Asianet News MalayalamAsianet News Malayalam

ആശുപത്രിയലേക്ക് പോകും വഴി പ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്‌ ജീവനക്കാർ

യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ആംബുലൻസിന് ഉള്ളിൽ വെച്ച് 3 മണിയോടെ പ്രസവം എടുക്കുകയായിരുന്നു. 

108 ambulance staff to save pregnant mother and baby
Author
Kollam, First Published Jul 17, 2020, 8:19 AM IST

കൊട്ടാരക്കര: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്‌ ജീവനക്കാർ. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിലേക്ക് മാറ്റിയ യുവതിക്ക് ആംബുലൻസിന് ഉള്ളിൽ സുഖപ്രസവം. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലൻസിന് ഉള്ളിൽ ആൺകുഞ്ഞിന്‌ ജന്മം നൽകിയത്. 

വ്യാഴാഴ്ച വൈകിട്ട് രണ്ടേ മുക്കാലോടെ സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു.  

അഞ്ച് മിനിറ്റ് കൊണ്ട് ആംബുലൻസ്‌ സ്ഥലത്തെത്തി. റോഡിൽ നിന്ന് കുത്തിറക്കമുള്ള സ്ഥലത്താണ് സിന്ധുവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ആംബുലൻസ്‌ എത്തിപ്പെടാൻ കഴിയാത്ത അവസ്‌ഥയാണ്. സിന്ധുവിന്റെ അടുത്തെത്തി ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ദേവി നടത്തിയ പരിശോധനയിൽ ആരോഗ്യനില മോശമാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കണ്ടെത്തി. 

തുടർന്ന് ആംബുലൻസ്‌ പൈലറ്റ് സന്തോഷ് കുമാറും പ്രദേശവാസികളും ചേർന്ന് സിന്ധുവിനെ സ്ട്രക്ച്ചറിൽ ചുമന്ന് കയറ്റം കയറി മുകളിൽ എത്തിച്ച് ആംബുലൻസിലേക്ക് മാറ്റി. സിന്ധുവിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ആംബുലൻസിന് ഉള്ളിൽ വെച്ച് 3 മണിയോടെ പ്രസവം എടുക്കുകയായിരുന്നു. 

പ്രഥമ ശുസ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ ആംബുലൻസ്‌ പൈലറ്റ് സന്തോഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios