ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷര്‍മിള സി നായര്‍ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sharmila C Nair

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ആശ്വാസത്തിന്റെ പ്രവാചകന്‍

എന്നായിരുന്നു
ഞാനാദ്യമായി അവനെ കണ്ടത്?

എത്ര ശ്രമിച്ചിട്ടും
എനിയ്ക്കത് ഓര്‍ക്കാനേ ആവുന്നില്ല

അവന്റെ ചാരക്കണ്ണുകളില്‍
ഒളിപ്പിച്ച പ്രണയത്തെ
മുഴുവനായി വിഴുങ്ങിയ വിഷാദം.

എന്നിട്ടും
ആ പ്രണയം എങ്ങിനെ ഞാനറിഞ്ഞുവെന്നും
സത്യായിട്ടും എനിക്കറിയില്ല.

ഒരു ശരാശരി കാമുകനെ
എനിക്കാവശ്യമുണ്ടായിരുന്നില്ല
എങ്കില്‍ എത്രപേരെ ഞാന്‍ പ്രണയിക്കണമായിരുന്നു
തെളിയുന്നു, മനസ്സില്‍ മുഖങ്ങളനവധി.

എന്റെ സങ്കല്‍പത്തിലെ കാമുകനു വേണ്ട
ഗുണങ്ങളൊന്നും അവനില്‍ ഞാന്‍ കണ്ടില്ല
എന്നേക്കാള്‍ എന്നെ സ്‌നേഹിക്കുന്ന
കടലോളം പ്രണയം കണ്ണിലൊളിപ്പിച്ച
ഒരുവനായിരുന്നില്ലല്ലോ അവന്‍.

എന്റെ കണ്ണിലെ സങ്കടങ്ങള്‍
കവിതകളായി വിരിയിക്കാന്‍
അവനൊരു കവിയുമായിരുന്നില്ല.

പക്ഷേ,
എന്റെ ഉള്ളില്‍ നിന്നും
തെറിച്ചു വീണിരുന്ന വേദനകള്‍
എന്നേക്കാള്‍ അവന് നൊന്തിരുന്നു.

കലഹിച്ചും വീണ്ടും യോജിച്ചും
പിന്നെയും കലഹിച്ചും
ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന
ജീവതത്തിലെ അസ്വാരസ്യങ്ങളിലേക്ക്
ഒരാശ്വാസകന്റെ വേഷമണിഞ്ഞായിരുന്നു
അവന്റെ രംഗ പ്രവേശം.

മൗനത്തില്‍ പൊതിഞ്ഞ
എന്റെയുള്ളിലെ നോവുകളൊക്കെയും
തൊട്ടറിഞ്ഞവന്‍..

അവന് ഞാനൊരു പേരിട്ടു
ആശ്വാസത്തിന്റെ പ്രവാചകന്‍..!

(ചില ആശ്വാസങ്ങള്‍ എത്ര പെട്ടെന്നാണ് ആശ്വാസക്കേടായി മാറുന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.)

അതേ, കണക്കുകൂട്ടലുകള്‍
പിഴയ്ക്കുന്നില്ല.

അവനെ
എന്ത് പേരാണ് വിളിയ്ക്കുക
എന്ന സംശയത്തിലാണ് ഞാനിപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...