നഷ്ടപ്പെട്ട സൈക്കിള്‍ കണ്ടെത്തി തരണമെന്ന പത്തു വയസുകാരന്‍റെ പരാതിയില്‍ അതിവേഗം നടപടിയെടുത്ത് പൊലീസ്. കൊല്ലം ശാസ്താംകോട്ട പൊലീസാണ് പത്തു വയസുകാരന്‍റെ പരാതിക്ക് ദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാക്കി കൊടുത്തത്.

ബഹുമാനപ്പെട്ട ഇന്‍സ്പെക്ടര്‍ സാര്‍,എന്‍റെ അച്ഛന്‍ എനിക്ക് വാങ്ങിച്ചു തന്ന പതിനായിരം രൂപ വിലയുളള പുതിയ സൈക്കിള്‍ ഇന്ന് രാവിലെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ കാണുന്നില്ല. എത്രയും വേഗം എനിക്ക് എന്‍റെ സൈക്കിള്‍ കണ്ടു പിടിച്ചു തരണേ എന്നായിരുന്നു പത്ത് വയസുകാരന്‍റെ പരാതി.

പത്തു വയസുകാരന്‍ ശ്രീറാമിന്‍റെ ഈ പരാതിയില്‍ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മാമന്‍റെയും മറ്റ് പൊലീസു മാമന്‍മാരുടെയും ഇടപെടല്‍ വളരെ പെട്ടെന്നായിരുന്നു. പരാതി കിട്ടി നാലാം നാളില്‍ ശ്രീറാമിന്‍റെ നഷ്ടപ്പെട്ട സൈക്കിള്‍ കണ്ടെടുത്തു. സ്റ്റേഷനില്‍ വച്ച് ആഘോഷമായി സൈക്കിള്‍ കൈമാറി. ശ്രീറാം മാമന്‍മാര്‍ക്ക് സന്തോഷമറിയിച്ചു.

ശ്രീറാമിന്‍റെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പൊലീസ് സൈക്കിള്‍ കണ്ടെത്തിയത്. സൈക്കിള്‍ മോഷ്ടിച്ച് ഇവിടെ ഉപേക്ഷിച്ചതാരെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona