പന്ത്രണ്ടുകാരന്റെ കൈപിടിച്ച് ജീവിതത്തിലേക്കു കരകയറിയത് മൂന്നുജീവൻ
പന്ത്രണ്ടുകാരന്റെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറിയതു മൂന്നുജീവൻ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്നുപേർക്കാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.

കാവാലം: പന്ത്രണ്ടുകാരന്റെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറിയതു മൂന്നുജീവൻ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്നുപേർക്കാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. അതുലിന്റെ സഹോദരൻ അഞ്ചു വയസുകാരൻ അമൽ ബിനീഷ്, ഇവരുടെ ബന്ധു മൂന്നുവയസ്സുകാരി സനലക്ഷ്മി, സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവർക്കാണ് അതുൽ രക്ഷകനായത്.
ചെറുകര അറുപതും തോട്ടിൽ വ്യാഴാഴ്ച രാവിലെയാണു സംഭവം. തോട്ടിൽ കുളിക്കാനിറങ്ങിയതാണ് അമലും സനലക്ഷ്മിയും. കുളിക്കുന്നതിനിടെ കാൽ വഴുതി കുട്ടികൾ രണ്ടുപേരും ആഴത്തിലേക്കു മുങ്ങിപ്പോയി. കുട്ടികൾ മുങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട സുചിത്ര തോട്ടിലേക്കു ചാടി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീന്തലറിയാത്ത സുചിത്രയും ആഴത്തിലേക്കു മുങ്ങുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ അതുൽ ബിനീഷ് കാണുന്നത് തോട്ടിൽ മുങ്ങിത്താഴുന്ന തന്റെ സഹോദരനടക്കമുള്ളവരെയാണ്.
Read more: 'എല്ലാം പൊലീസ് തിരിക്കഥയാണ്'; മീനങ്ങാടിയിലെ മോഷണ കേസുകളിൽ ജാമ്യം നേടി, ദീപു പറയുന്നു
സമയം പാഴാക്കാതെ തോട്ടിലേക്ക് ചാടിയ അതുൽ കുട്ടികളെ രണ്ടുപേരെയും ആദ്യം കരയിലെത്തിച്ചു. തുടർന്നു സുചിത്രയെയും രക്ഷപ്പെടുത്തി. ചെറുകര മൂന്നരപറമ്പ് വീട്ടിൽ ബിനീഷിന്റെ മക്കളാണ് അതുലും അമലും. അതുൽ ചെറുകര എസ് എൻ ഡി പി യു പി സ്കൂളിൽ ഏഴാംക്ലാസിലും അമൽ ഒന്നാംക്ലാസിലുമാണു പഠിക്കുന്നത്.