Asianet News MalayalamAsianet News Malayalam

പേര് മുൻനിര പോരാളി, പക്ഷേ ശമ്പളമില്ല; 108 ആംബുലൻസ് ജീവനക്കാർ തിങ്കളാഴ്ച മുതൽ സൂചനാ പണിമുടക്കിന്

കോഴിക്കോട് ജില്ലയിൽ നിപ്പ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

108 ambulance employees are on strike in Kerala for delaying their salaries vkv
Author
First Published Sep 17, 2023, 9:58 AM IST

കൊച്ചി: ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ ശമ്പളം ലഭിക്കുന്ന വരെ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുമെന്ന്സി .ഐ.ടി.യു തൊഴിലാളി യൂണിയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിപ്പ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് 108 ആംബുലൻസ് സേവനം തടസമില്ലാതെ ലഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച മുതൽ ഒരു ആശുപത്രിയിൽ നിന്ന് അടുത്ത ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസുകളുടെ സേവനം ലഭിക്കാതെ വരും. ഇതോടെ രോഗികൾ പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും എന്നാണ് കരുതുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ട്  ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം അകാരണമായി തടഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു. 

കൃത്യമായി ഒരു ശമ്പള തിയതി തങ്ങൾക്ക് ഇല്ലാ എന്നും ഓരോ മാസവും ശമ്പളം വൈകി വരുന്നത് തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നും ജീവനക്കാർ പറയുന്നു. യൂണിയനും കമ്പനിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എല്ലാ മാസവും പത്താം തിയതിക്ക് ഉള്ളിൽ ശമ്പളം നൽകും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പലപ്പോഴും ലംഘിക്കപ്പെട്ടതായി യൂണിയൻ തൊഴിലാളികൾക്ക് നൽകിയ കത്തിൽ പറയുന്നു.  പല തവണ ഇതുമായി ബന്ധപ്പെട്ട് കമ്പനിയെ സമീപിച്ചെങ്കിലും കൃത്യമായി ഒരു ശമ്പള തിയതി ഉറപ്പ് നൽകാൻ കമ്പനി തയ്യാറായില്ല എന്ന ആരോപണവും ഉണ്ട്. 

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ആണ് 108 ആംബുലൻസ് പദ്ധതിയുടെ മേൽനോട്ട ചുമതല. കരാർ കമ്പനിക്ക് ഫണ്ട് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ് എന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. എന്നാൽ 35 കോടിയിലേറെ രൂപ കരാർ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകാൻ കുടിശ്ശിക ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.  സംസ്ഥാന സർക്കാരിന്‍റെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സൗജന്യ ആംബുലൻസ് പദ്ധതിയാണ് 108 ആംബുലൻസ് പദ്ധതി.  

സംസ്ഥാനത്ത് ഉടനീളം 316 ആംബുലൻസുകൾ ആണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.  1300 ലേറെ ജീവനക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജോലി നോക്കുന്നുണ്ട്. കൊവിഡ് - നിപ്പാ പെമാരികളാൽ സംസ്ഥാനം വിറങ്ങലിച്ചപ്പോൾ ഒക്കെ മുൻ നിര പോരാളികളായി 108 ആംബുലൻസ് ജീവനക്കാർ രംഗത്ത് ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർക്ക് സർകാർ റിസ്ക് അലവൻസ് നൽകിയെങ്കിലും 108 ആംബുലൻസ് ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കുറിയും തുടക്കം മുതൽ തന്നെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 108 ആംബുലൻസുകളും അതിലെ ജീവനക്കാരെയും വിന്യസിച്ചിരിക്കുകയാണ്.

Read More : ബത്തേരി അര്‍ബന്‍ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിൽ റിബൽ സ്ഥാനാർത്ഥി, തോൽവി, നടപടി തുടങ്ങി കെപിസിസി

Follow Us:
Download App:
  • android
  • ios