തിരുവനന്തപുരം:  അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രാ കാലം അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വനമേഖലയിലേക്കുള്ള ചെക്ക്‌പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംഘം അനധികൃതമായി അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചത്. 

പേപ്പാറ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ്  വാര്‍ഡന്‍ സി കെ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘം പൊങ്കാലപ്പാറയിലെത്തിയെന്ന് ആദിവാസികള്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസഥര്‍ അവിടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. 

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. 25000 രൂപയോ മൂന്ന് വര്‍ഷം തടവോ ലഭിക്കാം. അഗസ്ത്യാര്‍കൂടത്തിലേക്ക് കടന്നുകയറിന്നത് തടയാന്‍, ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് പ്രത്യേക സംഘത്തെത്തന്നെ രൂപീകരിച്ചിട്ടുണ്ട്.