ബേപ്പൂരിൽ നിന്ന് 'മഹിദ", ചോമ്പാൽ നിന്ന് 'അസര്‍" ബോട്ടുകൾ നിറയെ കുഞ്ഞൻ ചമ്പാൻ അയല, ബോട്ടുകൾ പിടിച്ചെടുത്തു
നിയമം ലംഘിച്ച് പിടിച്ചത് 1000 കിലോഗ്രാം ചെറുമത്സ്യം കൈയ്യോടെ പിടികൂടി കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്
കോഴിക്കോട്: നിയമം ലംഘിച്ച് പിടിച്ചത് 1000 കിലോഗ്രാം ചെറുമത്സ്യം കൈയ്യോടെ പിടികൂടി കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്. അനധികൃതമായി 1000 കിലോയോളം ചെമ്പൻ അയല ഇനത്തിൽ പെട്ട ചെറുമത്സ്യവുമായാണ് ബോട്ടുകള്‍ എത്തിയത്. നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച ബേപ്പൂരില്‍ നിന്നുള്ള 'മഹിദ', ചോമ്പാലയില്‍ നിന്നുള്ള 'അസര്‍' എന്നീ ബോട്ടുകളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും വടകര തീരദേശ പോലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.
ചമ്പാൻ അയലയ്ക്ക് കുറഞ്ഞത് 11 സെന്റീമീറ്റര്‍ വലിപ്പം വേണമെന്നാണ് നിയമം (മിനിമം ലീഗൽ സൈസ്). ഇതിൽ കുറവ് വലിപ്പമുള്ള മീനുകൾ പിടികൂടി വിൽപ്പന നടത്തരുതെന്ന് പറയുന്നു. അയല 14 സെന്റീമീറ്റര്‍ മത്തിക്ക് 10 സെന്റീമീറ്ററും ഉണ്ടായിരിക്കണം എന്നാണ് പുതിയ നിയന്ത്രണത്തിനുള്ള മാനദണ്ഡം. ഇങ്ങനെ ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
ബേപ്പൂരില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ രാജന്‍, സിപിഒ ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ വിഷ്‌നേശ്, താജുദ്ദീന്‍ എന്നിവരും ചോമ്പാലയില്‍ തീരദേശ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ വിഷ്ണു, ശരത് എന്നിവരും ചേര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്. മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് മീന്‍പിടിക്കുന്ന ബോട്ടുകളും എന്‍ജിനും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് അസി. ഡയരക്ടര്‍ സുനീര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം