ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സിന്ധു കെ നായര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

യുഗങ്ങളുടെ
ദ്വന്ദസ്പന്ദമായിരുന്നു,
രണ്ടു മുറികളില്‍ നാമുറങ്ങുമ്പോള്‍!

മൗനത്തെ മുറുക്കിക്കെട്ടുമ്പൊഴും
മുള്‍പ്പടര്‍പ്പിലെ
ശതാവരി മുനകള്‍
മുറിവേല്‍പ്പിക്കുമ്പൊഴും
കാഞ്ഞിരത്തിന്റ
വേര് തിളച്ചുമറിഞ്ഞു
കലങ്ങുമ്പൊഴും
ചൂടാറാത്ത എണ്ണയുടെ
കാലാന്തരകാല്‍പനികതയിലേക്ക്
അമരിയില
കരിയുമ്പോഴും
നമ്മള്‍ രണ്ടു മുറിയിലിരുന്ന്
ഏകാന്തതയുടെ
ശവക്കച്ചപുതയ്ക്കുകയായിരുന്നു.

Also Read : വിശുദ്ധ സ്മിതയ്ക്ക്, യു. രാജീവ് എഴുതിയ കവിത

മുറികള്‍ എന്തോ പിറുപിറുക്കുന്നുണ്ട്.
വരിഞ്ഞുമുറുക്കിയ
മൗനവടങ്ങളുരഞ്ഞ്
കൈകള്‍ വേദനിക്കുന്നുവോ?

ഇരുളടര്‍ന്ന
നാഗാസ്ത്രമേറ്റ്
മനസ്സിന്റെ 
വൈരുദ്ധ്യങ്ങളെ
തമസ്‌കരിച്ചപ്പോഴാണ്
രണ്ടു മുറികളും
രണ്ടു ജന്മങ്ങളുടെ
കഥപറഞ്ഞുതുടങ്ങിയത്.

നിന്റെ മുറുക്കാന്‍ ചെല്ലത്തില്‍ നീ
നിന്റെ നാവിനെ
അടച്ചിട്ടതോടെ
തുപ്പല്‍വറ്റാത്ത
ചുവന്ന മുറ്റങ്ങളിലേക്ക്
ഞാന്‍ എന്റെ വിചാരങ്ങളെ
ചെരുപ്പില്ലാതെ
നടത്തിച്ചു.

Also Read : അനസ്തേഷ്യ: ബിനു എം. പള്ളിപ്പാടിന്റെ കവിത വായിക്കാം

മുറിക്കുള്ളിലെ
മാറാലകളില്‍
ഞാന്‍ ഞാനായും
നീ നീയായും
എന്റെ ഉടയാത്ത ഉടുപ്പുകള്‍
അടഞ്ഞ കാമാഗ്‌നിയായും 
എഴുന്നു നിന്നത് നീ ഓര്‍ക്കുന്നുവോ?

രണ്ടു മുറികള്‍ക്ക്
രണ്ടു രാജ്യങ്ങളുടെ ദൂരം.
ഇടനാഴിയില്‍ നിന്നും
മകന്റ ഉറക്കത്തോളം വലിയ
കപ്പല്‍ ദൂരം!

എന്നിട്ടും
വെറുപ്പിന്റ
തുറുപ്പ് ചീട്ടില്‍
നീ കമഴ്ത്തിയത്
ചിന്തയുടെ 
നഗ്‌നമായ
നനവു മാത്രമായിരുന്നു.

പക്ഷേ,
രണ്ടു മുറികളില്‍
നാം ഉറങ്ങുമ്പോഴും
രണ്ടു വീടുകളെന്തേ
നമ്മള്‍ സ്വപ്നം കണ്ടില്ല?

തെറ്റാതെ വരുന്ന
തീണ്ടാരിക്കണക്കിലൂടെയാണ്
ഞാന്‍ ഭ്രമണസ്പന്ദനം 
അറിഞ്ഞുകൊണ്ടിരുന്നത്.

Also Read: സ്ത്രീകളുണ്ട് , മാരം അല്‍ മസ്‌രി എഴുതിയ അഞ്ച് സിറിയൻ കവിതകൾ

വേപ്പില പൊള്ളിച്ച്
മുഖക്കുരുപൊട്ടിച്ചപ്പോഴാണ്
വേതാളഭ്രമമെന്നപോലെ
നിന്നിലേക്കുള്ള
പ്രണയം എന്നെ
വേട്ടയാടിയത്.

സംഹിതകളിലെ
നൂല്‍ കെട്ടുകള്‍ക്ക് 
തള്ളവിരലിന്റെ
അടയാളമിട്ടുകൊണ്ട്,
ആ മുറിയില്‍ നീയും
ഈ മുറിയില്‍ ഞാനും!

രണ്ടു മുറികളില്‍
നാമുറങ്ങുമ്പോള്‍
രണ്ടു ജന്മങ്ങളുടെ
നിതാന്ത രോദനം;
അത്-
ഇഴഞ്ഞെത്തുന്നത്
എന്നിലേക്കും,
പിന്നെപ്പോഴക്കെയോ
നിന്നിലേയ്ക്കും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...