ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ പത്തു വയസുകാരന് അമിബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ രോഗ ഉറവിടം വ്യക്തമല്ലാത്തതിനാൽ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  

ആലപ്പുഴ : പത്തു വയസുകാരന് അമിബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. വിദേശത്തായിരുന്ന കുട്ടിക്ക് രോഗം എങ്ങനെ പിടിപെട്ടെന്ന് വ്യക്തമായിട്ടില്ല. തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരന് അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പു നൽകുന്ന വിവരം. രോഗത്തിന്‍റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളി പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി.

മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്.ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. അവശതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടങ്ങിയതാണ് രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 29-നാണ് രോഗം സ്ഥിരീകരിച്ചത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player