Asianet News MalayalamAsianet News Malayalam

പൂട്ടഴിഞ്ഞനേരത്തെ കടല്‍-ക്കാടു-പുഴകള്‍, സുജിത സി.പി എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് സുജിത സിപി എഴുതിയ കവിതകള്‍

Malayalam poems by Sujitha CP
Author
Thiruvananthapuram, First Published Mar 15, 2021, 3:39 PM IST

അനന്തകാലങ്ങള്‍ക്കുമപ്പുറം, ഏതോ കാട്ടുപക്ഷി കൊണ്ടുവന്നിട്ട്, വിത്തുമുളച്ചു പൊന്തിയ കാട്ടുപച്ചയാണ് സുജിത സിപിയുടെ കവിത. പ്രകൃതി അവിടെ വിഷയമല്ല, ഭാഷ തന്നെയാണ്. കാടും മലയും പുഴയും മരവും ഇലയും പൂവും ശലഭവും പറവയും പുഴുവും ഉരഗവും വന്‍മൃഗങ്ങളുമെല്ലാം അവിടെ സ്വയമേ ആഖ്യാനവും ശില്‍പ്പചാതുരിയുമാവുന്നു. അതിനാലാണ്, പ്രകൃതി എഴുതുന്ന കവിതകളായി അതു മാറുന്നത്. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് സുജിതയുടെ കവിതയുടെ കാതല്‍. മലയാളത്തിലെഴുതുന്ന കവിതകള്‍ക്കിടയിലേക്ക്, അതേ ലിപിയില്‍ പ്രകൃതിെയഴുതുന്ന കവിതകളുമായി വരുമ്പോള്‍ ഒരുവള്‍ അനുഭവിക്കേണ്ടി വരുന്ന ലാളിത്യത്തെയും ദുര്‍ഗ്രഹതയെയും കുറിച്ചുളള സന്ദേഹങ്ങളെല്ലാം സുജിതയുടെ വരികള്‍ അഭിമുഖീകരിക്കുന്നു. മനുഷ്യരുടെ ഭാഷയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്തോറും ഈ കവിതകള്‍ പ്രകൃതിയുടെ വൈവിധ്യങ്ങളിലേക്ക് തന്നെ ആഴ്ന്നാഴ്ന്നുപോവുന്നു. പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെ കണ്ണട വെച്ച്, ലക്ഷണമൊത്ത ഇക്കോളജിക്കല്‍ കവിതകളെന്ന് വാഴ്ത്തിപ്പാടുന്ന മലയാളത്തിലെ കവിതകള്‍ പലതും, അകന്നുമാറിനിന്ന് പ്രകൃതിയെ കാഴ്ചബംഗ്ലാവ് പോലെ കണ്ടമ്പരക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്നു, പ്രകൃതി അടിനൂലായി കിടക്കുന്ന സുജിതയുടെ കവിതകള്‍. 

ചുറ്റിലുമുള്ള ലോകത്തെ, ജീവിതത്തെ, രാഷ്ട്രീയത്തെ, സമ്പദ്‌വ്യവസ്ഥയെ എല്ലാം ഈ കവിതകള്‍ വിവര്‍ത്തനം ചെയ്യുന്നത് പ്രകൃതിയുടെ ഭാഷയിലൂടെയാണ്. കുഞ്ഞുകുഞ്ഞ് ചില്ലകള്‍ വെച്ച് പക്ഷികള്‍ കൂടുണ്ടാക്കുന്നത് പോലാണ് ആ നിര്‍മിതി. വാക്കുകളുടെ ഇത്തിരിപ്പച്ചകള്‍ കൊണ്ട് അടുക്കിയടുക്കിവെക്കുന്ന കവിതയുടെ കൂടുകള്‍. അതിന് പുഴത്തണുപ്പും അഗ്‌നിപര്‍വതങ്ങളുടെ തീച്ചൂടുമുണ്ട്. ഒരേ സമയം നിലാവിനെയും വെയിലിനെയും മഞ്ഞിനെയും മഴയെയും അവ ആഞ്ഞുപുല്‍കുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകള്‍ വിളക്കി വെച്ചും, അസാധാരണമാം വിധം അനുഭവങ്ങളെ ചേര്‍ത്തുവെച്ചും ചേരുംപടിചേരാത്ത പ്രയോഗങ്ങളെ മെരുക്കിവിളിച്ചും സുജിത കവിതയുടെ കൂടിനെ ബലപ്പെടുത്തുന്നു. കുഞ്ഞുന്നാളിലെ ഏകാന്തനടത്തങ്ങളിലൂടെ പ്രകൃതിയിലേക്ക് അടഞ്ഞുപോയതിനാലാവും, തനിക്ക് പുറംകവിയാകാന്‍ പറ്റുന്നില്ലെന്ന് സങ്കടപ്പെടുന്നുണ്ട് ഈ കവിതകളിലെ സുജിത. ദുര്‍ഗ്രഹമാണെന്ന് ഒറ്റവായനയില്‍ തോന്നിയാലും, അല്‍പ്പ സമയമെടുത്ത് വാക്കുകളുടെ ഈ പഗോഡ അഴിച്ചഴിച്ചെടുത്താല്‍ ഉറപ്പായും നമ്മളെത്തിപ്പെടുക പ്രകൃതിക്ക് മാത്രം തരാനാവുന്ന ജൈവികതയിലേക്കായിരിക്കും. 

 

            Malayalam poems by Sujitha CP     

 

പൂട്ടഴിഞ്ഞനേരത്തെ,
കടല്‍-ക്കാടു-പുഴകള്‍

അവളാരാണെന്നോ ആവോ!
ആഴിമേലൂഴിമേല്‍
തുഴഞ്ഞു തുഴഞ്ഞൊരു പെണ്ണാള്‍.
മഴയണി മേഘത്തിന്‍
മുലക്കച്ച ചേര്‍ത്തവള്‍,
അവള്‍ ചിരിച്ചു;
തിരയുതിരും പോല്‍

പുഴ നുരയില്‍ ശ്രുതി വച്ച്
അവളരുളി,
''മെല്ലെ.... ഇനി മെല്ലെയേ ഉണരൂ... മനുഷ്യരെല്ലാം
ഉടല്‍ പൂട്ടിന്‍ താരാട്ടിലല്ലോ.''

തുള്ളിപ്പിടഞ്ഞോ?

അഴിഞ്ഞഴിഞ്ഞിവള്‍,
ഇക്കടലാള്‍?
നോക്കൂ
ആര്‍ത്തുരുണ്ടും കൊണ്ട്,
ഇപ്പോഴീ ഉന്മാദനേരത്ത്,
ഒരു തളിര്‍ത്തിരയെ
പെറ്റുഴിഞ്ഞ് വയ്ക്കുന്നു.

എന്നോ ആവിച്ചൊടുങ്ങിയ,
അത്യഗാധമാം ഏകാന്തതയെ,
കനപ്പെട്ട നീലയെ
ഒന്നൂടെ,
അതേപടര്‍പ്പില്‍, അതേ നിലാവില്‍
അത്രയെണ്ണം കയങ്ങളാല്‍ വാരിവാരി മുത്തണമെന്നായ്
എത്ര കാലമായാറാത്ത
വേവിന്‍അലനീറലെന്നോ!

ആവൂ!
ഇപ്പൊഴി ഉന്മാദനേരത്ത്
പേറൊഴിഞ്ഞ നീര്‍പളള തന്‍ സുഖം.

തീരത്ത്,
മണലും, ഇലയും കൂടി
ചാറിയോടും ഇരവു നേരം.

മുത്തുകളുടെ ചിണുക്ക കൈ തൂങ്ങി
പിച്ച വച്ച്
പിന്നെ വേച്ച് വേച്ച്,
കുഞ്ഞു തിര എത്തി നോക്കുമ്പോള്‍
അതിലത്യാഹ്ലാദിച്ച്,
'എന്നെ പ്രണയിയ്ക്കൂ'
'മടിയില്‍ വയ്ക്കൂ'
'ചുംബിച്ചുണര്‍ത്തൂ'
എന്നെല്ലാം
നിരന്തരം ഇവള്‍,
ഇക്കടലാള്‍,
അലമിഴിയാള്‍,
മേഘങ്ങളെ,
മുഴു നിലാവിനെ
താരകളെ നോക്കിയിരമ്പമല്ലോ...

ഇരമ്പിയൂതി
ചൂളമിട്ടുലഞ്ഞവള്‍ മയങ്ങവെ
കിനിയും മേഘത്തിലൂടിറങ്ങി,
നിശാനീലവാനം
ആ നീര്‍ച്ചേലയുടയാതെ,
ഞൊറിയിളകാതെ
കുനിഞ്ഞൊരുമ്മയായ് പടര്‍ന്ന് പടരുന്ന യാമം.


*****

കുമിയും തൂമൗനത്തെ
ചന്തമായ് ചമച്ച്
മൂളിപ്പാടി,
ഈ കാട്ടു പെണ്ണാളിന്‍,
തിരക്കിട്ട അടിച്ചു തളി..

പുറമേ കാണില്ല 
അകായ് നിറഞ്ഞ്,
വര്‍ഷങ്ങളുടെ
അലമ്പുകളാണ്.

ഇനിയൊരു കാറ്റില്‍
പേടിച്ചൊളിഞ്ഞ കരിയിലകളെ
തിരികെ വിളിച്ച്
നെഞ്ഞീര്‍പ്പത്തിലാകെ
പരത്തി വയ്ക്കണം.
വേരടുക്കിലെ വെട്ടുപാടില്‍
ഏറെ നനഞ്ഞതാം
ഇലക്കച്ച ചുറ്റേണം.

അനേക വര്‍ഷങ്ങളുടെ അലമ്പുകളാണ്.

ഒക്കെക്കഴിഞ്ഞ്
ഹാ! എന്നൊരു സ്വസ്ഥ വീര്‍പ്പാലവള്‍
കുളിര്‍ക്കനെയൊന്നുലയുമ്പോള്‍,
ഏറെ വെടിപ്പാര്‍ന്ന പുലരികള്‍
ഒളിച്ചൊളിച്ച്
ഇളങ്കറുക വകഞ്ഞ്
കാട്ടകിടില്‍
പാല്‍ച്ചൂടുതേയ്ക്കും.

ഹൊ!
മേച്ചില്‍പ്പുറങ്ങളില്‍
ഇണക്കൂട്ടവാഴ്ച്ച.
മുരള്‍ച്ച.
കനപ്പച്ചയില്‍ നീളെ,
ഉരയും
കൊമ്പുകള്‍ താളങ്ങള്‍...
ഇലക്കോണു തിങ്ങും
ശ്വാസഗര്‍ജ്ജനനാദങ്ങള്‍

*****

മാറില്‍,
മുകില്‍ വെള്ളപൂശി
പുഴയായ പുഴയെല്ലാം
പാലഴകിലൊഴുകുന്നു
കഴയുമ്പോള്‍
കരമരച്ചോട്ടിലിത്തിരി നേരം
പൊടിയുന്ന നാണമായ് 
ഓള -നാണമായ് ചുറ്റുന്നു.

ഇരവില്‍,
ഓളത്തിലിറങ്ങിയ നിലാവിനെ
നിറനെഞ്ചിലിറുക്കി
എന്നോ ഒഴുകി മാഞ്ഞ
പ്രേമാലസ്യങ്ങളില്‍ ചുരന്ന്,
വക്കു കൈതകളില്‍
അലയുലച്ച്
ഒരു കുമ്പിള്‍ പൂപൊഴിച്ച്
അവള്‍
ഊഴിയോളം നനയുകയാണ്.

കോടി കോടിയറകളില്‍നിന്നും
മനുഷ്യര്‍ ഉറക്കം വിട്ടണയും മുന്‍പ്...
വേഗം.

 

..................................

Read more: ഏതിരുട്ടിലും, എം.പി. പ്രതീഷിന്റെ കവിതകള്‍
..................................

 

എഴുത്തനോട്

മലമേലെ ഉതിര്‍ന്നേറുമാ
മഴമധുവിന്‍ വാക്കുകായ്കളെ
ഒഴിയാക്കൂടയില്‍ പറിച്ചും, 
നിറച്ചും കൊറിച്ചും കൊണ്ടിങ്ങനെ
നുണഞ്ഞു നുണഞ്ഞെന്നെ
ഇനിയും കൊതിപ്പിയ്ക്കാതിങ്ങനെ,
ഒരു ചില്ലയെ,
ഒരു ചില്ലയെ ചായ്ച്ചു തരൂ.
അതിലൊരു കുമ്പിള്‍ കായ ഞാനെടുക്കട്ടെ...

എഴുത്താ...
എന്റെയെഴുത്താ,
കയറ്റങ്ങള്‍ക്ക്,
ഈ നുരയിടും ആഴങ്ങള്‍ക്ക്,
നിന്റെ എഴുത്തച്ഛന്‍
മറകെട്ടി ചുറ്റിട്ട
ഉശിരന്‍ ഗോവണി
നിന്റെ എഴുത്തമ്മ കാണാതെ പോയതിനാലല്ലേ ?
ഞാനിങ്ങനെയും,
ഇതിലേയും...

ഏക്കാലത്തെയും
മൂകതയില്‍,
ആളിടങ്ങളില്‍
ഒച്ച വയ്ക്കും നിന്റെ മുറ്റുവരികള്‍, ഉലയാതെ
കൂമ്പാതീ പുലരിവടിവില്‍
പതിവായ് പടര്‍ന്നേറുന്നല്ലോ!
അപ്പോഴൊക്കെ എപ്പോഴെങ്കിലും,
എന്റെയെഴുത്താ കണ്ടിരുന്നോ നീയ്
ഇടവിട്ട് തെളികുറയുന്ന
എന്റെയീ കരിങ്കറുപ്പി പേനയെ?

എക്കാലത്തെയും,
എഴുത്തമ്മമാരുടെ
മഷിതീരാ പെന്‍തുമ്പുകള്‍
അമ്മിഞ്ഞപ്പൂതികളില്‍ കടഞ്ഞിഴഞ്ഞ്
അതിനെ നോക്കുന്നൊരാര്‍ത്തി നോട്ടത്തെ ?
ഉണ്ടെങ്കില്‍ പകരൂ നീ
'ഒരു തിര കടല്‍നീലം...

അതില്‍ ചേരും ചുഴിച്ചേലാല്‍
കവിതപോല്‍ കടഞ്ഞ
പെണ്ണൊരുത്തിയെ കാണാഞ്ഞ്
ഗുഹയിലടച്ചിരിപ്പായ
ആ ഋഷി കവിയുടെ ജടമുടികള്‍
നിര്‍ത്തിയിട്ട്
ഇനി ഞാനായിട്ടൊന്നു മൊഴി മാറ്റട്ടെ?

അതിനായിട്ടല്ലോ
'ഏകാന്തതയിലെ ആ കൊയ്ത്തുകാരിപെണ്ണി'നരികെ
അന്തിയോളം, കുനിഞ്ഞും, നീര്‍ന്നും, കിതച്ചും
ചവയറ്റൊരു വാക്കില്‍ തെരുപ്പിടിച്ച്
എന്റെയീ പിറപ്പാട്ട്.

അറിയും നീയത്,
മണ്‍മണിയേക്കാള്‍
നേര്‍ത്ത
താഴ് -ശ്രുതികളാല്‍ നീയീറനായെങ്കില്‍!

അതിനായിട്ടാണ്, 
കണ്ടില്ലേ?
ആയിരം വെട്ടനക്ഷത്രങ്ങളെ
നെറുകില്‍ പരത്താന്‍ കഴിവുള്ള
ഒരു ഭീമന്‍ ഏകാന്തത തേടി
ദസ്തയേവ്‌സ്‌കിയുടെ,
ചൂതുമണമുള്ള കലവറകളിലേയ്ക്ക് 
എന്റെയീ കൊതിയൊളിനോട്ടം 
മണ്ണിരയെക്കാള്‍
പേടിച്ചു തെറിയ്ക്കുന്ന
ഒരു തണുത്ത ഏകാന്തതയെ
നീ ഉഴുതു നോക്കീട്ടുണ്ടോ?


പെണ്ണൊരുവള്‍
കടലഴകുള്ളൊരു
വെണ്‍മേഘത്തെ കവിത കുടിപ്പിച്ച്,
ദൂതയയ്ക്കുന്ന നിര്‍നിദ്ര രാത്രികളുടെ
പ്രണയം നീ കണ്ടിട്ടുണ്ടോ?

പേടിയാണ്
അണിയറയില്‍ പണിത് പണിത്
ഉച്ചകേറാതെ
ഇരുട്ടിലേറെയിരുണ്ട എന്റെ എഴുത്തമ്മയെ
മൊഞ്ചേറും ബ്രൂട്ടസുമാര്‍,
തലയടിച്ചാറാനിട്ടതിനെ.

എങ്കിലുമെന്നെഴുത്താ, 
ഇനിയെത്ര കാലമാണ്
മഴച്ചാലുകള്‍ നീറുന്ന
മലമ്പള്ളയില്‍
എന്റെ വാക്കുകളിങ്ങനെ
മൂത്തുപഴുക്കുക?

ഒന്നു പോകൂ,
അവയെ ഉലച്ചെടുക്കൂ
എല്ലാം പറിച്ചെടുക്കൂ
ഒരു ചില്ലയെ ചായ്ച്ചു തരൂ
അതിലൊരു കുമ്പിള്‍ കായയെനിയ്ക്കല്ലോ

അവിടെ വച്ചൊരന്തിയെ,
അതിന്റെ ദൈര്‍ഘ്യത്തോളം ഏകാന്തതയില്‍
പതയും ആകാശ ചൊടിയിലെ
ഒരു ചുംബന മധുകൊണ്ട്
ഏതു മൊഴിയിലേയ്ക്കും
നിനക്ക് പരിവര്‍ത്തനം ചെയ്യാം.

അവിടുന്നുമെന്നെ
കൊതിപ്പിച്ച്, നുണപ്പിച്ച്
നീയെന്‍ മെയ്യെത്താത്തീരത്തെ
കാടുകേറും.

പിന്നെയുമെഴുതും
കുണുക്കുണുങ്ങി, കുളിര്‍ക്കനെ,
പച്ച പടയ്ക്കുമൊരു കാട്ടുഗീതി.

അതിന്റെയീര്‍പ്പത്തില്‍
ജ്വലിയ്ക്കും സിംഹത്തുടികളില്‍
ഒച്ച വയ്ക്കാതുണര്‍ന്നുണര്‍ന്ന്
നിലാവിന്നടിയിലെ
കുഞ്ഞില കൈകളില്‍
നീ ഉമ്മയായുറങ്ങും.

അപ്പോഴൊക്കെയും,
എന്റെ എഴുത്താ
നീ കണ്ടേക്കുമോ,
മഴച്ചായമിറ്റുന്ന
എന്റെ വന്‍ചുമരില്‍
അമര്‍ന്നു പോയ കാട്ടുപടത്തിനടിയിലെ
മരങ്ങളും, പുഴകളം,
ചെങ്കുത്തടങ്ങളും
കൂര്‍ത്തു പൊന്തിയ എഴുത്തമ്മമാരുടെ
നഖത്തുമ്പിലിരുന്ന്
എന്നെ അള്ളിക്കീറുന്നതും.?

 

............................

Read more: മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍
............................

 

കെട്ടുപൈ

വേണ്ടല്ലോ,
മേലിലുമീ, തുറവാകാശത്തിന്റെ
മധുനീരൊലിപ്പിന്‍ അതിരുചി,
വെട്ടവെയില്‍ ചാഞ്ഞുകുത്തും,
പൊന്‍പുള്ളിത്തേപ്പുകള്‍

പരക്കെയീ
തൊഴുത്തുകൂടിന്‍
നാര്‍മടമ്പില്‍ നിവരും
പൊത്തിരുട്ടിനെ,
നിലാവിന്‍മുഴുക്കുളിര്‍ നാമ്പെന്ന്,
അയവാണ്ട് മുകര്‍ന്നിവര്‍ -
പൈപ്പിറകള്‍ ചുരക്കുന്നു.

പൂവാലി,
ഏറും പുള്ളിയഴകികള്‍

മേട്ടുവള്ളിപോല്‍ പടരും ചന്തം;
കടുംകെട്ടുപൂട്ടാം
മലര്‍പൊന്‍മഞ്ഞ;
ഈ മുളങ്കയറിനും..

അത്രയേറെ
അതില്‍ കുനിവതേ,
താഴ്ന്നിറുകതേ,
കൊടുംനിര്‍വൃതിയെന്നായ്...

ചിമ്മുറക്കില്‍ ഒരിത്തിരി നേരം;
കെട്ടൂര്‍ന്നു പോം കിനാനേരം
'ചൊവ്വു'താളത്തിലോടും,
പതിവീണം മോങ്ങും മൂളലില്‍ ,
ഒന്നു കണ്‍കളിയാടും
നേരമൊരിത്തിരിയത്.

പേടിയാം,
ഓര്‍ത്തോര്‍ത്ത്
പിറയില്‍ കുരുങ്ങി മിഴിഞ്ഞ്
കൊഴുനുരയിറ്റും
പെണ്‍ തലപ്പാടുമ്പോള്‍..
കാറ്റില്‍
ഇലനീരുചാറി
മെയ് മുറ്റിടുമ്പോള്‍.

അപ്പനപ്പൂപ്പന്മാര്‍
മുനം കൊമ്പുരാകി ;
അമ്മൂമ്മയമ്മമാര്‍
മുടിവാലുനീട്ടി
അങ്ങോളം കാര്‍ന്നുവച്ച
കഥ, അതികഥകളെ ഓര്‍ത്തോര്‍ത്ത്.

അതു കൊണ്ടാം;
ഇങ്ങനെ ചുറ്റിവയ്പ്
പുല്‍മൂര്‍ച്ച തിങ്ങും;
കഴുത്തു തട്ടില്‍,
കിങ്ങിണിക്കാലത്തിനും മുന്‍പേ,
മുറുകിയുറയ്ക്കുമൊരു
കടിഞ്ഞാണിഴ.

വല്ലനാളും,
മുരള്‍വഴിയിലെ
മെയ്പ്പിറക്കത്തില്‍
കറമ്പിവെളുമ്പിമാര്‍;
അവരുടെ മൊഞ്ചു കിടാത്തികള്‍,
അവരുടേം
കിടുകിടാത്തിമാര്‍...

-നാല്‍ക്കാലുചേരും
കുണുക്കന്‍ നടപ്പിനെ ;
മലപ്പാലൊലിവിലുരുമ്മും
പലതാം അമറൊച്ചയെ,
പച്ചിടവഴിയിലെ
ആയക്കാളയാട്ടംപോലെ;
നീട്ടിത്തുള്ളുമൊരു ഉരുക്കു വടം,
കാറ്റിലാഞ്ഞ് തുള്ളി,
കുളമ്പിന്‍ മൂട്ടില്‍
വട്ടമിടുമ്പോള്‍
'ഈ കട്ടിപൊന്‍തള പോരുമേ '...എന്നവര്‍..!

 

****

വല്ല നാളൊക്കെ
കാണാതെ പോക്കുണ്ട് ,
കുടുക്കിട്ട മേച്ചില്‍ നേരങ്ങളില്‍
കാടിറങ്ങിവന്ന,
കൊക്കു- കാക്കകളെ കൂട്ടുനടത്തി,
മലര്‍പൊന്‍മഞ്ഞമാലയഴിഞ്ഞ്;
കാടു- മേടില്‍ വരവച്ച കുളമ്പില്‍
വരകരപച്ചയെ ചുറ്റി,
ആരൊക്കെയോ
അവര്‍.

ഹാ!
അവരുടെ ക്ടാക്കള്‍,
കിടാത്തിമാര്‍;
തവിട്ടുകിടാത്തന്മാര്‍
ഒരു പോല്‍;
പുലര്‍കാറ്റു
നൂരുംതെളിവഴിയില്‍ 
ഇളകിച്ചാടും ചേലൊന്നു കണ്ടോ?

 

...........................

Read more: കല്ലേ എന്ന വിളിയില്‍, ഇ.എം. സുരജ എഴുതിയ കവിതകള്‍
...........................

 

ഇന്ത്യന്‍

കത്തുന്ന നെടും തെരുവില്‍ നിന്നൊരു നിലവിളി പടര്‍ന്ന് പാഞ്ഞ്
'മറപ്പുര'യക്കുളളിലായ
ചേരിനെഞ്ചില്‍ അള്ളിപ്പിടിയ്ക്കും
നോക്കിനില്‍ക്കെ കീറി മുറിയുന്ന 
മലഭൂപടങ്ങളെ കണ്ടിട്ടുണ്ടോ?

തമ്മില്‍പ്പിരിഞ്ഞതറിയാതെ
നെടുകെവീണ
ആഴത്തിലൂടെ 
അതുവരെ നുണഞ്ഞിരുന്ന
കിളിപ്പാട്ടുകള്‍ കുത്തിക്കലങ്ങും.

നെഞ്ചില്‍ അടുക്കിക്കെട്ടിവച്ച മേഘയോലകള്‍
പലവഴി ചിതറിയോടും.

അന്തികളില്‍ കാവല്‍ മുത്തമായ മരങ്ങള്‍
വേരുകളെത്തിരഞ്ഞ് ആര്‍ത്തു കരയും.

ഉറക്കം തെളിഞ്ഞപ്പോള്‍
കീറിയ ഭൂപടത്തിന്റെ
വക്കിലെ തീക്കാറ്റിനൊപ്പം
മുറ്റം, തൊടി,
ഉമ്മറവെട്ടം,
ഉലയുന്ന പഴമരങ്ങള്‍
അരുമക്കിടാക്കള്‍ 
അങ്ങനെ വേവുന്നതില്‍ പുളഞ്ഞ് ഓടി വന്നവരെ,
ആരാണ് തീയ്യാട്ടക്കാര്‍ എന്നറിയാതെ
കരിഞ്ഞ മനുഷ്യര്‍ 
അവരുടെ ചേരികളിലിരുന്ന് ശ്രദ്ധയോടെ അപ്പഴും
പട്ടിണിയുടെ വക്കടക്കുന്ന ഒച്ചയില്‍ 
തിരിഞ്ഞു നോക്കിയേെന്നയുള്ളൂ..

വിശപ്പിന്റെ ഇറുക്കത്തില്‍
തുളഞ്ഞു പിഞ്ഞിയ പുതപ്പുവാരി
കരിഞ്ഞ ചന്ദ്രാകാശത്തിന്റെ
മുഷിവന്‍ നിഴലിലേയ്ക്ക് അവര്‍ ചാരിക്കിടക്കുന്നു'

ഇനിയും,
വെളുപ്പിനേ ഉണരേണ്ടതുണ്ട്
അടിയടര്‍ന്ന കുടങ്ങളിലൂടെ
രാപ്പകലുകള്‍ കുടുകുടാ
ചോര്‍ന്നു തുടങ്ങും.. 

അന്തിയാകുമ്പോള്‍
ലക്കുകെട്ട ദൈവവിളികള്‍ക്കൊപ്പം
'മതമെന്ത്യേ?'
'ജാതിയേതാ?'
എന്നു മാത്രം പുകത്തെരുവുകളുടെ
അഴിഞ്ഞാട്ടത്തില്‍ നിന്നൊരു വെടിയൊച്ച
ചെറ്റവാതിലുലയ്ക്കും.

കുഴഞ്ഞ്, ചരിഞ്ഞൊടുവില്‍ നാറുന്ന
മണല്‍ക്കാറ്റില്‍
ചമ്രം പടയുമ്പോള്‍
കിഴിഞ്ഞു പോയ കണ്ണുകളില്‍ നിന്നും
'മുനിഭാരതം'
കണ്ണീര്‍വടികുത്തി ഉലാത്തിനിറങ്ങുന്നത് കണ്ടോരുണ്ടോ...?

ചക്രവര്‍ത്തിയ്ക്ക്
വിശപ്പറിയില്ല,
വിയര്‍ക്കുന്ന മുതുകിന്റെ
തഴമ്പറിയില്ല,
സ്വാദേറുമേമ്പക്കത്തിനിടയ്ക്ക്
സമൃദ്ധമായി
അശാന്തിയുടെ പൊതിക്കെട്ടുകള്‍
ആള്‍ക്കൂട്ടത്തില്‍
എറിഞ്ഞു കൊടുക്കും


ചരിത്രത്തിലെ നിസ്സഹായനിമിഷങ്ങളെ 
അടിമുടി പഠിച്ചവരാണ്,
യുദ്ധമനുഷ്യര്‍,
രക്തസാക്ഷികള്‍,
ചാവേറുകള്‍
ഇവരൊക്കെ
എല്ലാ പരിണാമക്കാലത്തും
പെരുകാറുണ്ട്.

****

മുലയൂട്ടാനിരുന്ന
ചക്രവര്‍ത്തിനി,
ചോരക്കഥകളില്‍ പകച്ചതാകാം
ചെങ്കോലും കീരിടവും
'അവന്റെ'തായി
ഭൂഖണ്ഡങ്ങള്‍,
കടല്‍വാന വിസ്തൃതങ്ങളും...

തൊട്ടു നാവില്‍ വയ്ക്കൂ,
ഭൂമിയ്ക്ക് ഏറെയേറെക്കയ്പ്പാണ്
ഏതു ഋതുവിലും.
പെറ്റു തൂങ്ങിയ പെണ്ണിനെപ്പോല്‍
അവള്‍ ശൂന്യയാകുന്നു.

വരുന്നുണ്ടോ
നെറ്റിയില്‍ നക്ഷത്രം ചുറ്റിയ ഒരു പ്രവാചക?
വളരുന്നുണ്ടോ
അവള്‍?
ഒരു പാട് പേറ്റുനോവിന്റെ
ഏതോ മലയുദരത്തില്‍?

അവള്‍ വന്നാല്‍
മരങ്ങള്‍
കുലീനരാകും.
പുഴകള്‍ക്ക് തൊലി പൊട്ടില്ല

അവള്‍ തരും,
കാണാതെ പോയതെല്ലാം
മഞ്ഞു മേഘങ്ങളില്‍ പൊതിഞ്ഞ്
വരള്‍ച്ചയിലെല്ലാം
അമ്മിഞ്ഞ ചാലിച്ച്
പടച്ചതമ്പുരാളാകും.

പിറന്നില്ല
എങ്കിലും
കിനിയുന്ന നിലാപ്പറ്റുവെള്ളത്തില്‍
മുങ്ങിയൊരുങ്ങുന്നു
നമ്മുടെ പറുദീസാവിത്തുകള്‍.

മുടിചായ്ച്ചു കിടക്കുമവള്‍
എകമയത്തില്‍ ഊക്കുറപ്പു ചങ്കത്ത്.
രഘു മിത്രന്മാര്‍ അഴിച്ചെറിഞ്ഞ
ഓംകാര വക്കില്‍
നക്ഷത്രങ്ങള്‍ മിന്നിയേറുമ്പോള്‍

മതം വിട്ട ദൈവങ്ങളുടെ
പൂവിരല്‍ തൂങ്ങി
പെണ്‍മൊഴിയൊന്നായ്
രാത്രി കാണാനിറങ്ങും.

അവള്‍ വരട്ടെ
ആ തമ്പുരാള്‍...

 

മലയാളത്തിലെ മികച്ച കവിതകള്‍
ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

Follow Us:
Download App:
  • android
  • ios