ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് രാജേഷ് വാര്യര്‍ എഴുതിയ കവിത. Asianet News Chilla literary space. malayalam Poem by  rejesh Varier 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ലോകാവസാനം

ഉണര്‍ന്നെണീറ്റ്
മിണ്ടിയും
പറഞ്ഞും
തമ്മില്‍ തമ്മില്‍
നോക്കിയും
ചിരിച്ചും
കാഴ്ചകള്‍
കണ്ടിരിക്കുമ്പോള്‍
സമയം പോകുന്നതറിയില്ല.

നോക്കി നോക്കിയിരിക്കെ
നേരം നട്ടുച്ചയാവും
ഉച്ച വെയിലേറ്റ്
പകലിന് നിറം മങ്ങും

കാലു വയ്യാതാവും
കവിളത്ത് ചുളിവു വീഴും
ഇരുട്ടു പരക്കും.

വെയിലത്തലഞ്ഞ്
കരിഞ്ഞതു കൊണ്ടായിരിക്കുമോ
രാത്രിക്ക്
കറുപ്പ് നിറമെന്ന്
നമ്മള്‍
വെറുതേ
വ്യാകുലപ്പെടും

എങ്കിലും

നമ്മള്‍ മിണ്ടിക്കൊണ്ടിരിക്കും
ശബ്ദത്തിലെ
ഇടര്‍ച്ച പോലും
തിരിച്ചറിയാതെ
മിണ്ടിക്കൊണ്ടിരിക്കും

ഇരുട്ട് കനക്കും

തമ്മില്‍
തമ്മില്‍
കാണാതാവും

നമ്മള്‍
സംസാരം തുടരും.


മുന്നിലുള്ള
മിണ്ടാട്ടം നിന്നു പോയത്
നമ്മളറിഞ്ഞെന്നു വരില്ല

നമ്മള്‍ മിണ്ടിക്കൊണ്ടിരിക്കും.
പതുക്കെ
പതുക്കെ
നമ്മളും
മിണ്ടാതാവും.

അന്നാണ്
ലോകം അവസാനിക്കുന്നത്.