Asianet News MalayalamAsianet News Malayalam

അരുത്, നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്, മിനി പി.സി എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് മിനി പിസി എഴുതിയ ചെറുകഥ. 

Malayalam short story by Mini PC
Author
Thiruvananthapuram, First Published Feb 13, 2021, 3:33 PM IST

അടിത്തട്ട് കാണും വിധം തെളിഞ്ഞൊഴുകുന്ന നദിയുടെ സുതാര്യതയാണ് പുറമേനിന്നു കാണുമ്പോള്‍ മിനി പിസിയുടെ കഥകള്‍ക്ക്. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ കാണാം, കലങ്ങി മറിയുന്ന അടിയൊഴുക്കുകള്‍. അപ്രതീക്ഷിതമായ ചുഴികള്‍. ആഴങ്ങളില്‍ കാത്തിരിക്കുന്ന ഇളക്കങ്ങള്‍.  കഥയിലേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ വായനക്കാരും ഉലഞ്ഞുപോവും വിധമാണ് ലളിതവും ഋജുവുമായ ആ ആഖ്യാനം. ആഖ്യാനത്തിലെ ഈ അവിചാരിത തിരിവുകളാണ് നമുക്ക് പരിചിതവും അപരിചിതവുമായ കഥാ സന്ദര്‍ഭങ്ങളെ ഒട്ടും സാധാരണമല്ലാത്ത വായനാനുഭവമാക്കുന്നത്. നമുക്കറിയാവുന്ന മനുഷ്യരാണ്, ലോകമാണ്, ജീവികളാണ് ആ കഥകളില്‍. എന്നാല്‍, പറഞ്ഞുവരുമ്പോള്‍ അവയെല്ലാം നമുക്കപരിചിതമായി മാറുന്നു. 

 

Malayalam short story by Mini PC

 

നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്! നിങ്ങളറിയുമോ അവളെ? എന്റെ അയല്‍ക്കാരിയാണ്. നീണ്ട ഇരുപത്തഞ്ചു വര്‍ഷമായി എന്റെ അയല്‍ക്കാരി. എന്നിട്ടും ഞാനെന്തേ  നിലാവര്‍ന്നീസയെ അറിയാതെ പോയി?

ഇപ്പോള്‍ ഇവിടെ എന്റെ നാട്ടില്‍ കാറ്റുകാലമാണ്. കാറ്റെന്നുവച്ചാല്‍ മരത്തലപ്പുകളെ വളച്ചു വില്ലുകുലയ്ക്കുന്ന, ഒഴിഞ്ഞ പാത്രങ്ങളെ ദൂരേക്ക് സവാരി ചെയ്യിപ്പിക്കുന്ന, മനുഷ്യരുടെ ത്വക്കില്‍ കറുത്ത ചുളിവുകള്‍ വീഴ്ത്തി ദേഹം വരണ്ട പാടശേഖരങ്ങള്‍ പോലെ വിണ്ടു കീറിക്കുന്ന ഒരു ജാതി പിശറന്‍ കാറ്റ്!

ആ കാറ്റില്‍ ഇന്ന് നിലാവര്‍ന്നീസ എന്റെ ഗെയ്റ്റിനരികില്‍ വന്നു നിന്ന് സെക്യൂരിറ്റിയോട് അവളുടെ വിവാഹക്കാര്യം പറയുന്ന കാഴ്ച കണ്ട് ശ്വാസം വിലങ്ങി, ഞാന്‍ നിന്നു!

ഞാന്‍ നിലാവര്‍ന്നീസയെക്കണ്ടിരുന്നത് പാടവരമ്പുകളില്‍ പശുക്കളെ പുല്ലുതീറ്റുന്ന കോലത്തിലായിരുന്നു. അതും ഊതനിറമാര്‍ന്ന പഴഞ്ചന്‍ തുണിക്കെട്ടെന്നോണമുള്ള ദൂരക്കാഴ്ച. പാടശേഖരങ്ങള്‍ക്കരികിലുള്ള റോഡിലൂടെയായിരുന്നു ഞാനെന്റെ പെണ്ണുകാണല്‍ യാത്രകള്‍ നടത്തിയിരുന്നത്. ആ ഫലശൂന്യമായ യാത്രകളൊന്നും അറുപതുകളിലെ തിളയ്ക്കുന്ന യൗവനത്തിന്റെ ഉഷ്ണമേല്‍ക്കാന്‍ കെല്‍പ്പുള്ള ഒരുവളെയും എനിക്ക് കാണിച്ചുതന്നില്ല. എങ്കിലും ഒടുവില്‍ ഞാന്‍ ഒരുത്തിയെ വെയ്റ്റിങ്ങ് ലിസ്റ്റിലിട്ടു. ഈയിടെ റിട്ടയര്‍ ചെയ്ത ബിഡിഒ മീനാകുമാരിയെ. പക്ഷേ, അവളിലും എനിക്കിഷ്ടമില്ലാത്ത ഒരു ഭാവമുണ്ടായിരുന്നു, പശുവിനെപ്പോലെ കഴിഞ്ഞുപോയതെല്ലാം ഓര്‍ത്തെടുത്തു ചവയ്ക്കുന്ന അവിഞ്ഞ ഭാവം. ആ ഭാവത്തില്‍ കയ്ച്ചും മധുരിച്ചും നില്‍ക്കുന്ന ഒരു പ്രഭാതത്തിലാണ് ബോധഭൂപടത്തില്‍
ഇരുണ്ട ഭൂഖണ്ഡമായി മാത്രം ഞാന്‍ കണ്ട നിലാവര്‍ന്നീസയിലേക്ക് ഈ കാറ്റ് കള്ളനെ പോലെ കടന്നുകയറി സകലവും വെളിച്ചപ്പെടുത്തിയത്.

 

..............................

Read more: വീണാധരി, മിനി പി സി എഴുതിയ കഥ
..............................

 

നിലാവര്‍ന്നീസ എന്റെ നാട്ടിലെ സമ്പന്നനും ആദ്യ അല്‍ഷിമേഴ്‌സ് രോഗിയുമായിരുന്ന  സൈനുദ്ദീന്‍ മുഹമ്മദിന്റെ ഭാര്യയായിരുന്നു.എന്റെ സഹപാഠി  കൂടിയായിരുന്ന സൈനു അഞ്ചു വര്‍ഷം മുമ്പ് ജീവിതത്തില്‍ നിന്ന് അരങ്ങാഴിഞ്ഞു. ആ കാലയളവിലാണ് ഞാന്‍
ഭാര്യാവിയോഗത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് വിരമിച്ച് മഹാനഗരവാസം മതിയാക്കി ഇവിടേയ്ക്ക് പലായനം ചെയ്തത്.സത്യത്തില്‍ ഭാര്യ മരിച്ചത് വലിയ ആശ്വാസമാണ് എനിക്കു നല്‍കിയത്. അവളെ ബോറടിച്ചു തുടങ്ങിയിരുന്നു. ജീവിതം വിരക്തിയിലേക്ക് തള്ളിയിടാന്‍ വെമ്പുന്ന
മധ്യവയസ്‌ക്കകളെ ഞാന്‍ തിരിച്ചറിയാന്‍ പഠിച്ചത് അവളിലൂടെയാണ്. പ്ലാക്കടിഞ്ഞു കൂടിയ പല്ലുകളും,  വൃത്തിയില്ലാത്ത, വെട്ടാന്‍ കൂട്ടാക്കാതെ കൊണ്ടുനടക്കുന്ന  നഖങ്ങളും അലസമായ വസ്ത്രധാരണവും...

സത്യം! ഞാനവളെ വെറുത്തുതുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ആ ഒറ്റപ്പെടല്‍ ആദ്യമാദ്യം സുഖകരമായ അനുഭൂതിയാണ് പകര്‍ന്നത്. വര്‍ഷങ്ങളായി ഒറ്റയൊന്നിനെ  അനുഭവിച്ചുമടുത്ത പഞ്ചേന്ദ്രിയങ്ങളെ അവയുടെ പാട്ടിനു വിട്ട് ഞാന്‍ അലഞ്ഞു. മക്കള്‍ പറക്കമുറ്റി പറന്നകന്നതുകൊണ്ട് ഞാന്‍ സ്വതന്തനായിരുന്നു, കാറ്റു പോലെ. ആ അലച്ചിലില്‍ എന്റെ ചോരയൂറ്റിക്കുടിച്ച മൂട്ടകള്‍, കൊതുകുകള്‍, ഞാന്‍ കണ്ട മഹാത്ഭുതങ്ങള്‍!

എന്നിട്ടും വേഗം മടുത്തു. ശീഘം ഒരു കുറ്റിയില്‍ തളച്ചിടപ്പെടാന്‍ വെമ്പി. ആ വെമ്പലില്‍ ബാല്യവും കൗമാരവും യൗവനത്തിന്റെ തുടക്കവും കണ്ട ഈ പഴയ നാലുകെട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു.

അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ എത്തിപ്പെട്ടിട്ടും ഞാന്‍ നിലാവര്‍ന്നീസയെ കണ്ടില്ല? അതിനൊരു കാര്യം കൂടിയുണ്ടാവാം. ഇപ്പോള്‍ ഈ നാട്ടുകാര്‍ സ്വന്തം കാര്യം നല്ലവണ്ണം നോക്കുന്നവരും അന്യരുടെ കാര്യങ്ങളില്‍ തലയിടാത്തവരുമാണ്. വീടുകളിലെ പണിക്കാര്‍ വരെ ചെറുചിരിയിലും, വന്ദനങ്ങളിലും ഉപചാരമൊതുക്കി സ്വന്തം രഹസ്യങ്ങളെ മനസ്സിന്റെ ഇരുള്‍ഗര്‍ഭങ്ങളില്‍ പൂഴ്ത്തിവെക്കാന്‍ പഠിച്ചിരിക്കുന്നു.

എന്റെ സെക്യൂരിറ്റി മദന്‍ഭായ് ഒരു നേപ്പാളിയാണ്. അഞ്ചടി രണ്ടിഞ്ചു പൊക്കവും  അറുപതുകിലോ തൂക്കവുമുള്ള അയാള്‍ക്ക് സംസാരശേഷിയുമില്ല. വീടുസംരക്ഷണം കൂടാതെ ഇളംനീല ബെന്‍സ്‌കാര്‍ രണ്ടുനേരവും തുടച്ചു വെടിപ്പാക്കിയും നിലാവര്‍ന്നീസയുടെ വീട്ടില്‍നിന്ന് പാല്‍ വാങ്ങി വരികയും ചെയ്തുകൊണ്ട് ഒരവിഭാജ്യ ഘടകമായി അയാള്‍ മാത്രം എന്നെ ചുറ്റിപ്പറ്റിനിന്നു.

നഗരം ഇടയ്ക്കിടെ നുരയ്ക്കുന്ന വീഞ്ഞുകോപ്പകളും തുളുമ്പുന്ന അര്‍ദ്ധനഗ്‌നതയുമായി  പ്രലോഭിപ്പിക്കുമ്പോഴൊക്കെ  ഞാന്‍ പുത്തന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ടു. പലതരം കാപ്‌സിക്കങ്ങളും റംബൂട്ടാനും കൊണ്ട് എന്റെ കൃഷിയിടം നിറഞ്ഞു.

 

....................................

Read more: മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
....................................

 

ആയിടെയാണ് മദന്‍ഭായ് പനിച്ചു വിറച്ചു കിടന്നതും നിലാവര്‍ന്നീസയുടെ മതിലോരത്ത് പാല്‍ വാങ്ങാന്‍ ചെല്ലാന്‍ ഞാന്‍ നിര്‍ബന്ധിതനായതും. അന്ന് പാല്‍ മൊന്തയുമായി വന്നത് റംലാബീഗമായിരുന്നു. സൈനു മുഹമ്മദിന്റെ ഉമ്മ. അവരെ ഞാന്‍ അവസാനമായി കണ്ടത് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങള്‍ അവരില്‍ പ്രത്യേകിച്ചൊരു  കൈക്രിയയും  നടത്തിയതായി തോന്നിയില്ല.വരിഞ്ഞു മുറുക്കിയ കയര്‍ക്കെട്ടുപോലെ  ചുങ്ങിച്ചുരുങ്ങിയ ദേഹപ്രകൃതിയോടും വിടര്‍ന്ന ചിരിയോടും കൂടെ  അവര്‍ മതിലോരം  ചേര്‍ന്നുനിന്നുകൊണ്ട് മകന്‍ സൈനുവിന്റെ മരണം, ഏക പേരക്കിടാവ് അജ്മലിന്റെ ബഹറിന്‍വാസം, കര്‍ഷകസമരം തുടങ്ങിയ കാര്യങ്ങള്‍ ഏറെനേരം സംസാരിച്ചു. 

-കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരെ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. സായന്തനങ്ങളില്‍ അച്ഛനടക്കമുള്ള നാട്ടിലെ പ്രമുഖര്‍ ഒത്തുകൂടിയിരുന്ന സ്ഥലം സൈനുമുഹമ്മദിന്റെ ഉമ്മറക്കോലായയാണ്. പച്ചച്ചായം പൂശിയ അവരുടെ വീടിന്റെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ധീര ദേശാഭിമാനികളുടെ ചിത്രവും നോക്കി ഞങ്ങള്‍ കുട്ടികള്‍ കേള്‍വിക്കാരാവുമ്പോള്‍ എനിക്കുള്ളില്‍ വിസ്മയം തീര്‍ത്ത് റംലാബീഗം സംസാരിക്കും! 

അത്രയും ആര്‍ജവത്തോടെ സംസാരിക്കുന്ന മറ്റൊരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല. വിദ്യാര്‍ത്ഥിനിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതും, സ്വാതന്ത്ര്യാനന്തരം തന്റെ നിലപാടുകളില്‍ വന്ന മാറ്റത്തെക്കുറിച്ചും അവര്‍ വാക്കുകളില്‍ വരച്ചു കാട്ടുമ്പോള്‍ എന്റെയുള്ളിലെ ഝാന്‍സി റാണിക്ക് ആ മുഖവും ഭാവങ്ങളുമായിരുന്നു. അവര്‍ക്കറിയാത്ത വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. 

അതുകൊണ്ട് സൈനുവിന് സ്‌കൂളില്‍ എല്ലാര്‍ക്കുമിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. രാത്രികളില്‍  പലപ്പോഴും റംലാബീഗത്തിന്റെ മകനായിരുന്നെങ്കിലെന്ന് രഹസ്യമായി കൊതിച്ചിട്ടുണ്ട്. പിന്നീട് തിരക്കുകളിലൂടെ ജീവിതം വഴിമാറിയൊഴുകിയപ്പോഴും ഗാംഭീര്യത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ശക്തയായ റംലാബീഗത്തെ പലരിലും തിരഞ്ഞു. അന്ന് ഒന്നൊന്നര മണിക്കൂറോളം അവിടെ നിന്നനില്‍പ്പില്‍ സംസാരിച്ചിട്ടും എനിക്ക് മതിയായില്ല. എങ്കിലും അവര്‍ നിലാവര്‍ന്നീസയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്കു മാത്രം ഞാന്‍ വേണ്ടത്ര ചെവികൊടുത്തില്ല.

ആ നേരം അവള്‍ തകരം മേഞ്ഞ പശുത്തൊഴുത്തിനു മുന്നില്‍ ഒരു ദൂരക്കാഴ്ചയായി ഉണ്ടായിരുന്നു. അവള്‍ക്ക് പറ്റിയ ഒരു തുണയെ എല്ലായിടത്തും തിരയുന്നുണ്ടെന്നും കണ്ണടയും മുമ്പ് ആ ആഗ്രഹം കൂടിയേ അവശേഷിക്കുന്നുള്ളൂ എന്നുമൊക്കെ റംലാബീഗം പറഞ്ഞത് എന്നില്‍ ഒരു ചലനവും സൃഷ്ടിച്ചതുമില്ല. കാരണം അന്ന് നിലാവര്‍ന്നീസ എനിക്ക് ഇരുണ്ട ഭൂഖണ്ഡം മാത്രമായിരുന്നല്ലോ. അമ്പതുകളിലെത്തിയ വിധവയുടെ വരണ്ട ശൂന്യതയ്ക്കപ്പുറം മറ്റൊന്നും അവളെക്കുറിച്ച് ചിന്തിക്കാനേ തോന്നിയില്ല. അന്നാകട്ടെ കാറ്റുകാലവുമല്ലായിരുന്നു. അതുപോരാഞ്ഞ് ഇത്രയടുത്ത് ഞാനിവളെ കണ്ടിട്ടുമുണ്ടായിരുന്നില്ല.

ഇപ്പോള്‍ ഈ ജനാലയിലൂടെ വിശദമായി ഞാന്‍ നിലാവര്‍ന്നീസയെ കാണുകയാണ്, സംസാരം കേള്‍ക്കുകയാണ്. പുറത്ത് സാമാന്യം കാറ്റുണ്ട്. കാറ്റില്‍ അവളുടെ കറുത്ത ഷിഫോണ്‍ സാരി കണങ്കാലുകള്‍ക്കു മുകളിലേക്ക് വട്ടം കറങ്ങുകയും തലമൂടിയിട്ട സാരിത്തുമ്പ് തല കറങ്ങി, ചുമലിറങ്ങി താഴേക്ക് ഊര്‍ന്നു വീഴുകയും കാണ്‍കെ എന്റെ ഹൃദയം പടപടാ മിടിയ്ക്കാന്‍ തുടങ്ങുന്നു. നിലാവര്‍ന്നീസയുടെ ബന്ധനസ്ഥരാക്കപ്പെട്ട ചമരിമാനുകള്‍ ഇണക്കത്തോടും ഒതുക്കത്തോടും എനിക്കഭിമുഖമായി നില്‍ക്കുന്നു, താഴെ വെളുത്ത സ്റ്റഡണിഞ്ഞ  പൊക്കിള്‍ ചുഴി! 

എന്റെ ഈശ്വരന്മാരെ, നിലാവര്‍ന്നീസ എത്ര  സുന്ദരിയാണ്! ഈ പേക്കാറ്റിലും വരണ്ടുണങ്ങാത്ത സുന്ദരി!

 

..........................

Read more: ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ 
..........................

 

അധികനേരം ആ കാഴ്ച കാണാനായില്ല. നിലാവര്‍ന്നീസ കാറ്റിന്റെ ചെവിയില്‍ സ്‌നേഹപൂര്‍വ്വം നുള്ളിക്കൊണ്ട് സാരി യഥാസ്ഥാനത്താക്കുകയും സ്വപ്നാടകനെ പോലെ  പൂമുഖത്തെത്തിപ്പെട്ട എനിക്ക് നമസ്‌കാരം പറഞ്ഞ് അതിഥിമുറിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഹോ!ഇപ്പോള്‍ എന്റെയുള്ളില്‍ നടക്കുന്ന മഹാസ്‌ഫോടനങ്ങള്‍!

'ഇരിക്കൂ,' 

ഞാന്‍ അവളെ ഇരിക്കാന്‍ ക്ഷണിച്ചു.എന്നിട്ട് സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണടയഴിച്ചുമാറ്റി എതിരെ ഇരിക്കുന്ന അവളിലേക്ക് എന്റെ തീക്ഷ്ണമായ കണ്ണുകള്‍ തുറന്നുവച്ചു.എന്നില്‍ അവള്‍ ആകൃഷ്ടയാവണമെന്ന് മോഹിച്ചു.

'സുഖമല്ലേ?'

അവള്‍ ചിരിയോടെ വിശേഷങ്ങളിലേക്ക് കടന്നു. ഞാന്‍ വീണ്ടും ഈശ്വരന്മാരെ വിളിച്ചു.

എന്ത് മനോഹരമായ പല്ലുകളാണിവള്‍ക്ക്!

അവളുടെ ഞരമ്പുകളുണര്‍ന്നു നില്‍ക്കുന്ന സുന്ദരമായ കൈകളിലെയും കാലുകളിലെയും നഖങ്ങള്‍ ശ്രദ്ധിച്ചു. വൃത്തിയുള്ള, ചായം പൂശാത്ത അവ വീണ്ടുമെന്നെ കോരിത്തരിപ്പിച്ചു. എന്റെ ബോധഭൂപടത്തിലെ ഇരുണ്ട ഭൂഖണ്ഡം എത്ര പെട്ടെന്നാണ് പ്രകാശപൂര്‍ണ്ണമായത്. ഇന്നലകളില്‍ ഏതോ കവി  അപൂര്‍ണ്ണമായി രചിച്ചുവച്ചു പോയ നിലാവര്‍ന്നീസയെന്ന കവിതയെ എടുത്തു പൂര്‍ണ്ണമാക്കണമെന്ന മോഹം ഉല്‍ക്കടമാകെ ഞങ്ങള്‍ക്കിടയിലെ മതത്തിന്റെ റാഡ്ക്ലിഫ് രേഖ എന്നെ തടഞ്ഞു.

'ങാ..വരട്ടെ നോക്കാം.'

ഞാന്‍  മനസ്സിനെ അടക്കിക്കൊണ്ട് വെയിറ്റിങ് ലിസ്റ്റില്‍ നിന്നും നിര്‍ദാക്ഷിണ്യം ബിഡിഒ മീനാകുമാരിയെ ചവിട്ടിപ്പുറത്താക്കി.

 

..............................

Read more: ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ
..............................

 

ആ നേരം എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട്  നിലാവര്‍  പറഞ്ഞു.

''ഈ വരുന്ന ഫെബ്രുവരി പതിനാലിന്  എന്റെ വിവാഹമാണ്.''

ആ വാക്കുകളുടെ പ്രഹരശേഷിയില്‍, മധുരത്തിനോ മര്‍ദ്ദത്തിനോ വിട്ടുകൊടുക്കാതെ സൂക്ഷിച്ച ആരോഗ്യവും യുവത്വവും തുളുമ്പുന്ന എന്റെ ദേഹം ആകെ കറങ്ങി.ആ കറങ്ങല്‍ തെല്ലടങ്ങിയതും ശ്രമപ്പെട്ട് ശ്വാസമെടുത്തു ഞാന്‍ ചോദിച്ചു, 'വാലന്റൈന്‍സ്  ഡേ?'

'ഉം.' നാണം കൊണ്ട്  അവളുടെ മുഖം ചുവന്നു.

''ആരാണ് വരന്‍?''

''സണ്ണി സക്കറിയ എന്നാണു പേര്. മകന്റെ പ്രൊഫസര്‍. അവന്റെ സ്‌നേഹിതയുടെ പിതാവും കൂടിയാണ്. എല്ലാം ഉമ്മയുടെയും അജ്മലിന്റെയും നിര്‍ബന്ധമാണ്.''

അവള്‍ ലജ്ജയോടെ പറഞ്ഞാപ്പിക്കെ എന്റെ ഹൃദയത്തിലേക്കുള്ള ശുദ്ധരക്തപ്രവാഹം നിര്‍ത്തിവച്ച് ശ്വാസകോശസിര പോലും ഒരു നിമിഷം അനുശോചിച്ചു.

''എന്ത്? മതമൊന്നും  നിങ്ങള്‍ക്ക് ബാധകമല്ലെന്നോ?''

ഞാന്‍ ഞെട്ടലോടെ നിലാവറിനെ നോക്കി.

''മതത്തിന്റെ മതില്‍ക്കെട്ടിലൊന്നും ഞങ്ങള്‍ക്ക് വിശ്വാസമില്ല. താങ്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു, ഞാനുമൊരു പുരോഗമന ചിന്താഗതിക്കാരിയാണ്, ഉമ്മയെപ്പോലെ, സൈനുവിനെപ്പോലെ. മനുഷ്യ നന്മയ്ക്കനുകൂലമായി മാത്രം കാര്യങ്ങളെ നോക്കിക്കാണുകയും അവയെ 
പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാള്‍.''

നിലാവര്‍ന്നീസയുടെ ചുണ്ടുകളുടെ മനോഹരമായ ചലനവും അവ എന്നിലുണര്‍ത്തിയ നഷ്ടബോധവുമോര്‍ത്ത് ഹൃദയം  പരിതപിച്ചുകൊണ്ടിരുന്നു .

'നിന്നെ മിസ് ചെയ്തല്ലോ നിലാവര്‍',

എന്റെ പരിദേവനം പക്ഷേ അവള്‍ കേട്ടില്ല. ഭിത്തിയിലെ നിറം മങ്ങിയ കുടുംബ ഫോട്ടോകളിലൂടെ കണ്ണോടിക്കുകയായിരുന്നു അവള്‍. പെട്ടെന്ന് അവളുടെ സെല്‍ഫോണ്‍ ശബ്ദിച്ചു. ഡിസ്‌പ്ലേയില്‍ നോക്കി നാണത്തോടെ അവള്‍ ഒതുക്കിപ്പറഞ്ഞു.

''ആളാണ്! അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ. കാലത്ത് പത്തിന് വീട്ടില്‍ വച്ച്. അധികമാരുമില്ല. നിങ്ങള്‍ അയല്‍ക്കാര്‍ മാത്രം. മദന്‍ഭായുമൊത്ത് വരണം.'

അതുപറയെ കണ്ണും കവിളുകളും നാണംകൊണ്ട് ചുകന്ന്, ഫോണില്‍ മുഴുകി അവള്‍ മുറ്റത്തേക്കിറങ്ങി.

ആ ഇറക്കത്തില്‍ അസാധാരണമായൊരു കാറ്റുവീശി. കാറ്റില്‍ വീണ്ടുമവളുടെ കറുത്ത ഷിഫോണ്‍ സാരി കണങ്കാലുകള്‍ക്ക്  മുകളിലേക്ക്, നിവര്‍ന്നു. തലമൂടിയ സാരിത്തുമ്പ് വീണ്ടും ഊര്‍ന്നൂര്‍ന്ന് ചമരിമാനുകളെയും വെളുത്ത  സ്റ്റഡിനേയും അനാവൃതമാക്കെ ഞാന്‍ പൂമുഖവാതില്‍ ചേര്‍ന്നു നിന്നുകൊണ്ട് ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ ശാസിച്ചു.

അരുത്... നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്.

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios