ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ 10 ചെറുകവിതകള്‍, 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


സ്വന്തം

ഒരു പൂവും
ഒരു പൂമ്പാറ്റയിലൊതുങ്ങില്ല.
ഒരു പൂമ്പാറ്റയും
ഒരു പൂവിലുമൊതുങ്ങില്ല.
സ്വന്തമെന്നത്
ഒരു വാക്കിലുമൊതുങ്ങാത്തതു പോലെ.

Also Read: ഉള്ളിലെ നിലാരാവില്‍, രാജന്‍ സി എച്ച് എഴുതിയ കവിത

സ്പര്‍ശം

നീയെന്നെത്തൊടുമ്പോള്‍
എന്നെ മാത്രമായിരിക്കണം
എന്നാണെന്റെ പ്രാര്‍ത്ഥന.
എന്നാല്‍,
ഞാന്‍ നിന്നെത്തൊടുന്നത്
നിന്നെ മാത്രമല്ല
എന്റെ പ്രണയമേ!
പ്രപഞ്ചത്തെ മുഴുവന്‍.

ദാഹം

ദാഹിക്കുമ്പോള്‍
നമ്മള്‍
വെള്ളം കുടിക്കും.
ദാഹിക്കുമ്പോള്‍
പ്രണയികളോ
നിലാവ് കുടിക്കും.

Also Read: മരിച്ചതേതു പക്ഷമാകിലും കുഞ്ഞല്ലയോ, രാജന്‍ സി എച്ച് എഴുതിയ മൂന്ന് കവിതകള്‍

വായന

പ്രണയത്തെ 
ഒരൊറ്റ ഭാഷയിലേ
എഴുതാനാവൂ.

വായിക്കുന്നവരത് 
നൂറു ഭാഷയിലെങ്കിലും 
ഗ്രഹിച്ചെടുക്കും.

വിയോജിപ്പ്

പറയുന്നതെന്തായാലും
നിനക്കതിനോട് വിയോജിപ്പാണ്.
എനിക്കതിനോടും 
യോജിക്കാനേ ആവൂ.
ഞാനില്ലെങ്കില്‍
നീയാരോട് വിയോജിക്കും.
നിന്റെ യോജിപ്പല്ലേ ഞാന്‍?

Also Read: പൂച്ച എലിയെ പിടിക്കും വിധം, രാജന്‍ സി എച്ച് എഴുതിയ കവിത

ചേര്‍പ്പ്

ചേര്‍ന്നിരിക്കുമ്പോള്‍
നീയും ഞാനുമാണെന്നേ തോന്നി.
വേര്‍പെടുമ്പോഴോ നമ്മ_
ളൊന്നാണതെന്നേ തോന്നി.
ചേര്‍ന്ന വേര്‍പാടായ് കാലം.

കോട

മഞ്ഞുവീണ 
മലനിര പോലെന്നില്‍
നിന്നു മാഞ്ഞ 
നിന്നോര്‍മ്മകളൊക്കെയും
കന്നിവെയിലേ_
റ്റുരുകുമ്പോഴായിടാം
കണ്ണുനീരില്‍-
ത്തെളിവൂ പ്രദീപ്തമായ്!

Also Read: ഉണക്കമീന്‍, രാജന്‍ സി എച്ച് എഴുതിയ കവിത

തുടിപ്പ്

കാപ്പിക്കപ്പുകളറിയുമോ 
കാപ്പി മൊത്തും
നിന്‍ 
ചുണ്ടുകളിലെ 
വിറയല്‍?
ഞാനറിയുമ്പോലെ?

പറത്തം

പൂമ്പാറ്റയുടെ ചിറകില്‍
പറക്കുന്നത് എളുപ്പമാണെന്ന്
നീയെന്നെ ചിലപ്പോഴൊക്കെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നത്
എന്റെ ചുണ്ടുകളില്‍
നിന്റെ ചിറകുകള്‍ 
തുടിച്ചു പറക്കുമ്പോഴായിരുന്നല്ലോ,
എന്നെത്തള്ളി ജീവിതത്തിന്റെ
ഈ മുള്‍ക്കാട്ടില്‍ പരസ്പരം
ചോരയൊലിച്ചു കിടക്കും മുമ്പ്.

Also Read: കാല്‍പ്പന്ത്, രാജന്‍ സി എച്ച് എഴുതിയ കവിത

പ്രണയമാവില്ല

ഒരു നദിയും
ഒരു നദിയാവില്ല,
ഒഴുക്കില്ലെങ്കില്‍.
ഒരു പ്രണയവും
ഒരു പ്രണയമാവില്ല,
പ്രാണനില്ലെങ്കില്‍.
ഒരു സ്വപ്നവും
ഒരു സ്വപ്നമാവില്ല,
ജീവനില്ലെങ്കില്‍.

Also Read: ഏകാന്തം, രാജന്‍ സി എച്ച് എഴുതിയ കവിതകള്‍

നനഞ്ഞ മഴ

കുട്ടിക്കാലത്ത്
പാടവരമ്പിലൂടൊറ്റയ്ക്ക്
വീട്ടിലേക്കോടിയ മഴയുണ്ടല്ലോ
നനഞ്ഞ മഴ
പിന്നീടെത്ര മഴ നനഞ്ഞിട്ടും
തോരാതെ നനഞ്ഞ
ആ മഴയിലായിരുന്നു
എന്റെ പ്രണയം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...