ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കുടക്കീഴില്‍
1
ആകാശത്തെ
ഒതുക്കി വെക്കണമെന്നു
കരുതി
ഞാനെപ്പോഴും
കുട ചൂടി
നടക്കുന്നു.
2
കുട
നിവര്‍ത്തും
മഴ
മനസ്സില്‍.
3
മഴയോര്‍മ്മിപ്പിക്കും
മറന്ന കുടയെ
വെയിലിലും.
4
അവനവന്റെ പേരെഴുതി
സ്വന്തമാക്കാം കുടയെ.
മഴയേയോ?
5
കുടക്കീഴിലത്രെ
മഴക്കാലം.
മഴക്കീഴിലാമോ
കുടക്കാലം?
6
കാറ്റു പിടിക്കും
കുടയില്‍ നി-
ന്നെന്നെയോ
മാറ്റിപ്പൊതിയും
മഴയ്‌ക്കെന്തൊ-
രാഹ്ലാദം.
പൊട്ടും കുടക്കമ്പി
പോലതിന്‍ നീര്‍ച്ചിരി.
7
ജലച്ചായത്തിലായ്
വരച്ചിടും മഴ,
കുടയതിന്‍ മേലെ
പ്രകൃതിദൃശ്യങ്ങള്‍.
വരയുണങ്ങുംമു-
മ്പതിന്മേലെ വീണു
പുതുപ്രകൃതിതന്‍
വിരാടദൃശ്യങ്ങള്‍.
കഴുകിപ്പോയെല്ലാം.
8
വില്ലൊടിഞ്ഞൊച്ച കേട്ടു
സീതയൊന്നു തിരിഞ്ഞപ്പോള്‍
മഴയിലായ് നനഞ്ഞൊലി-
ച്ചരികിലായ് രാമന്‍.
തന്റെ കുട നീട്ടിയല്ലോ
രാമനായി സീത.
9
കുടമറയിലാ-
യിരുന്നത്രെ പണ്ട്
കുടുംബത്തിലൊളി-
ഞ്ഞിരുന്ന പെണ്ണുങ്ങള്‍.
കുട താഴ്ത്താതിപ്പോള്‍
നടന്നു പോകണം
കുട ഗതി മറച്ചിടാതെ-
യോര്‍മ്മകള്‍.
ചരിത്രക്കൂണുകള്‍.
10
പ്രതിരോധത്തിന്റെ
കുടകള്‍ നിരന്ന
തെരുവില്‍
മേഘമെയ്തുവിടും
ഗറില്ലാഷോട്ടുകള്‍.
ചോര തെറിക്കുന്നുണ്ട്
മണ്ണില്‍.


