ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. പര്‍വീണ്‍ ടി പി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പൂര്‍വ്വാശ്രമദര്‍ശനം
പ്രിയപ്പെട്ട ഉണ്ണിമോള്‍ക്ക്,
അച്ഛനാണ്... സുഖാണോ നിനക്ക്...കന്നിയിലെ അശ്വതിയില്‍ സര്‍പ്പം തുള്ളലാണ്. പ്രശ്‌നം വെച്ചപ്പോള്‍ ഇത്തവണ നിര്‍ബന്ധമായും നടത്തണമെന്ന് കണ്ടു. അടുത്ത തവണ അച്ഛനുണ്ടാവോ എന്ന് അറിയില്ല. നിന്നെ കാണണം എന്നുണ്ട്. ആത്മാക്കളെ ഓര്‍ത്തെങ്കിലും വരണം.
എന്ന് അച്ഛന്‍
ഒപ്പ്.
കത്തിന്റെ മറുപുറം എന്തോ പ്രതീക്ഷിച്ച് അവള്‍ മറിച്ചു നോക്കി. എന്നിട്ട് മൂക്കിനോട് ചേര്‍ത്ത് നിര്‍ത്തി ഒരു ദീര്‍ഘശ്വാസം എടുത്തു. ഭസ്മത്തിന്റെ മണം. അച്ഛന്റെ മണം. 'ന്നെ അച്ഛന്‍ കെട്ടി പിടിക്കേണ്ട, അച്ഛനെപ്പോഴും ഭസ്മത്തിന്റെ മണാ...ല്ലേ അമ്മേ...'
ലോണ്‍ ആവശ്യവുമായി നാട്ടിലെ പരിചയക്കാരനെ ബാങ്കില്‍ തന്റെ കാബിന് മുന്നില്‍ അപ്രതീക്ഷിതമായി കണ്ടപ്പോഴേ തോന്നിയിരുന്നു, അയാള്‍ നാട്ടില്‍ അറിയിക്കുമെന്ന്.
'ഉണ്ണിമോളല്ലേ....?' അതെ എന്ന് തലയാട്ടുക മാത്രം ചെയ്തു.
'ഇവിടെയാണോ ജോലി..?' ഉത്തരം പറഞ്ഞില്ല
'ഉണ്ണിമോള്‍..' ഇങ്ങനെ ആരെങ്കിലും വിളിച്ചിട്ട് ചുരുങ്ങിയത് പത്തു വര്‍ഷമായിക്കാണും.
''ക്ക് ന്തിനാ മ്മേ ഉണ്ണിമോള്‍ന്ന് പേരിട്ടത്..?'' ഞാന്‍ കരഞ്ഞു കൊണ്ട് അടുക്കള തിണ്ണയില്‍ ഇരുന്നു.
''ന്താപ്പോ ന്റെ ഉണ്ണിയ്ക്ക് ങ്ങനേ തോന്നാന്‍?''ചക്കിയേടത്തി വെള്ളം കോരുന്നതിനിടയില്‍ കിണറ്റിന്‍ കരയില്‍ നിന്ന് തല മാത്രം ജനല്‍കമ്പിയോട് ചേര്‍ത്ത് വെച്ചു ചോദിച്ചു. .
അമ്മ ഒന്നും മിണ്ടാതെ അടുപ്പിലെ വിറക് ഒതുക്കി വെള്ളം തിളച്ചോ എന്ന് നോക്കി, എപ്പോഴത്തെയും പോലെ നിര്‍വികരതയോടെ.
''ആണ്‍കുട്ട്യേക്ക് അല്ലെ അങ്ങനത്തെ പേരിടാ...?'' അതും പറഞ്ഞു ഞാന്‍ പിന്നെയും ചിണുങ്ങി...
'ഉണ്ണിമോള്‍...'
ഒരു എട്ടു വയസ്സുകാരിയുടെ വാശിയ്ക്ക് മുന്നില്‍ പേര് മാറ്റിയിട്ട ആദ്യത്തെ അച്ഛന്‍ എന്റേതാവും. അതിനും അമ്മേടെ റെക്കമെന്‍ഡേഷന്‍ വേണ്ടി വന്നു.
''അവള്‍ക്ക് പേര് മാറ്റണത്രേ'' അമ്മ രാവിലത്തെ കാലിച്ചായ കൈമാറുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
''ന്താ പ്പൊ ഈ പേരിന് കൊഴപ്പം..?'' അച്ഛന്‍ ചായ ഒരു വാ ഊതി കുടിച്ചു, കപ്പ് ടീപ്പോയിയില്‍ വെച്ചു.
''സ്‌കോളില് കുട്ട്യേളൊക്കെ കളിയാക്കത്രെ., രാത്രി ഉറക്കത്തിലും ഇതും പറഞ്ഞ് കരഞ്ഞു'' അച്ഛന്‍ മറുപടി പറയും മുന്‍പ് അമ്മ കൂട്ടി ചേര്‍ത്തു.
''ന്താച്ചാ ചെയ്‌തോട്ടെ, ന്തായാലും ഈ പേരും പറഞ് ഞാ എവടേം വരില്ല...'
'പോരെ...''
എന്നും പറഞ്ഞു അച്ഛന്‍ ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റ് മുണ്ട് ഒന്നൂടി അഴിച്ചെടുത്തു, ധൃതിയില്‍ മുറ്റത്തേക്ക് പോയി. അമ്മ വാതിലിന് പിന്നില്‍ പാതി മുഖം കാണിച്ചിരിക്കുന്ന എന്നെ നോക്കി രണ്ടു കണ്ണിറുക്കി ചിരിച്ചു.
അവസാനം ഞാന്‍ തന്നെ ഹെഡ് മാഷെ കണ്ട് പേര് മാറ്റി. ഉണ്ണിമോള്‍ എന്ന പേരില്‍ നിന്ന് 'രേഷ്മ. എസ്' എന്ന പേരിലേക്ക് ഒരു ജന്മാന്തരത്തിന്റെ വ്യാപ്തിയുണ്ട്. രൂപത്തിലും ഭാവത്തിലും ചിന്തകളിലും മറ്റൊരാള്‍. ചെറുപ്പം തൊട്ടേ അമ്മയെന്ന സ്‌കൂളില്‍ എന്നെ വാര്‍ത്തെടുക്കാന്‍ അച്ഛന്‍ ഒരുപാട് ശ്രമിച്ചു. വാതിലിന് പിറകില്‍ നിന്ന് അച്ഛന്റെ ആജ്ഞകള്‍ കടുകിട തെറ്റാതെ ഉള്‍ക്കൊള്ളുന്നൊരു വീട്ടുകാരിയെ പോലെ അമ്മയുമെന്നെമരുക്കിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ അമ്മ പോലും ഒരിക്കല്‍ തോറ്റിടത്ത് ഞാന്‍ എങ്ങനെ മികച്ചവളാവും..?
അച്ഛനെ അമ്മയ്ക്ക് പേടിയായിരുന്നു, അല്ല, പേടിയാണെന്ന് അച്ഛനെ തോന്നിപ്പിക്കാന്‍ അമ്മ എപ്പോഴും ശ്രമിച്ചു. അച്ഛനിഷ്ടമുള്ളത് വെച്ചുണ്ടാക്കി, ഇഷ്ടമുള്ള നേരത്ത് വിളമ്പി, പേടിച്ച് നില്‍ക്കുന്ന ഒരു പരിചാരികയെ പോലെ അമ്മ ജീവിതത്തിലെ നല്ലൊരു പങ്കും അഭിനയിച്ചു. പെട്ടെന്ന് ഒരു ദിവസം അമ്മയ്ക്ക് ആ അഭിനയം മടുത്തു. എന്തു കൊണ്ടോ അമ്മ അഭിനയം നിര്‍ത്തി. വെച്ചു വിളമ്പുന്നതും മേശപ്പുറത്തു കൊണ്ടു വെക്കുന്നതും തൂത്തു തുടക്കുന്നതും പയ്യെ പയ്യെ ചക്കിയേടത്തിക്ക് കൈമാറി.
ചോറിന്റെ വലതു വശത്തു ചോറിനോട് ഒട്ടാതെ തോരന്‍, അര സ്പൂണില്‍ കവിയാതെ അച്ചാര്‍, അതും ചോറില്‍ പുരളരുത്. കറിയാണെങ്കില്‍ ചോറ് അറിയാതെ ഒഴിക്കണം. ഒന്നും കൂടി കുഴയരുത്. ഒരു ദിവസം വിളമ്പലില്‍ എല്ലാം സ്ഥാനം തെറ്റിയത് കണ്ട് അച്ഛന്‍ സഹികെട്ടു ചോദിച്ചു.
''മ്മ്... അവളെന്തേ...?''
''കിടക്കാ...ന്തോ സുഗല്യ...'' ചക്കിയേടത്തി അമ്മയുടെ അഭിനയം കടം കൊണ്ട് പറഞ്ഞു.
കടം എടുത്ത അമ്മയുടെ അഭിനയം ചക്കിയേടത്തിക്കും പൂര്‍ണതയിലെത്തിക്കാനായില്ല. അമ്മ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞപ്പോള്‍ അച്ഛന്റെ പല അത്യാവശ്യങ്ങളും ആവശ്യങ്ങള്‍ പോലുമല്ലാതായി. പത്തു മണിയ്ക്ക് മുടങ്ങാതെ കിട്ടിയിരുന്ന കഞ്ഞി ആദ്യം സമയം തെറ്റി. പിന്നീട് എപ്പോഴോ അത് നിര്‍ത്തലാക്കി. അഞ്ചും ആറും തവണ കുടിച്ചിരുന്ന ചായയുടെ എണ്ണം കുറഞ്ഞു. ആരോടെന്നില്ലാതെ അച്ഛന്‍ കുറേ കലഹിച്ചു. കേള്‍ക്കാന്‍ ആളില്ലാതെ ആയപ്പോള്‍ അതും നിന്നു. പെട്ടെന്നൊരു ദിവസം അമ്മ മുകളിലെ നടു മുറിയില്‍ തൂങ്ങിയാടി. ചോദ്യവുമില്ല ഉത്തരവുമില്ല.
രേഷ്മ കുറേ നേരം മങ്ങിയ വെളിച്ചത്തില്‍ പൊടിപിടിച്ച അവ്യക്തമായ കണ്ണാടിയില്‍ നോക്കി നിന്നു. കണ്ണാടിയില്‍ അങ്ങിങ്ങായി പല ആകൃതിയിലുള്ള പൊട്ട് കുത്തിവെച്ചിട്ടുണ്ട്. ഹെയര്‍ പിന്‍ അഴിച്ച് ഉണങ്ങാത്ത മുടി വിടര്‍ത്തിയിട്ട് പിന്നെയും നിന്നു ഒരേ നില്‍പ്പ്. കത്ത് മടക്കി മേശ വലിപ്പില്‍ വെക്കുമ്പോഴും അവള്‍ക്ക് നിര്‍വികരത മാത്രമായിരുന്നു., അമ്മയില്‍ കണ്ട അതേ നിര്‍വികരത.
പതിവ് പോലെ കുളിച്ചൊരുങ്ങി, 'ആം തലബ്' പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്കിലെ ഏറ്റവും അവസാനത്തെ ബെഞ്ചില്‍ അലസമായി അസ്തമയം വരെയുള്ള ഇരുത്തം. ഇവിടുത്തെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയ ശേഷം മുടങ്ങാതെയുള്ളത് ഈയൊരു ഉല്ലാസം മാത്രമാണ്. ആം തലബ് ഒരു വെള്ളക്കെട്ട് ആണ്. വേനലില്‍ ചെളിക്കുണ്ടും. മാലിന്യം കനക്കുമ്പോള്‍ മീനുകള്‍ ചത്തു പൊന്തും. ചത്ത മീന്‍ തിന്നാന്‍ കടി പിടി കൂടുന്ന പന്നികളും പട്ടികളും. അതിന് ചുറ്റും കെട്ടി ഒതുക്കിയ അരമതിലിനു അഭിമുഖമായി ബെഞ്ചുകള്‍. വെള്ളക്കെട്ടിന്റെ ഒരതിരില്‍ തകര ഷീറ്റുകളാല്‍ കെട്ടിമറച്ച തെരുവാണ്. മറുവശത്തു ആശ്രമവും. വൈകുന്നേരമായാല്‍ ആശ്രമത്തില്‍ നിന്ന് ഭജന തുടങ്ങും. സായാഹ്‌നങ്ങളില്‍ വ്യായാമം ചെയ്യാനും, തന്നെപോലെ നേരം കൊല്ലാനും പാര്‍ക്കില്‍ ആളുകള്‍ നിറയും. ആശ്രമത്തില്‍ നിന്നുള്ള ഭജന, മാലിന്യം മണക്കുന്ന അലസമായ അസ്തമയം. എത്ര നേരം വേണമെങ്കിലും അങ്ങനെ ഇരുന്നു പോവും. വൈരുധ്യങ്ങളില്‍ സൗന്ദര്യം കണ്ടെത്തുന്ന ഉന്മദവസ്ഥയിലാണ് ഇന്ന് ഞാന്‍...
'ആത്മക്കളെ ഓര്‍ത്തെങ്കിലും.'-രേഷ്മയെ വീണ്ടും വീണ്ടും ചൂട് കാറ്റ് പൊള്ളിച്ചു.
അസ്തമയം കഴിഞ്ഞ് ഏഴര വരെ ഭജന. അത് കഴിഞ്ഞ് പാര്‍ക്കിന് മുന്നിലെ എണ്ണമറ്റ പാനിപൂരി കടയിലൊരെണ്ണത്തില്‍ നിന്ന് പാനി പൂരി കഴിക്കും. പിന്നീട്, കിട്ടുന്ന ഓട്ടോയില്‍ ഹോസ്റ്റലിലേക്ക്. എട്ടര ആവുമ്പോഴേക്കും ഹോസ്റ്റലില്‍. അന്ന് മാത്രം പതിവിലും പതിനഞ്ചു മിനുട്ട് വൈകി. മടങ്ങി പോവുന്ന വഴി ജയന്തി ജനതക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
അടുത്ത പ്രഭാതം ആവര്‍ത്തന വിരസത ഉള്ളതായിരുന്നില്ല. രാവിലെ ആറു മണിക്ക് ട്രെയിനില്‍ കയറി. അടുത്ത ദിവസം ഉച്ചക്ക് ഷൊര്‍ണുര്‍ സ്റ്റേഷനില്‍. വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തിലേക്കൊരു യാത്ര. തിരിച്ചറിവില്‍ നിന്ന് പറഞ്ഞു കൊള്ളട്ടെ, അനാഥത്വത്തിന്റെ വന്യമായ സ്വാതന്ത്ര്യം അതിനെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. ബന്ധനങ്ങളുടെ അജ്ഞതയിലേക്ക് ഒരിക്കല്‍ കൂടി യാത്ര തുടങ്ങട്ടെ, ബ്രഹ്മാശ്രമം, ഗൃഹാസ്ഥാശ്രമം, വാനപ്രസ്ഥം. ഒടുവില്‍, ഏറ്റവും ഒടുവില്‍ സന്യാസാശ്രമം. എത്ര കാതങ്ങള്‍ താണ്ടിയാണ് താന്‍ വീണ്ടും മടങ്ങി പോവേണ്ടത്? ഏതു മന്ത്രമുരുവിട്ടാണ് താന്‍ അതില്‍ നിന്ന് മോചനം നേടേണ്ടത്?
ട്രെയിന്‍ ഇറങ്ങിയ ഉടനെ ഓട്ടോയില്‍ വീട്ടിലേക്ക്. വണ്ടി പോവാന്‍ പാകത്തിന് പുതിയ വഴി വെട്ടി മണ്ണ് പാകിയിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞെങ്കിലും രേഷ്മ പഴയ ചെത്തു കല്‍പടവില്‍ ഓട്ടോ നിര്‍ത്തിച്ചു. ഓട്ടോ ചാര്‍ജ് കൊടുത്തു, ഇറങ്ങാന്‍ നേരം ക്ഷമാപണമെന്ന വണ്ണം അവള്‍ പറഞ്ഞു.,
'വിട്ന്ന് നടന്നോളാം... അതാണ് നിക്ക് പാകം..'
മഴ പെയ്തു കുതിര്‍ന്ന പായല്‍ പിടിച്ച പടവിന് മുന്നില്‍ തുകല്‍ ബാഗ് വലത്തേ തോളില്‍ വലിച്ചുവെച്ച് നിന്നു. പഴയ പ്രതാപം വിളിച്ചോതാന്‍ പടിക്കെട്ടിലെ വീഴാന്‍ വെമ്പി നില്‍ക്കുന്ന കല്ലുകള്‍ തിടുക്കം കൂട്ടി. ഈ പടവിനപ്പുറം ബന്ധങ്ങളുടെ ഊരക്കുടുക്ക് ആണ്. ഇപ്പുറം സന്യാസത്തിന്റെ സ്വാതന്ത്ര്യവും. മുന്‍പും എത്രയോ തവണ ഇവിടെയിങ്ങനെ നിന്നിട്ടുണ്ട്. ഈ പടിക്കെട്ടുകള്‍ താണ്ടി ത്യജിക്കാന്‍ വെമ്പുന്ന ഗൃഹസ്ഥാശ്രമത്തെ കുറിച്ച് ഓര്‍ത്തു. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും അതിര്‍ വരമ്പാണിത്. ത്യജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് ബന്ധങ്ങള്‍ ആണ്. സത്യത്തില്‍ ബന്ധങ്ങളെക്കാള്‍ സുരക്ഷിതത്വം അനാഥത്വത്തിലുണ്ട്. പൂര്‍വ്വാശ്രമത്തിന്റെ ഈ പടിക്കെട്ടുകള്‍ താണ്ടി സന്യാസാശ്രമത്തിനെ ത്യജിക്കാന്‍ രേഷ്മ മടിച്ചു നിന്നു.
വളരെ പരിചിതമായൊരു കാടിനുള്ളിലേക്ക് അറിഞ്ഞുകൊണ്ട് കയറി പോവുന്ന ഇരയെപ്പോലെയവള്‍ പടിക്കെട്ടുകള്‍ ശ്രദ്ധയോടെ കയറി. പടിഞ്ഞാറു കാവിനോട് ചേര്‍ന്ന് കുരുത്തോല പന്തലില്‍ സര്‍പ്പക്കലം തയ്യാറാവുന്നത് ഒരു നോക്ക് കണ്ടു. യാന്ത്രികമായി മുറ്റവും ഉമ്മറവും താണ്ടി വരാന്തയില്‍ ചെന്നു നിന്നു. ഗൃഹാതരത്വം പഴയതുപോലെ കൊതിപ്പിക്കുന്നില്ല., വേട്ടയാടുന്നുമില്ല.
'ഡിവോഴ്‌സ് പേപ്പറില്‍ ഒപ്പിടാ ച്ചാ, പിന്നെ ങ്ങോട്ട് വരണ്ട.' അവസാനമായി അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അങ്ങിങ്ങായി അലയടിച്ചു.
അമ്മയുടെ നിര്‍വികരത കടം കൊണ്ടു, ചാരുകസേരയില്‍ അവശനായിരിക്കുന്ന അച്ഛന്റെ മുന്നില്‍ ബാഗ് ഇറക്കി വെച്ചു. പഴയ പ്രതാപം നഷ്ടപ്പെട്ട വേട്ടക്കാരന്റെ നിസ്സഹായതയോടെ അച്ഛന്‍ ഒരു കൈ തലയ്ക്കു താഴെയും മറ്റേ കൈ നെഞ്ചത്ത് തടവി കൊണ്ട് അനന്തതയിലെ ഏതോ ബിന്ദുവിലേക്ക് നോക്കി അയവിറക്കി.
'വരുമെന്ന് അറിയായിര് ന്ന്... മനസ്സങ്ങനെ പറഞ്ഞു...' അച്ഛന്‍ മുഖത്തു നോക്കാതെ പറഞ്ഞു.
' മ്മ്.....' രേഷ്മയും മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.
അച്ഛന്‍ എന്തോ പറയാന്‍ വെമ്പി അടുത്തേക്ക് വന്നു, പിന്നീട് തോളില്‍ കൈ വെച്ച് പറഞ്ഞു, ' മുകളിലോട്ട് പൊയ്‌ക്കോളൂ. പഴയ മുറി തന്നെയാ.പോയി കെടന്നോളു.'
'ചക്കീ, കുട്ടിയ്ക്ക് മുറി തൊറന്ന് കൊട്ക്കൂ...' വാതിലിനോട് ചാരി നില്‍ക്കുന്ന ചക്കിയേടത്തി തല മാത്രം പുറത്തേക്കിട്ട് സമ്മതം മൂളി. രേഷ്മ മറുപടി പറയാതെ ബാഗ് കയ്യിലെടുത്തു മറ്റൊരു ചോദ്യത്തിന് അവസരം കൊടുക്കാതെ ധൃതിയില്‍ നടന്നു പോയി.
വളരെ പരിചിതമായിരുന്നിട്ടും യന്ത്രികമായി ഇടനാഴിയും, നടുമ്പുരയും, ഗോവണിയും, അമ്മയുടെ നടുമുറിയും കടന്ന് മുകളിലെ പടിഞ്ഞാറ്റിയിലെ (പടിഞ്ഞാറെ അറ്റത്തെ മുറി) പഴയ മേശപ്പുറത്തു ബാഗ് സ്ഥാനം പിടിച്ചു. അതേ മേശ, അതേ കട്ടില്‍, അതേ ജനല്‍ വിരി. നടുമുറിയുമായി ഒരു മതിലിന്റെ അകലം മാത്രം.
അമ്മ അവസാനമായി ശ്വാസം എടുത്തത് അവിടെ നിന്നാണ്. അലമാരയിലെ മുകളിലെ തട്ടില്‍ അമ്മ ഒളിപ്പിച്ചു വെച്ച ഡയറി, ഡയറിയില്‍ അമ്മയ്ക്ക് മാത്രം മനസ്സിലാവുന്ന എന്തൊക്കെയോ എഴുത്തു കുത്തുകള്‍. കലണ്ടറില്‍ അങ്ങങ്ങായി കുത്തിക്കുറിച്ചിട്ട പാല്‍ മുടങ്ങിയ ദിവസങ്ങളിലെ കണക്കുകള്‍. മാറാല അലങ്കരിച്ച ടേബിള്‍ ഫാന്‍, നരച്ച ചുമന്ന കിടക്ക വിരി, അമ്മയുടെ ഭാരം അളന്ന ഉത്തരം. അമ്മ മരിച്ചതിനു ശേഷം തുറന്നു കണ്ടില്ലെങ്കിലും ആ മുറിയെനിക്ക് അത്രയും പരിചിതമാണ്. വേട്ടയാടാത്ത ഓര്‍മ്മകള്‍ എന്തിനു കൊള്ളാം!
നേരം കടന്നു. ഉച്ച കഴിഞ്ഞു. അറിയാതെ കുറേ നേരം ഉറങ്ങി. അമ്മ തൂങ്ങിമരിച്ച രാത്രിയും ഞാന്‍ കുറേ ഉറങ്ങിയിരുന്നു. എത്രയും വേഗത്തില്‍ ഇന്ന് രാത്രി കഴിഞ്ഞുകൂടണം. ഇടയ്‌ക്കെപ്പോഴോ ചക്കിയേടത്തി ചോറുണ്ണാന്‍ വിളിച്ചു. വിശപ്പില്ലായ്മ പറഞ്ഞു ഒഴിവാക്കി. പൊടി പിടിച്ച ജനലിനപ്പുറത്തു വെയില്‍ പൊള്ളിച്ചു.
ജനല്‍ തുറന്നു, പണ്ടും പൊള്ളിക്കുന്നതെന്തും കൈ നീട്ടി സ്വീകരിക്കും. സര്‍പ്പം തുള്ളലിന്റെ കളമെഴുത്ത് ജനലിലൂടെ കാണാം.
'താഴെ എല്ലാരും ചോയ് ക്ക് ണ്ട്...'
ചിന്തകളെ മുഴുമിപ്പിക്കും മുന്‍പ് ചക്കിയേടത്തി വാതിലിന് അടുത്ത് വന്നു പറഞ്ഞു.
'മ്മ്...വരാം..' മനസ്സില്ലെങ്കിലും അനിവാര്യമായത്, ഒരിക്കല്‍ അഭിമുഖീകരിക്കേണ്ട ഒന്നെന്നു മനസ്സില്‍ കണ്ടത് അടുത്തെത്തിയിരിക്കുന്നു. താഴെ തീന്മേശയില്‍ ചോദ്യോത്തര വേള. ചായയും പലഹാരങ്ങളും ഊട്ടി അനന്തരവളെ, അല്ലെങ്കില്‍ അനിയത്തിയെ, പിറക്കാത്തവളെ സല്‍ക്കരിക്കുക എന്നല്ല പ്രധാന ഉദ്ദേശം..
'എവിടെര്‍ന്നു നീ യ്യ്?' ' മൂത്ത അമ്മായി.
'കൊറച്ച് വടക്കാ. റായ്ച്ചുര്‍ എന്ന് പറയും.'
'ന്താ പണി?'-പേരറിയാത്ത മറ്റൊരാള്‍
'ബാങ്കില്‍.. ക്ലാര്‍ക്ക് ആണ്.'
'കൊറേ പൈസണ്ടാവും ല്ലേ.'-നിര്‍ത്തിയടത്ത് തന്നെ കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീ തുടര്‍ന്നു പറഞ്ഞു തുടങ്ങി
'ന്ത് ണ്ടായിട്ടെന്താ? ത ല്ലേ ജീവിതം..'
'താ പെണ്‍കുട്യോളെ കൂടുതല് പഠിപ്പിക്കര്ത്ന്ന് പണ്ടുള്ളോരു പറയ്ണത്..'- പേരറിയാത്ത പലരും മാറി മാറി അഭിപ്രായപ്പെട്ടു.
'അയ്‌ന് പറഞ്ഞൊട്ത്ത് നല്ലോണം നടത്താന്‍ വീട്ടില് പെണ്ണുങ്ങള് വേണം.' കൂട്ടത്തിലെ എല്ലാവരും വീണ്ടും വീണ്ടും പറഞ്ഞു നെടുവീര്‍പ്പിട്ടു.
ചായക്കോപ്പകള്‍ നിരത്തുമ്പോള്‍ ചക്കിയേടത്തിയും ദീര്‍ഘമായി നിശ്വസിച്ചു. നിര്‍വികരത കടം കൊണ്ട് അതെല്ലാം മൂളി കേട്ടു. നിര്‍വികരതയെ കൂട്ടു പിടിക്കാന്‍ അമ്മയാണ് പഠിപ്പിച്ചത്. അമ്മ പഠിപ്പിച്ചതില്‍ രേഷ്മ ഉള്‍ക്കൊണ്ടത് അത് മാത്രമാണ്. അതും കടംകൊള്ളാന്‍ മാത്രേ പഠിച്ചോള്ളൂ. ഉള്‍ക്കൊള്ളാന്‍ ഇതു വരെയായില്ല.
'കുട്ടി പോയി കുളിച്ച് ശുദ്ധം വരുത്തിക്കോളൂ. യാത്ര കഴിഞ്ഞതല്ലേ.'-അച്ഛന്റെ ഉമ്മറത്തു നിന്നുള്ള അറിയിപ്പോടു കൂടി ആള്‍ക്കൂട്ട വിചാരണയ്ക്ക് അന്ത്യം കുറിച്ചു.
പടിഞ്ഞാറ്റിയിലൊളിച്ചു. രക്ഷ തേടി വീണ്ടും വീണ്ടും മാളം തേടി അലയുന്ന പാമ്പിനെ പോലെ എരിപിരി കൊണ്ടു. ഗോവണി കയറുന്ന കല്‍പ്പാടുകള്‍ അസ്വസ്ഥയാക്കി. മനുഷ്യ വംശത്തെ കാണിക്കല്ലേ നാഗ രാജാ എന്ന് ഇടക്കിടെ പ്രാര്‍ത്ഥിച്ചു.
'കുളി കഴിഞ്ഞാല്‍ താഴോട്ട് വന്നോളാന്‍ പറഞ്ഞു'-ചക്കിയേടത്തി വാതിലില്‍ എത്തി നോക്കി പറഞ്ഞു.
'ആര്..? രേഷ്മ തിരിഞ്ഞു നോക്കാതെ ചോദിച്ചു.
'അച്ഛന്‍!'
'ആര്‌ടെ അച്ഛന്‍?'
'കുട്ടീടെ തന്നെ. അല്ലാതെ ആര്‌ടെ?'- ചക്കിയേടത്തി മറുപടി പറഞ്ഞു ഗോവണി ഇറങ്ങാന്‍ തുടങ്ങി.
'ഞാനിവിട്ന്ന് കൂടിക്കോളാന്ന് അച്ഛനോട് പറഞ്ഞോളൂ'-ധൃതിയില്‍ ഗോവണി വരെ നടന്നു പോയി ചക്കിയേടത്തിയുടെ തോളില്‍ കൈവെച്ചു പറഞ്ഞു. ചക്കിയേടത്തി തിരിഞ്ഞു നോക്കി, എന്തോ എതിര്‍ത്തു പറയാന്‍ തുടങ്ങി. തൊണ്ടയില്‍ കുടുങ്ങിയത് വിഴുങ്ങി ഗോവണി ഒച്ചപ്പാട് ഉണ്ടാക്കാതെ ഇറങ്ങിപ്പോയി.
വിളക്ക് തെളിഞ്ഞു. കാഹളം മുഴങ്ങി. നാഗസ്വരവും ഇലത്താളവും മീട്ടി തുടങ്ങി.
ഓം നാഗാ, മഹാനാഗാ…
ഓം നാഗാ, വരമേടൂ...
അനന്ത ശയനാ ദേവാ…
ഓം നാഗാ, വരമേടൂ...
വാസുകി, തക്ഷക, കര്‍ക്കോടക…
ഓം നാഗാ, വരമേടൂ...
ഓം നാഗാ, വരമേടൂ…
കാവില്‍ വാഴുന്ന മഹാനാഗാ...
ഓം നാഗാ, വരമേടൂ…
നാരായണന്‍ തന്നെയാ സര്‍പ്പന്‍...
ഓം നാഗാ, വരമേടൂ…
വിശ്വത്തിന്റെ രക്ഷകനായോന്‍...
ഓം നാഗാ, വരമേടൂ…
സര്‍പ്പദേവന്‍ പ്രസാദിച്ചീടട്ടെ...
ഓം നാഗാ, വരമേടൂ...
സര്‍പ്പം തുള്ളല്‍ പൂര്‍ത്തിയായി. ദൈവാനുഭവം ഉണ്ടായവരെ ആരൊക്കെയോ താങ്ങിക്കൊണ്ടു പോയി. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ പയ്യെ കെട്ടടങ്ങി. ആഘോഷത്തിന് ഔപചാരികമായി അന്ത്യം കുറിച്ചു.
പിറ്റേന്ന് സൂര്യനുദിക്കും മുന്‍പ് രേഷ്മ തുകല്‍ബാഗ് തോളില്‍ തൂക്കി. അച്ഛനോട് മാത്രം യാത്ര പറഞ്ഞു.
'പ്രാതല്‍ കഴിച്ചിട്ട് പോവായിര്ന്നു.'അച്ഛന്‍ ഒറ്റയ്ക്ക് പറഞ്ഞു.
'നാളെ തന്നെ ജോയിന്‍ ചെയ്യണം, അതാ.'-രേഷ്മയും ഒറ്റയ്ക്ക് പറഞ്ഞു.
പതിവ് പോലെ ചെങ്കല്‍ പടവുകളില്‍ രേഷ്മ ഒരു നിമിഷം നിന്നു. തിരിഞ്ഞു നോക്കി. മാറാല പിടിച്ച അടഞ്ഞ നടുമുറിയിലെ ജനലിലേക്ക് നോക്കി..
അമ്മേ, തിരിച്ചറിവില്‍ നിന്ന് തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് അറിയിച്ചു കൊള്ളട്ടെ. ഭൂതകാല ബന്ധങ്ങള്‍ക്കുപരി വനവാസത്തെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. പൂര്‍വാശ്രമം മറന്നു കൊള്ളുന്നു.വിട...


