വഴിക്കടവ് സ്വദേശിയായ പതിനൊന്നുകാരന്‍ അമല്‍ ഷാന്‍, പുന്നപ്പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെയും വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച ശേഷം പാഠപുസ്തകത്തിൽ നിന്ന് പഠിച്ച അറിവ് ഉപയോഗിച്ച് സുഹൃത്തിന് പ്രഥമശുശ്രൂഷ നൽകാനും ഈ കൊച്ചുമിടുക്കൻ മറന്നില്ല.

മലപ്പുറം: പുന്നപ്പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച് ചുഴിയിൽ അകപ്പെട്ട വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി പതിനൊന്നുകാരന്‍. വഴിക്കടവ് സ്വദേശി അമല്‍ ഷാന്‍ എന്ന കൊച്ചുമിടുക്കനാണ് തന്റെ സുഹൃത്ത് ഷെബിന്‍ ഷാനെയും വല്യുപ്പ അബൂബക്കറിനെയും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. അപകടസമയത്ത് പരിഭ്രമിക്കാതെ സുഹൃത്തിന് പ്രഥമശുശ്രൂഷ നല്‍കാനും അമല്‍ ഷാന്‍ കാട്ടിയ വിവേകം വലിയ കൈയടി നേടുകയാണ്. ബന്ധുക്കളോടൊപ്പം പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തിക്കുളിക്കുന്നതിനിടെയാണ് ഷെബിന്‍ ഷാന്‍ അപ്രതീക്ഷിതമായി പുഴയിലെ കയത്തില്‍ അകപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷെബിന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയില്‍പ്പെട്ടു. ഇതോടെ സാഹചര്യം അതീവ ഗുരുതരമായി. എന്നാല്‍ ഒട്ടും വൈകാതെ പുഴയിലേക്ക് ചാടിയ അമല്‍ ഷാന്‍, ഷെബിനെ അതിസാഹസികമായി കരയിലേക്ക് എത്തിച്ചു. പിന്നാലെ വല്യുപ്പയെയും അമൽ രക്ഷിച്ചു. കരയിലെത്തിച്ച ശേഷം ഷെബിന് സി.പി.ആര്‍ നല്‍കാനും അമല്‍ മറന്നില്ല. അഞ്ചാം ക്ലാസിലെ പാഠഭാഗത്ത് നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് ഈ നിര്‍ണ്ണായക ഘട്ടത്തില്‍ തനിക്ക് തുണയായതെന്ന് അമല്‍ ഷാന്‍ പ്രതികരിച്ചു. ജലസേചനത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ച ഈ ഭാഗത്ത് രണ്ടാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. പുന്നപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് കൂട്ടുകാരനെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ അമലിന്റെ ധീരതയെ അഭിനന്ദിക്കുകയാണ് നാട്.