കോവളത്ത് കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിച്ച വിദ്യാർഥിയുടെ വിരൽ വാതിലിൽ കുടുങ്ങി ഒടിഞ്ഞു. വിദ്യാർഥി കയറും മുൻപ് വാതിലടച്ച് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സ്റ്റോപ്പിൽ നിന്നും വിദ്യാർഥി കയറും മുൻപേ കെഎസ്ആർടിസി ബസിൻ്റെ വാതിലടച്ചു. വാതിലിൽ കുടുങ്ങിയ വിദ്യാർഥിയുടെ കൈയുമായി ബസ് മുന്നോട്ടെടുത്തതോടെ ചൂണ്ടുവിരൽ ഒടിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് കോവളം ജംഗ്ഷന് സമീപമായിരുന്നു സംഭവം. വാഴമുട്ടം ജനതാലയത്തിൽ സുനിലിൻ്റെയും മഞ്ചുവിൻ്റെയും മകൻ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക്കിനാണ് (12) വലതു കയ്യിലെ ചൂണ്ടുവിരലിന് ഒടിവു പറ്റിയത്. കോവളത്തെ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകാനായി കാർത്തിക് ബസിൽ കയറാൻ ശ്രമിക്കവെ മുന്നിൽ കയറി യാത്രക്കാരൻ വാതിൽ വലിച്ചടച്ചു. ഇയാൾക്ക് പിന്നിൽ നിന്ന കുട്ടിയുടെ വിരൽ വാതിലിൽ കുടുങ്ങി. വാതിലടച്ചതോടെ കണ്ടക്ടർ ബെൽ അടിച്ചു ബസ് മുന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടി ബഹളം വച്ചപ്പോഴാണ് ബസ് നിർത്തിയത്.

ഈ സമയം കാർത്തിക്കിൻ്റെ വലതു കൈ ചൂണ്ടു വിരൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. രക്തം വാർന്ന നിലയിൽ ഇരുവരും ആ ബസിൽ തന്നെ കയറി വീട്ടിലെത്തുകയായിരുന്നു. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും വഴിയിൽ ഇറക്കിവിട്ടുവെന്ന് വീട്ടുകാർ പരാതിപ്പെടുന്നു. അതേസമയം, കുട്ടികളോട് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ വേണ്ടന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയതെന്ന് കണ്ടക്ടർ അറിയിച്ചതായി കെഎസ്ആർടിസി അധികൃതർ പറയുന്നു. സംഭവത്തിൽ കോവളം പൊലീസിൽ വീട്ടുകാർ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.