കനാലിൽ കോഴിമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതാണ് പാമ്പുകളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറവുശാലകളിലെ മാലിന്യവും ഇവ വൃത്തിയാക്കുന്ന വെള്ളവും പലയിടങ്ങളിലും കനാലുകളിലേക്കാണ് ഒഴുക്കുന്നത്.
ആലപ്പുഴ: കനാലുകളിൽ ഇറച്ചിമാലിന്യം വ്യാപകമായി തള്ളുന്നത് നഗരത്തിൽ പെരുമ്പാമ്പുകൾ പെരുകാൻ കാരണമാകുന്നു. കോടതിപ്പാലത്തിനു സമീപമുള്ള അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്ന് ബുധനാഴ്ചയും പെരുമ്പാമ്പിനെ പിടികൂടി. പകൽ 10.30 ഓടെ വനംവകുപ്പിന്റെ സർപ്പ പ്രതിനിധി ജിബിൻ ആണ് പാമ്പിനെ പിടിച്ചത്. ഓഫീസിനു മുന്നിലെ വലയിൽ തലഭാഗം ഉടക്കിയ നിലയിലായിരുന്നു പാമ്പ്. ചൊവ്വാഴ്ചയും ഇതേ സ്ഥലത്തുനിന്ന് മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ജനുവരിയിൽ നാലു പാമ്പുകളെ ശവക്കോട്ടപ്പാലത്തിനു സമീപത്തുനിന്നും കഴിഞ്ഞദിവസങ്ങളിൽ കളർകോട് ഭാഗത്തുനിന്നും സർപ്പ പ്രതിനിധികൾ പിടികൂടിയിരുന്നു. ആലപ്പുഴ നഗരത്തിൽ ഇത്രയധികം പെരുമ്പാമ്പുകൾ പെരുകുന്നത് ഇതാദ്യമായാണെന്ന് അധികൃതരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
കനാലിൽ കോഴിമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതാണ് പാമ്പുകളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറവുശാലകളിലെ മാലിന്യവും ഇവ വൃത്തിയാക്കുന്ന വെള്ളവും പലയിടങ്ങളിലും കനാലുകളിലേക്കാണ് ഒഴുക്കുന്നത്. വേണ്ടത്ര ആഹാരം യഥേഷ്ടം ലഭിക്കുന്നതിനാൽ ഇവ ഇവിടെ പെറ്റുപെരുകുകയാണ്. മറ്റു പാമ്പുകൾ ഒരുസമയം പത്തോ പതിനഞ്ചോ മുട്ടകൾ വിരിയിക്കുമ്പോൾ പെരുമ്പാമ്പുകൾ നാൽപ്പതിൽപ്പരം മുട്ടകളാണ് വിരിയിക്കുന്നത്. ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, എ എസ് കനാൽ തുടങ്ങിയ കനാലുകളിലും കാടുമൂടിയ ഇടങ്ങളിലും കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒട്ടേറെ പാമ്പുകൾ താവളമടിച്ചിട്ടുണ്ട്. ഇവ രാത്രികാലങ്ങളിൽ റോഡുകളിലേക്കും ഇഴഞ്ഞെത്താറുണ്ട്.
വിഷമില്ലെങ്കിലും പെരുമ്പാമ്പിന്റെ കടിയേറ്റാൽ ആഘാതം വളരെ കൂടുതലായിരിക്കും. രക്തക്കുഴലുകൾ മുറിയാനും വലിയതോതിൽ രക്തസ്രാവം ഉണ്ടാകാനും അണുബാധയ്ക്കും സാധ്യതയുള്ളതിനാൽ കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. ജീവൻ അപകടത്തിലാണെന്ന് തോന്നിയാൽ ഇവ മനുഷ്യനെ ചുറ്റിവരിയാനും ശ്രമിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ എടത്വാ തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ തുണ്ടിയിൽ ജോർജുകുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെയും കഴിഞ്ഞ ദിവസം പിടികൂടി വനപാലകർക്ക് കൈമാറി. ബുധനാഴ്ച പുലർച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വലിയ പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും ഇത് ഭക്ഷിച്ചിരുന്നു. സ്നേക്ക് റെസ്ക്യൂ പ്രവർത്തകൻ ചാർലി വർഗീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.


