോകാം'', എന്ന് പറഞ്ഞു അവള്‍ ഇറങ്ങി നടന്നപ്പോള്‍ ഒരു നിമിഷം അന്തംവിട്ടുനിന്ന്, പിന്നെ അവര്‍ക്കു  പുറകില്‍ വല്ലി ''അമ്മേ, ദാ വരുന്നേ,'' എന്ന് പറഞ്ഞു ഇറങ്ങി. പിന്നീട് വല്ലി വെള്ളത്തില്‍ മുങ്ങിക്കിടന്നപ്പോള്‍ അവള്‍ കരയ്ക്കിരുന്നു മൈലാഞ്ചിച്ചെടികളെനോക്കി കണ്ണ് മഞ്ഞച്ചു. തിരിച്ചു പോരുന്ന വഴി പാവാടയില്‍ നിറച്ച മൈലാഞ്ചി ഇലകളെ, അമ്മിയില്‍ ഇട്ടരയ്ക്കുമ്പോള്‍, മൂത്താച്ചി പറഞ്ഞതു പോലെ ഒരു കട്ടുറുമ്പിനെയും ചേര്‍ത്ത് അരച്ച്, കയ്യില്‍ ചുവന്ന പുള്ളി കുത്തി. ആര്‍ത്തലക്കുന്ന കാറ്റില്‍ മനസ്സില്‍, അഞ്ചു തലയുള്ള പന നിവര്‍ന്നാടി.

 

....................................

Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
....................................

 


രാത്രി

വാക്കുകള്‍ വാക്കുകള്‍ തന്നെ ആവണമെന്നില്ലല്ലോ.

പൊടിഞ്ഞു തീരാറായ ഒരു ചിത്രശലഭത്തിന്റെ വരണ്ട ചിറകോ, അല്ല ഇന്നലെ കാണാതെ പോയ താക്കോല്‍ക്കൂട്ടമോ, എന്തും ആവാം. പറയാതെ വച്ചിരിക്കുന്ന വാക്കുകള്‍ പ്രസവവേദനയാല്‍ പുളഞ്ഞു തള്ളിത്തെറിച്ചു ഇറ്റ് വീഴുന്നതാവം. കുഞ്ഞു മകനെ തല്ലി, പിന്നീട് അവന്റെ ചുവന്നു തിണര്‍ത്ത് പാടിന് മീതെ വിരല്‍ ഓടിക്കുമ്പോള്‍ കണ്ണറിയാതെ നിറഞ്ഞ നീരാവാം.

(തലയ്ക്കുള്ളില്‍ ഉറുമ്പരിച്ചു ദിവസവും വൈകുന്നേരം കണ്ണുകള്‍ കലങ്ങി ചുവന്നു വീര്‍ക്കുന്നു. രാത്രി കാലങ്ങളില്‍ വല്ലാത്ത വേദന. ഭര്‍ത്താവു വന്നു കയറുന്ന പുകമണമുള്ള വെള്ളിയാഴ്ചകളില്‍ അയാളെ നോക്കി ചിരിക്കാനോ സംസാരിക്കാനോ ആവാതെ, അയാള്‍ തൊടുമ്പോള്‍ സീല്‍ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ ആവാതെ ശ്വാസം മുട്ടുന്നു.)

 

....................................

Read more: വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
....................................

 

 
ഡയറിയില്‍ നിന്ന്

നിന്നോട് സംസാരിക്കാന്‍ വാക്കുകള്‍ തിരയുമ്പോള്‍ തിരിച്ചെത്തുന്ന തിരമാലകളെ കുറിച്ചാണ് ഓര്‍ക്കാറ്.

നീ  എന്നെ സ്‌നേഹിക്കുന്നതിന്റെ ഒരംശം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ലെന്നു അറിഞ്ഞുകൊണ്ട് നിന്നെ കുറിച്ച് ഓര്‍ക്കുറമ്പോഴൊക്കെ വേദന തോന്നാറുണ്ട്.
നിന്നെ സമാധാനപ്പെടുത്തുവാന്‍ ഞാന്‍ നിന്റെ ഓരോ വിളിയും എത്ര ക്ഷമയോടെ ആണ് കേട്ടത്.

നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ സ്‌നേഹം എന്ന വാക്ക് ഞാന്‍ അങ്ങ് മലയിടുക്കില്‍ തിരുകുന്നു. സ്‌നേഹമില്ല. പക്ഷെ കിനിഞ്ഞിറങ്ങുന്ന എന്തോ ഒന്ന് ഉണ്ട്. നിന്റെ ശബ്ദം കേര്‍ക്കാതാവുമ്പോള്‍, നിന്റെ വിവരം അറിയാതിരിക്കുമ്പോള്‍ ഒക്കെ ശ്വാസം മുട്ടുന്നുണ്ട്. ചില സമയങ്ങളില്‍ നീ സംസാരിക്കാറുള്ള സ്ത്രീകളെ ഓര്‍ത്തു  എരിവു അനുഭവപ്പെടാറുണ്ട്. ഇത് പ്രണയം അല്ലേ അല്ല. അങ്ങനെയാണെന്ന് ഒരഞ്ഞൂറാവര്‍ത്തി നിന്നോട് പറഞ്ഞപ്പോഴും എനിക്ക് അയാളോട് തോന്നിയ കൊടുംകാറ്റിനെ ഞാന്‍ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട്.

ഇന്ന് ഇത് എഴുതുന്നത് എന്തിനാണ്?    

ദിവസങ്ങളായി ഒരു മടുപ്പാണ്. രാവിലെ എഴുന്നേറ്റ് അടുപ്പ് കത്തിക്കുമ്പോഴും, ജനാലകള്‍ തുറക്കുമ്പോള്‍ മഞ്ഞച്ച സൂര്യ വെളിച്ചം അകത്തു കടക്കുമ്പോഴും ഒക്കെ മടുപ്പ് തന്നെയാണ്. കുട്ടികളെ എഴുന്നേല്‍പ്പിച്ച് പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം നിറച്ച പാത്രവും വെള്ളവും എടുത്തു വച്ചു ഒരു നിമിഷം മെല്ലെ എന്നിലേക്ക് നോക്കുമ്പോള്‍ പാതി മൂടി പോയ കനലില്‍ എന്തോ എരിയുന്ന പോലെ.

 

....................................

Read more: അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
....................................

 

രാവിലെ

വീട്ടില്‍ പിന്നെ വെളിച്ചം തല്ലുന്നു. ഒറ്റപ്പെടലും. തൊട്ടടുത്ത വീട്ടില്‍ നിന്നും ചേടത്തി അടുത്ത വീട്ടിലെ കുട്ടന്റെ അമ്മയെ തെറി വിളിക്കുന്നത് കേള്‍ക്കാം . അവര്‍ പുതുതായി ചായമടിച്ച മതിലിനടുത്ത്  തീ ഇട്ടു കരിച്ചതിനു ഇന്നലെ വഴക്ക് നടന്നിരുന്നു. കുട്ടന്റെ അമ്മ ഇറങ്ങി വന്നു മെലിഞ്ഞ കൈകള്‍ ചേടത്തിയുടെ മുഖത്തിന് നേരെ അടുപ്പിച്ചു വച്ച് ചീത്ത വിളിച്ചു. ''നിങ്ങളാണ് എന്റെ വീട്ടിലേക്ക് കല്ലുകള്‍ എറിയുന്നതെന്നു എനിക്കറിയാം. ഞാന്‍ എത്രയോ വട്ടം കണ്ടിട്ടുണ്ട്. നിങ്ങള്‍ ഒരു ഭ്രാന്തിത്തള്ളയാണ്.''

''ഭ്രാന്ത് നിനക്കാണ്. എന്റെ മകന്‍ വരുന്നതുകൊണ്ട് ഞാന്‍ കഴിഞ്ഞ ആഴ്ച ആണ് ഈ മതിലിനു ചായം അടിച്ചത്. അത് കണ്ടത് മുതല്‍ നിനക്ക് ഹാലിളകിയിരിക്കുകയല്ലെടീ? അസൂയയാണ് നിനക്ക്. നിന്റെ കെട്ടിയവന്‍ ചത്തു പോയതില്‍ പിന്നെ നിന്റെ വീട്ടില്‍ പെയിന്റ് അടിച്ചിട്ടുണ്ടോ.. അതിന്റെ കെറുവാണ്.''

''തള്ളേ, നിങ്ങളുടെ മകന്‍ വല്ലപ്പോളും വന്നു കയറി പോവുന്നവന്‍ അല്ലേ? എന്റെ മക്കള്‍ എന്റൊപ്പമാ താമസം. നിങ്ങള്‍ ഇവിടെ ഒറ്റക്കുറുക്കന്‍ ആയി അട്ടം നോക്കി ഇരുന്നോ. കൊതിച്ചോ.''

''ദൈവം നിന്നോട് പൊറുക്കൂല്ല. നിനക്ക് നല്ലത് വരൂല്ല.''

''എന്റെ ദൈവം സ്വര്‍ഗസ്ഥനായ പിതാവാണ്. എന്റെ തലയ്ക്കു മീതെ എപ്പോളും കാവല്‍ നില്‍ക്കുന്നവന്‍ ആണ്. നിങ്ങളുടെ ദൈവത്തെപ്പോലെ അല്ല.''

മഴ പെയ്യാന്‍ തടഞ്ഞു നില്‍ക്കുന്ന നട്ടുച്ചകളില്‍ സൂര്യന്‍ മറഞ്ഞാലും തീരാത്ത ചൂട് ഉള്ളില്‍ പെരുത്ത് കുഴഞ്ഞു കിടക്കും. അവനെ ഓര്‍ത്താലോ, കടന്നു പോയ ആ മനുഷ്യനെ ഓര്‍ത്താലോ ഒന്നും കെട്ടടങ്ങാത്ത ഒന്ന്. 

ആകാശം തീരെ ചെറിയ ഒരു ചതുരമാണ്. അവളുടെ തലയ്ക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന പരുന്തിനെ അത് ചിറകു വിടര്‍ത്താന്‍ അനുവദിക്കുന്നില്ല. മുന്നിലുള്ള ഒഴിഞ്ഞ പറമ്പില്‍ വേനല്‍ ചൂടില്‍ മയിലുകള്‍ പറന്നെത്തും. മയിലുകള്‍ ഉള്ള ഇടം വെള്ളമില്ല എന്ന് പണ്ട് മുത്തി പറയാറുണ്ടായിരുന്നു. ഒന്നും രണ്ടുമല്ല, ചിലപ്പോള്‍ ആറോളം മയിലുകള്‍ അവളുടെ കാഴ്ചക്ക് മുന്നില്‍ പച്ചയും നീലയും കണ്ണുകള്‍ കൊണ്ട് ചെണ്ട കൊട്ടും. ഉണരാത്ത ഉറക്കത്തില്‍ അലസമായി അമരുമ്പോള്‍ ഇവര്‍ എന്തിനാണ് അവളെ വിളിക്കുന്നത്?

 

....................................

Read more: പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ 
....................................

 


ഡയറിയില്‍ നിന്ന്

അടുപ്പിനടുത്ത് എനിക്ക് ഒന്നും കാണാന്‍ ആവുന്നില്ല. പുകയാണ്. ചട്ടിയില്‍ തിളക്കുന്ന മീനുകര്‍ക്ക്  ചിറകുകള്‍ മുളച്ചു അവ എന്നോട് നീന്തുവാന്‍ വെള്ളം ആവശ്യപ്പെടുന്നു.

എന്റെ ജനാലയ്ക്ക്പ്പുറത്തു മറ്റൊരു ലോകത്ത് ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ കരയില്‍ എനിക്ക് കാണുന്ന കാഴ്ച്ചക്കുമപ്പുറം ഒരു സ്ത്രീ നില്‍ക്കുന്നു. അവരുടെ ശരീരത്തില്‍ മഴ പെയ്ത പാടുകള്‍ എനിക്ക് കാണാം. അവര്‍ എന്നെ കാണുന്നില്ല. ഞാന്‍ നിരന്തരം എന്റെ ജനാലയ്ക്കിപ്പുറത്തു നിന്ന് അവരോടു കൈ വീശി കാണിച്ചിട്ടും അവര്‍ ഒരിക്കല്‍ പോലും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു പക്ഷെ അവര്‍ ഒരിക്കലും എന്നെ കാണുകയില്ല. എന്നാല്‍ ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ അവരുടെ കണ്ണുകള്‍ എന്നെ നോക്കുന്നു. അവയില്‍ ഞാന്‍ കണ്ട പുഴ നിശ്ചലമായി, കാട്ടനക്കമില്ലാതെ നില്‍ക്കുന്നു. അവര്‍ കൂടി വായിക്കുവാന്‍ ആണ് ഞാന്‍ ഇതെഴുതുന്നത്.

 

....................................

Read more:  വേട്ട, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ
....................................

 


ഇന്നലെ

ആയിശുമ്മ പണിക്കു പോകും വഴി വെളിയോറത്തു നിന്ന് ഏന്തി നോക്കി. സമയമുണ്ടെങ്കില്‍ കയറി വരാന്‍പറഞ്ഞു ''മഗ്‌രിബ്‌ന്റെ സമയമായിരുന്നു മോളെ. നല്ല ചൂടാ. മോനും മരുമോളും പേരക്കുട്ടിയും ഒക്കെമ്പടെ ടെറെസില്‍ പോയ് കിടക്കാരുന്നു'', അവര്‍ ഒരിറക്ക് വെള്ളം കുടിച്ചിട്ട് പറഞ്ഞു. 

''കൊതു ണ്ടാവില്ലേ ഉമ്മാ?'' 

ഇല്ല. നല്ല കാറ്റാ. അപ്പൊ ണ്ട് ആരോ ന്നെ വിളിക്കിണാ. നല്ല തെളിച്ചത്തില്‍ കേട്ട്. ഞാന്‍ നല്ല ഉറക്കത്തിലാ. ഒന്നും അറീണില്ല. ന്നാലും ഇദ് കേട്ടു. പെട്ടന്ന് ഓടി പോയി വാതില് തുറന്ന് നോക്ക്യപ്പോ ആരും ഇല്ല. നല്ല പരിചയള്ള ശബ്ദായിര്ന്നു . ആരും ണ്ടാര്‍ന്നില്ല. എന്റെ താത്താന്റെ പേരക്കുട്ടി പറഞ്ഞ അങ്ങനെ പോയി നോക്കരുത്. ആരേലും വിളിച്ചാ കണ്ണ് തുറക്കരുത്. ഒന്നും കേര്‍ക്കാത്ത പോലെ കിടക്കണംന്ന്. എന്തുണ്ടാവാനാ ഉമ്മാ'' 

''ണ്ടാവും കുട്ട്യേ.. നിനക്ക് വിശ്വാസം ഇല്ലച്ചിട്ട്'' 

അവര്‍ക്കു ചിരി ഒന്നും വരുന്നില്ല. ണ്ടാവും ചിലപ്പോ. പണ്ട് പണ്ട് ഒരു കാലത്ത് രാത്രി അമ്മമ്മയുടെ വയര്‍ ഒട്ടിക്കിടന്നു, കണ്ണ് തുറക്കാതെ, ഇലയനക്കങ്ങളെ കേള്‍ക്കാ തിരിക്കാന്‍ ചെവി അടച്ചത് ഓര്‍ത്തു . അന്ന് സിനിമാകൊട്ടകയില്‍ ഭഗവതിയെ കുറിച്ച് ഒരു സിനിമ കാണാന്‍ പോയിരുന്നു. ഉണ്ടക്കണ്ണുകളും, ചുവന്ന നാക്കുമുള്ള ഭഗവതി, ചിലങ്ക കുലുക്കി പ്രേതങ്ങളെ ഓടിച്ചു. ചിലപ്പോള്‍ ഭഗവതിക്ക് ചുവന്ന പട്ടുണ്ടായിരുന്നു. ചിലപ്പോള്‍ കരിനീല ദേഹവും. അത്ഭുതകഥയെ നോക്കി ഇരിക്കുമ്പോള്‍ പിന്നീട് കാണാന്‍ പോവുന്ന ചുവന്ന സ്വപ്നങ്ങളാവും മനസ്സ് നിറയെ. പേടിക്കില്ല എന്ന് ശപഥം ചെയ്തിട്ടാണ് അമ്മമ്മ സിനിമ കാണാന്‍ കൊണ്ടുപോകുന്നത്. പക്ഷെ പടം കഴിഞ്ഞു ചൂട്ട വെളിച്ചത്തില്‍ തിരികെ നടക്കുമ്പോള്‍ ഓളിയിടുന്ന കുറുക്കന്മാര്‍ പൊന്തക്കിടയില്‍  മറയും. അമ്മമ്മയുടെ കയ്യില്‍ മുറുക്കെ പിടിച്ചാലും നെഞ്ഞിടിപ്പ് കുറയില്ല. വിശറി വീശിക്കൊണ്ട് അമ്മമ്മ കൃഷ്ണനെ ഓര്‍ക്കാന്‍ പറയും. നട്ടുച്ചകളില്‍ വല്ലിയുടെ കൂടെ ഇല്ലിക്കാട്ടിനു നടുവില്‍ ഉള്ള കുളത്തില്‍ മുങ്ങി നിവരാന്‍ പോവുമ്പോ അഞ്ചു തലയുള്ള പനയ്ക്ക് മീതെ യക്ഷി ഉണ്ടോ എന്ന് പാളി നോക്കും. ഇല്ലിക്കാടുകള്‍ക്കിടയില്‍ കാറ്റ വീശുമ്പോള്‍ ആരോ പിറുപിറുക്കന്ന്തു പോലെ തോന്നും. 

ഭയം ആയിരുന്നു. എന്നും. ആദ്യത്തെ ദിവസം ഇരുട്ട് പിടിച്ച ക്ലാസ് മുറിക്കുള്ളില്‍ പതുങ്ങി നിന്നപ്പോള്‍ മുതല്‍ എല്ലാ ദിവസവും. ആരും കാണരുതെന്ന് കരുതി ദേഹം ചുരുക്കിച്ചുരുക്കി പൊത്തുകളില്‍ ഒളിപ്പിക്കാറുണ്ടായിരുന്നു. എന്നാണ് വെളിച്ചം കണ്ടു തുടങ്ങിയത്? അമ്മ മരിക്കും മുന്നേ ആണുങ്ങളെ പേടിക്കാന്‍ പറഞ്ഞിരുന്നു. ആണുങ്ങളുടെ മൂത്രത്തിന് കുറുകെ നടന്നാല്‍ ഗര്‍ഭം ഉണ്ടാവും എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു. കാണുന്ന ഏതു വെള്ളമാണ് ആണുങ്ങളുടെ മൂത്രം എന്നറിയാതെ എല്ലാ വെള്ളങ്ങളെയും കവച്ചു വയ്ക്കാതെ ചുറ്റി പോകുവാന്‍ ശ്രദ്ധിച്ചിരുന്നു.

അയാളെ വിവാഹം കഴിക്കും വരെ ഒന്നും അറിയുമായിരുന്നില്ല. പത്തു വരെയേ പഠിച്ചിര്ന്നുള്ളൂ. ജയിച്ചെങ്കിലും പിന്നെ പഠിക്കുവാന്‍ വിട്ടില്ല. വീട്ടുചിലവിനുള്ള കാശ് അച്ഛന്‍ അയക്കുമായിരുന്നു . അമ്മമ്മയുടെ കയ്യില്‍ ഉള്ളത് പറമ്പിലെ തെങ്ങിന് വളം വാങ്ങിയും, പണിയെടുപ്പിച്ചും തീര്‍ന്നു  പോവും. അമ്മാവന്‍ മാസം വന്നു മുറ്റത്തു കസേരയില്‍ കാലു നിവര്‍ത്തി വച്ചു ഇരിക്കും. ഒരിക്കല്‍ അവളോട് ദേഷ്യം പിടിച്ചു. ഇനി അടിപ്പാവാട ഇടാതെ നടക്കരുതെന്ന് ദേഷ്യപ്പെട്ടു. 

അന്നൊക്കെ രാത്രികളില്‍ മാവിന്‍ ചുവട്ടില്‍ പോയി നിലാവത്തു മൂത്രം ഒഴിക്കാറുണ്ടായിരുന്നു അരി വാങ്ങുവാന്‍ പോകുന്ന കടയിലെ ചേട്ടനെ ഒളികണ്ണിട്ടു നോക്കുമ്പോള്‍ ഭയമായിരുന്നു. ആ ദിവസങ്ങളില്‍, ഉത്സവത്തിനു പോകുമ്പോള്‍ കുപ്പിവളകള്‍ മേടിച്ചിരുന്നു. വൈദ്യരുടെ വീട്ടിലെ സരോജ ഇടുന്ന പട്ടു പാവാട പോലെ ഒന്ന് വാങ്ങണമെന്ന് പറഞ്ഞു വാശി പിടിച്ചു അമ്മമ്മയെ കൊണ്ട് വാങ്ങിപ്പിച്ചു. അമ്മമ്മ മാധവേട്ടനോട് പറഞ്ഞു തേങ്ങ വില്‍ക്കുന്ന പൈസയില്‍ നിന്നും പട്ടു പാവാട വാങ്ങി തന്നു. ആ തൊടി വിറ്റ്, പിന്നെ മൂലയില്‍ ഉള്ള ഒരു സ്ഥലം വാങ്ങിയിടത്താണ് പിന്നീട് താമസിച്ചത്. ആ ഇടത്താണ് ഇപ്പൊള്‍ എത്തിയിരിക്കുന്നത്. അത് കൊണ്ട് ഇവിടുള്ള ചീവീടുകളുടെ ഭാഷ അവര്‍ക്കറിയാം. മഞ്ഞള്‍ കിളച്ചാല്‍ കിട്ടുന്ന ഇടങ്ങളും.

കുറച്ചു കാലം ഭര്‍ത്താവിന്റെ കൂടെ പട്ടണത്തില്‍ അഴുക്കു ചാലിനടുത്തുള്ള ലൈന്‍വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍ ആകെ സംസാരിക്കാന്‍ ആവുന്നത് എലികളോടായിരുന്നു. എലികളുടെ മുഖത്ത് നോക്കി മെല്ലെ സംസാരിക്കും. അങ്ങനെ ഒരിക്കല്‍ ആണ് ആ എലി കയറി വന്നത്. മറ്റ് എലികളെ പോലെ ആയിരുന്നല്ലത്. അതിന്റെ മുഖത്ത് മഞ്ഞ നാണം ഉണ്ടായിരുന്നു. ഇളം റോസ് നിറത്തിലുള്ള ചെവികള്‍ക്ക്  പകരം നീല നിറമുള്ള ഉരുണ്ട ചെവികള്‍ ഉണ്ടായിരുന്നു. അതിന് കൂര്‍ത്ത  ചുണ്ടുകള്‍ ആയിരുന്നില്ല. മനുഷ്യരുടേതു പോലെ പരന്ന മുഖം. എലികളുടെ അത്ര തന്നെ വലിപ്പം. മറ്റെലികളോട് അവള്‍ സംസാരിക്കുമ്പോള്‍ അത് മാറി നിന്ന് കയ്യും കെട്ടി അവളെ തന്നെ നോക്കി നിന്നു. ആരോ തന്നെ നോക്കുന്നു എന്ന് തോന്നിയപ്പോള്‍ ആണ് അവള്‍ തല തിരിച്ചു നോക്കിയത്. അതിന്റെ കണ്ണുകളിലെ മയില്‍പ്പീലികള്‍ കണ്ടു അവള്‍ തരിച്ചിരുന്നു. മറ്റെലികള്‍ പറയുന്നതൊന്നും പിന്നെ കേട്ടില്ല. അവള്‍ക്കു  ചുറ്റും മയില്‍പീലിക്കണ്ണുകള്‍ മാത്രം. 

ഇടിഞ്ഞിറങ്ങിയ മഴവില്‍പ്പൊത്തുകള്‍ക്കുള്ളില്‍ നിന്നും സര്‍പ്പങ്ങള്‍ ഇഴഞ്ഞിഴഞ്ഞു അവളുടെ കാലുകളില്‍ കെട്ടിപ്പിണഞ്ഞു. ഒന്നും പറയുവാനുണ്ടായിരുന്നില്ല. അത് നടന്നെടുത്തതും, കുഞ്ഞു കാലുകള്‍ വച്ചു മേലേക്ക് അരിച്ചു കയറുന്നതും സ്വപ്നത്തിലാവും നടന്നത്. പക്ഷെ അത് ഉടയാടകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അതിന്റെ നഖം കോറി അവളുടെ അടി വയറില്‍ മുറിഞ്ഞു. പൊക്കിളിനടുത്ത് ചുവന്നു. അവളുടെ കുപ്പായം മുഴുവന്‍ കരണ്ട് തിന്നപ്പോഴും അവള്‍ക്കു  ഒന്നൊച്ച വെക്കാന്‍ തോന്നിയില്ല. നീന്തുവാനറിയാത്ത പച്ചക്കുളങ്ങളില്‍ അവള്‍ ഒഴുകിയലഞ്ഞിരുന്നു. പിന്നെ ഓര്‍മ വരുമ്പോഴേക്കും വൈകിയിരുന്നു. സൂര്യന്‍ ചുവപ്പില്‍ പുതഞ്ഞു. കത്രിച്ചു പോയ തുണിക്കഷങ്ങള്‍ വാരി കത്തിച്ചു അവള്‍. അയാള്‍ വരുമ്പോഴേക്കും രസവും ചോറും ഉണ്ടാക്കി. അന്ന് രാത്രി അയാള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ കണ്ട നഖപ്പാടു അയാളെ തീയിലേക്കിട്ടു. അവളെ ഒരു തുണികഷ്ണം പോലെ അയാള്‍ അടിച്ചുലച്ചു. എന്നാല്‍ ഒന്നും ഏറ്റില്ല. മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞു കിടക്കുമ്പോഴും,  അയാള്‍ പിന്നീട് തുടയിടുക്കുകള്‍ക്കിടയില്‍ ആഴ്ന്നിറങ്ങിയപ്പോഴും അവള്‍ ഒരു ഉച്ച സ്വപ്നത്തില്‍ ഉരുണ്ട  നീല ചെവികളോട് അടക്കം പറഞ്ഞു കൊണ്ടിരുന്നു.

പിറ്റേന്നുച്ചക്ക് അന്തം വിട്ടു ചുമരിലേക്ക് നോക്കി  മറ്റെലികള്‍ സംസാരിക്കുന്നതു നോക്കി ഇരുന്നപ്പോള്‍ നീല ചെവികള്‍ ഉള്ള എലി മാത്രം വന്നില്ല. മനസ്സിനുള്ളില്‍ തോന്നുന്ന എരിച്ചിലിനു നഷ്ടപ്പാടിന്റെ നനവുണ്ടായിരുന്നു. മറ്റെലികള്‍ ഒക്കെ പോയി കഴിഞ്ഞപ്പോള്‍ വലത്തേ തോളത്ത് പതിഞ്ഞ ചെറിയ കാല്‍പ്പാടുകളെ കരച്ചിലോടെയാണ് എതിരേറ്റത്. അത് മെല്ലെ ചിരിച്ചപ്പോള്‍ കരച്ചിലിന്റെ ശക്തി കൂടി. പിന്നെ അവളുടെ മുഖത്ത് പറ്റി കിടന്നു അത് മെല്ലെ കുഞ്ഞു കൈകള്‍ കൊണ്ട് തലോടി.

കീറി തുണ്ടമായി തുടങ്ങിയ വസ്ത്രങ്ങളുടെ എണ്ണം കൂടി തുടങ്ങിയപ്പോള്‍ അയാള്‍ക്ക്  അരിശം കൂടി. ഓട്ടയായ മുണ്ടുയര്‍ത്തി  അയാള്‍ തിരക്കിട്ട് പുറത്തു പോയി. വിഷം പുരട്ടിയ ഉണക്കമീന്‍ കഷ്ണങ്ങള്‍ കൊണ്ടയാള്‍ വീട് നിറച്ചു. അവളുടെ നെഞ്ഞത്ത് ഒരു വലിയ കണ്ണീര്‍ത്തുള്ളി ഒലിച്ചിറങ്ങാതെ കിടന്നു. അത് കല്ല് പോലെ ആയപ്പോള്‍ അവള്‍ക്കു  കണ്ണ് കാണാതെയായി. അയാളില്‍ നിന്നും കാഴ്ചയില്ലായ്മ മറച്ചു പിടിക്കാന്‍ അവള്‍ ചുമരരികിലൂടെ ഊര്‍ന്നു  നടക്കുക പതിവായി. തട്ടി തടഞ്ഞു വീഴുന്ന ശബ്ദം കേള്‍ക്കു മ്പോള്‍ അയാള്‍ ദേഷ്യം കൊണ്ടലറി. ഒരിക്കല്‍ വീണു പോയ അവളെ അയാള്‍ ചവിട്ടിത്തെറിപ്പിച്ചു. ശ്വാസം കിട്ടാതെ ഒരു നിമിഷം കണ്ണടഞ്ഞവള്‍ കിടന്നു. പിന്നെ മെല്ലെ കണ്ണ് തുറന്നപ്പോളെക്കും എലിശവങ്ങളുടെ നാറ്റം ദേഹത്താകെ പടര്‍ന്നി രുന്നു. എലികള്‍ ചത്തടിഞ്ഞു കൂടി. ചട്ടികളിലും കലങ്ങളിലും അവ പുഴുവരിച്ചു കിടന്നു. ഓരോന്നും കോരി ദൂരെയുള്ള ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുന്ന പണി അവളുടെതായിരുന്നു. വയറ്റുനുള്ളില്‍ നിന്നും തികട്ടി വരുന്ന ചര്‍ദ്ദി തടഞ്ഞു വെക്കാന്‍ പാടായിരുന്നു. അവള്‍ ഭക്ഷണം കഴിക്കാതെയായി. ഓരോ എലി ശരീരം എടുക്കുമ്പോഴും നീലച്ചെവികള്‍ ഇല്ലെന്നുറപ്പു വരുത്തി അവള്‍ അരിച്ചു നടന്നു. ഏതെങ്കിലും ഓവുചാലില്‍ മയിപ്പീലികണ്ണുകള്‍ ഒലിച്ച് പോയിട്ടുണ്ടാവുമെന്നു പിന്നീടവള്‍ക്ക് തോന്നി. അതല്ലെങ്കില്‍ എതെങ്കിലുമൊരു ഉച്ചക്ക് കണ്ണുകളടയുമ്പോള്‍, തുണി കത്രിക്കുന്ന ശബ്ദം കേള്‍ക്കുമെന്നു, കുഞ്ഞു കാലുകള്‍ വീണ്ടും ശരീരത്തില്‍ പച്ചിലപ്പെയ്ത്ത് നടത്തുമെന്നും. 

അവസാനത്തെ എലി പോയി എന്നുറപ്പ് വരുത്തിയേ അയാള്‍ അടങ്ങിയുള്ളു.

പിന്നീടങ്ങോട്ട് അവള്‍ക്കു  ഒരിക്കലും മഴപെയ്ത പുതുമണമടിച്ചില്ല. അവള്‍ക്കുള്ളിലെ മയിലുകള്‍ എന്നേക്കുമായി പറന്നു പോയിരുന്നു.

പലപ്പോഴും അയാള്‍ കയറി വന്നു എന്തൊക്കെയോ പറയുമ്പോള്‍ മൂളിക്കേള്‍ക്കുകയല്ലാതെ ഒന്നും തിരിച്ച് പറയാന്‍ ഉണ്ടായിരുന്നില്ല. പിന്നെ അയാള്‍ അധികം സംസാരിക്കാതെയായി. അതൊരു സമാധാനം ആയിരുന്നു. ശരീരത്തില്‍ കൈ വെക്കുമ്പോള്‍ ചിലപ്പോള്‍ ഒരു തരിപ്പ് അനുഭവപ്പെടും. മുലയിടങ്ങളില്‍ ഒരു പിടച്ചില്‍.

മനസ്സിനെയും ശരീരത്തെയും മുറിച്ച് രണ്ടു കഷ്ങ്ങളാക്കി രണ്ടു പാത്രങ്ങളില്‍ അടച്ചു വച്ചു. അയാള്‍ തൊടുമ്പോള്‍ ഉണരുന്നത് ശരീരം. മറ്റേതു മനസ്സ്. അത് രാത്രിയില്‍ ഭയത്തിന്റെ കൈപിടിച്ച്, പിന്നെ പുലര്‍കാലങ്ങളില്‍ അദ്ഭുതത്തില്‍ നിവര്‍ന്നു, നട്ടുച്ചകളില്‍ അപ്പൂപ്പന്താടിയായി.

 

....................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം! 
....................................

 

 
പണ്ട്

ആറാമത്തെ വയസ്സില്‍ തുന്നല്‍ക്കാരി ചന്ദ്രികയുടെ വീട്ടില്‍ നിന്നും കിട്ടിയ ആഴ്ചപ്പതിപ്പില്‍ കണ്ട ഭംഗിയുള്ള സ്ത്രീകളെ നോക്കി മെല്ലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ തെന്നിപ്പോയി. പരസപരം തൊടുന്ന സ്ത്രീയും പുരുഷനും എന്ത് ചെയ്യുന്നു എന്ന് അറിയുന്നില്ല. പതിനെട്ട് കഴിഞ്ഞിരുന്നു. അച്ഛന് രണ്ടാം കെട്ടിലും രണ്ടു പെണ്‍കുട്ടികള്‍ ആയതു കൊണ്ട് വേഗം തീര്‍ക്കേണ്ട ബാധ്യത ആയി തീര്‍ന്നു അവള്‍. ഓര്‍ക്കാപ്പുത്തത് ഒരു വൈകുന്നേരം അച്ഛന്‍ കയറി വന്നു മുന്നിലുള്ള അരമതിലില്‍ ഇരുന്നു വിയര്‍പ്പൊപ്പി കല്ല്യാണത്തെ കുറിച്ചു പറഞ്ഞു. കയ്യിലിരുന്ന ആഴ്ചപ്പതിപ്പില്‍ ചിത്രങ്ങള്‍ സംസാരിക്കുകയായിരുന്നു. അപ്പുറത്തെ വീട്ടില്‍ നിന്നും കയ്യില്‍ തടഞ്ഞ ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' വായിച്ചു, ആ തോട്ടില്‍ മുങ്ങിനിവരണം എന്ന് തോന്നുകയും ചെയ്തിരുന്നു. 

അയാള്‍ ആയിരുന്നു മനസ്സില്‍. 

മരങ്ങള്‍ക്ക് തടം എടുക്കുന്ന, വെള്ളം കോരുന്ന, പഠിപ്പിക്കുന്ന അയാള്‍. അയാളുടെ സ്‌നേഹത്തിനു നിലാവിന്റെ നിറം ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു കയറി വന്ന മനുഷ്യന്റെ മുഖത്തു നിസ്സംഗത ആയിരുന്നു. അയാളെ നോക്കാന്‍ സമയം കിട്ടിയപ്പോള്‍ അയാളുടെ കണ്ണുകള്‍ മറ്റെവിടെയോ നോക്കി, പിന്നെ ഒരു തെറ്റ് പോലെ അവളെ നോക്കുന്നത് കണ്ടു. അപ്പോള്‍ മാത്രമാണ് ഇത് ബഷീറിന്റെ മനുഷ്യന്‍ അല്ല എന്ന് തോന്നിയത്. പക്ഷെ ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ആരും ചോദിച്ചതും ഇല്ല. അമ്മമ്മയെ വിട്ടു പോകാന്‍ മനസ്സില്ലായിരുന്നു. ആ വീടും. അതിന്റെ ഇരുട്ട് മൂടിയ മണ്ണും. നോക്കിയാല്‍ കാണാവുന്ന ആകാശവും, വേനല്‍ക്കാലത്തിനു തൊട്ടു മുന്നേ വരുന്ന ചെമ്മരിയാടുകളും, വയല്‍പ്പരപ്പിനു നടുവിലെ ഭ്രാന്തന്‍ മുങ്ങി ചത്ത കുളവും, പിന്നെ  ഓര്‍മ്മകള്‍ തികട്ടി കയറി വരാവുന്ന ഇടവഴികളും.
 

....................................

Read more: മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി 
....................................

 
ഡയറിയില്‍ നിന്ന്

നിന്നെ കിട്ടുമ്പോള്‍ നിനക്ക് മഞ്ഞ നിറമാണ്. നിന്നില്‍ നിറയെ വാക്കുകള്‍ പുഴുവരിച്ചു നടന്നു. എലികളെ മാളങ്ങളില്‍ നിന്നിറക്കി അവയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വാക്കുകള്‍ മുറിയാതെ ഒഴുകാന്‍ തുടങ്ങി. പുലര്‍കാല സൂര്യന് ചുവന്ന നിറമാണ്. രാത്രിക്ക് മുല്ലപ്പൂവിന്റെ മണവും.

എന്തോര്‍മ്മകള്‍. വെറുതെ നടുന്നു പോയതിന്റെ. മണ്ണില്‍ പതിഞ്ഞു കിടന്ന കുന്നിക്കുരുക്കളുടെ. തിരഞ്ഞാല്‍ മാത്രം കാണാവുന്ന ഒറ്റയടിപ്പാതകളുടെ.
ചില രാത്രികളില്‍ ദേഹത്തുനിന്നും ഒലിച്ചിറങ്ങുന്ന  വേരുകള്‍ നഖത്തിലൂടെ വിടര്‍ന്നു  തുടയിടുക്കുകളില്‍ സൂര്യകാന്തി പൂക്കളുടെ വസന്തം പെയ്യിക്കും.

ഇന്ന് ഞാന്‍ ഇതെഴുതുന്നു.

നാളെയും എഴുതുമോ.

ഇന്നലകളില്‍ പകുതിയാക്കി വച്ച മൂഷിക വാക്കുകള്‍ എന്റെ തൊണ്ടയില്‍ അഴുകി പാടി ചേര്‍ന്നിരിക്കുന്നത് എനിക്ക് അറിയുവാന്‍ കഴിയുന്നു. അത് തുപ്പിത്തെറിപ്പിച്ചു ആകാശത്തില്‍ മഴ പെയ്യിക്കണമെന്നെനിക്കുണ്ട്.

നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ മറയ്ക്കുവാന്‍ എനിക്ക് മറ്റൊരു വഴിയും ഇല്ലല്ലോ.

ഓര്‍ത്തു കൊണ്ടെഴുതരുത്. ഓര്‍ക്കാതെഴുതണം. ഓര്‍ത്ത് കൊണ്ടെഴുതിയാല്‍ ഓര്‍മകള്‍ ഇല്ലാതാവുന്ന കാലത്ത് വാക്കുകള്‍ നശിച്ചു പോകും. പിന്നെ ശൂന്യതയില്‍ വീര്‍പ്പുമുട്ടല്‍ അല്ലാതെ മറ്റെന്തുണ്ടാവും?

 

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം