ഹരിപ്പാട്: കൊവിഡിനെ പൊരുതി തോല്‍പിച്ച് കാര്‍ത്യായനി മുത്തശ്ശി (102). റിട്ട. അധ്യാപകന്‍ ആറാട്ടുപുഴ കള്ളിക്കാട് കൊച്ചേം പറമ്പില്‍ പരേതനായ ശങ്കരന്റെ ഭാര്യ കാര്‍ത്യായനിയ്ക്കും കുടുംബത്തിനും രണ്ടാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

മകള്‍ ഗീതയ്ക്കും ഇവരുടെ മകള്‍ ബിബിതയ്ക്കുമാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാര്‍ത്യായനിയമ്മയ്ക്കും ഗീതയുടെ മകന്‍ ആദര്‍ശ്, ഭാര്യ സിനി, ചെറുമക്കളായ അമോദ്, അജിംക്യ, മൃദുന്‍ എന്നിവരെയും രോഗം ബാധിച്ചു. ഇവരെയെല്ലാം മാധവാ ജങ്ഷനിലുള്ള കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ശ്വാസംമുട്ടല്‍, ഉയര്‍ന്ന ശരീരോഷ്മാവ്, വയറിളക്കം എന്നിവയായിരുന്നു എല്ലാവരിലും പൊതുവായുണ്ടായ ലക്ഷണം. ആരോഗ്യവതിയായിരുന്ന കാര്‍ത്യായനി ഇതോടെ അവശയായി. ഇവരുടെ കാര്യത്തിലായിരുന്നു വീട്ടുകാര്‍ക്ക് ആശങ്ക. ഓര്‍മ നഷ്ടപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ചികിത്സ തുടര്‍ന്നു. പൂനയിലുള്ള ഗീതയുടെ മകന്‍ ഡോ.ഗിരിധറും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കാര്‍ത്യായനി അപകടനില തരണം ചെയ്തു. തുടര്‍ചികിത്സ വീട്ടിലായിരുന്നു. നന്നായി സംസാരിക്കുകയും കവിത ചൊല്ലുകയും പത്രം വായിക്കുകയും ചെയ്യുന്ന ഇവര്‍ ഇപ്പോള്‍ പഴയ സ്ഥിതിയിലേക്ക് എത്തി. ഒരു നൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയില്‍ കൊവിഡിനെയും കാണാന്‍ കഴിഞ്ഞെന്ന് ഇവര്‍ പറഞ്ഞു.