ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അശ്വതി മാത്യു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ചീവീടുകള്‍
കിഴുക്കാംതൂക്കായിട്ടാണ് ആ റബ്ബര്‍ എസ്റ്റേറ്റ് കിടന്നിരുന്നത്. കുത്തനെയുള്ള കയറ്റത്തില്‍ അവര്‍ ശ്വാസം കിട്ടാതെ നിന്ന് കിതച്ചു. മഴമേഘം തിങ്ങിക്കൂടി അങ്ങുമിങ്ങുമായി നില്‍പ്പുണ്ടായിരുന്നു. ഇരുട്ടു പിടിച്ച ആകാശത്തില്‍ നിന്നും വെളിച്ച ചീളുകള്‍ അങ്ങിങ്ങായി മാത്രം പ്രത്യക്ഷപ്പെട്ടു. മഴയ്ക്ക് മുന്നോടിയായുള്ള കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ ഇളകിയാടി.
കറുത്ത ലിനന്‍ സാരിയിലെ ചുവന്ന നര്‍ത്തകിമാര്‍ അവരുടെ ദേഹത്തോട് കൂടുതല്‍ ഒട്ടാന്‍ ശ്രമിച്ചു. ഷാംപൂ തേച്ച നീളന്‍ തലമുടികള്‍ അവരുടെ വെളുത്ത നെറ്റിയില്‍ വീണു പറക്കാന്‍ തുടങ്ങി. അവരെ കണ്ടാല്‍ ഒരു മുപ്പത്തിയഞ്ചു വയസ്സിലധികം പ്രായം പറയില്ല. കഴിഞ്ഞ വട്ടം കാറില്‍ കയറ്റം കയറിയപ്പോള്‍ അവരുടെ അടിവയറ്റില്‍ നിന്നും ഉരുണ്ടുകയറി. കയറ്റത്തിന്റെ നടുക്ക് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തിയപ്പോള്‍ അവര്‍ക്കു തലകറക്കമായി, ചര്‍ദ്ദിക്കാന്‍ നേരം വെള്ളത്തിന്റെ കുപ്പി അടപ്പു തുറന്നു കൊടുത്തപ്പോള്‍ ഡ്രൈവറുടെ പെരുമാറ്റം അത്ര നന്നായിരുന്നില്ല.
അയാളുടെ ഷര്‍ട്ടില്‍ നിന്നും വിയര്‍പ്പു ഗന്ധം രൂക്ഷമായി മൂക്കിലേക്ക് കുത്തിക്കയറി. വെള്ളം കൊടുത്ത നേരം അയാളുടെ കൈ അവരുടെ കൈയ്യില്‍ ഉരസുകയും ചെയ്തു. വിയര്‍ത്തൊട്ടിയ കൈ അവരുടെ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ അവര്‍ക്കു ഏതോ മാറാരോഗം വന്നതുപോലെ അനുഭവപ്പെട്ടു. എണ്ണയില്‍ കുളിച്ചു പിറകിലോട്ടു ചീകിവെച്ചിരിക്കുന്ന അവന്റെ തലമുടിയും, മെലിഞ്ഞൊട്ടിയ കറുത്ത ശരീരവും, കണങ്കാല് വരെയുള്ള പാന്റും, റബ്ബര്‍ ചെരുപ്പും... അവനെ കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ അവര്‍ക്കു അറപ്പു തോന്നി.
അവര്‍ക്കു അമ്മായിയുടെ വീട്ടില്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ചരല്‍ വിരിച്ച വലിയ മുറ്റമുള്ള കൊട്ടാരം പോലെയുള്ള അവരുടെ വീട്ടില്‍ രാജ്ഞിയെപ്പോലെയിരുന്നാല്‍ മതി. ആ കൂറ്റന്‍ രണ്ടു നില വീട് പഴയ ഏതോ കൊട്ടാരത്തിന്റെ പ്രൗഢിയോട് കൂടെയാണ് നിന്നിരുന്നത്. അവിടെ മൂന്ന് വേലക്കാരാണുള്ളത്. പക്ഷെ ഭര്‍ത്താവിന്റെയും, മകന്റെയും മരണത്തിനു ശേഷം അവര്‍ക്കു ഒറ്റയ്ക്കിരിക്കാന്‍ ഭയമാണ്. തനിച്ചാകുമ്പോള്‍ നിഴലുകള്‍ വിഴുങ്ങാന്‍ വരുന്നത് പോലെയവര്‍ക്ക് തോന്നുമായിരുന്നു.
മകന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണുമ്പോള്‍ അവരുടെ ഉള്ളില്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്ന ദുഃഖം വീണ്ടും തലപൊക്കും. അവര്‍ അവന്റെ മുറി ഒരു ഭ്രാന്തിയെപ്പോലെ മണിക്കൂറുകള്‍ തൂത്തും, തുടച്ചും അതിനകത്തു തന്നെയിരുന്നു. ഏതു നിറമാണ് അവനു ഏറ്റവും ഇഷ്ടമെന്ന് അവര്‍ക്കു എത്ര ഓര്‍ത്തിട്ടും ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ ആ മുറിക്കു അവര്‍ എല്ലാ മാസവും ഓരോ പുതിയ നിറം കൊടുത്തു കൊണ്ടിരുന്നു. പല രാത്രികളും ഉറക്കം കിട്ടാതെ അവര്‍ ആന്റി ഡിപ്രെസന്റ് ഗുളികകള്‍ എടുക്കാന്‍ തുടങ്ങി. ചില ദിവസങ്ങള്‍ വെറുതെ റേഡിയോയിലെ പാട്ടും കേട്ട് മുറ്റത്തോട്ടും നോക്കി അവര്‍ നേരം പോകുന്നതറിയാതെ ഒരു പ്രതിമയെപ്പോലെ ഇരിക്കുമായിരുന്നു. കണ്ണീരും, നിരാശയും അവരുടെ ചുറ്റും ഒരദൃശ്യ വേലി വളരെ ശക്തമായി കെട്ടാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
വല്ലപ്പോഴും വിളിയ്ക്കുന്ന ഡ്രൈവറുടെ അറിഞ്ഞും, അറിയാതെയുമുള്ള തട്ടും, തലോടലും കൂടിയാകുമ്പോള്‍ അവരുടെ ഏകാന്തത ഞെരമ്പില്‍ കൂടിപ്പടര്‍ന്നു പച്ചരക്തമായി ദേഹത്താകമാനം പടര്‍ന്നു. സുന്ദരിയായ വിധവയുടെ ജീവിതം അത്രയെളുപ്പമല്ല. ഏതു സാരിയിലും അവര്‍ ഒരു നവവധുവിനെപ്പോലെ തോന്നിച്ചിരുന്നു. വേലക്കാരികള്‍ അവരുടെ സൗന്ദര്യവും, പണവും കണ്ടു ഉള്ളില്‍ ഊറുന്നതു അവര്‍ പലപ്പോഴും കണ്ടില്ലെന്ന് വെച്ചു. വേലയ്ക്കു നിന്നിരുന്ന ബംഗാളിപ്പെണ്ണ് കഴുകാനിട്ടിരുന്ന അവരുടെ സാരികളില്‍ മുഴുവന്‍ പപ്പടംകുത്തി കൊണ്ട് കുത്തി തുളയിടുമായിരുന്നു. ആകസ്മികമായാണ് അവര്‍ രണ്ടാം നിലയിലെ ജനലിലൂടെ അത് കണ്ടത്. ഓരോ സാരിയിലും തുളയിട്ടതിനു ശേഷം അവള്‍ കാര്‍മേഘങ്ങള്‍ കണ്ടു പീലിവിടര്‍ത്തി ആടുന്ന ഒരു മയിലിനെപ്പോലെ പാവാട വിടര്‍ത്തിയാടി. വികലമായ മനസ്സില്‍ ദാരിദ്ര്യം എന്ന അവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ അവളുടെ തവിട്ടു നിറത്തിനുള്ളിലെ മനസ്സില്‍ കുശുമ്പ് കടന്നല്‍ക്കൂട് കൂട്ടുകയായിരുന്നു. ആ പെണ്ണ് ഹാര്‍മോണിയം വായിച്ചു നന്നായി നാടോടി പാട്ടുകള്‍ പാടുമായിരുന്നു. ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വിങ്ങലോടു കൂടി അവര്‍ അവരുടെ മകനെ സ്‌കൂള്‍ മത്സരത്തിന് പാട്ടുകള്‍ പഠിപ്പിച്ചത് ഓര്‍ക്കുമായിരുന്നു.
അവള്‍ ബംഗാളില്‍ നിന്നും അമ്മാവന്റെ കൂടെ കേരളത്തിലേക്ക് ഒളിച്ചോടിയതായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ അമ്മാവന്‍ അവളെ ഉപേക്ഷിച്ചു. പ്രസവിക്കാന്‍ കഴിവില്ലാത്ത ഗര്‍ഭപാത്രമായതിനാല്‍ ആരുടെ കൂടെയും എത്രവട്ടം വേണമെങ്കിലും പിടിക്കപ്പെടാതെ കിടക്കാമെന്നു അവള്‍ അടിവയറ്റിലടിച്ചു ഉറക്കെ ചിരിച്ചുകൊണ്ട് ബാക്കിയുള്ള വേലക്കാരോട് പറയുമായിരുന്നു. ശരീരം വില്‍ക്കുന്നത് ശീലമായാല്‍ പിന്നെ അതൊരു ഹരമാണത്രെ. ദേഹം വേദനിച്ചാലും, കിട്ടാന്‍ പോകുന്ന കാശ് ആലോചിച്ചു സന്തോഷം തോന്നുമത്രെ.
അവളുടെ ദാവണി മിക്കപ്പോഴും നരച്ചതും, മുഷിഞ്ഞതുമായിരുന്നു. അവള്‍ പാവാട മുട്ടറ്റം പൊക്കിക്കുത്തി മുറ്റമടിക്കുമ്പോള്‍ കീറിയ അടിപ്പാവാട ചിരിച്ചുകൊണ്ട് തൂങ്ങിയാടി. ഈ കാഴ്ച കണ്ടു മടുത്ത അവര്‍ ഒരിയ്ക്കല്‍ അവളെ മുറിയില്‍ വിളിച്ചു തന്റെ അലമാര തുറന്നു അവരുടെ പഴയ സാറ്റിന്‍ അടിപ്പാവാടകള്‍ അവള്‍ക്കു കൊടുത്തു. അവരുടെ അലമാരയിലെ സാരികളുടെ ശേഖരം കണ്ടു അവളുടെ കണ്ണുകളുടെ തിളക്കം കൂട്ടി. അവര്‍ക്കതു അസ്വസ്ഥമായി തോന്നി. ഒന്നും ഇല്ലാത്ത ജന്മങ്ങള്‍ കണ്ണ് വെച്ചാല്‍ ചിലപ്പോള്‍ നോക്കി നില്‍ക്കെ ഐശ്വര്യം മുഴുവന്‍ ഒലിച്ചു പോകും. അവളുടെ തവിട്ടു നിറത്തില്‍ കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന കറുത്ത ചരട് വിയര്‍പ്പിലൊട്ടി വലിഞ്ഞു നിന്നിരുന്നു. പല ആണുങ്ങളുടെ കൂടെ കിടന്ന ശരീരമാണെങ്കിലും ഒട്ടും ഉടയാത്ത കൊത്തി വെച്ച ശില്‍പം പോലെയായിരുന്നു അവളുടെ ശരീരഘടന. കാലും കൈയും ഒക്കെ ഒതുക്കി വെച്ച് ജീവിച്ചാല്‍ അവള്‍ക്കു കൊള്ളാമെന്നു അവര്‍ ഉപദേശിക്കാന്‍ തുടങ്ങിയതാണ്. പിന്നെ വര്‍ഷങ്ങളായി സ്പര്‍ശനം ഏല്‍ക്കാത്ത തന്റെ വരണ്ട ശരീരം ആലോചിച്ചു അവര്‍ മൗനം പാലിച്ചു.
വേലക്കാര്‍ എത്ര കുളിച്ചു നനച്ചു വന്നാലും അവര്‍ക്കു വേലക്കാരെ നാറ്റം എടുക്കന്ന പോലെ തോന്നുമായിരുന്നു. മനസ്സിന്റെ ഒരാവസ്ഥയാണത്. ഇഷ്ടമില്ലാത്ത മനുഷ്യരെക്കാണുമ്പോള്‍ അവരില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന പോലെയൊരു തോന്നല്‍. ഭര്‍ത്താവും മകനും ഉണ്ടായിരുന്നപ്പോള്‍ എത്ര നല്ലതായിരുന്നു അവരുടെ ജീവിതം. അയാള്‍ക്ക് ഇട്ടു മൂടാന്‍ കാശുണ്ടായത് കൊണ്ട് അയാളുടെ അവിഹിത ബന്ധങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിക്കുമായിരുന്നു. പല ശരീരങ്ങളില്‍ സന്തോഷം തേടിയിട്ടും ഒന്നിലും തൃപ്തിയടയാന്‍ പറ്റാത്ത ഒരു വെറി പിടിച്ച നായയെപ്പോലെ അവര്‍ അയാളെ നോക്കി ഉള്ളില്‍ ചിരിക്കുമായിരുന്നു. നുരയും, പതയും വായിലൂടെ ഒലിപ്പിച്ചു പല വേശ്യകളുടെ പിറകെ നടക്കുന്ന ഒരു തെരുവ്‌നായ. അവരുടെ ദേഹം നല്ല പട്ടുതുണി പോലെ അത്തറിട്ടും, പരിചരിച്ചും അവരുടെ ഭര്‍ത്താവിനെപ്പോലെയുള്ള ഒരു ശ്വാനനും അടുത്ത് വരാതെയവര്‍ സൂക്ഷിച്ചു. അയാളുടെ മരണം അവരെ സ്പര്‍ശിച്ചില്ല. അവര്‍ മാത്രമല്ല അയാളുടെ വേശ്യാ വൃന്ദങ്ങള്‍ പോലും അയാളെ ഓര്‍ത്തില്ല. അയാള്‍ മാത്രം അയാള്‍ വലിയ ഒരു സംഭവം ആണെന്ന് കരുതി ഒരു മിഥ്യാ ലോകത്തു ജീവിച്ചു മരിച്ചു.
പക്ഷെ മകന്റെ മരണം അവരെ ഉലച്ചു കളഞ്ഞു. അവര്‍ മാസങ്ങള്‍ ഒരേ കിടപ്പു കിടന്നു പോയി. ഭക്ഷണം കഴിക്കാന്‍ പോലും തോന്നിയില്ല. പേറു കഴിഞ്ഞ ഒഴിഞ്ഞ വയറു പോലെ അവരുടെ മനസ്സും ദേഹവും വര്‍ഷങ്ങള്‍ ഒഴിഞ്ഞു കിടന്നു. അവനു ഏറ്റവും ഇഷ്ടപ്പെപട്ട പാല്‍പ്പായസമുണ്ടാക്കി അവര്‍ അനാഥാലയങ്ങള്‍ തോറും നടന്നു അവിടുത്തെ കുട്ടികള്‍ക്ക് കൊടുത്തു. മകന്റെ പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങി പാവപ്പെട്ട പിള്ളേരെ പഠിപ്പിച്ചു, വിധവകള്‍ക്ക് വീട് വെച്ചു കൊടുത്തു. അവന്‍ ഇട്ടിരുന്ന ഷര്‍ട്ടുകള്‍ അവര്‍ അലമാരിയില്‍ നിന്നെടുത്തു എന്നും ഇസ്തിരിയിട്ടു മടക്കി വെച്ചു. 'ഇതെല്ലാം കണ്ടു തള്ളയ്ക്കു മോന്‍ ചത്തപ്പോള്‍ മുഴു ഭ്രാന്തായിപ്പോയെന്നു' അടക്കം പറഞ്ഞു വേലക്കാരികള്‍ ചിരിച്ചു.
വീട്ടിലെ മുന്‍വശത്തെ വെള്ള പെയിന്റ് അടിച്ച ആ വലിയ ഹാളില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ചുറ്റും ശവപ്പെട്ടികള്‍ നിരന്നിരിക്കുന്ന പോലെ തോന്നുമായിരുന്നു,അവര്‍ക്ക്. എല്ലാ പെട്ടിയില്‍ നിന്നും മകന്‍. 'അമ്മേ' എന്ന് വിളിച്ചു.ആ ശബ്ദം ചെവിയില്‍ ചീവീടിനെപ്പോലെ കയറി തലയില്‍ വട്ടമിട്ടു പറന്നു. അങ്ങനെ ഒരുച്ച നേരത്തു ചീവീടുകള്‍ അവരുടെ ചെവിയില്‍ കയറിയപ്പോള്‍ അവര്‍ വീട്ടില്‍ നിന്നിറങ്ങിയോടി. ചരലുകള്‍ അവരുടെ കാലില്‍ കൊണ്ട് കയറി. അവര്‍ ചെരുപ്പില്ലാത്ത രക്തമൊലിപ്പിക്കുന്ന കാലുകളുമായി ടൗണ്‍ വരെ നിലവിളിച്ചു കൊണ്ടോടി. അവിടെ കുഴഞ്ഞു വീണു. ന
ഒരാഴ്ച ആശുപത്രിയിലെ സെഡേഷന്റെ ഉറക്കത്തിനു ശേഷമാണു അവരുടെ തലയില്‍ നിന്നും ചീവീടുകള്‍ മുഴുവനായി ഇറങ്ങിപ്പോയത്. 'പറ്റുമെങ്കില്‍ നിങ്ങള്‍ പകല്‍ സമയം ബന്ധുക്കാരുടെയോ, സുഹൃത്തുക്കളുടെയോ വീട്ടിലൊക്കെ പോകണം. എപ്പോഴും മകനെ കുറിച്ചോര്‍ത്തു വിഷമിക്കാതെ, ഈ മരണക്കിണറില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്കണം. നിങ്ങള്‍ തന്നെ അത് വിചാരിക്കണം. നിങ്ങള്‍ക്കതിനു സാധിക്കും.' ഡോക്ടര്‍ പറഞ്ഞു. അതിനു ശേഷമാണ്ു മാസത്തിലൊന്നു വീതം അവര്‍ പാലായിലെ റബ്ബര്‍ മലയില്‍ താമസിക്കുന്ന അമ്മായിയെ കാണാന്‍ പോകാന്‍ തുടങ്ങിയത്. കോട്ടയത്ത് നിന്നും പാലായിലെ അമ്മായിയെ കാണാന്‍ പോകുമ്പോള്‍ ടൗണ്‍ കഴിഞ്ഞുള്ള ഉള്ളിലെ തണല്‍ മൂടിയ ഇരുണ്ട വഴിയിലോട്ട് കാര്‍ കടക്കുമ്പോള്‍ അവരുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകാറുണ്ട്. ആ ഇരുട്ടില്‍ റബ്ബര്‍മരങ്ങള്‍ നിഴലാട്ടം ആടുന്നത് പോലെ അവര്‍ക്കു തോന്നുമായിരുന്നു. വഴിയുടെ അരികില്‍ പുല്ലു തിന്നു നില്‍ക്കുന്ന പശുക്കളെ കാണുമ്പോള്‍, ചാണകത്തിന്റെ രൂക്ഷ ഗന്ധം കാറിന്റെയുള്ളില്‍ വരില്ലെങ്കിലും അവര്‍ സാരി തലപ്പ് കൊണ്ട് മൂക്ക് പൊത്തുമായിരുന്നു. പശുവിന്റെ കാലിലെ ഉണങ്ങിയ ചാണകത്തില്‍ ഈച്ചകള്‍ വട്ടമിട്ടു പറക്കുമ്പോള്‍ അതതിനെ വാലുകൊണ്ടടിച്ചു പുല്ലു ആര്‍ത്തിയോട് കൂടി തിന്നുന്നത് കാണുമ്പോള്‍, രാവിലെ കുടിച്ച പാല് അവരുടെ വായില്‍ തികട്ടി വരുമായിരുന്നു.
കയറ്റത്തില്‍ നിന്ന് പോയ കാറില്‍ നിന്നും അമ്മായിയുടെ മോന്‍ അവരെ കൈ പിടിച്ചു വീട്ടില്‍ കൊണ്ട് പോയി. 'നിനക്ക് വരുന്നതിനു മുന്നേ ഫോണ്‍ വിളിച്ചു ഒരു വാക്കു പറയാമായിരുന്നില്ലേ? ഞങ്ങള്‍ ആരെങ്കിലും താഴെ ഇറങ്ങി വരുമായിരുന്നില്ലേ?' അമ്മായി ചായ അരിപ്പയില്‍ പൊക്കി അടിച്ചു കൊണ്ട് പരിഭവിച്ചു. അമ്മായിയുടെ പൂച്ചയും പരിഭവത്തോടെ അവരുടെ കാലില്‍ വന്നു ഉരുമ്മി. വിണ്ട ഭൂമിയില്‍ മഴവെള്ളം വീണത് പോലെ ആ സ്‌നേഹപ്രകടനങ്ങള്‍ അവരില്‍ കുളിര്‍മ ഉളവാക്കി. പുറത്തു ചിറകൊടിഞ്ഞ ഒരു പരുന്തിനെ കാക്കകള്‍ കൂട്ടമായിട്ടു കൊത്തി. പരുന്തു കരിയിലകളില്‍ തലയമര്‍ത്തി കൊത്തു കൊണ്ട് കിടന്നു പുളഞ്ഞു. ആ ശബ്ദ കോലാഹലം അവരെ ചുറ്റും പെയ്ത സ്‌നേഹമഴയില്‍ നിന്നും യഥാര്‍ത്ഥ ലോകത്തോടു കൊണ്ട് വന്നു.
ചായ കുടിച്ചെന്നു വരുത്തി അവര്‍ റബ്ബര്‍ മരങ്ങളുടെ ഇടയിലൂടെ ഇറങ്ങി നടന്നു. റബ്ബര്‍പ്പാല് ശേഖരിക്കുന്ന ചിരട്ടകള്‍ കറുത്ത നിറത്തില്‍ മരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. തേക്കുമരങ്ങളുടെ ചുവട്ടിലുള്ള കുറ്റിക്കാട്ടിലൂടെ ഒരു ഉടുമ്പ് ഊളിയിട്ടു കയറിപ്പോയി. കടുംവെട്ടു നടത്തി പാട്ടത്തിനു കൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്ന റബ്ബര്‍മരങ്ങള്‍ അഞ്ചും, ആറും വെട്ടില്‍ പരമാവധി പാല്‍ കൊടുത്തു തളര്‍ന്നു ചാഞ്ഞു നിന്നു. പലപ്പോഴും മനുഷ്യരുടെയും, മരങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല എന്നവര്‍ക്കപ്പോള്‍ തോന്നി.
അമ്മായിയുടെ മകന്‍ അവരുടെ കൂടെ സംസാരിച്ചു കൊണ്ട് നടന്നു. അവരുടെ മകന്റെ പ്രായം തന്നെയാണ് അവനും. അവന്‍ കൂടെയുള്ളപ്പോള്‍ മകന്‍ ഇല്ലാത്ത ദുഃഖം അവരെ അധികം ബാധിച്ചില്ല. സന്ധ്യ ആകുന്നതിനു മുന്നേ തിരിച്ചുള്ള യാത്ര തുടങ്ങണം. റബര്‍ക്കാട്ടിലെ ചീവിടിന്റെ ശബ്ദം അസഹനീയമാണ്. കൂട്ടം കൂടി അതുങ്ങള്‍ നിലവിളിക്കും. ആ കാതു തുളയ്ക്കുന്ന ശബ്ദത്തില്‍ തല പൊട്ടി പലകഷണങ്ങള്‍ ആകുന്നതു പോലെ തോന്നും. പോകാന്‍ നേരം അമ്മായിയുടെ മകനെ കെട്ടിപ്പിടിച്ചു അവര്‍ കുറെ കരഞ്ഞു. കണ്ടു നിന്നവരുടെയെല്ലാം തൊണ്ടയില്‍ കണ്ണീര്‍ തളംകെട്ടി. ഇത്ര ചെറുപ്പത്തിലേ അവരുടെ മകനെ ദൈവത്തിനു തിരിച്ചെടുക്കേണ്ട കാര്യമുണ്ടായിരുന്നോ? ഇത്രയും കാശുള്ള വീട്ടില്‍ നിന്നിറങ്ങിപ്പോയി തീവണ്ടിപ്പാളത്തിനു തല വെക്കേണ്ട എന്ത് വിഷാദമായിരുന്നു അവനുണ്ടായിരുന്നത്? എന്ന ചോദ്യങ്ങള്‍ അവരുടെ ഉള്ളില്‍ തിരകള്‍ പോലെ ഉയര്‍ന്നു പൊങ്ങി.
തിരിച്ചു കാറില്‍ കയറാന്‍ നേരം മഴ പെയ്തു തുടങ്ങി. മണ്ണ് വഴികളിലെ ചെളിവെള്ളം കാറിനെ ചീറിയടിച്ചു. മഴ നോക്കി അവര്‍ കാറിന്റെ ഗ്ലാസില്‍ തല ചെരിച്ചിരുന്നു. വീട്ടിലെ ഗേറ്റ് തുറന്നപ്പോള്‍ ശക്തമായ കാറ്റത്തും മഴയത്തും ചെടികള്‍ ഒടിഞ്ഞു വീണു കിടന്നിരുന്നു. അവര്‍ വീട്ടില്‍ കയറി കുളിച്ചു വേലക്കാരി മേശപ്പുറത്തു അടച്ചു വെച്ചിരുന്ന ചപ്പാത്തിയും തേങ്ങാ വറുത്തരച്ച കോഴിക്കറിയും കഴിച്ചു. ശക്തമായ മഴയത്തു ചീവീടുകള്‍ കരയുന്നതു കേള്‍ക്കാന്‍ സാധിക്കുന്നില്ല. സമാധാനമുണ്ട്!
അവര്‍ വോഡ്കയില്‍ നാരങ്ങാ വെള്ളമൊഴിച്ചു ഐസും ഇട്ടു മുന്‍വശത്തെ മുറിയിലെ ചാരുകസേരയില്‍ കാലു നിവര്‍ത്തിവെച്ചു കിടന്നു. അപ്പോള്‍ ചാരുകസേരയുടെ അടിയില്‍ നിന്നും അവര്‍ 'അമ്മാ' എന്നൊരു ഞെരക്കം കേട്ടു. അവര്‍ ചിറികോട്ടി ചെറുതായി ചിരിച്ചു. പല്ലിന്റെ ഇടയില്‍ കയറിയ ചിക്കന്‍ കഷണം പല്ലുകുത്തി കൊണ്ട് കുത്തിയെടുത്തു കസേരയുടെ അരികത്തോട്ടു പുച്ഛത്തോടെ തുപ്പി.
പണ്ടൊരു സന്ധ്യാ നേരത്ത് ഇതുപോലെയൊരു മഴയത്തു വീട്ടില്‍ വന്നു കയറിയപ്പോള്‍ വേലക്കാരിപ്പെണ്ണിനേയും, മകനേയും ഒരുമിച്ചൊരു മുറിയില്‍ കണ്ടത് അവരോര്‍ത്തു. ഭര്‍ത്താവ് തന്ന അതെ തലവേദന മകനും തരുമെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ പുതുതായി മേടിച്ച കത്തി അവനില്‍ പരീക്ഷിച്ചു. ചാരുകസേരയുടെ കീഴെക്കിടന്നു അവന്‍ ഞെരങ്ങുമ്പോള്‍ അവര്‍ അത് കേട്ടില്ലെന്നു നടിച്ചു. പിന്നെ, ആത്മ സംതൃപ്തിയോട് കൂടി കണ്ണടച്ച് മഴയുടെ തണുപ്പില്‍, കിഷോര്‍ കുമാറിന്റെ പാട്ടു കേട്ട് കിടന്നു.
മഴയപ്പോള്‍ ചീവീടുകളെ വിഴുങ്ങുകയായിരുന്നു.


