ബത്തേരി അര്‍ബന്‍ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിൽ റിബൽ സ്ഥാനാർത്ഥി, തോൽവി, നടപടി തുടങ്ങി കെപിസിസി
ചെയര്‍മാൻ സ്ഥാനത്തേക്ക് ഡി.പി. രാജശേഖരനെയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശ്രീജി ജോസഫിനെയും സ്ഥാനാര്‍ഥികള്‍ ആക്കാനായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് വ്യാഴാഴ്ച രാത്രിയോടെ ലഭിച്ചിരുന്നു.
സുല്‍ത്താന്‍ ബത്തേരി: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി. തീരുമാനിച്ച് വിപ്പ് നല്‍കിയ ശ്രീജി ജോസഫിനെതിരെ റിബലായി മത്സരിച്ച വി.ജെ. തോമസിനെയും, റിബല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ച ഡയറക്ടര്‍ ബേബി വര്‍ഗ്ഗീസിനെയും, പിന്താങ്ങിയ ഡയറക്ടര്‍ റഷീദിനെയും സംഘടന വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ച് സസ്‌പെന്‍ഡ് ചെയ്തു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് തെരഞ്ഞെടുപ്പ്.
കെ.പി.സി.സി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ വിമത സ്ഥാനാര്‍ഥി വി.ജെ. തോമസ് തോല്‍പ്പിക്കുകയായിരുന്നു. ചെയര്‍മാൻ സ്ഥാനത്തേക്ക് ഡി.പി. രാജശേഖരനെയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശ്രീജി ജോസഫിനെയും സ്ഥാനാര്‍ഥികള്‍ ആക്കാനായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് വ്യാഴാഴ്ച രാത്രിയോടെ ലഭിച്ചിരുന്നു. ഡി.സി.സി.യില്‍നിന്ന് നാമനിര്‍ദേശം ചെയ്തത് പ്രകാരമാണ് കെ.പി.സി.സി.യുടെ കത്തുവന്നത്. വി.ജെ. തോമസിനെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പ്രവര്‍ത്തകരുടെയിടയില്‍ ശക്തമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് ഡി.പി. രാജശേഖരന്‍, അബ്രഹാം തേയിലക്കാട്ട്, വി.ജെ. തോമസ് എന്നിവരെ ചെയര്‍മാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി. സമിതി പങ്കെടുത്ത യോഗത്തിലാണ് മൂന്നുപേര്‍ക്കുമായി ചേരിതിരിവുണ്ടായത്. ഒടുവിൽ പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പത്തുമുള്ള ഡി.സി.സി. ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരനെ ചെയര്‍മാൻ സ്ഥാനാര്‍ഥിയാക്കുന്നതിനോട് മൂന്നില്‍ രണ്ട് വിഭാഗം യോജിച്ചതോടെ തര്‍ക്കത്തിന് പരിഹാരമായി.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശ്രീജി ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് ഡി.സി.സി. പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നെന്നാണ് ആക്ഷേപം. ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കി പാര്‍ട്ടിയിലെ ഒരുവിഭാഗത്തിലെ വേണ്ടപ്പെട്ടവരെ തൃപ്തിപ്പെടുത്താനായിരുന്നു പാര്‍ട്ടി ജില്ലാ അധ്യക്ഷന്റെ പാളിപ്പോയ ഈ നീക്കം. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ച നേതൃത്വത്തിനേറ്റ അടിയാണ് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കേറ്റ പരാജയമെന്നാണ് വിലയിരുത്തല്‍.
ബാങ്ക് ഭരണസമിതിയിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാനേതൃത്വം ചെവിക്കൊണ്ടില്ല. മുഴുവന്‍സീറ്റുകളിലും വിജയിച്ചാണ് ബാങ്ക് ഭരണസമിതി യു.ഡി.എഫ്. നേടിയത്. 13 അംഗ ഭരണസമിതിയില്‍ ഒമ്പത് വോട്ടുകള്‍ ലഭിച്ചാണ് വി.ജെ. തോമസ് വിജയിച്ചത്. കെ.പി.സി.സി.യുടെ സ്ഥാനാര്‍ഥിയായ ശ്രീജി ജോസഫിന് നാല് വോട്ടുകളാണ് ലഭിച്ചത്. വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികളായ ഭരണസമിതിയംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. 46 നിയമനങ്ങളാണ് വരുംവര്‍ഷങ്ങളില്‍ അര്‍ബന്‍ ബാങ്കില്‍ നടക്കാനുള്ളത്. ജില്ലയിലെ ചില നേതാക്കള്‍ക്കായി ഈ നിയമനങ്ങള്‍ വീതിച്ചുനല്‍കിയതായാണ് സൂചന. എന്നാല്‍, തുടക്കത്തിലേ കല്ലുകടിയുണ്ടായ ഭരണസമിതിയില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഭരണസമിതിയിലെ മറുപക്ഷം എതിര്‍ക്കുമെന്നകാര്യം ഉറപ്പായി.
Read More : 'ആത്മഹത്യ ചെയ്യുകയാണ്', ഇൻസ്റ്റഗ്രാമിൽ അതിഥി തൊഴിലാളിയുടെ വീഡിയോ; പൊലീസെത്തിയപ്പോൾ ട്വിസ്റ്റ് !