ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

യുദ്ധവും മിഠായി മണങ്ങളും
നഗരം കുരിശുകളുടെ ആകൃതി
എത്ര ഇടങ്ങളില്‍ ചെന്നെത്തിയാലും
മുറിവുകള്‍ പൂക്കളെപ്പോലെ
വില്പനയ്ക്ക് വെച്ചിരിക്കുന്നു


നഗരത്തിലെ പാര്‍ക്കില്‍ രണ്ട് പേര്‍
ആദ്യമായി കണ്ടുമുട്ടുന്നു
രണ്ട് മുറിവുകള്‍ ചേര്‍ന്ന്
മരങ്ങളുണ്ടാവുന്ന പോലെ,
അവര്‍ക്ക് മുന്നില്‍
യുദ്ധവിമാനങ്ങളുടെ പകല്‍
നഗരത്തിലെത്തുന്ന
ആര്‍ക്കും എളുപ്പത്തില്‍
തിരിച്ചറിയാന്‍ കഴിയുന്നു

അവര്‍ നടക്കുമ്പോള്‍
നഗരവും നടക്കാനിറങ്ങുന്നു
പൂക്കള്‍ നടക്കുന്ന പോലെ,
ചില്ലകളുടെ കീഴെ
മുറിവുകളെ വര്‍ണ്ണക്കടലാസില്‍
പൊതിഞ്ഞ മിഠായി പോലെ
തൂക്കിയിട്ടിരിക്കുന്നു,

ഏതായിരിക്കും
ആദ്യത്തെ മിഠായികള്‍ ?
ഉത്തരങ്ങള്‍ക്ക് മുന്‍പേ
ആ രണ്ട് മനുഷ്യര്‍
മിയാക്കോ മെയ്‌ഷോവിലെ
ദ ഗ്രേറ്റ് ബുദ്ധ ഷോപ്പ്
പരിചാരകനെ പോലെ
ഓരോ മുറിവിലും
മിഠായിയെ വര്‍ണ്ണക്കടലാസില്‍
പൊതിയുന്ന തിരക്കിലാവും,

ആദ്യത്തെ മിഠായികള്‍
ആദ്യത്തെ മുറിവുകളായിരിക്കില്ല
യുദ്ധങ്ങള്‍ക്ക് ശേഷം
പിച്ചവെച്ച് നടക്കുന്നവര്‍
രൂപപ്പെടുത്തിയതാവണം,

ചിലര്‍ കൈ വിട്ടു പോകുന്ന
നാരങ്ങമണങ്ങളെ
കൈക്കുമ്പിളില്‍
ചുരുട്ടിപ്പിച്ചതാവണം ,

നോക്കൂ,
അപ്പോഴും നഗരത്തിന്
കുരിശുകളുടെ ആകൃതി
ഓരോ മുറിവിലും തെരുവുകള്‍
അടുപ്പില്‍ നിന്ന് പാകമാവുന്ന
മിഠായി മണങ്ങളെ
ആരും കാണാതെ
കാറ്റ് കൊണ്ട് പൊതിഞ്ഞ്
കൊണ്ടേയിരിക്കുന്നു
യുദ്ധം അവസാനിക്കുന്ന
നാളുകളിലേക്ക്
ഒരു വിത്തിനെ നടുന്നു,

ഒരു മരം നടക്കുന്നു
എന്നു കണക്കാക്കി
രണ്ട് മനുഷ്യര്‍
പിന്നെയും നടക്കുന്നു
ഒരു മിഠായി ലോകം
കൊതിക്കുന്നതോര്‍ത്ത്
മഴവില്ല് പൊതിഞ്ഞു
കൊണ്ടേയിരിക്കുന്നു

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...