ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് മുഹമ്മദ് ഫൈസല്‍ വി എഴുതിയ ചെറുകഥ. Asianet News Chilla literary space. malayalam Short Story by Muhammad Faisal V
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പഹല്‍ഗാം
പീര്‍പഞ്ജാല്‍ ഗിരിശൃംഗങ്ങളിലും ബനിഹാല്‍ ചുരത്തിലും കറങ്ങി നടക്കുന്ന കാറ്റ് ഇടക്ക് കശ്മീര്‍ വാലിയിലും വരാറുണ്ട്, അതിന് എപ്പോഴും നേര്‍ത്ത കുങ്കുമപ്പൂവിന്റെയും കടുക് പൂക്കളുടെയും സമ്മിശ്ര ഗന്ധമായിരിക്കും. കശ്മീരികള്‍ ഇന്ന് വരെ കണ്ടെത്താത്ത ശിലാജിത്തിന്റെ അമൂല്യ ശേഖരങ്ങളെ തഴുകി, ഭൂമിക്ക് മുകളില്‍ എന്റെയും നിന്റെയുമെന്ന് തീരുമാനിച്ച് മനുഷ്യന്‍ വളച്ച് കെട്ടിയ ദുര്‍ബലമായ അതിരുകളെ പുച്ഛത്തില്‍ തലങ്ങും വിലങ്ങും മറികടന്ന് അത് ദാല്‍ തടാകത്തിലെ ഷിക്കാരകളുടെ ഇളം പച്ച പതാകകളില്‍ ഉരുമ്മി രസിക്കാറുണ്ട്.
വെള്ളത്തില്‍ ഒഴുക്കിയ ചിരാതുകള്‍ പോലെ ഷിക്കാരകള്‍ പതിയെ നീങ്ങുന്നത് ഷാഫി കൗതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു. അവയില്‍ നിന്ന് സ്വര്‍ണ നിറമുള്ള വെളിച്ചം വെള്ളത്തിലാകെ പരന്നൊഴുകിയ പോലെ തോന്നിച്ചു. തണുത്ത് വരണ്ട കാറ്റ് മുഖത്തടിച്ചപ്പോള്‍ അവന്‍ ഷാള്‍ എടുത്ത് ഒന്നൂടെ പുതച്ചു. കയ്യിലെ ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന കശ്മീരി കഹ് വ കൂടി അവന്‍ കുടിച്ചു തീര്‍ത്തു. നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടത്രെ ഓരോ കഹ് വക്കും.
പാംപോറിലെ കുങ്കുമപ്പാടങ്ങളില്‍ നിന്നെത്തുന്ന കുങ്കുമപ്പൂ ഇട്ട്, കശ്മീരില്‍ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ നറുമണമുള്ള നാടന്‍ ഇലച്ചായ. മുഗള്‍ സുല്‍ത്താന്‍മാരുടെ രാജകീയ തീന്‍ മേശകളിലെ സ്ഥിരം പാനീയം. അവന്റെ അരികിലെ സിമന്റ് ബെഞ്ചില്‍ ഒരു സിപ്പ് പോലും കുടിക്കാത്ത ലൈലമ്മാന്റെ കഹ് വ ഇരിക്കുന്നുണ്ടായിരുന്നു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നും വിലപേശി കശ്മീര്‍ ഷാള്‍ വാങ്ങുന്ന ലൈലമ്മാനെ അവന്‍ കണ്ടു. 'ഈ തളളക്ക് ക്ഷീണവുമില്ലേ'-അവന്‍ പിറുപിറുത്തു.
ഇന്ന് രാവിലെ സോനമാര്‍ഗില്‍ പോയി അവിടത്തെ മഞ്ഞില്‍ കാണിച്ച് കൂട്ടിയത് കണ്ടാല്‍ എഴുപത് വയസുള്ള തള്ള തന്നെ ആണോ ഇതെന്ന് തോന്നിപ്പോവും. അവന്‍ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു. അറിയാവുന്ന മുറിഹിന്ദിയില്‍ അവര്‍ തര്‍ക്കിക്കുകയാണ്. ഷാള്‍ വില്‍ക്കുന്ന കശ്മീരിയെ കണ്ടാല്‍ അറിയാം അയാള്‍ ആകെ കുടുങ്ങി നില്‍ക്കുകയാണെന്ന്
'കിത് നാ ഹേ ബായ്?'
'ദോ സൗ പചാസ്'
പോക്കറ്റില്‍ നിന്നും ഇരുനൂറ്റമ്പത് രൂപ എടുത്ത് കൊടുത്ത് ഷാഫി ആ ഷാള്‍ വാങ്ങി.
'ഇങ്ങട് വരിന്‍'-അവന്‍ അവരുടെ കയ്യില്‍ പിടിച്ച് വലിച്ചു.
'ഔ ന്റെ ബനെ. നൂറുപ്പ്യക്ക് വാങ്ങണ്ട സാനം ആണ് ജ് ഇരുനൂറ്റമ്പതിന് വാങ്ങീത്. പൈസക്ക് വെലേല്ലാത്തോന്‍'-ലൈലമ്മ പറഞ്ഞു.
'സാരല്ല വരിന്‍, ചായ കുടിക്കിന്‍..' അവന്‍ അവരെ സമാധാനിപ്പിച്ചു.
വൈകുന്നേരം ഏഴു മണിയായിട്ടും സൂര്യന് അസ്തമിക്കാന്‍ എന്തോ മടി പോലെ. സൂര്യന്‍ അസ്തമിച്ചാല്‍ വെള്ളത്തില്‍ അടിയുന്ന ചകിരിത്തൊണ്ടുകള്‍ പോലെ ഷിക്കാരകള്‍ ഒന്നൊന്നായി തീരത്ത് തറച്ചിരിക്കുന്ന മരക്കുറ്റികളില്‍ ബന്ധിക്കും.
'നമുക്ക് പോയാലോ?'
ദാല്‍ തടാകത്തെ കണ്ട് ആസ്വദിക്കുന്ന ലൈലമ്മാനോട് അവന്‍ ചോദിച്ചു. അവര്‍ മെല്ലെ ലോഡ്ജിലേക്ക് നടന്നു.
'പോഷ് മാല്‍ ഗിന്ദാനെ ഡ്രായ് ലോ ലോ
രിന്ദ് പോഷ് മാല്‍ ഗിന്ദാനെ ഡ്രായ് ലോ ലോ
ഹരേ ബൗസേ നോലോ ബ്രായി ലോ ലോ
രിന്ദ് പോഷ് മാല്‍ ഗിന്ദാനെ ഡ്രായ് ലോ'
പഴയ ഏതോ കശ്മീരി ഗാനത്തിലെ വരികള്‍ ഏതോ വിദൂരതയില്‍ നിന്നെന്നപോലെ തെരുവില്‍ കാറ്റിനൊപ്പം അലയടിക്കുന്നു. പ്രകൃതിക്കൊരു നേര്‍ത്ത വിഷാദച്ഛായയുണ്ടോ? ചുറ്റുപാടിന്റെ ഭാവങ്ങളെ ആഗിരണം ചെയ്യാന്‍ മനുഷ്യ മനസ്സിനോളം കഴിവുള്ള സാധനം വേറെയില്ല. മനസില്‍ അറിയാത്ത ഒരു നൊമ്പരം. ഇനി ചുറ്റുപാടുമുള്ള വിഷാദിച്ചിരിക്കുന്ന മനുഷ്യരുടെ ഭാവങ്ങളെ പ്രകൃതി ആഗിരണം ചെയ്തതാണോ?
'അല്ല മനേ, പെരേക്കൊന്ന് വിളിച്ച് പറേണ്ടേ. അന്റെ വാപ്പ തെരെയൂലെ. ഇവിടെ ഉണ്ടെന്ന് അറിയിച്ചാല്‍ മതി.'
ലോഡ്ജിലെത്തിയപ്പോള്‍ ലൈലമ്മ ചോദിച്ചു.
'അയിന് എനിക്ക് പിരാന്തല്ലേ.. മൂത്ത പിരാന്ത്. അയിനല്ലേ എന്നെ അവര് റൂമിലിട്ട് പൂട്ടിയത്. ഇന്റെ പടിത്തം നിര്‍ത്തിച്ചത്. നായിനെ തല്ലും പോലെ തല്ലിച്ചതച്ചത്. പിരാന്തന്‍ എവിടെ പോയാലെന്താ...' ഷാഫി വിറക്കാന്‍ തുടങ്ങി. കണ്ണുകള്‍ പുറത്തേക്ക് തള്ളി, സങ്കടവും ദേഷ്യവും ഒരുപോലെ അവനെ മഥിച്ചു. ലോഡ്ജിലെ ജനാലയിലൂടെ വിദൂരതയില്‍ നോക്കി അവന്‍ നിന്നു.
'ആ, പോട്ടെ അത് വേണ്ട. ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ. നാളെ നമ്മള്‍ എവിടെ പോണ്?'- വിഷയം മാറ്റാന്‍ ലൈലമ്മ ചോദിച്ചു.
'പഹല്‍ ഗാം.'
പതിഞ്ഞ ശബ്ദത്തില്‍ അവന്‍ മറുപടി പറഞ്ഞു. അവന്‍ ആ മാനസികാവസ്ഥയില്‍ നിന്ന് പുറത്ത് വന്നിട്ടില്ലെന്ന് അവര്‍ക്ക് മനസിലായി. നിറഞ്ഞുവന്ന കണ്ണീര്‍ അവന്‍ ലൈലമ്മ കാണാതെ തുടച്ചു.
ലൈലമ്മാനെയും കൂട്ടി ആരുമറിയാതെ വീട്ടില്‍ നിന്ന് ചാടിയത് അവന്‍ ഓര്‍ത്തു.
താന്‍ വിളിച്ചാല്‍ എങ്ങോട്ടും വരും അവര്‍, അതാണ് ആ സ്‌നേഹം. നട്ടപ്പാതിരാക്ക് അവരെയും ബൈക്കിന്റെ പുറകിലിരുത്തി ഷൊര്‍ണൂര്‍ക്ക്. അവിടെന്ന് കിട്ടിയ ട്രെയിനില്‍ കയറി. എവിടെക്കുള്ള ട്രെയിനാണ് എന്നൊന്നും നോക്കിയില്ല. നാട് വിടണം. ആ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു. വാപ്പയും മറ്റുള്ളോരും അത്രക്ക് ഉപദ്രവിച്ചിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാഞ്ഞിട്ടും കണ്ണില്‍ കണ്ട മരുന്നുകള്‍ തരുന്നു. റൂമില്‍ അടച്ചുപൂട്ടുന്നു. വെറുതെ തല്ലുന്നു.ഒ ടുവില്‍ എങ്ങനെയൊക്കൊയോ ചാടി, കറങ്ങിത്തിരിഞ്ഞ് കശ്മീരെത്തി. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ലൈലമ്മ ഉറക്കം പിടിച്ചിരുന്നു.
അവര്‍ ഉറങ്ങി എന്ന് ഉറപ്പായപ്പോള്‍ അവന്‍ ഒരു സിഗററ്റ് കത്തിച്ചു. പുക ജനലിലൂടെ പുറത്തേക്ക് ഊതിക്കളഞ്ഞു. ദൂരെയുള്ള മലയില്‍ മാലയില്‍ മുത്ത് കോര്‍ത്തു വെച്ച പോലെ പട്ടാള ബാരക്കുകളില്‍ നിന്നുള്ള വെളിച്ചം അവന്‍ കണ്ടു. ഇന്ത്യയുടെ നാനാതുറകളില്‍ നിന്നുള്ള മനുഷ്യര്‍ ഒരേ മനസും വികാരവുമായി ഇരുട്ടിന്റെ മറവില്‍ എത്തുന്ന ശത്രുവിനെ സദാ സമയവും പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നു.
ഈ ലോകത്ത് മനുഷ്യരോളം ബന്ധിക്കപ്പെട്ടവര്‍ ആരുമില്ലെന്ന് അവന് തോന്നി. ജീവികളെ ഭൗതികമായ ചങ്ങലകള്‍ കൊണ്ടേ ബന്ധിക്കാന്‍ കഴിയൂ. എന്നാല്‍ മനുഷ്യന്‍ അനേകം അദൃശ്യ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവനാണ്. ഉത്തരവാദിത്വം, സ്‌നേഹം. ലൗകികമായ അതിര്‍വരമ്പുകള്‍, ഇതിലെല്ലാം കുടുങ്ങിത്തിരിയുന്ന ഒരു ഉറുമ്പാണ് മനുഷ്യന്‍. പേന കൊണ്ട് കടലാസില്‍ വരച്ച ഒരു വരമാത്രമാണ് തടസ്സങ്ങള്‍ എന്നറിയുന്ന നിമിഷം അവന്‍ അത് മറികടക്കും, വളരെ വേഗത്തില്‍. പക്ഷേ സമൂഹം അവനെ സന്യാസി എന്ത് വിളിക്കും. അതല്ലെങ്കില്‍ താന്തോന്നി എന്നും.
അവന്‍ ലൈലമ്മയെക്കുറിച്ചോര്‍ത്തു. അവരുടെ സാമീപ്യം തരുന്ന സമാധാനത്തെക്കുറിച്ച് ഓര്‍ത്തു. വല്ലിമ്മ ആണെങ്കിലും ചെറുപ്പത്തില്‍ പെറ്റുമ്മ മരിച്ച തനിക്ക് ഉമ്മ തന്നെ ആണവര്‍. ഓര്‍മയുടെ പൂപ്പല്‍ പിടിച്ച നെഗറ്റീവ് ഫിലിമുകളില്‍ നിറയെ യാത്രകളുടെ നിമിഷങ്ങള്‍. ചെറുപ്പത്തില്‍ തന്നെയും കൂട്ടി അവര്‍ പോകാത്ത സ്ഥലമില്ല. അജ്മീര്‍, നാഗൂര്‍, മമ്പുറം, മുനമ്പം, പുത്തന്‍ പള്ളി, തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള അനേകം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് നേര്‍ച്ച നേര്‍ന്ന് തന്നെയും കൂട്ടി പോവും. ചന്ദനത്തിരിയും കര്‍പ്പൂരവും മണക്കുന്ന ദര്‍ഗക്കുള്ളില്‍ നിന്ന് പച്ചത്തുണി കൊണ്ട് യാറം മൂടിക്കും. മധുരമുള്ള ചീരണി വായില്‍ വച്ച് തന്ന് പ്രാര്‍ത്ഥിക്കും. 'പടച്ചോനേ, ഔലിയാ പാപ്പാ ഇന്റെ കുട്ടിനെ എല്ലാവിധ ബലാല്‍ മുസീബത്തില്‍ നിന്നും കാത്തോളണേ...'
ഓര്‍മ വെച്ച കാലം മുതല്‍ ആ ഒരു അതീന്ദ്രിയ വലയത്തിന്റെ കാവലില്‍ ആയിരുന്നു.
മുത്തശ്ശിക്കഥകളിലൂടെ അമ്മയെക്കുറിച്ച് , സ്‌നേഹലാളനെകളെക്കുറിച്ച് അറിയേണ്ടി വന്ന ഹതഭാഗ്യന്‍. പിതാമഹന്‍മാരുടെ സത്യവും ഭാവനയും ഇഴചേര്‍ന്ന ചരിത്ര കഥകള്‍ കേട്ട് പൊട്ടിച്ചിരിച്ച ഭാഗ്യവാന്‍. ബാല്യത്തിന്റെ സന്ധ്യകളില്‍ വീടിന്റെ പിള്ളത്തിണ്ടിലിരുന്ന് വെളിച്ചെണ്ണയും ഉപ്പും കുഴച്ച ചോറിനൊപ്പം മുതുമുത്തച്ഛനായ ആലി മരക്കാരുടെ ഖിസ്സകള്‍ എത്രയെത്ര ഉരുട്ടിത്തന്നിരിക്കുന്നു ലൈലമ്മ. അവര് പറയുന്ന കഥ കേട്ടാല്‍ നമ്മള്‍ ആ കാലഘട്ടത്തിലെത്തിയ പോലെ തോന്നും. ആലിമരക്കാര്‍ എന്ന ആജാനുബാഹുവായ മനുഷ്യന്റെ കൂടെ കുതിരപ്പുറത്തേറി പാഞ്ഞു പോവുന്ന ലൈല എന്ന അഞ്ച് വയസ്സുകാരിയെ മുന്നില്‍ കാണും.
നാട് വാഴുന്ന തമ്പുരാന്റെ മാളികയിലെ കാര്യസ്ഥനായിരുന്നു അദ്ദേഹം. കാര്യസ്ഥന്‍ മാത്രമല്ല, അവിടത്തെ പാറു എന്ന പെണ്ണാനയുടെ പാപ്പാന്‍ കൂടെ ആയിരുന്നു. സൂര്യനുദിക്കുന്നതിനു മുമ്പേ കോരന്‍ കടവ് പുഴയില്‍ ആറാട്ട് കഴിഞ്ഞ് പാറുവും മരക്കാരും കോലോത്തേക്ക് വരുന്ന കാഴ്ച പറയുമ്പോള്‍ ലൈലമ്മാന്റെ നെറ്റിത്തടം വികസിക്കും. ആ കണ്ണുകളില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം വെള്ളമൊലിക്കുന്ന ശരീരമുള്ള ഒരാനപ്പുറത്തിരിക്കുന്ന പച്ചത്തലപ്പാവ് കെട്ടിയ ഒരു വലിയ മനുഷ്യനെ. ഏഴടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു പെരുത്ത മനുഷ്യനായിരുന്നത്രെ മൂപ്പര്‍. സാധാരണ ഒരാള്‍ക്ക് ഉള്ള വിശപ്പല്ലായിരുന്നു അദ്ദേഹത്തിന്. മാളികയില്‍ നിന്ന് ആനക്ക് കൊടുക്കാന്‍ ധാരാളം ചോറും ശര്‍ക്കരയുമൊക്കെ കൊടുത്ത് വിടും.
അത് കിട്ടുമ്പോ മൂപ്പര് പറയും, 'പാറോ... അനക്ക് ഈ ചോറും ചക്കരേം ഒന്നും ഇല്ലെങ്കിലും പള്ള നറക്കാം.
ഞമ്മള് ഒരു മനസന് ആയില്ലേ, നമ്മക്ക് ഇതേ തിന്നാന്‍ പറ്റൂ.'
ആനക്ക് നല്ല പട്ടയും ഓലയും വെട്ടി വയറ് നിറച്ചിട്ട് മാത്രേ ആ ഭക്ഷണം മരക്കാര്‍ കഴിക്കുള്ളു. എന്നാലും അദ്ദേഹത്തിന്റെ വയറിനെ തൃപ്തിപ്പെടുത്താന്‍ അതൊന്നും പര്യാപ്തമല്ല എന്നതാണ് സത്യം. ഒരിക്കല്‍ ഈ സംഭവം തമ്പ്രാന്‍മാര് അറിഞ്ഞു. അപ്പോത്തന്നെ മൂപ്പരെ പിരിച്ച് വിട്ടത്രെ. പാറുവിന് പുതിയ പാപ്പാന്‍ വന്നു. അന്ന് വൈകുന്നേരം കുളിപ്പിക്കാന്‍ പുഴയിലിറക്കിയ പാറു തിരിച്ച് കേറാന്‍ കൂട്ടാക്കിയില്ല, ആരൊക്കെ ശ്രമിച്ചിട്ടും അവള്‍ കയറിയില്ല. ഒരു രാത്രിയും അര പകലും അവള്‍ ആ നില്‍പ് നിന്നു. അവസാനം തമ്പ്രാന് മരക്കാറെ വിളിപ്പിക്കേണ്ടി വന്നു.
'പാറുവേ കേറിവാ മാളേ'-അയാളുടെ സ്വരം കേട്ടതും അമ്മയെ കണ്ട നഴ്‌സറി കുട്ടിയെ പോലെ പാറു വെള്ളത്തില്‍ നിന്ന് കേറി വന്നത്രെ.
ഇതിലും രസകരമായ ഒരു സംഭവം ലൈലമ്മ ഷാഫിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. കോലോത്തെ ആരുടെയോ പിറന്നാളിന് നല്ല പാല്‍പ്പായസം ഉണ്ടാക്കി അവിടത്തെ അടിയാന്‍മാര്‍ക്കും സൈനികര്‍ക്കും ഒക്കെ വിതരണം ചെയ്തത്രെ. മരക്കാറിന്റെ വിശപ്പും കൊതിയും എല്ലാം അറിയുന്ന തമ്പ്രാന്‍ മൂപ്പര്‍ക്ക് ഒരു വലിയ അണ്ടാവ് പായസം കൊടുക്കാന്‍ തന്നെ ഏര്‍പ്പാടാക്കി. നല്ല നാടന്‍ നെയ്യിന്റെ നറുമണവും രുചിയുമുള്ള പാല്‍പായസം അത്ര തന്നെ സേവിച്ചിട്ടും മരക്കാരുടെ കൊതി അടങ്ങിയില്ല. ഇനി ചോദിക്കുന്നത് ഭംഗിയുമല്ല. പക്ഷേ കൊതി അടക്കി നിര്‍ത്താന്‍ കഴിയുന്നുമില്ല. അവസാനം അടുക്കളയില്‍ കയറി എടുക്കാന്‍ തന്നെ തീരുമാനിച്ചു.
ഉച്ചകഴിഞ്ഞ് സദ്യയുടെയും പായസത്തിന്റെയും ആലസ്യത്തില്‍ എല്ലാവരും മയങ്ങുന്ന സമയം തന്നെ മൂപ്പര്‍ തിരഞ്ഞെടുത്തു. അടുക്കളക്കിണറിന്റെ കൈവരികളിലൂടെ കയറി വെള്ളം കോരുന്ന ദ്വാരത്തിലൂടെ അകത്തേക്ക് കയറാനായിരുന്നു പദ്ധതി. അതിനായി കിണറിന്റെ മുകളില്‍ കയറിയതും നിര്‍ഭാഗ്യവശാല്‍ തലയില്‍ ചുരുട്ടിവെച്ചിരുന്ന വലിയ തലപ്പാവ് കിണറിലേക്ക് വീണു. സാമാന്യം വലുപ്പമുള്ള തലപ്പാവ് കിണറില്‍ വീണ ശബ്ദം കേട്ട് എല്ലാവരും വരുകയും മരക്കാര്‍ കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. കുടിവെള്ളം അയിത്തമാക്കിയതിന് തല പോകും എന്ന് തന്നെ മരക്കാര്‍ കരുതി. ഇയാളെ പറഞ്ഞ് വിട്ട അവസ്ഥ മുന്‍പ് അറിയുന്നത് കൊണ്ട് തമ്പ്രാന്‍ വലിയ ഒരു തുക പിഴ ഈടാക്കി ശിക്ഷിച്ചത്രെ.
ഇത്രയധികം ഭക്ഷണം കഴിക്കുന്നത് കൊണ്ട് തന്നെ അസാമാന്യ കരുത്തായിരുന്നത്രെ മരക്കാര്‍ക്ക്. ദീര്‍ഘദൂര യാത്രക്കാര്‍ ചുമടിറക്കി വിശ്രമിക്കുന്ന കൂറ്റന്‍ അത്താണിക്കല്ല് മൂപ്പര്‍ ഒറ്റക്ക് ചുമന്നു കൊണ്ടുപോവുമായിരുന്നത്രെ. നാടുവാഴിയെ വധിക്കാന്‍ വന്ന അയല്‍ രാജ്യത്തിന്റെ പത്ത് പേരോളം അടങ്ങുന്ന ചാരസംഘത്തെ ഒറ്റക്ക് അടിച്ച് നിലം പരിശാക്കിയതില്‍പ്പിന്നെ മൂപ്പര്‍ക്ക് ഒരു വീര പരിവേഷം കൈ വന്നു. ഏക്കര്‍കണക്കിന് നിലം പതിച്ച് നല്‍കിയായിരുന്നത്രെ നാടുവാഴുന്ന തമ്പുരാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇങ്ങനെ സത്യവും ലൈലമ്മാന്റെ ഭാവനയും കൂടെ ചേരുമ്പോള്‍ ഒരു പാത്രം ചോറ് വയറ്റിലെത്തിയിട്ടുണ്ടാവും.
രാജവാഴ്ചയും അധികാരങ്ങളും മുദ്രകളും, കല്‍പനകളും പൊളിഞ്ഞ് വീഴാറായ എട്ട് കെട്ടുകളിലും നാല് കെട്ടുകളിലും മാറാല കെട്ടി മാനം നോക്കി ഇരിക്കുന്ന പുതിയ കാലത്ത് അസാമാന്യ ശക്തിയുള്ള ഒരു മനുഷ്യന്‍ ഒരു കിളവിയുടെ മനസില്‍ ഇപ്പോഴും കുതിരപ്പുറത്ത് പാഞ്ഞ് ദൂരങ്ങള്‍ കീഴടക്കുന്നു.
രണ്ടേക്കറോളം നെല്ല് വിളയുന്ന പാടവും അത്ര തന്നെ നല്ല അസ്സല്‍ കായ്ഫലം തരുന്ന കവുങ്ങിന്‍ തോട്ടവും പാരമ്പര്യമായി കിട്ടിയിട്ടുണ്ട് ലൈലമ്മാക്ക്. പോരാത്തതിന് പാട്ടത്തിന് കൊടുത്തിട്ടുള്ള ഒട്ടനേകം ചെറുതും വലുതുമായ നിലങ്ങള്‍ ചെറുകോട് ഗ്രാമത്തിന്റെ നാല് ദിക്കിലുമായി കുറേയുണ്ട്. തന്റെ വിശാലമായ പാടശേഖരത്തിന്റെ നടുവില്‍ നില്‍ക്കുന്ന നാലാള്‍ പൊക്കമുള്ള പാറപ്പുറത്ത് കയറി ഇടുപ്പില്‍ രണ്ട് കൈകളും കുത്തി ഒരു നില്‍പ്പുണ്ട് അവര്‍ക്ക്. അവിടെ നിന്ന് നോക്കിയാല്‍ ആ കൃഷിസ്ഥലം മൊത്തം കാണാന്‍ കഴിയും. ഒരു ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തെ വീക്ഷിക്കുന്ന ഗര്‍വ്വ് നമുക്കപ്പോള്‍ അവരുടെ മുഖത്ത് കാണാന്‍ കഴിയും.
ഉറങ്ങാന്‍ വേണ്ടി ഷാഫി കിടന്നു. ഉറക്കം വരുന്നില്ല.
മുമ്പിലെ ചുമരില്‍ നാനാതരം വര്‍ണങ്ങളിലുള്ള ചെറു പുഴുക്കള്‍ ഇഴയുന്നു. മാളങ്ങളില്‍ നിന്ന് മാളങ്ങളിലേക്ക് അവ കൂടുമാറുന്നു. വിദൂരതയില്‍ നിന്നെവിടെ നിന്നോ ആലിമരക്കാറുടെ കുതിരക്കുളമ്പടികളുടെ നേര്‍ത്ത ശബ്ദം തലച്ചോറിലെവിടെയോ പ്രകമ്പനം തീര്‍ക്കുന്നു.
'ഒരു വായ കൂടി തിന്ന് മോനേ...' വെളിച്ചെണ്ണ കുഴച്ച ചോറിന്റെ മണം മൂക്കിലെവിടെയോ കയറുന്നു. കണ്ണടയുമ്പോള്‍ ചൂരലെടുത്ത് ആഞ്ഞ് തല്ലുന്ന വാപ്പയുടെ മുഖം. ഉമ്മാന്റെ ഖബറിനുമുകളിലെ മൈലാഞ്ചിക്കാടില്‍ കാറ്റു പിടിക്കുന്ന മുരള്‍ച്ച. ഇരുട്ടിനേക്കാള്‍ കറുത്ത, രൂപമില്ലാത്ത രൂപങ്ങള്‍ മച്ചില്‍ അള്ളിപ്പിടിച്ച് കയറുന്നു. അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്നിട്ട് ലൈലമ്മാനെ ചേര്‍ന്നു കിടന്നു. ദാല്‍ തടാകം ചുറ്റിവരുന്ന ആ വരണ്ട തണുത്ത കാറ്റ് ജനലില്‍ അടിച്ച് ശബ്ദമുണ്ടാക്കി പറന്ന് പോയി.
2
'നിങ്ങക്ക് ഇത് കേറാന്‍ പറ്റുമോ വല്ലിമ്മാ. സംഗതി കുതരേണ് കുതര.. നിങ്ങളെ നെഗളിപ്പൊന്നും ഇത് മ്മല് നടക്കൂല.. അവസാനം ഇടുപ്പുളുക്കി എന്റടുത്ത് വരരുത്.'
തൂവെള്ള കുതിരപ്പുറത്ത് വലിഞ്ഞു കേറിയിരിക്കുന്ന ലൈലമ്മാനെ തളര്‍ത്താന്‍ ഷാഫി കഴിവതും ശ്രമിച്ചു.
'നീയൊന്ന് പൊയ്ക്കാ ബലാലേ, കുതരനെക്കുറിച്ച് നീ ആലി മരക്കാന്റെ പേരക്കുട്ടീനെ പഠിപ്പിക്കണ്ട., ഞാങ്കണ്ട കുതിര നീ കണ്ട്ക്ക് ണോ? നി അന്റെ ഇടുപ്പ് നോക്കിയാ മതി.'
ലൈലമ്മാന്റെ മറുപടി കേട്ടപ്പോള്‍ അവന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ല. പറഞ്ഞിട്ട് കാര്യമില്ല. മൂപ്പത്തി തീരുമാനിച്ചാല്‍ തീരുമാനിച്ചതാ. ഷുഗറിനും പ്രഷറിനും മുടങ്ങാതെ മരുന്ന് കഴിക്കുന്ന തള്ളയാണ് പഹല്‍ഗാമില്‍ ബൈസറന്‍ വാലി ട്രക്കിങ്ങിന് പോകാന്‍ ഈ കുതിരപ്പുറത്തിരിക്കുന്നത്. പഹല്‍ഗാം ഒന്ന് കാണണമെന്നേ വിചാരിച്ചിരുന്നുള്ളു. കുതിര സവാരിയൊന്നും പ്ലാനിലില്ല. എല്ലാം മൂപ്പത്തിയുടെ തീരുമാനം. എതിരിടാന്‍ അവിടെ ആരാണുള്ളത്? ആ ആജ്ഞാ ശക്തിയുള്ള കണ്ണുകള്‍ കൊണ്ട് ഇരുത്തിയൊന്ന് നോക്കിയാല്‍ മതി നാല്‍പ്പത് വയസ് ഉള്ള സ്വന്തം മകന്‍ വരെ ചൂളിപ്പോവും. പിന്നെ തനിക്കെന്ത് ചെയ്യാന്‍ പറ്റും.
'ശരി, ഞാന്‍ ഒന്നും പറയുന്നില്ല. പിടിച്ചിരിക്കിന്‍' ഷാഫി തന്റെ തവിട്ടു നിറമുള്ള കുതിരപ്പുറത്ത് കയറിയിരുന്നു. പഹല്‍ഗാമില്‍ അപ്പോള്‍ ഉച്ചയായിരുന്നു. സൂര്യപ്രകാശവും മഞ്ഞും തമ്മിലുള്ള ബലപ്രയോഗം സുഖകരമായ കാലാവസ്ഥ കൊണ്ടു വന്നതുകൊണ്ട് ധാരാളം സഞ്ചാരികള്‍ ബൈസറന്‍ വാലിയിലേക്കുള്ള കുതിര സവാരിക്ക് തയ്യാറായി നില്‍ക്കുന്നുണ്ട്. മാനസിക ഉല്ലാസത്തിന് മനുഷ്യന്‍ എന്തെല്ലാം വഴികള്‍ കണ്ടെത്തുന്നു. അത് വേറൊരാള്‍ അവരുടെ ജീവിത മാര്‍ഗമാക്കുന്നു.
ഷാഫി കുതിരകളെ നോക്കി. മുതുകത്ത് സഞ്ചാരികളെയും വച്ച് മൂന്നുനാല് കിലോമീറ്റര്‍ മല കയറുന്ന ഇവറ്റകള്‍ മാനസിക ഉല്ലാസത്തിന് എന്ത് ചെയ്യും. അരവയറോ അതില്‍ കുറവോ ഭക്ഷണത്തിന് പകരം വയറ് നിറച്ചാഹാരം, വിലക്കപ്പെട്ട രതി വിധിക്കപ്പെടുന്ന സമയം. അതില്‍ കൂടുതല്‍ എന്ത് ഉല്ലാസമാണ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവുക. മനുഷ്യന്‍ എന്ന അത്യന്തം സംഘര്‍ഷഭരിതമായ ആശയം ഉള്‍ക്കൊള്ളുന്ന നാലക്ഷരം എടുത്തു മാറ്റിക്കഴിഞ്ഞാല്‍ ഒരു ജീവി എന്ന നിലക്ക് താനും അത്രയല്ലേ ആഗ്രഹിക്കൂ എന്ന് അവന് തോന്നി.
കുതിരകള്‍ പതുക്കെ ബൈസറന്‍ വാലിയിലേക്ക് നടക്കാന്‍ തുടങ്ങി. സാമാന്യം വലിയ കുതിരകള്‍ സഞ്ചാരികളെ വെച്ച് വളരെ വേഗം മലകയറാന്‍ തുടങ്ങി. എന്നാല്‍ ചെറിയവക്ക് തുടക്കം തന്നെ ബുദ്ധിമുട്ട് പോലെ കാണപ്പെട്ടു. ചെമ്പന്‍ കുഞ്ചിരോമങ്ങളുള്ള ഒരു കറുത്ത കുതിരയായിരുന്നു ഷാഫിയുടേത്. പെണ്‍കുതിര, റൂഹി എന്നാണ് അവളുടെ പേരെന്ന് മുസ്താക് ആലം പറഞ്ഞു. കുതിരക്കാരനാണ് അവന്‍.പൊടിമീശ മുളച്ച കശ്മീരി യുവാവ്. തന്റെ പ്രായമാണ്. ഇരുപത്തിരണ്ട് വയസ്. അവന്റെ ചെറിയ മൈലാഞ്ചിത്താടി കുതിരയുടെ കുഞ്ചിരോമം പോലെയായിരുന്നു.
ആ കുതിരയുടെ പുറകിലായിരുന്നു ലൈലമ്മാന്റെ വെള്ളക്കുതിര. ജീനിയുടെ മുകളില്‍ യാത്രക്കാര്‍ക്ക് പിടിക്കാനായി ബലത്തില്‍ കെട്ടിവച്ചിരിക്കുന്ന വളയന്‍ കമ്പിയില്‍ ഒരു കൈ വച്ച് മറ്റേകൈകൊണ്ട് കടിഞ്ഞാണില്‍ പിടിച്ച് കുതിരയെ തെളിക്കുകയാണവര്‍. നീണ്ട ചിത്രപ്പണികള്‍ ഉള്ള കശ്മീരി ഷാള്‍ കൊണ്ട് മേലാകെ പുതച്ചിരിക്കുന്നു. തലേ ദിവസം താന്‍ വാങ്ങിക്കൊടുത്തതാണത്.
കൃത്യമായ താളമില്ലാത്ത ഒരു പറ്റം കുളമ്പടി ശബ്ദങ്ങള്‍ക്കൊപ്പം കുതിരച്ചാണകവും ഇടതടവില്ലാതെ മണ്ണില്‍ വീണു കൊണ്ടിരുന്നു. നിറയെ ഗ്രാമീണര്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ കടന്ന് കുതിരകള്‍ കുത്തനെയുള്ള മലമ്പാതകളിലേക്ക് പ്രവേശിച്ചു. പാടവരമ്പ് പോലെയുള്ള ഇടുങ്ങിയ വഴികളിലൂടെ കുതിരകളും അവയുടെ നോട്ടക്കാരും തിരക്കി ഓടാന്‍ തുടങ്ങി. അവന്‍ പതുക്കെ തിരിഞ്ഞ് നോക്കി. തന്റെ വെള്ളക്കുതിരപ്പുറത്ത് അസാധ്യ മെയ് വഴക്കത്തോടെ ലൈലമ്മ ഇരിക്കുന്നത് കണ്ട് അവന്‍ അത്ഭുതപ്പെട്ടു.
'ഭായ് സഹബ്, ആഗേ കി ഓര്‍ ദേഖിയേ? നഹീം തോ ആപ് നീചേ ഗിര്‍ ജായേംഗേ?'
മുസ്താക് ആലം ഓര്‍മിപ്പിച്ചു.
അവന്‍ പറഞ്ഞത് ശരിയാണ്. മുമ്പില്‍ ഓടുന്ന കുതിരകളെ വെട്ടിയൊഴിഞ്ഞ് മുമ്പോട്ട് പോവാന്‍ ഓരോ കുതിരകളും മത്സരിക്കുകയാണ്. പറ്റുന്ന എളുപ്പ വഴികളെല്ലാം അവര്‍ ഉപയോഗിക്കുന്നു. മുന്നോട്ട് നോക്കി ഇരുന്നില്ലെങ്കില്‍ താഴത്തെ ചളിയില്‍ കിടക്കേണ്ടി വരും. കുതിരകള്‍ക്കൊപ്പം അനായാസം ഓടിയെത്തുന്ന കശ്മീരികളെ അവന്‍ ശ്രദ്ധിച്ചു. അവരെപ്പോലെ തനിക്കൊരിക്കലും കുതിരകള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിയില്ല. കുത്തനെയുള്ള വഴികള്‍ കുതിരവേഗത്തിനൊപ്പം എത്താന്‍ എങ്ങനെയാണ് ഈ മെലിഞ്ഞ മനുഷ്യര്‍ക്ക് സാധിക്കുന്നത് എന്ന് വിചാരിച്ച് അവന്‍ അത്ഭുതപ്പെട്ടു.
നാടന്‍ കശ്മീരി ഭാഷയില്‍ അവര്‍ ചറപറാ സംസാരിക്കുന്നുണ്ടായിരുന്നു. കുതിരയുടെ ചിനക്കലിനും അവരുടെ ഭാഷക്കും ഒരുപാട് സാമ്യമുള്ളതായി അവന് തോന്നി. കുതിരകള്‍ ആവട്ടെ എത്രയും പെട്ടെന്ന് തന്റെ ചുമലിലുള്ള ഭാരങ്ങളെ മുകളിലെത്തിക്കാന്‍ അറിയാവുന്ന എളുപ്പവഴികളെല്ലാം സ്വീകരിക്കുന്നു. രണ്ട് കാലുള്ള കുതിരകളെപ്പോലെ കശ്മീരി യുവാക്കള്‍ അതിവേഗം മലകയറിക്കൊണ്ടിരുന്നു. അവര്‍ നിരക്ഷരരായിരുന്നു. അവരുടെ വിദ്യാലയം ആ മലയാണ്. പാഠപുസ്തകം കുതിരകളും.
വില കൂടിയ ജാക്കറ്റുകളും ഷൂവും ധരിച്ച യാത്രക്കാര്‍ പലരും രൂക്ഷ ഗന്ധമുള്ള കുതിരച്ചാണകത്തില്‍ കുളിച്ചിരുന്നു. അതിലൊരു തൃശൂര്‍കാരന്‍ ജോയിയേട്ടന്‍ ഉണ്ട്. പഹല്‍ഗാമില്‍ നിന്ന് രാവിലെ പരിചയപ്പെട്ടതാണ്. കുതിര സവാരി എന്ന് പറഞ്ഞപ്പോള്‍ ഒന്നും നോക്കാതെ കേറിയതാണ്. പക്ഷേ തുടക്കം തന്നെ പാളി. മൂപ്പര്‍ കയറിയതൊരു കുറുമ്പന്‍ കുതിരപ്പുറത്തായിരുന്നു. കുതിരപ്പുറത്ത് കേറി രണ്ടടി വെച്ചപ്പോള്‍ തന്നെ അവന്‍ അയാളെ ഉരുട്ടി താഴെ ഇട്ടു.
'എന്തൂട്ട് അവരാതാണ് ഈ പോര്‍ക്ക് കാണിച്ചേ, താന്‍ ഏത് മറ്റോടത്ത് പോയിരിക്കായിരുന്നു'- അയാള്‍ കുതിരക്കാരനെ നോക്കി അലറി.പോരാത്തതിന് നല്ല നാല് കണ്ണ് പൊട്ടുന്ന തെറിയും കുതിരയേയും കുതിരക്കാരനെയും ചേര്‍ത്ത് വിളിച്ചു. ഷാഫിക്ക് ചിരി വന്നെങ്കിലും ചിരിച്ചില്ല. ടോണ്‍ കേട്ട് സംഭവം തെറിയാണെന്ന് കശ്മീരിക്ക് മനസിലായെന്ന് തോന്നുന്നു. 'മാഫ് കീജിയേ സാബ്' എന്ന് പറഞ്ഞ് അവന്‍ അയാളെ കുറച്ചുകൂടി ഉയരം കുറഞ്ഞ ഒരു പെണ്‍കുതിരയുടെ പുറത്ത് കയറ്റി വിട്ടു. അതിന്റെ പുറത്ത് കയറി അയാള്‍ മുന്നില്‍ പോവുന്നത് ഷാഫിക്ക് കാണാമായിരുന്നു.
ഹിമാനി സ്ഥിരമായി ഒഴുകുന്ന ഒരു സമതല ഭാഗത്തിലേക്ക് കുതിരക്കൂട്ടം കടന്നു. മുന്നിലേ പോയ കുതിരയുടെ കുളമ്പടിയില്‍ നിന്നും ചളിയും കുതിരച്ചാണകവും കലര്‍ന്ന മിശ്രിതം ജോയേട്ടന്റെ ദേഹത്തേക്ക് തെറിച്ചു. അയാള്‍ അടച്ചു തെറി വിളിച്ചു. 'ഇജാതി കോപ്പിലെ എടപാടാണേല്‍ ഞാന്‍ ഇതിന് വരില്ലായിരുന്നു.'
ഷാഫിക്ക് ചിരി വന്നെങ്കിലും അയാള്‍ പുറത്തുകാണിച്ചില്ല. പക്ഷേ ലൈലമ്മ ചിരിക്കുന്നത് അവന്‍ വ്യക്തമായി കേട്ടു. ഈ തള്ളേടെ ഒരു കാര്യം എന്ന് അവന്‍ മനസില്‍ വിചാരിക്കുകയും ചെയ്തു. എവിടെ എങ്ങനെ പെരുമാറണം എന്നറിയില്ല. സംഗതിയൊക്കെ ശരി വല്ലിമ്മ ആണ്. പക്ഷേ ചില സമയത്തെ സ്വഭാവം കണ്ടാല്‍ ചൊറിഞ്ഞ് വരും. അല്ലെങ്കി ഈ വയസ് കാലത്ത് ഇമ്മാതിരി സാഹസം ആരെങ്കിലും ചെയ്യുമോ? ഈ തള്ളയെ കുതിരപ്പുറത്ത് കേറ്റി ഇമ്മാതിരി സാഹസം കാണിച്ചത് വാപ്പ അറിഞ്ഞാല്‍ ഉള്ള അവസ്ഥയെക്കുറിച്ച് അവന്‍ വേവലാതിപ്പെട്ടു. ജോയേട്ടന്‍ വീണ പോലെ ഒന്ന് സംഭവിച്ചാല്‍. പിന്നെ ഇതിനെ ചുമന്ന് ഞാന്‍ എങ്ങനെ പോവും എന്ന് അവന്‍ ആശങ്കപ്പെട്ടു. പുറകിലേക്ക് അവന്‍ പാളി നോക്കി. കുതിരക്കാരന്‍ തുണയില്ലാത്ത ഒരു വെള്ളക്കുതിരപ്പുറത്ത് മൂപ്പത്തി ആര്‍ത്തുല്ലസിച്ച് വരുന്നുണ്ട്. ആലിമരക്കാരുടെ പേരക്കുട്ടിയാണെന്നുള്ള അഹങ്കാരം.
നേരം പന്ത്രണ്ടു കഴിഞ്ഞിട്ടും അന്തരീക്ഷത്തില്‍ ചൂടിന്റെ ഒരു അംശം പോലുമില്ല.
ലൈലമ്മ കുതിര കൊണ്ട് അടുത്തെത്തി, 'പിടിച്ചിരുന്നോ... അനക്ക് ഇതൊന്നും ശീലമില്ലാത്തതല്ലേ' എന്നും പറഞ്ഞ് കളിയാക്കി. നല്ല ധൈര്യമാണവര്‍ക്ക്. അല്ലെങ്കില്‍ നട്ടപ്പാതിരാക്ക് താന്‍ പോയി വിളിച്ചപ്പോള്‍ എവിടെക്കാണ് എന്നു പോലും ചോദിക്കാതെ പിന്നാലെ വരുമോ?
ബൈസറന്‍ വാലിയിലെ കാറ്റ് അവരെ തണുത്ത ഒരു ആലിംഗനം കൊണ്ട് സ്വാഗതം ചെയ്തു. പൈന്‍ മരങ്ങളുടെ കൊമ്പുകള്‍ ഇലകള്‍ കൊണ്ട് വൃഷ്ടി നടത്തി. അവസാന ലാപ്പിലെത്തിയ കായിക താരത്തെപ്പോലെ തളര്‍ന്ന കാലുകളില്‍ വേഗം കൂട്ടി കുതിരകള്‍ പറഞ്ഞു.
എന്തായിരിക്കും അവയുടെ മനസില്‍ എന്ന് ഷാഫി ചിന്തിച്ചു. കിട്ടാന്‍ പോവുന്ന ഒരു കെട്ട് പുല്ലില്‍ അലിഞ്ഞില്ലാതാകാന്‍ പോവുന്ന വിശപ്പോ അതോ മുതുകില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ പോവുന്ന മുജ്ജന്മ പാപത്തിന്റെ ഭാരമോ?
വാലിയിലെത്തിയപ്പോള്‍ ഒരു മണിയായിരുന്നു. ബൈസറന്‍ വാലിയിലേക്കുള്ള വഴിയില്‍ ഒരു കമാനം വെച്ചിട്ടുണ്ട്. അതിന് മുന്നിലാണ് ആളുകളെ ഇറക്കുക. ഹാഫ് ബൂട്ടുകള്‍ ധരിക്കാതെ ആര്‍ക്കും അവിടെ ഇറങ്ങാന്‍ സാധ്യമല്ല. കാരണം അവിടെ കുതിരച്ചാണകവും മൂത്രവും വെള്ളവും എല്ലാം കൂടിയുള്ള മിശ്രിതം പരന്നുകിടക്കുകയാണ്. കണങ്കാല്‍ വരെ എത്താനുള്ള ആഴം അതിനുണ്ട്. കുതിരപ്പുറത്ത് നിന്നും ഷാഫിയെ ഇറക്കാന്‍ അവര്‍ കുറച്ച് കഷ്ടപ്പെട്ടു.
'അരെ പാഗല്‍ ഹെക്യാ ബായ്. ക്യാ കര്‍താ ഹൈ തൂം. ക്യാ അപ്‌നേ പഹലേ ഗോടാ നഹീ ദേഖാ'
ദേഷ്യം വന്ന ഒരു കശ്മീരി അവനോട് തര്‍ക്കിച്ചു. നീ ഇതിനുമുമ്പ് കുതിരയെ കണ്ടിട്ടില്ലേ എന്ന്.
'നഹീബായ്: മേരെ ദേശ് മേം ഗോടാ നഹീ ഹേ കേവല്‍ ബൈക് ഹേ. സൗ രൂപയേ കാ പെട്രൊള്‍ ഡാലോ ജാ വോ'-അറിയാവുന്ന മുറി ഹിന്ദിയില്‍ ഷാഫി വളരെ സരസമായി മറുപടി പറഞ്ഞു. അയാള്‍ക്ക് ആ മറുപടി വളരെ ആശ്ചര്യകരമായിരുന്നു. കുതിരകള്‍ ഇല്ലാത്ത നാട് എന്തൊരു നാടാണെന്ന് അവന്‍ ചിന്തിച്ചു കാണണം.
മുസ്താക് ആലം ജോയിയേട്ടനെ മെല്ലെ കുതിരപ്പുറത്തു നിന്ന് ഇറക്കുന്നത് ഷാഫി കണ്ടു. അയാളുടെ ഞെരിയാണി വരെ ചളിയില്‍ ആഴ്ന്നുപോയി. വെളുത്ത അഡിഡാസ് ഷൂ ചുവന്ന നിറമായി. 'ഏത് നേരത്താ ഈ എടപാടിന് വരാന്‍ തോന്നിയേ' -അയാള്‍ പിറുപിറുത്തു.
ഒരു നൂറുരൂപ കൊടുത്താല്‍ പഹല്‍ഗാമില്‍ മുട്ടുവരെ എത്തുന്ന റബ്ബര്‍ ബൂട്ടുകള്‍ വാടകക്ക് കിട്ടും. മൂപ്പര് അതൊന്നും കണ്ടില്ലെന്ന് തോന്നുന്നു. അയാള്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചും കാണില്ല. കുറച്ച് സാഹസികത ഇഷ്ടപ്പെടാത്തവര്‍ക്ക് പറ്റിയ പണിയല്ല ബൈസറണ്‍ വാലി ട്രക്കിങ്. അവര്‍ കുതിരകളെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റിക്കെട്ടി.
ഇനി ഒരു മണിക്കൂറിന് ശേഷമാണ് മടക്കം. കശ്മീരികള്‍ കുതിരക്ക് പുല്ലും വെള്ളവും കൊടുക്കുന്ന തിരക്കിലാണ്. അതിനെല്ലാം അവിടെ സംവിധാനങ്ങള്‍ ഉണ്ട്. ഷാഫി ലൈലമ്മാനെ തിരഞ്ഞു. അവരുടെ കുതിര കശ്മീരികളുടെ ആരുടെയും തുണയില്ലാതെ മല കയറി വരുന്നത് അവന്‍ കണ്ടു. അവന്‍ അവിടേക്ക് നടന്നു. 'ഞാന്‍ പിടിക്കാം.' അവന്‍ ലൈലമ്മാന്റെ കയ്യില്‍ പിടിച്ചു. വെളുത്ത ചുരിദാറിട്ടിട്ടും അവരുടെ ദേഹത്ത് ഒരിറ്റ് ചളിപോലുമില്ലായിരുന്നു. അവന്‍ സ്വന്തം ദേഹത്തേക്ക് നോക്കി-ഓവര്‍കോട്ടിലും ജീന്‍സിലുമെല്ലാം ചളിപ്പൊട്ടുകള്‍-'ഇതെങ്ങനെ?'- അവന്‍ ആശ്ചര്യപ്പെട്ടു.
'കുതിര നെ ഓടിക്കാന്‍ അനക്കറിയില്ലല്ലോ, ഇനിക്കറിയാം. ഞാനേയ് ആലി മരക്കാര്‌ടെ പേരക്കുട്ടിയാ'
'ഓ സമ്മയ്ച്ചു വെരിന്‍'
അവന്‍ അവരുടെ കൈ പിടിച്ച് താഴ്വരയിലേക്ക് നടന്നു. ഓഫ് സീസണ്‍ ആയതുകൊണ്ട് എവിടെയും മഞ്ഞൊന്നുമില്ല. ഇളം പച്ചനിറമുള്ള ഒരു വലിയ പുല്‍ മൈതാനം പോലെ ബൈസറന്‍ വാലി പരന്ന് കിടക്കുന്നു. മഞ്ഞ് ഘനീഭവിച്ച് കിടക്കുന്നതിനാല്‍ പുല്ലില്‍ ചവിട്ടിയാല്‍ വഴുക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ച ഉറപ്പ്. വിശാലമായ താഴ്വാരത്തിന്റെ അങ്ങേ തലക്കല്‍ നിബിഡമായ കൊടും കാടാണ്. ഒറ്റനോട്ടത്തില്‍ തന്നെ പേടിപ്പെടുത്തുന്ന നിഗൂഢത. ഒരു ക്രൂരനായ ഹിംസ്രജന്തുവിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു ഭംഗിയുള്ള മാന്‍ പേടപോലെയായിരുന്നു ആ താഴ്വര. നിലത്തിറങ്ങിയ വെണ്‍ മേഘത്തുണ്ടുകള്‍ പോലെ ചെമ്മരിയാടിന്‍ പറ്റങ്ങള്‍ അങ്ങിങ്ങായി മേയുന്നുണ്ട്. പണ്ടെങ്ങോ കണ്ട കലണ്ടറിലെ സീനറി പോലെ ഒരു മനോഹര രംഗം.
പതുക്കെ കൈ വിടുവിച്ച് താഴ് വാരത്തേക്ക് ധൃതിയില്‍ നടക്കുന്ന ലൈലമ്മാനെ അവന്‍ വിളിച്ചു. പുല്ലില്‍ നേര്‍ത്ത ഐസിന്റെ പാളിയുണ്ട്. അതില്‍ ശ്രദ്ധയില്ലാതെ ചവിട്ടിയാല്‍ ഇടുപ്പുകുത്തി വീഴും. അവന്‍ രണ്ട് തവണ വീഴാന്‍ പോയിട്ടും അവര്‍ക്കൊരു കുഴപ്പവുമില്ല. പൂന്തോട്ടത്തില്‍ എത്തിയ പൂമ്പാറ്റ പോലെ അവര്‍ അവിടെയാകെ പാറുന്നു. അറ്റം കൂര്‍ത്ത പൈന്‍ മരങ്ങളുടെ അവസാനത്തില്‍ നിന്നാണ് ആകാശം തുടങ്ങുന്നത് എന്ന് അവന് തോന്നി. ആളുകള്‍ സിപ് ലൈനില്‍ കയറാന്‍ തിരക്കു കൂട്ടുന്നു.
'ഡാ ഷാഫി ഇവിടെ വാ.'
താഴ്വരയുടെ വശകളിലുള്ള പൈന്‍ മരത്തിന് കീഴെ ലൈലമ്മ കാല്‍ നീട്ടിയിരുന്നു. അവന്‍ അവരുടെ മടിയില്‍ തലവെച്ച് കിടന്നു.
'നിനക്കീ സ്ഥലം ഓര്‍മയുണ്ടോ'
കെട്ടി നില്‍ക്കുന്ന തെളിനീരില്‍ ഒരു കല്ല് വീണ അനുഭൂതിയോടെ ആ ചോദ്യം അവന്റെ മനസില്‍ ചലനങ്ങളുണ്ടാക്കി. അവന്‍ അവരുടെ മുഖത്തേക്ക് നോക്കി. ആഢ്യത്വമുള്ള അവരുടെ ചുളിവ് വീണ മുഖം വലിഞ്ഞു സുന്ദരമായതായി അവന് തോന്നി. പ്രായത്തെ തോല്‍പ്പിക്കുന്ന അവരുടെ കറുത്ത വെള്ളിഴകള്‍ വീണ മുടിയില്‍ പണ്ടെങ്ങോ കെട്ടി വെച്ചിരിക്കുന്ന കാച്ചിത്തട്ടവും കാതിന്റെ കുടകളിലെ അലിക്കത്തുകളും കിലുങ്ങിയോ? അവന്റെ അണ്ണാക്കില്‍ എന്നോ കുടിച്ച മുലപ്പാല്‍ തേട്ടി വന്നു.
'നിനക്കോര്‍മയില്ലേ: പണ്ട് നീ കുട്ടിയായിരുന്നപ്പോള്‍ നീ നിന്റെ ഉമ്മാനെ ചോദിച്ച ദിവസം. അന്ന് ഞാന്‍ നിനക്കൊരു കഥ പറഞ്ഞ് തന്നിരുന്നില്ലേ..'
അവന്റെ മനസിലെ കഥാപുസ്തകങ്ങള്‍ പിറകിലോട്ടു മറിയാന്‍ തുടങ്ങി. മണ്ണെണ വിളക്കിന്റെ പുക മണമുള്ള, മഴപ്പാറ്റപൊടിയുന്ന ഒരു രാത്രിയുടെ അസ്ഥികൂടം മഞ്ഞച്ച ഒരു താളില്‍ തെളിഞ്ഞ് വന്നു. അകത്തെ മുറിയില്‍ നിന്നും വാപ്പയുടെയും ബീവിയുടെയും അടക്കം പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍. അവിടെ ഒരു ഒന്നാം ക്ലാസുകാരന്‍ തന്റെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് പരാതി പറയുന്നു. അവന്റെ ഉമ്മ എവിടെപ്പോയി എന്ന് ചോദിക്കുന്നു. അന്നേരം അവര്‍ പറയുന്നു, 'നിന്റെ ഉമ്മ പടച്ചോന്റെ സ്വര്‍ഗത്തിലേക്ക് പോയിരിക്കാണ്.'
'അതെവിടെയാണ് വല്ലിമ്മാ?'
'അത് കൊറെ ദൂരത്താ, അവിടെ കുറേ ഉമ്മമാര് ണ്ട്. കുട്ടികളുണ്ട്. മേഘമുണ്ട് പൂക്കളുണ്ട് പൂമ്പാറ്റയുണ്ട്.'
'നമ്മള്‍ എന്നാ അവ്ടക്ക് പോകാ വല്ലിമ്മാ...'
'കുട്ടി വല്തായിട്ട്. അന്ന് വല്ലിമ്മ അന്നേം കൊണ്ട് അവ്‌ടെ പ്പോവും, അന്റെ ഉമ്മാനെ നമ്മള് കാണും.'
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അവരുടെ കണ്ണുകളില്‍ വെള്ളിവെട്ടം തിരയിളക്കി അലിഞ്ഞ് പോയി. ഷാഫി കണ്‍ തുറന്നു നോക്കുമ്പോള്‍ ശുഷ്‌ക്കിച്ചു ചുളിവ് വീണ വെള്ളിഴകള്‍ അധികരിച്ച് കാച്ചിത്തട്ടമോ ഭാരമുള്ള അലിക്കത്തുകളോ ഇല്ലാത്ത ആ മുഖത്തും ഒരു കടല്‍ തിരയടിച്ചില്ലാതാവുന്നത് അവന്‍ ഒരു മിന്നായം പോലെ കണ്ടു.
'നമ്മള്‍ സ്വര്‍ഗത്തിലെത്തിയോ വല്ലിമ്മാ.'-അവന്‍ മൃദുവായി ചോദിച്ചു.
'എഴുന്നേറ്റ് നോക്ക്.'
അവന്‍ അവരെ ചാരി തന്നെ ഇരുന്നു. ഹിമാലയം ചുറ്റി മദിച്ചു വരുന്ന കാറ്റ് പൈന്‍ മരക്കാടുകളുമായി കലഹിച്ചു. ശേഷം താഴ്വരയിലെ ഇളം പുല്ലില്‍ കുത്തിമറിഞ്ഞു. സ്വര്‍ഗസ്ഥരായ ഒരായിരം ആത്മാക്കള്‍ അവരെ നോക്കി ചിരിക്കുകയാണെന്ന് ഷാഫിക്കപ്പോള്‍ തോന്നി. അതില്‍ ഉമ്മയും ഉണ്ടാവും.
ലൈലമ്മ മെല്ലെ താഴ്വരയിലേക്ക് ഷാഫിയുടെ കൈ പിടിച്ച് നടന്നു. തണുത്ത കാറ്റില്‍ നിന്ന് രക്ഷിക്കാനായി അവനെ അവര്‍ കയ്യിലുണ്ടായിരുന്ന കശ്മീരി ഷാള്‍ കൊണ്ട് പുതപ്പിച്ചു. ലൈലമ്മ പറഞ്ഞ കഥ സത്യമായി എന്നവന് തോന്നി. ഈ മനോഹര താഴ്വാരത്തിന്റെ ഏതോ ദിക്കില്‍ മനോഹരമായ സ്വര്‍ഗീയ വസ്ത്രങ്ങളണിഞ്ഞ് തന്റെ പൊന്നുമോനെയും അമ്മായിഅമ്മയെയും കണ്‍ കുളിര്‍ക്കെ നോക്കി നില്‍ക്കുന്ന ഒരു യുവതിയുടെ ആത്മാവിനെ അവന്‍ മനസില്‍ സങ്കല്‍പ്പിച്ചു.
'അസ്സലാമു അലൈക്കും യാ ഉമ്മീ'
പള്ളിക്കാട്ടിലെ ഉമ്മാന്റെ ഖബറിനടുത്ത് സലാം പറയുന്ന പോലെ അവന്‍ മനസില്‍ സലാം പറഞ്ഞു.
ലൈലമ്മ അപ്പോള്‍ പൈന്‍ മരക്കാടുകള്‍ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. മനസ്സിലെവിടെയോ കുറേക്കാലമായി കെട്ടി നിന്നിരുന്ന ഒരു തടാകം ഈ താഴ്വരയില്‍ ഒഴുകി ഇല്ലാതാവുന്നത് ഷാഫി കണ്ടു. അതില്‍ അവന്‍ സങ്കടങ്ങളുടെ കടലാസ് തോണികള്‍ ഒഴുക്കിക്കളഞ്ഞു. ദൈവം സ്വര്‍ഗം സൃഷ്ടിച്ചപ്പോള്‍ അധികമായ ഒരു താഴ്വര ചിലപ്പോള്‍ ഇവിടെ ഉപേക്ഷിച്ചതായിരിക്കും.
ബൈസറന്‍ വാലിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. കയറുന്നതിലും ബുദ്ധിമുട്ടാണ് ഇറങ്ങുമ്പോള്‍. കുതിരപ്പുറത്തിരിക്കുന്നവര്‍ തന്റെ ശരീരഭാരം പുറകിലോട്ട് വരത്തക്കവിധം പുറകിലേക്ക് ചാഞ്ഞ് ഇരുന്നില്ലെങ്കില്‍ കുത്തനെ ഇറക്കം ഇറങ്ങുന്ന കുതിരപ്പുറത്തു നിന്നും മൂക്കും കുത്തി വീഴും. കശ്മീരികള്‍ ഇടക്കിടക്ക് സഞ്ചാരികളെ അത് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. പ്രോഗ്രാം ചെയ്ത് വച്ച റോബോട്ടുകളെപ്പോലെ കുതിരകള്‍ ആരെയും കാത്തുനില്‍ക്കാതെ മലയിറങ്ങിക്കൊണ്ടിരുന്നു. പ്രകൃതി ഏല്‍പ്പിക്കാത്ത ഒരു ജോലി ചെയ്യേണ്ടി വരുന്നതില്‍ അവര്‍ അക്ഷമരും, പ്രതിഷേധമുള്ളവരും ആയിരിക്കും. പക്ഷേ അവര്‍ക്ക് ഐക്യമില്ലല്ലോ. ഒരു കെട്ട് പച്ചപ്പുല്ലിലും ഒരു കിലോ മുതിരയിലും അവര്‍ ചൂഷണങ്ങളെ മറക്കുന്നു. മാസ ശമ്പളത്തില്‍ പണിയെടുക്കുന്ന തൊഴിലാളിയെപ്പോലെ.
തിരിച്ചിറങ്ങുന്‌പോള്‍ ജോയേട്ടന്‍ വേറെ കുതിരപ്പുറത്തായിരുന്നു. മുമ്പില്‍ പോവുന്ന കുതിരയില്‍ നിന്ന് നിശ്ചിത അകലം പാലിക്കാന്‍ അയാള്‍ അതിന്റെ കടിഞ്ഞാണില്‍ പിടിച്ച് ഇടക്കിടക്ക് വലിച്ച് കൊണ്ടിരുന്നു. ഒരു ഡര്‍ട്ട് ബൈക്ക് റേസറിനെപ്പോലെ ലൈലമ്മ തന്റെ വെള്ളക്കുതിരയെ സമര്‍ത്ഥമായി മലയിറക്കിക്കൊണ്ടിരുന്നു. ഈ എഴുപതുകളിലും അവര്‍ക്കെങ്ങനെ ഇത് സാധിക്കുന്നുവെന്ന് അവന്‍ അത്ഭുതപ്പെട്ടു. ചെറുപ്പത്തില്‍ കുതിര സവാരി പഠിച്ചിട്ടുണ്ടാവും. മരക്കാര്‍ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് ഗതകാലസ്മരണകളുടെ കുതിരപ്പുറത്ത് ഈ താഴ്വരയിലൂടെ സഞ്ചരിക്കുന്നത്.
പഹല്‍ഗാമിലെത്തിയപ്പോഴും സഞ്ചാരികള്‍ വന്നുകൊണ്ടേ ഇരിക്കുകയായിരുന്നു. ടൂറിസ്റ്റുകളോട് വില പേശുന്ന കുതിര മുതലാളിമാരെ ഷാഫി കണ്ടു. ഒരാള്‍ക്ക് രണ്ടായിരത്തി അഞ്ചൂറ് രൂപയൊക്കെ തുടക്കത്തില്‍ കയറ്റി പറയും വിലപേശാന്‍ അറിയുന്നവര്‍ എണ്ണൂറ് രൂപ കൊടുത്ത് വരെ പോകുന്നുണ്ട്. അല്ലാത്തവര്‍ പറയുന്ന പണം കൊടുക്കും. എന്തൊക്കെയായാലും കുതിരയെ പരിപാലിക്കുന്ന കശ്മീരികള്‍ക്ക് ഒരായിരം രൂപയെങ്കിലും കിട്ടണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് തവണ കയറി ഇറങ്ങണം. മലയില്‍ നിന്ന് വരുന്ന ഒരു അരുവിയില്‍ ഇറങ്ങി അവന്‍ കൈ കാലുകള്‍ കഴുകി. വൃത്തിയുള്ള വെള്ളമൊന്നുമല്ല. ആളുകള്‍ കുതിരകളെയും മാടുകളെയും കുളിപ്പിക്കുന്ന ജലം. ആ ജലത്തില്‍ കഴുകിയാല്‍ കുതിരച്ചാണകത്തിന്റെ ഗന്ധം ഒന്നുകൂടി കൂടും. പഹല്‍ഗാമിലെ എല്ലാവര്‍ക്കും ഈയൊരു മണമാണ്. പഹല്‍ഗാമിലെത്തുന്ന ഓരോരുത്തരും അവരറിയാതെത്തന്നെ ഈ മണം കൂടെക്കൊണ്ട് പോവുകയും ചെയ്യുന്നു.
താഴെ ഇറങ്ങിയ ഉടനെ ലൈലമ്മ ആവശ്യപ്പെട്ടത് തിരിച്ച് പോണം എന്നായിരുന്നു. അത് മാത്രമല്ല വാപ്പാനെ വിളിക്കാനും ആവശ്യപ്പെട്ടു. അത് ശരിയാണെന്ന് അവനും തോന്നി. ബൈസറന്‍ വാലി മനസിലെ വിങ്ങലുകളും 'വേദനകളും സ്വാംശീകരിച്ചെടുത്തത് പോലെ.
അവന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫോണ്‍ ഓണാക്കി. മിസ്ഡ് കാള്‍ അലര്‍ട്ടുകളുടെ പ്രളയം. അവന്‍ വാപ്പാന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഒറ്റ റിംഗില്‍ ഫോണ്‍ അറ്റന്‍ഡായി.
'ഡാ മോനേ നീ എവിടാ, വാപ്പാനോട് ഷമി, നീ വേഗം വാ, നിന്നെ ആരും ഒന്നും ചെയ്യില്ല'
മറുപുറത്ത് നിലവിളി.
'ഞാന്‍ വരാം വാപ്പാ, രണ്ട് ദിവസത്തിനുള്ളില്‍ എത്തും. അവിടെ എത്തീട്ട് വിളിക്കാം'
മറുതലക്കലെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നില്‍ക്കാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു.
തിരിച്ച് പോകണം. ഇതില്‍ കൂടുതലൊന്നും ഈ മണ്ണിന് എനിക്ക് തരാനാവില്ല. അവന്‍ വിചാരിച്ചു.
നാളെ രാവിലെ ജമ്മുവില്‍ നിന്നാണ് ട്രെയിന്‍ . നാളെ കഴിഞ്ഞ് കൃത്യം മൂന്നാമത്തെ ദിവസം ഒറ്റപ്പാലം എത്തും.
'ക്ഷീണിച്ചോ വല്ലിമ്മാ'-അവന്‍ ചോദിച്ചു.
'ഏയ്..നമ്മള് പൂവ്വാണ് ലേ'-മെല്ലിച്ച കൈകള്‍ കൊണ്ട് അവര്‍ അവന്റെ കൈകളില്‍ പിടിച്ചു.
കരിമ്പച്ച പെയിന്റടിച്ച പട്ടാള വാഹനങ്ങള്‍ ഇടതടവില്ലാതെ പാഞ്ഞു പോയിക്കൊണ്ടേ ഇരിക്കുന്നു. പെട്ടെന്ന് നാട്ടിലെത്തണമെങ്കില്‍ ശ്രീനഗറില്‍ നിന്ന് വിമാനം പിടിക്കണം. തിരിച്ച് പോവുമ്പോള്‍ ട്രെയിന്‍ മതിയെന്ന് ലൈലമ്മയാണ് പറഞ്ഞത്. വരുമ്പോള്‍ വെപ്രാളത്തില്‍ ഒന്നും നേരെ കാണാന്‍ പറ്റിയില്ല. കാഴ്ചകള്‍ കാണാന്‍ ട്രെയിന്‍ ആണ് നല്ലത്. എവിടെയെങ്കിലും പോയി എന്ന് തോന്നണമെങ്കില്‍ ആ യാത്രക്കൊരു ദീര്‍ഘമായ യാത്രാനുഭൂതി വേണമത്രെ. അതിന് ആദ്യം ശ്രീനഗര്‍ എത്തണം.
അത് വഴി വന്ന ഒരു ബസിന് അവന്‍ കൈ കാണിച്ചു. ഭാഗ്യത്തിന് ആ വണ്ടി ശ്രീനഗറിലേക്കായിരുന്നു. മഞ്ഞ മേലാപ്പണിഞ്ഞ കടുകു പാടങ്ങളും കശ്മീരി വില്ലോ മരങ്ങളും അതിരിടുന്ന ദേശീയ പാതയിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന യാത്ര. ശ്രീനഗറെത്തുമ്പോള്‍ ഏഴ് മണിയായിരുന്നു. പാതകളും തെരുവോരങ്ങളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു.
മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ദാല്‍ തടാകത്തില്‍ ശിക്കാരകള്‍ പതുക്കെ നീങ്ങുന്നു. സൂര്യപ്രകാശം മുഴുവനായി മറഞ്ഞിട്ടില്ല. വഴിയോര വസ്ത്ര വില്‍പനക്കാരുടെ കടയില്‍ ലൈറ്റുകള്‍ തെളിഞ്ഞിട്ടുണ്ട്. തെരുവുകളില്‍ കബാബ് കച്ചവടക്കാരുടെ ഉന്ത് വണ്ടികള്‍ സജീവമാവുന്നു.
യന്ത്രത്തോക്കേന്തിയ അനേകം ജവാന്‍മാര്‍ അവിടെയവിടെയായി റോന്ത് ചുറ്റുന്നുണ്ട്. സദാ ജാഗരൂകരായ അവരുടെ മുഖത്ത് എപ്പോഴും ഗൗരവം. ഈ മനോഹര തീരത്ത് വന്നിട്ടും ചിരിക്കാന്‍ കഴിയാത്ത വിഭാഗം ഒരു പക്ഷെ അവര്‍ മാത്രമാവും.
സമയമില്ല രാവിലെ എട്ട് മണിക്ക് ട്രെയിന്‍ എടുക്കും. അവന്‍ അവിടെ നിന്ന് ഒരു ടാക്‌സി വിളിച്ചു. ഇരുന്നറ്റമ്പത് കിലോമീറ്റര്‍ ഓടാന്‍ ഉണ്ട്.
''പോകാന്‍ തോന്നുന്നില്ല അല്ലെ?''-ലൈലമ്മ ചോദിച്ചു.
കശ്മീരില്‍ പോയാല്‍ തിരിച്ചു വരുന്നവര്‍ അവരുടെ ഹൃദയം അവിടെ പണയം വെച്ചിട്ടുണ്ടാവും.അത്രയേറെ ദൈവം അനുഗ്രഹിച്ച ഭൂമിയാണത്.
3
എന്‍എച്ച് ഫോര്‍ട്ടി ഫോറിലൂടെ അവര്‍ സഞ്ചരിക്കുന്ന സ്വിഫ്റ്റ് കാര്‍ ഓടാന്‍ തുടങ്ങി. ബനിഹാല്‍ ചുരത്തിലൂടെയുള്ള യാത്ര ദുര്‍ഘടവും എന്നാല്‍ ആഹ്‌ളാദമുള്ളതുമായിരുന്നു. അറ്റം കൂര്‍ത്ത മലകള്‍ക്കുമുകളില്‍ മനോഹരമായ മരക്കുടിലുകളുടെ കാഴ്ച അവരെ ആശ്ചര്യപ്പെടുത്തി.
'ഒരാസ്പത്രിക്കേസ് വന്നാല്‍ അവരൊക്കെ എന്താ ചെയ്യാലേ...'-ലൈലമ്മാക്ക് അത്ഭുതം.
പാതയുടെ താഴെയുള്ള ഗര്‍ത്തത്തില്‍ ചെനാബ് നദി അതിന്റെ എല്ലാ ഉശിരോടു കൂടിയും കുത്തിയൊലിക്കുന്നു. ഒരു സുദീര്‍ഘമായ ഉറക്കത്തിന്റെ അവസാനം അവര്‍ ജമ്മുവിലെത്തി. ലൈലമ്മ പറഞ്ഞതിന്‍ പ്രകാരം വാടകയില്‍ കൂടുതലായി ഒരഞ്ഞൂറു കൂടി കൊടുത്തതിന്റെ നന്ദിയില്‍ സലാം പറഞ്ഞ് കാറുകാരന്‍ തിരിച്ചു പോയി. ട്രെയിന്‍ വരാന്‍ ഇനി രണ്ട് മണിക്കൂര്‍ കൂടെയുണ്ട്.
പഞ്ചാബിന്റെയും ഹരിയാനയുടെയും ഗോതമ്പ് പാടങ്ങളും നെല്‍പ്പാടങ്ങളെയും കീറി മുറിച്ച് കൊണ്ട് ഹിമസാഗര്‍ എക്‌സ്പ്രസ് പാഞ്ഞു. പുറകോട്ടോടുന്ന മരങ്ങളില്‍ നിറയെ കാട്ടുപൂക്കള്‍ വളര്‍ന്ന് നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു.അവന്‍ ലൈലമ്മാന്റെ മടിയില്‍ തലവെച്ച് കിടന്നു. നാനാവര്‍ണത്തിലുള്ള പുഴുക്കള്‍ എവിടെ നിന്നൊക്കെയോ അരിച്ചരിച്ച് റെയില്‍ പാളത്തില്‍ ചാടി ഇല്ലാതാവുന്നത് അവന്‍ കണ്ടു.പോകെപ്പോകെ അവയുടെ എണ്ണവും വണ്ണവും കുറഞ്ഞ് കുറഞ്ഞ് വന്നു. നേര്‍ത്ത താളത്തിലുളള ട്രെയിനിന്റെ ശബ്ദം ഒരു താരാട്ട് പാട്ടായി അവന് തോന്നി.
ഹിമസാഗര്‍ എക്‌സ്പ്രസ് ഒറ്റപ്പാലത്തെത്തുമ്പോള്‍ ചെറിയ ചാറ്റല്‍ മഴ പൊഴിയുന്നുണ്ടായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ യാത്ര ഷാഫിയെ മുഷിപ്പിച്ചിരുന്നെങ്കിലും ലൈലമ്മ സന്തോഷവതിയായി കാണപ്പെട്ടു. നേരത്തെ പുതച്ച കശ്മീരി ഷാള്‍ അവര്‍ ഉപേക്ഷിച്ചിരുന്നില്ല. ട്രെയിനിന്റെ ഇരുമ്പു വാതിലുകളില്‍ നിന്ന് സൂക്ഷിച്ച് ലൈലമ്മാനെ അവന്‍ ഇറക്കി. വാപ്പ വരാന്ന് പറഞ്ഞതാണല്ലോ. പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ ലഗേജ് വെച്ച് അവന്‍ ഫോണില്‍ വിളിച്ചു. ഒറ്റ റിംഗില്‍ തന്നെ ഫോണ്‍ എടുത്തു.
'ആ ...എത്തിയോ ഇവിടെ ഉണ്ട്.'-അങ്ങേ തലക്കല്‍ മറുപടി കിട്ടി.
അവര്‍ പതുക്കെ പുറത്തേക്ക് നടന്നു.
പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ മൂലയില്‍ അവന്‍ വാപ്പയെ കണ്ടു.അവന്‍ അങ്ങോട്ട് നടന്നു.
'യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു'- അയാള്‍ ചോദിച്ചു.
'സുഖമായി, വല്ലിമ്മാക്ക് കുഴപ്പമൊന്നൂല്ല. മരുന്നൊക്കെ കൃത്യമായി ഞാന്‍ കൊടുത്തിട്ടുണ്ട്.'
അവര്‍ക്ക് ചുറ്റും ഒരു മനുഷ്യ വലയം ചുരുങ്ങി വരുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടു. പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുമ്പേ ആരൊക്കെയോ അവനെ ബലമായി പിടിച്ചു.
'എന്താണ് വാപ്പാ ഇതൊക്കെ...?'
'ഒന്നൂല്ല , ഇന്റെ കുട്ടിക്ക്' -നമുക്ക് ആസ്പത്രീ പോവാ. ഇന്റെ കുട്ടിന്റെ എല്ലാ സൂക്കടും മാറും.
അയാള്‍ അവന്റെ കവിളില്‍ തഴുകി. അയാളുടെ കണ്ണുകളില്‍ ഒരു തടാകം നിറഞ്ഞിരുന്നു. സന്തോഷമാണോ സങ്കടമാണോ എന്ന് നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ഭാവം.
അവന്‍ കുതറി. 'വല്ലിമ്മാ വല്ലിമ്മാ...'അവന്‍ ഉറക്കെ വിളിച്ചു. രണ്ട് പേര്‍ അവനെ ബലമായി അവിടെ നിര്‍ത്തിയിരുന്ന ആംബുലന്‍സിലേക്ക് കയറ്റി.
എന്താ പ്രശ്‌നം. അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ അന്വേഷിച്ചു.
'ഒന്നുല്ല ചെക്കന്‍ ഒറ്റക്ക് നാട് വിട്ട് പോയതാ. എന്റെ ഉമ്മ മരിച്ചിട്ട് ഒരു വര്‍ഷായി. അത് അവന് താങ്ങീല. നല്ല സ്‌നേഹായിരുന്നു. ഇപ്പോളും എന്റിമ്മ കൂടെയുള്ള പോലെ അവന്‍ പെരുമാറും. മനോമിത്ര ആസ്പത്രീലായിരുന്നു. ഒന്നു കുറഞ്ഞപ്പോ വീട്ടില്‍ കൊടുന്നതാ. ഒരു രാത്രി ആരും കാണാതെ ചാടി.' വാപ്പ ആരോടൊക്കെ പറയുന്നത് ഷാഫി കേട്ടു.
'ഓ പ്രാന്താണോ..' ആള്‍ക്കാര്‍ അടക്കം പറയുന്നു.
'തനിക്ക് പ്രാന്താണോ?' ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ മുഴുവന്‍ ഒരു വിചിത്രജീവിയെപ്പോലെ നോക്കുന്നു.
ആംബുലന്‍സില്‍ ഷാഫി കുതറുന്നുണ്ടായിരുന്നു. ആരോ അവന്റെ ശരീരത്തിലെവിടെയോ മരുന്നു സൂചികള്‍ കുത്തിയിറക്കി. താനേ അടയുന്ന കണ്‍പോളകള്‍ ക്കിടയിലൂടെ തന്നെ നോക്കിക്കരയുന്ന ലൈലമ്മാനെ അവന്‍ കണ്ടു. അവര്‍ക്ക് അപ്പോള്‍ ബൈസറന്‍ വാലിയില്‍ അവന്‍ കണ്ട അതേ യുവത്വം തുളുമ്പുന്ന മുഖമായിരുന്നു. തന്റെ കയ്യിലെ കശ്മീരി ഷാള്‍ അവര്‍ അവന് നേരെ നീട്ടി . അത് വാങ്ങാന്‍ അവന്‍ കൈ നീട്ടാന്‍ ആഗ്രഹിച്ചു. പക്ഷേ കൈ അനങ്ങുന്നില്ല.
തൂവെള്ളയായി അത്ര നേരം അവന്‍ കണ്ട അവരുടെ ചുരിദാര്‍ മുഴുവന്‍ ബൈസറന്‍ വാലിയെ കുതിരച്ചാണകം കലര്‍ന്ന ചളി നിറഞ്ഞിരിക്കുന്നു. ചെവിയില്‍ ലൈലമ്മാന്റെ കരച്ചിലും, നേര്‍ത്ത ഒരു കുളമ്പടി നാദവും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ആംബുലന്‍സിന്റെ വാതില്‍ പഴുതിലൂടെ കണ്ട തുണ്ടാകാശത്തില്‍ ആലിമരക്കാര്‍ക്കൊപ്പം കുതിരപ്പുറത്തേറി മേഘങ്ങള്‍ക്കിടയിലൂടെ പാഞ്ഞു പോവുന്ന ലൈലമ്മാനെയും, പാറിപ്പറക്കുന്ന കശ്മീരി ഷാളും അവന്‍ കണ്ടു. മയക്കം ബാധിച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ആംബുലന്‍സിന്റെ മുകള്‍ ഭിത്തിയില്‍ നിന്നും പല വര്‍ണത്തിലുള്ള പുഴുക്കള്‍ ശക്തിയോടെ പ്രവേശിച്ചു.ഇരുട്ട് രൂപങ്ങള്‍ ആംബുലന്‍സിന്റെ മച്ചിലിരുന്ന് അവനെ കൊഞ്ഞനം കുത്തി. പ്രപഞ്ചത്തിന്റെ നാനാദിക്കുകളില്‍ നിന്നും അശുദ്ധജലത്തിന്റെ ഉറവകള്‍ അവനിലേക്ക് ഒഴുകി വന്നു നിറയുന്ന പോലെ അവന് തോന്നി, അത് വലിയൊരു തടാകമായി അവനില്‍ ലയിച്ചു.
പള്ളിക്കാട്ടില്‍ അപ്പോള്‍ മഴ പെയ്യുകയായിരുന്നു. ലൈലമ്മാന്റെ ഖബറിന് മുകളിലേക്ക് എവിടെ നിന്നോ ഒരു ചിത്രപ്പണികള്‍ ഉള്ള കശ്മീരി ഷാള്‍ വന്ന് വീണത് മൈലാഞ്ചിച്ചെടികളും, കാട്ടുമൈനകളും കണ്ടു. അങ്ങ് ദൂരെ ബൈസ്‌റന്‍ വാലിയിലെ പൈന്‍മരക്കാട്ടില്‍ ഒരു ആത്മാവ് പൊട്ടിക്കരഞ്ഞത് അത് വഴി പോയ ഒരു സവാരിക്കുതിര മാത്രം ശ്രദ്ധിച്ചു.


