കുഞ്ഞിനെ ഉടൻ നിലമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് ബന്ധുക്കൾ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മലപ്പുറം: നിലമ്പൂർ അമരമ്പലത്തു 10 മാസം പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പീഡനക്കേസിൽ ഹോസ്റ്റൽ കുക്ക് പിടിയിൽ

കണ്ണൂർ: വളപട്ടണത്ത് വനിതാ ഹോസ്റ്റലിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി ഊർപ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.

13കാരനെ പീഡിപ്പിച്ച യുവാവ് പിടിയിൽ

മലപ്പുറം: പതിമൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്എച്ച്ഒ ലൈജുമോന്‍ സിവി അറസ്റ്റ് ചെയ്തത്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. 

വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം അരീക്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്. പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ (Pocso case), പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.