Asianet News MalayalamAsianet News Malayalam

ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് ബിജു സി പി എഴുതിയ കഥ

Malayalam short story by Biju Cp
Author
Thiruvananthapuram, First Published Feb 8, 2021, 2:22 PM IST

ഒറ്റനോട്ടത്തിലൊരു നേര്‍വര പോലെ ലളിതമെങ്കിലും ആളെപ്പറ്റിക്കുന്ന അടിയൊഴുക്കുകളുണ്ട് ബിജു സിപിയുടെ കഥകളില്‍. പെട്ടെന്ന് മുറിച്ചുകടക്കാമെന്ന തോന്നലുണ്ടാക്കി കഥയുടെ അവിചാരിത ഗതിവിഗതികളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന ആഖ്യാനത്തിന്റെ വഴുതല്‍. സമകാലികതയുടെ ശ്വാസം കഴിച്ച് പടരുന്നവയാണ് ബിജുവിന്റെ കഥകള്‍. അതില്‍ വിളുമ്പുകളുടെ ജീവിത ഗന്ധമുണ്ട്. ഫാന്റസി കൊണ്ട് മാത്രം മുറിച്ചുകടക്കാവുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ജീവിതത്തിന്റെ ആഴക്കലക്കങ്ങളില്‍ രാഷ്ട്രീയം കലരുന്ന രസതന്ത്രമുണ്ട്.  

സംഗതി പറഞ്ഞാല്‍, ബിജുവിന്റെ കഥകളില്‍ കാണുന്നതെല്ലാം നമുക്ക് പരിചിതര്‍. നാം ജീവിക്കുന്ന ജീവിതവും കാലവും ദേശവും. എന്നാല്‍, അവയെല്ലാം പല താല്‍പ്പര്യങ്ങള്‍ക്കുമേല്‍ എടുത്തണിയുന്ന കാര്യഗൗരവങ്ങളുടെ കുപ്പായങ്ങള്‍ അവിടെ അഴിഞ്ഞു വീഴുന്നു. ചിരപരിചിതത്വങ്ങളിലെ അപരിചിതമായ ഊടുവഴികള്‍ പൊടുന്നനെ ആഴങ്ങളില്‍നിന്നു പൊങ്ങിവരുന്നു. മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ കൊണ്ടുനടക്കുന്ന അസംബന്ധ ബന്ധങ്ങളെക്കുറിച്ച് നമുക്കെന്തോരം കുറേച്ച അറിയാവൂ എന്നൊരു അമ്പരപ്പ് അത് ബാക്കിയാക്കുന്നു. എന്നാല്‍, ഒരേ മരണക്കിണറില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വണ്ടികളല്ല ബിജുവിന്റെ കഥകള്‍. പ്രമേയതലത്തില്‍ അവ ഒന്നിനൊന്ന് മാറിനില്‍ക്കുന്നു. മുനകൂര്‍പ്പിച്ച ആഖ്യാനങ്ങളോരോന്നും പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോവുന്നു. 'ഞാനീ നാട്ടുകാരനല്ലേ, എന്ന മട്ടില്‍ ഒഴിഞ്ഞുമാറിക്കളഞ്ഞ് കഥാകൃത്ത്, സ്ഥലജലവിഭ്രമങ്ങളുടെ കണ്ണാടിയില്‍ നമ്മെത്തന്നെ കാട്ടിത്തരുന്നു. 

 

Malayalam short story by Biju Cp

 

ഹൈ...നമുക്ക് ആ കട്ടിക്കാരീടെ വീട്ടിലൊന്ന് പോയി ടീച്ചറിനെയൊന്ന് കണ്ടാലോ! പുള്ളിക്കാരിക്ക് വയ്യാണ്ടിരിക്കുവാന്ന് ആരോ ടെലിഗ്രാമില്‍ പോസ്റ്റിട്ടാരുന്നില്ലേ...

വാട്സ്ആപ്പിലെ സ്‌കൂള്‍ ഗ്രൂപ്പില്‍ ദേവികയുടെ വോയിസ് മെസേജ്.

കൊറോണയുടെ കടുംപിടിത്തത്തിനിടെ ന്യൂസിലാന്റില്‍ അവള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട് പോന്നതാണ് ദേവിക. വന്നിട്ട് മാസം ആറേഴു കഴിഞ്ഞു. തിരിച്ചു പോകാന്‍ നല്ല നേരം നോക്കിയിരിപ്പാണ്. അതിനിടെയാണ് അവള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വോയിസ് ഇട്ടത്. മടക്കം താമസിക്കുമെന്നായപ്പോള്‍ ദേവികയൊക്കെ വാങ്ങിയ പുതിയ മഹീന്ദ്ര ഥാറില്‍ ഒരു ഔട്ടിങ്ങ് എന്ന ലക്ഷ്യം കൂടിയുണ്ട് അവള്‍ക്ക്. കാള വാലു പൊക്കുന്നത് എന്തിനെന്ന് നമുക്കറിയാമല്ലോ! പുത്തന്‍ വണ്ടിയില്‍ നമ്മളെയൊന്ന് കേറ്റണം. അതു തന്നെ കാര്യം! സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടദേവി എന്ന് ഞങ്ങള്‍ കളിയാക്കി വിളിച്ചിരുന്നവളാണ്. 'ഉണ്ടദേവിക്ക് ചോറു വേണ്ട' എന്ന് ബാലഗോപാല്‍ എപ്പോഴും പറയുമായിരുന്നു. അവനെന്താണ് അങ്ങനെ പറയുന്നത് എന്ന് ഉണ്ടയ്ക്ക് പിടികിട്ടിയത് ഏറെക്കഴിഞ്ഞ് ബാലന്‍ തന്നെ വിശദീകരിച്ചപ്പോളാണ്. അവന്‍ പറഞ്ഞു തന്നപ്പോളേ എനിക്കും മനസ്സിലായുള്ളൂ.

അവള്‍ ഥാര്‍ ഓടിക്കുന്ന വീഡിയോ സ്‌കൂള്‍ ഗ്രൂപ്പിലിട്ടപ്പോള്‍ 'ഉണ്ടദേവി ഇതാ വണ്ടിദേവിയായിരിക്കുന്നു' എന്നായിരുന്നു കമന്റുകള്‍. നിന്റെ ടാറുംവണ്ടിയേല് ഞങ്ങളു വന്ന് കേറണോടിയേ...എന്ന് കമന്റ് ഇട്ട അമ്പിളിക്ക് അവള്‍ മഹീന്ദ്ര ഥാറിന്റെ മഹിമകള്‍ വര്‍ണിക്കുന്ന വീഡിയോകള്‍ ഇട്ടുകൊടുത്തു. വണ്ടിയുടെ ഇന്റീരിയറിന്റെ പടങ്ങളും വിവരണങ്ങളും കാരണം രണ്ടു ദിവസത്തേക്ക് അവളെ മ്യൂട്ട് ചെയ്യേണ്ടി വന്നു പലര്‍ക്കും. ഥാര്‍ ഒരു മരുഭൂമിയല്ലേ! മരുഭൂമിയാത്ര പോലെ എങ്ങുമെത്താത്ത ഒരു അലഞ്ഞു നടപ്പാണോ ഇതിലെ സഞ്ചാരവും എന്ന് ഗോപികയാണ് ചോദിച്ചത്. നൊസ്റ്റാള്‍ജിയയും അനൗപചാരികതയും ന്യൂജെന്‍ സ്‌റ്റൈലും സമം ചേര്‍ത്തു തിളപ്പിച്ചതാണ് മഹീന്ദ്ര ഥാര്‍ എന്ന് ബാലഗോപാല്‍ കമന്റിയത് ഉണ്ടദേവിക്ക് നന്നായി സുഖിച്ചു.

 

..............................

Read more: ഇടവേളകളില്‍ സംഭവിക്കുന്നത്; ജേക്കബ് ഏബ്രഹാം എഴുതിയ കഥ
..............................

 

ദേവികയും അമ്പിളിയും ടീച്ചറിനെ പോയി കാണാന്‍ തീരുമാനിച്ചു. ആണ്‍തുണ ആരെങ്കിലും വേണ്ടേടാ... ആരു വരും! എന്ന് ഗ്രൂപ്പില്‍ പോസ്റ്റിട്ടെങ്കിലും കുച്ച് നഹി റെസ്പോണ്‍സ് ആയിരുന്നു. അങ്ങനെയാണ് അമ്പിളി എന്നെ വിളിച്ചത്. അമ്പിളി വിളിച്ചാല്‍ എങ്ങനെയാണ് എനിക്ക് പോകാതിരിക്കാന്‍ പറ്റുക! ശരിയാണ്... കൊല്ലം പത്തിരുപത്തഞ്ചായി. എന്നാലും അമ്പിളി എന്നെ വിളിക്കും. അമ്പിളി വിളിച്ചാല്‍ ഞാന്‍ എങ്ങനെ പോകാതിരിക്കും! അവള്‍ക്കാണെങ്കില്‍ മൂന്നാമതും പെറ്റിട്ട് ഒരു മൂന്നു വയസ്സുകാരിയുണ്ട്. അതിനെയും കൊണ്ടുവരുമല്ലോ. അതിനെ ഞാന്‍ ചുമക്കേണ്ടി വരും. എന്നാലും അതും ഒരു സന്തോഷം.. ആഹ്...

ഉണ്ടദേവിയുടെയും അമ്പിളിയുടെയും കൂടെ എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ഒരു ചമ്മല്‍! അതാണ് ഞാന്‍ ബാലഗോപാലിനെ വിളിച്ചത്. രാവിലെ ഉണ്ടദേവി തൃക്കാക്കരയിലെ അവളുടെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങും. കെട്ട്യോനെയും മക്കളെയും അമ്മായിയമ്മയുടെ ചുമലുകളിലേല്‍പിച്ചിട്ടാണ് പോരുന്നത്. ഉണ്ടയുടെ കെട്ട്യോനും ന്യൂസിലാന്റില്‍ തന്നെയാണ്. ഏതോ കമ്പനിയില്‍ അക്കൗണ്ടിങ്ങില്‍. പുറത്തു പോകാനായി നേഴ്സിനെ കെട്ടി ഗെയിംപ്ലാന്‍ അനുസരിച്ച് ലൈഫ് ഗോള്‍ അച്ചീവ് ചെയ്യുന്ന, ഡിസിപ്ലിനുള്ള കുട്ടി! ദേവിക ടാര്‍ വണ്ടിയില്‍ അമ്പിളിയുടെ വീട്ടിലെത്തി  അവളെ പിക്ക് ചെയ്ത് പാലാ റോഡില്‍ പോസ്റ്റ് ഓഫീസിനടുത്ത് എത്തുമ്പോള്‍ അവിടെ നിന്ന് ഞാനും ബാലഗോപാലും കയറാം എന്ന് ടൂര്‍പ്ലാന്‍ ഫിക്സ് ആക്കി.

മാത്തമാറ്റിക്സ് ഇച്ചിരി കട്ടിയാ. ഞാനാണെങ്കി കടുകട്ടിയാ... എന്നും പറഞ്ഞാണ് സുനിത ടീച്ചര്‍ എട്ടാം ക്ലാസ്സിലെ ആദ്യത്തെ ദിവസം ക്ലാസ്സ് തുടങ്ങിയത്. കട്ടിക്കാരി സുനിത എന്നും കടുകട്ടി സുനിത എന്നും വിളിക്കാറുണ്ട് കുട്ടികള്‍. കെ.കെ.സുനിതകുമാരിയാണ് ആള്‍. എല്ല വര്‍ഷവും ടീച്ചറ് ക്ലാസ്സ് തുടങ്ങുന്നത് അങ്ങനെ തന്നെ. ഞാന്‍ ഇച്ചിരി കട്ടിയാ... എന്നും പറഞ്ഞ്. സ്റ്റാഫ് റൂമില് ചില ടീച്ചര്‍മാര് തന്നെ നമ്മടെ കട്ടി എവിടെ എന്ന് അന്വേഷിക്കാന്‍ മാത്രം ആ പേര് അത്രയ്ക്കങ്ങു പതിഞ്ഞിരുന്നു കട്ടിയമ്മയ്ക്ക്.

 

..........................

Read more: ശ്വാനമുറ: അജിജേഷ് പച്ചാട്ട് എഴുതിയ കഥ
..........................

 

ടീച്ചര്‍ സൈന്‍ തീറ്റാ കോസ് തീറ്റാ ടാന്‍ തീറ്റാ എന്നൊക്കെ പറഞ്ഞ് ഊടുപാട് വിശദീകരിക്കും. പക്ഷേ, പറഞ്ഞിട്ടെന്ത്! ഒറ്റ കുഞ്ഞിന് ഒരക്ഷരം മനസ്സിലാവാറില്ല. എന്തിനാണ് ഇതൊക്കെ പഠിപ്പിക്കുന്നത് എന്ന് കട്ടിട്ടീച്ചറിനും പിടിയില്ലായിരുന്നു. പഴയ കുറേ ക്വസ്റ്റ്യന്‍ പേപ്പറുകളിലെ പ്രോബ്ലംസൊക്കെ ചെയ്ത് ചെയ്ത് അതേ മാതിരിയുള്ള ചോദ്യം വന്നാല്‍ ആന്‍സറ് ചെയ്യാന്‍ പഠിച്ചു വെച്ചിട്ടാണ് പഠിപ്പിസ്റ്റുകള്‍ പരീക്ഷയ്ക്ക് പോകുന്നത്. അല്ലെങ്കില്‍ ചാക്കോസാറിന്റെയടുത്ത് ട്യൂഷന്‍ ക്ലാസ്സില്‍ പോകണം പാസ്സാകണമെങ്കില്‍.

കട്ടിട്ടീച്ചര്‍ രസമായി പഠിപ്പിക്കുന്ന ചില ഭാഗങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ആള്‍ജിബ്രാ. അത് പഠിപ്പിച്ചാലും പഠിപ്പിച്ചാലും മതിയകത്തില്ല ആശാട്ടിക്ക്. ഒന്നു മുതല്‍ 20ന്റെ വരെ 20X20=400 വരെ പട്ടിക പഠിപ്പിച്ചിരിക്കും പുള്ളിക്കാരി. നീയൊക്കെ മീന്‍ വിക്കാനും ബസേല് ടിക്കറ്റ് വിക്കാനും പോകുമ്പഴേ, കൂട്ടാനും ഗുണിക്കാനും പഠിച്ചില്ലേ ജീവിക്കാന്‍ പറ്റുകേലടാ... എന്ന് പറഞ്ഞിരുന്നത് വളരെ സീരിയസായിട്ടാണ് ഞങ്ങള്‍ എടുത്തിരുന്നത്. തൊഴില് പറഞ്ഞ് കളിയാക്കലായിരുന്നു അതെന്ന് പിന്നെ കാലമെത്ര കഴിഞ്ഞാണ് നമുക്ക് മനസ്സിലാകുന്നത്!

ബ്രാ ബ്രാ ആള്‍ജിബ്രാ
കട്ടിക്കാരീടാള്‍ജിബ്രാ...

എന്ന് ഞങ്ങള്‍ ആമ്പിള്ളേര് പാട്ടും പാടുമായിരുന്നു. ഞാന്‍ അത് അന്നു തന്നെ അമ്പിളിയോട് പറഞ്ഞിട്ടുമുണ്ട്. അവള്‍ രണ്ടു ദിവസം എന്നോട് കെറുവിച്ച് നടന്നു അതിന്.

ഉണ്ടക്കണ്ണി, ഉണ്ടക്കണ്ണി
ഉണ്ടക്കണ്ണില്‍ പന്തം കുത്തി കട്ടിക്കാാാരി...

എന്ന് വേറെയൊരു പാട്ടുമുണ്ടായിരുന്നു. അത് പറഞ്ഞാല്‍ അമ്പിളി കുലുങ്ങിച്ചിരിക്കും. നല്ല രസമാണ് അമ്പിളി ചിരിക്കുന്നത് കാണാന്‍!

ട്രിഗ്‌നോമെട്രിയും അതു പോലെ കുറച്ച് കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഭാഗങ്ങളും ഒന്നും പഠിപ്പിക്കാന്‍ പുള്ളിക്കാരത്തിക്ക് പറ്റില്ലായിരുന്നു. പക്ഷേ, അതല്ല കാര്യം. സ്‌കൂളിലെ എന്തു പരിപാടിക്കും ആള് കട്ടിക്ക് മുമ്പിലൊണ്ടാകും. യുറീക്കാ ബാലവേദി, ഗാന്ധി ദര്‍ശന്‍ പരീക്ഷ, സ്‌കൗട്ട്, ഗൈഡ്, യൂത്ത് ഫെസ്റ്റിവല്‍, സയന്‍സ് ഫെയര്‍്, സ്പോര്‍ട്സ്, സേവനവാരം... സകലതിന്റെയും ചാര്‍ജ് കട്ടിട്ടീച്ചറിനാണ്. അതൊക്കെയായിട്ടങ്ങ് നടക്കുന്നതാണ് പുള്ളിക്കാരിക്ക് കണക്ക് പഠിപ്പിക്കുന്നതിനേക്കാളും ഇഷ്ടം. ഞങ്ങള്‍ പിള്ളേര്‍ക്കും അതായിരുന്നു ഇഷ്ടം. ക്ലാസ്സിലെ പഠിപ്പിസ്റ്റുകള്‍ക്കും അതായിരുന്നു ഇഷ്ടം. പകരം കണക്ക് പഠിപ്പിക്കാന്‍ വേറേ ആരെങ്കിലും വരണമെന്ന് മാത്രം.

 

..........................

Read more: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ 
..........................

 

ഒരിക്കല്‍ വര്‍ക്ക് എക്സ്പീരിയന്‍സിനോ മറ്റോ അമ്പിളിയും ഞാനും വേറേ രണ്ടു കുട്ടികളും കൂടി കട്ടിട്ടീച്ചറിന്റെയും വത്സമ്മ ടീച്ചറിന്റെയും കൂടെ ഡിസ്ട്രിക്റ്റില്‍ മല്‍സരിക്കാന്‍ പോയിട്ടുണ്ട്. അന്ന് മത്സരം കഴിഞ്ഞ് ഞങ്ങള്‍ ആറു പേരും കൂടി സിനിമ കാണാന്‍ പോയി. വാത്സല്യമോ ആകാശദൂതോ മറ്റോ ആണ്. അന്ന് പക്ഷേ, അമ്പിളിയെയും മറ്റേ പെണ്‍കുട്ടിയെയും ഇരുത്തി അവരുടെ അപ്പുറത്തും ഇപ്പുറത്തുമായി വത്സമ്മ ടീച്ചറും കട്ടിട്ടീച്ചറും ഇരുന്നു. ഞങ്ങളെ ടീച്ചര്‍മാരുടെ ഇപ്പുറത്താണ് ഇരുത്തിയത്.

പത്താം ക്ലാസ്സില്‍ എത്തുമ്പോഴേക്ക് കട്ടിട്ടീച്ചര്‍ മിക്കവര്‍ക്കും കട്ടിയമ്മയായിട്ടുണ്ടാവും. നോട്ട് ബുക്കും പേനയുമൊക്കെ ആവശ്യക്കാര്‍ക്ക് മേടിച്ചു കൊടുക്കും. ഉച്ചയ്ക്ക് ഇന്റര്‍വെല്ലിന് പിള്ളേരുടെ കൂടെ ക്ലാസ്സില് വന്നിരുന്ന് ചോറുണ്ണും... എന്തൊക്കെ കുറ്റം പറയാനുണ്ടെങ്കിലും കട്ടിയമ്മയെ വിട്ടു പോകുമ്പോള്‍ സങ്കടം വരുമായിരുന്നു. കൊല്ലം ഇരുപത്തഞ്ചാകാറായിട്ടും പഴയ സ്‌കൂളിലെ ഒരു ടീച്ചറിനെയൊന്നു പോയിക്കാണണമെന്ന് തോന്നുന്നത് അവരോട് അത്രയ്ക്കൊരടുപ്പം ഉള്ളതു കൊണ്ടാണല്ലോ.

ദേവികയ്ക്ക് പിന്നെ ഒരു അഡീഷനല്‍ കണക്ഷനുണ്ട് കട്ടിയമ്മയുമായിട്ട്. അവള് കവിതയെഴുതുമായിരുന്നു. കട്ടിയമ്മയും കവിതയെഴുതുമായിരുന്നു. ദേവികയുടെ പഴയൊരു കവിത അവള്‍ കഴിഞ്ഞ ദിവസം വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ടായിരുന്നു.

ആദ്യമാദ്യം പലയിടത്തുമലഞ്ഞു നടന്നോരു മനുഷ്യന്‍
ഇന്നവനെത്ര വലിയവന്‍! ഭൂലോകാധിപന്‍
മാത്രമല്ലീ മനുഷ്യന്, പാട്ടു കേട്ടിടാന്‍ റേഡിയോയും
ഗ്യാലക്സികളെ വീട്ടിലിരുന്നു കാണുവാന്‍ ദൂരദര്‍ശിനിയും
ഇപ്പോഴിതാ ചന്ദ്രനെയും കീഴടക്കി മാനവന്‍
കലിയുഗം മാറിയിതു യന്ത്രയുഗമായി...

ഏതാണ്ടിതേ സ്‌റ്റൈലിലുള്ളതായിരുന്നു ദേവികയുടെ കവിതകള്‍. കട്ടിയമ്മ എഴുതുന്ന കവിതകള്‍ സ്‌കൂളിലെ പരിപാടികള്‍ക്ക് ടീച്ചര്‍ തന്നെ പാടുമായിരുന്നു. കട്ടിക്കാരി കവിതയമറുന്നേ... എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഒരു പരിപാടിക്കിടയില്‍ നിന്ന് ഉല്ലാസും മലയന്‍ ബിനുവും കൂടി എഴുന്നേറ്റ് ഓടിയിട്ടുണ്ട്.

അമ്പോ! സ്‌കൂളില്‍ അതൊരു സംഭവമായിരുന്നു.

കവിതയെഴുതുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സംഭവം എന്ന മട്ടിലാണ് കട്ടിയമ്മയും ശാരദ ടീച്ചറുമൊക്കെ സംസാരിക്കാറ്. രണ്ടാമത്തെ വലിയ സംഭവം പുസ്തകം വായിക്കുന്നതും! നമുക്കൊന്നും പിന്നെ അത്തരം ഏര്‍പ്പാടൊന്നുമില്ലാതിരുന്നതു കൊണ്ട് അതൊന്നും ബാധിക്കാറേയില്ല! അമ്പിളി നല്ല സൂപ്പറായിട്ട് വരയ്ക്കുമായിരുന്നു. കട്ടിയമ്മയെങ്ങാന്‍ ഇപ്പോ വല്ല ഫെയ്സ്ബുക്കിലും കേറുന്നുണ്ടായിരുന്നേല്‍ കാണാരുന്നു കവിതയെഴുത്തിന്റെ പൂരം!

 

..........................

Read more: വീണാധരി, മിനി പി സി എഴുതിയ കഥ 
..........................

 

ഥാറില്‍ കയറിയപ്പോള്‍ തുടങ്ങിയ ഞങ്ങളുടെ പഴമ്പുരാണത്തിന് ഇന്റര്‍വെല്ലൊന്നും ഇല്ലെന്നു കണ്ട് ഉണ്ടദേവിക്ക് ദേഷ്യം വന്നു. കിട്ടുന്ന താപ്പിന് അവള്‍ വണ്ടിക്കാര്യവും ന്യൂസിലാന്റ് മഹത്ത്വവും തള്ളിക്കേറ്റാന്‍ നോക്കുന്നുണ്ടായിരുന്നു. അവടെ കെട്ട്യോന്‍ പ്രവീണ്‍ കട്ടയ്ക്കു നിന്ന് അടുക്കളപ്പണിയും പുള്ളനോട്ടവും വീട്ടുപണികളും ഒക്കെ ചെയ്യുന്നതിന്റെ വര്‍ണനകള്‍ വേറേയും.

ഥാറിന്റെ തണുപ്പില്‍ ഞാന്‍ അമ്പിളിയുടെ അടുത്തിരുന്നു. അവളുടെ പ്രൊഡക്ഷന്‍ നമ്പര്‍ ത്രീ കൂളായി എന്റെ കൈയിലേക്ക് പോന്നു. ഇടയ്ക്കു ഞാന്‍ അവളുടെ കൈയിലൊന്ന് കോര്‍ത്തു പിടിച്ചു. വേഗം അതു വിട്ട് അവള്‍ എന്നെ തൊടാത്ത വിധം ഇരുന്നു. പിന്നെയവള്‍ ദേവിയോട് മുറിയാതെ സംസാരിച്ച് എന്നെ അകറ്റി. അതിനിടെ ഔപചാരികത ഒട്ടും കുറയ്ക്കാതെയും അടുപ്പത്തിന്റെ ഔദാര്യം കാണിച്ചും എന്നോടു പറഞ്ഞു-

'നീയൊരു ദിവസം പിള്ളേരേം കൂട്ടി വീട്ടില് വാടാ... രാജേഷിനോട് ഞാന്‍ സ്‌കൂള്‍ ലൈനിന്റെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് അത് മുറുകാത്തതു കൊണ്ട് രാജേഷിന് ഭാഗ്യമായെന്നും!'- അമ്പിളി ചിരിച്ചു.

പിന്നെ പോളിടെക്നിക്കില്‍ ചെന്നപ്പോ നിങ്ങള് പ്രേമം വെല്‍ഡ് ചെയ്തു പിടിപ്പിച്ചാണ് കെട്ടിയതെന്നും ഒക്കെ രാജേഷിനോട് പറഞ്ഞിട്ടുണ്ട് - അമ്പിളി അവളും കെട്ട്യോനുമായുള്ള പൊരുത്തം വ്യക്തമാക്കാനായി വിശദീകരിച്ചു. എന്നോടുള്ള ഔപചാരികതയുടെ പ്രഖ്യാപനമായിരുന്നു അതെന്ന് എനിക്കേ മനസ്സിലായുള്ളൂ. മറ്റാര് മൈന്റ് ചെയ്യുന്നു അതൊക്കെ!

ആഹ്... സ്‌കൂളിലെ ടീച്ചറിനെ കാണാന്‍ പോകുവാന്ന് പറഞ്ഞപ്പഴേ മൈ വൊയ്ഫ് എന്നോടും ചോദിച്ചു- 'ആ അമ്പിളി വരുന്നൊണ്ടായിരിക്കും അല്ലേ'ന്ന്... ഞങ്ങള്‍ പറഞ്ഞതു കേട്ട് ദേവിക പിന്നെയും അവളുടെ പ്രവീണിന്റെ രീതികള്‍ വര്‍ണിക്കാന്‍ തുടങ്ങി.

കട്ടിക്കാരിയുടെ വീട്ടില്‍ ഒരു ഹോംനേഴ്സും ടീച്ചറിന്റെ ഡിസ്റ്റന്റ് റിലേഷനിലുള്ള ഒരു സ്ത്രീയും കൂടി ഉണ്ടായിരുന്നു. സുകുമാരന്‍ സാറ് മരിച്ച ശേഷം കട്ടിക്കാരി ഒറ്റയ്ക്കായിരുന്നു ഏറെക്കാലം. ഒരു മകനുള്ളത് ഓസ്ട്രേലിയയിലാണ്. ഞങ്ങള്‍ പത്തില്‍ പഠിക്കുമ്പോള്‍ അവന്‍ സ്‌കൂളിലുണ്ട്. സാധാരണ കുട്ടികളുടെ കൈയില്‍ പിടിച്ചുകൊണ്ടല്ലേ കൂടെ നടത്താറുള്ളത്. കട്ടിക്കാരി മകന്റെ ചെവിയിലാണ് പിടിച്ചിട്ടുണ്ടാവുക. ചിരിച്ച് കളിച്ച് വര്‍ത്തമാനം പറഞ്ഞു പോകുമ്പോഴും ആ പാവത്തിന്റെ ചെവിയിലാണ് ടീച്ചര്‍ പിടിച്ചിട്ടുണ്ടാവുക!

കട്ടിക്കാരിയുടെ ഗെയ്റ്റിനു പുറത്ത് ഥാര്‍ വീര്‍പ്പടക്കി മുരണ്ടു നിന്നു. ബാലഗോപാല്‍ ഇറങ്ങി ഗെയ്റ്റ് തുറന്നു. വണ്ടി കട്ടിക്കാരിയുടെ പോര്‍ച്ചിനു മുന്നിലേക്ക് ഞരങ്ങിക്കയറി കുലുങ്ങി നിന്നു. മുറ്റം മാത്രമല്ല ഒരു പ്രദേശം മുഴുവന്‍ ടൈല്‍ വിരിച്ചിരിക്കുകയാണ്. വെള്ളയും നീലയും ഇട കലര്‍ത്തി ലക്ഷണപ്രകാരമുള്ള നിറങ്ങളുടെ കോംബിനേഷന്‍. ഗ്ലോസി ഫിനിഷുള്ള ടൈലുകള്‍. ഔദ്ധത്യം നിറഞ്ഞ വര്‍ണ മഹിമ.

 

..........................

Read more: മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ , പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ
..........................

 

വാല്‍ മുറിഞ്ഞ് പാതി ചതഞ്ഞിട്ടും ജീവന്‍ പോകാത്ത ഒരു വയസ്സന്‍ പല്ലിയെ കുറേ പുളിയുറുമ്പുകള്‍ ചേര്‍ന്ന് വലിച്ചും തള്ളിയുമൊക്കെ കൊണ്ടു പോകുന്നുണ്ടായിരുന്നു. ചാകാത്ത പല്ലിയെ ഉറുമ്പുകള്‍ തിന്നുമോ എന്ന് ഞാന്‍ അമ്പിളിയോട് ചോദിച്ചു. അവള്‍ ദേഷ്യത്തോടെ നെറ്റി ചുളിച്ച് മൂക്കു കൊണ്ട് ഒന്നു ചീറ്റി.

ഹോംനേഴ്സ് വാതില്‍ തുറന്ന് തലയുടെ പാതി മാത്രം പുറത്തേയ്ക്കിട്ട് ചോദ്യചിഹ്നത്തിന്റെ ഇമോജി കാണിച്ചു. ഉണ്ടവേദി ഉരുണ്ടു ചെന്ന് പറഞ്ഞു- ഞങ്ങള് സുനിത ടീച്ചറിന്റെ സ്റ്റുഡന്റ്സാണ്. പൊക്കം കുറഞ്ഞ ദേവിക വിശ്വവും കൂട്ടുകാരുമാണെന്ന് പറഞ്ഞാല്‍ ടീച്ചറിന് ഓര്‍മ കിട്ടും...

ഹോം നേഴ്സ് കുറച്ചു കൂടി സ്വയം വെളിപ്പെടുത്തി പുറത്തേക്ക് ഉടല്‍പ്പാതിയും കൂടി നീട്ടി. ടീച്ചറിന് ചെല സമയത്തേ ഓര്‍മ കിട്ടത്തൊള്ളൂ. ചെലപ്പം ഒന്നും ഓര്‍ക്കുകേല. ചെലപ്പം എങ്ങനാ പെരുമാറുകാന്ന് പറയാമ്പറ്റത്തില്ല. നിങ്ങക്കൊന്നും തോന്നണ്ട. ഞാന്‍ ടീച്ചറിനെ വിളിക്കാം.

അകത്തേയ്ക്കു പോയ ഹോംനേഴ്സ് കുറച്ചേറെ നേരം കഴിഞ്ഞാണ് വന്നത്. കട്ടി ഒട്ടും കുറയ്ക്കാതെ പഴയ കെ.കെ.സുനിതകുമാരിയും പതുക്കെ വരുന്നുണ്ടായിരുന്നു. ടീച്ചറ് നല്ല സാരിയൊക്കെ ഉടുത്തിട്ടുണ്ട്. വാരിവലിച്ച് ഉടുത്തിരിക്കുന്നതു കണ്ടാലറിയാം ഇപ്പോള്‍ പെട്ടെന്ന് എടുത്തുടുപ്പിച്ചതാണെന്ന്. സ്‌കൂളില്‍ കട്ടിക്കാരി സാരിയുടുക്കുന്നതിന്റെ സ്‌റ്റൈല് ഒന്നു വേറേയായിരുന്നു. സാരിയുടെയും മുന്താണിയുടെയും ഞൊറിയൊക്കെ കറകറക്റ്റായി അച്ചടക്കത്തോടെയിരിക്കും. ഇപ്പോള്‍ കട്ടിയമ്മയ്ക്ക് നല്ല പോലെ വയസ്സായിട്ടുണ്ട്. കവിളൊക്കെ തൂങ്ങി. മുഖം ഒരല്പം കോടിയിരിക്കുന്നതു പോലെ തോന്നി. വായ ഇത്തിരി തുറന്നിരിക്കുന്നു. കണ്ണിലാണ് ആകെ പവര്‍കട്ട് ആയിപ്പോയത്. പന്തമെല്ലാം കെട്ടു.

 

..........................

Read more: തൊറേക്കടവ്, നിധീഷ് ജി എഴുതിയ കഥ
..........................

 

മക്കളേ വാ.. വാ.. നിന്റെ പേരെന്നാടീ കൊച്ചേ... ഞാനങ്ങ് മറന്ന് പോയി. മുമ്പില്‍ നിന്ന ഉണ്ടദേവിയുടെ തോളില്‍ പിടിച്ച് ടീച്ചര്‍ ചോദിച്ചു.

അയ്യോ! ടീച്ചറ് എന്നെ മറന്നു പോയോ... ടീച്ചറേ ഞാന്‍ ദേവിക വിശ്വം! അന്ന് കവിതയൊക്കെ എഴുതാറൊള്ള... എടിയേ നിന്നെയല്ലേടീ അവര് ഉണ്ടദേവീന്ന് വിളിച്ചോണ്ടിരുന്നത്. ഇപ്പഴാണല്ലോടീ നീ ശെരിക്കും ഉണ്ടയായത്.. കട്ടിയമ്മ നിമിഷ നേരം കൊണ്ട് ഓര്‍മകളുടെ ഫ്യൂസ് ചാര്‍ജ് ചെയ്തെടുത്തു. നിന്റെ എളേത് ഒരുത്തിയില്ലാരുന്നോടീ സ്‌കൂളില് അവള് നിന്നേക്കാലും മാര്‍ക്ക് മേടിക്കാറൊണ്ടാരുന്ന്...

ടീച്ചറിന് പക്ഷേ, ഞങ്ങള്‍ മറ്റു മൂന്നു പേരെയും ഓര്‍മ കിട്ടിയില്ല.

ഞാന്‍ ടീച്ചറിനെ ഒന്‍പതിന്റെ പട്ടിക കൈവിരലുകള്‍ കൊണ്ട് ചെയ്തു കാണിച്ചു. 1x9 ന് ചെറുവിരല്‍ മാത്രം മടക്കി -9
2x9ന് രണ്ടാമത്തെ വിരല്‍ മടക്കി. മടക്കിയ വിരലിനപ്പുറത്ത് ഒന്നും ഇപ്പുറത്ത് എട്ടും- 18
3x9ന് മൂന്നാമത്തെ വിരല്‍ മടക്കി...മടക്കിയ വിരലിപ്പുറത്ത് 2 ഇപ്പുറത്ത് 7 അങ്ങനെ 27 അതേ രീതിയില്‍ 9x9 ന് ഒരുവശത്ത് എട്ടു വിരലുകളും മറുവശത്ത് ഒരു വിരലും വന്ന് 81 കിട്ടുന്നതു വരെ.


പൊടുന്നനെ ടീച്ചര്‍ ചോദിച്ചു നമ്മളല്ലേടാ അന്ന് ആകാശദൂത് സിനിമ കാണാന്‍ പോയത്...

ആള്‍ജിബ്രായുടെ മൂന്നധ്യായങ്ങള്‍ പഠിച്ചിട്ടുള്ള ആദ്യത്തെ പരീക്ഷയ്ക്ക്  അമ്പതില്‍ നാല്പത്തഞ്ച് കിട്ടിയ ഞാന്‍ ട്രിഗ്‌നോമെട്രിയുടെ അധ്യായങ്ങള്‍ വെച്ചുള്ള പരീക്ഷയില്‍ നാലര മാര്‍ക്കു മേടിച്ചതിനെക്കുറിച്ച് ടീച്ചര്‍ പറഞ്ഞു. സത്യത്തില്‍ ഞാനത് ഓര്‍ക്കുന്നതു തന്നെ കഷ്ടിപിഷ്ടിയാണ്. പക്ഷേ, ഒരു കുട്ടിക്ക് അത്ര മാര്‍ക്കുവ്യത്യാസം വന്നത് അന്നും പിന്നെയും വലിയ സങ്കടമായിപ്പോയതിനെക്കുറിച്ച് ടീച്ചര്‍ പറഞ്ഞു. പിള്ളേര്‍ക്ക് മാര്‍ക്കു കുറഞ്ഞാല്‍ ടീച്ചര്‍മാര്‍ക്കും സങ്കടം വരുമെന്ന് എനിക്കറിയില്ലായിരുന്നു. അതും പഠിപ്പിസ്റ്റുകളല്ലാത്തവരുടെ.

നിന്റെ കെട്ട്യോള് എന്നാടാ ചെയ്യുന്നേ... എന്ന് അമ്പിളിയുടെ തോളിലിരുന്ന കുഞ്ഞിന്റെ കവിളില്‍ തട്ടിക്കൊണ്ട് ടീച്ചര്‍ ചോദിച്ചു. അയ്യോ! ടീച്ചറേ ഞാന്‍ അമ്പിളിയാ... എന്ന് പറഞ്ഞതും ടീച്ചര്‍ കട്ടിക്കാരിയായി. ങേ... അപ്പം ഇത് നിന്റെ കെട്ട്യോളും കൊച്ചും അല്ലേടാ... ഇവന്‍ നിന്റെ കെട്ട്യോനും അല്ലേടീ... ബാലഗോപാലിനെ ചൂണ്ടി ടീച്ചര്‍ ദേവികയോടും ചോദിച്ചു.

 

..........................

Read more: മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരേക്കുറിച്ച്, വിവേക് ചന്ദ്രന്‍ എഴുതിയ കഥ
..........................

 

കട്ടിയമ്മയുടെ ഭാവം മാറിയത് ഞങ്ങള്‍ക്ക് അത്രയ്ക്കങ്ങു പിടി കിട്ടിയിരുന്നില്ല. പക്ഷേ, ഹോംനേഴ്സ് പെട്ടെന്ന് ചാടിക്കയറി.

അമ്മേ... അവര് അമ്മേടെ സ്റ്റുഡന്റ്സ് അല്ലേ! അവരോട് ഇങ്ങനെയൊക്കെയാണോ വര്‍ത്താനം പറയണത്... അവര് എന്ത് സന്തോഷവായിട്ട് കൂട്ടുകാരെല്ലാം കൂടി ടീച്ചറിനെ കാണാന്‍ വന്നതാ...

ആണോ! നിങ്ങളിവിടെയിരി... ഞാന്‍ ഇപ്പ വരാം... ടീച്ചര്‍ വലിഞ്ഞു വലിഞ്ഞ് അകത്തേയ്ക്ക് പോയപ്പോള്‍ ഹോം നേഴ്സും ഒപ്പം ചേര്‍ന്നു. അടുക്കളപ്പുറത്തു നിന്ന് ഒരു ചൂരലുമായിട്ടാണ് ടീച്ചര്‍ വന്നത്.

വന്നവഴി ആദ്യത്തെ അടി അമ്പിളിയുടെ തോളില്‍ തിണര്‍ത്തു പൊങ്ങി. അവള് വേഷം കെട്ടി കണ്ടവമ്മാരുടെ കൂടെ എറങ്ങിയേക്കണ്... നിന്റെയൊക്കെ അച്ഛനെ വിളിച്ചോണ്ടു വരാതെ മേലാലീ പടി കടന്നു പോകരുത്... രണ്ടാമത്തെ അടി ദേവികയ്ക്കു നേരേ ചെന്നെങ്കിലും അതിനു മുമ്പ് ഹോംനേഴ്സ് ടീച്ചറുടെ കൈയില്‍ കയറിപ്പിടിച്ചു.

ഹോംനേഴ്സ് ബലമായി പിടിച്ചതും കട്ടിക്കാരി മരവിച്ചതു പോലെ നിന്നു. ഞങ്ങള്‍ ആകെ അങ്കലാപ്പിലായിപ്പോയി. മരവിച്ചു നിന്ന കട്ടിക്കാരി മെല്ലെ കുതിര്‍ന്ന് അലിഞ്ഞു. കുഴഞ്ഞു പോയ ടീച്ചര്‍ നിന്ന നില്‍പില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങി.

വിങ്ങിക്കരയുകയായിരുന്ന അമ്പിളി ഞെട്ടിയകന്നു. ഒരിത്തിരി മൂത്രം മാത്രം. ടീച്ചര്‍ ധരിച്ചിരുന്ന ഡയാപ്പറില്‍ നിന്ന് കിനിഞ്ഞിറങ്ങിയതാണ്. ഇളം മഞ്ഞ നിറത്തില്‍ അത് അപകര്‍ഷതയോടെ തറയില്‍ പരുങ്ങി. ഹോംനേഴ്സ് ടീച്ചറിനെ പിടിച്ചു നടത്തി. നടക്കാന്‍ വയ്യായിരുന്നു ടീച്ചറിന്. കാലുകള്‍ നിരങ്ങിയാണ് നീങ്ങുന്നത്. അമ്പിളി കുഞ്ഞിനെ എന്റെ കൈയില്‍ തന്നിട്ട് ടീച്ചറിനെ താങ്ങിപ്പിടിച്ചു നടത്തി. ദേവികയും അമ്പിളിയും കൂടി ടീച്ചറിന്റെ സാരി അഴിച്ചു മാറ്റി. മൂത്രനനവ് തെളിയുന്ന പാവാടയില്‍ ബാത്ത്റൂമിലേക്ക് നടത്തി. ഹോംനേഴ്സ് മോപ്പുമായി വന്ന് തറ തുടയ്ക്കാന്‍ തുടങ്ങി. ഞാന്‍ കുഞ്ഞിനെയും തോളിലിട്ട് ബാലഗോപാലിനൊപ്പം പുറത്തേക്കിറങ്ങി.

 

..........................

Read more: അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ്: പി. കെ സുധി എഴുതിയ കഥ
..........................

 

സ്‌കൂളിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ അമ്മ ഉഷാറാകും. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് വല്ലാതെ ദേഷ്യപ്പെടും. ചിലപ്പോള്‍ മാന്തുകയോ കടിക്കുകയോ ചെയ്യും. എന്നും സ്‌കൂളില്‍ പോകണമെന്നു പറഞ്ഞ് ഒരുങ്ങും. ഞാന്‍ പിന്നിലൂടെ ഇറക്കി ഗേറ്റു വഴി പുറത്തിറങ്ങി അപ്പുറത്തു കൂടി ഇത്തിരി നടത്തിച്ച് നേരേ മുന്നിലൂടെ കൊണ്ടുവന്ന് മുറിയില്‍ കയറ്റിയിരുത്തും.  സ്‌കൂളില്‍ പോകണമെന്നേയുള്ളൂ. അവിടെ എത്തണമെന്നില്ല... പഴയ കാര്യങ്ങളൊക്കെ നല്ല ഓര്‍മയാണ്. ഇപ്പോഴത്തേത് ഒന്നും ഓര്‍മയില്ല. മൂത്രം പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. പലപ്പോഴും ഉപദ്രവിക്കും...ഹോംനേഴ്സ് ഞങ്ങളോട് വിശദീകരിച്ചു.

എനിക്കും കിട്ടും നല്ല അടിയും പിച്ചുമൊക്കെ. ടീച്ചറുടെ മോനാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ വന്നിരുന്നതാണ്. ഇപ്പോള്‍ കൊറോണ കാരണം വന്നിട്ട് രണ്ടു കൊല്ലമാവാറായി. പലപ്പോഴും ഇട്ടിട്ട് പോകണമെന്നു തോന്നാറുണ്ട്. പക്ഷേ, ഓര്‍മയും ആരോഗ്യവുമില്ലാത്ത പാവമാണല്ലോ എന്നോര്‍ക്കുമ്പോള്‍ പാവം തോന്നും...

ഹോംനഴ്സ് സഹതാപത്തോടെ പറഞ്ഞു.

വേഗം തിരക്കിട്ട് ഒരു വിധത്തില്‍ തിരികെ പോകുമ്പോള്‍ ഉണ്ടദേവിയും ഒന്നും പറഞ്ഞില്ല. അമ്പിളിയുടെ കുഞ്ഞ് ശാന്തമായി ഉറങ്ങുകയായിരുന്നു. അമ്പിളിയുടെ കണ്ണു നിറഞ്ഞിരുന്നു. അവള്‍ എന്റെ ശരീരത്തിലേക്ക് ചേര്‍ന്നിരുന്നു. സ്നേഹമുള്ള ശരീരത്തിന്റെ ഇളംചൂടാണ് ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. എന്റെ വിരലുകളില്‍ അവള്‍ കോര്‍ത്തു പിടിച്ചു.

പ്രായമായാല്‍, ആരോഗ്യം പോയാല്‍ പിന്നെന്തു പിന്നെന്തു ജീവിതം അല്ലേ...! പോകണമെന്നേയുള്ളൂ... എത്തണമെന്നില്ല...ഓര്‍മകളല്ലാതെ പിന്നെ എന്താണ് നമ്മളൊക്കെ!

 

...............

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios