ലംബോർഗിനി കാറിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയത് ചേച്ചിയുടെ സമ്മാനദാന ചടങ്ങ് കാണാൻ വന്ന കുട്ടിയാണ്.

തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിനിടെ 12 കാരന്‍റെ ഉത്തരം സദസിന്‍റെ നിറഞ്ഞ കയ്യടി നേടി. വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ സംസാരിച്ച റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനായിരുന്നു സദസിനോട് ചോദ്യം ഉന്നയിച്ചത്. ട്രാക്ടർ ഫാക്ടറി ഉടമസ്ഥനായിരുന്ന ഫെറൂച്ചിയോ, ഫെറാറി കാർ വാങ്ങിയതും അതുമായി ബന്ധപ്പെട്ട പരാതി പറയാൻ പോയപ്പോൾ ഫെറാറി നിർമ്മാതാവ് എൻസോ ഫെറാറിയിൽ നിന്നേറ്റ അപമാനവും അതിനെ തുടർന്ന് ലോകത്തെ വിലയേറിയ ഒരു കാർ ജന്മം കൊണ്ടതുമായ കാര്യങ്ങൾ വിവരിച്ചുകൊണ്ടായികുന്നു റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ചോദ്യം. ആ കാർ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഏവരും ചിന്തിക്കുന്നതിനിടെയാണ് 12 കാരനായ ഒരു കൊച്ചുമിടുക്കൻ ലംബോർഗിനി എന്ന ഉത്തരം വിളിച്ചുപറഞ്ഞത്. സദസിന്‍റെയാകെ കയ്യടി നേടുന്ന ഉത്തരമായിരുന്നു ഇതെന്നാണ് തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ജ്യോതിഷ് ആർ കെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചത്. ചേച്ചി സമ്മാനം വാങ്ങുന്നത് കാണാൻ കൂടെ വന്ന നിറവ് എന്ന വിദ്യാ‍ർഥിയാണ് ഉത്തരം പറഞ്ഞ ആ കൊച്ചുമിടുക്കനെന്നും ജോതിഷ് വിവരിച്ചു.

ജ്യോതിഷിന്‍റെ കുറിപ്പ് വായിക്കാം

ഒരു സദസ്സിന്റെ മുഴുവൻ കൈയടി നേടിയ കൊച്ചു മിടുക്കന്‍റെ ഉത്തരം..

കഴിഞ്ഞ ദിവസം കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാകമ്മറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു. ബഹുമാന്യനായ മുൻ ഡി ജി പി എ. ഹേമചന്ദ്രൻ സാർ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അതിമനോഹരമായ പ്രഭാഷണം നടത്തി. അതിനെ തുടർന്ന് സംസാരിച്ച ബഹുമാന്യനായ റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ സാർ, ഹേമചന്ദ്രൻ സാറിന്‍റെ പ്രഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ലളിതമായ കഥകളിലൂടെ കുട്ടികൾക്ക് വീണ്ടും വിശദീകരിച്ച് കൊടുത്തു. കുട്ടികളെ പ്രചോദിപ്പിക്കാൻ പ്രേരകമായ കാര്യങ്ങളായിരുന്നു എല്ലാം. അതിനിടയിലാണ് സാർ സദസിനോട് ഒരു ചോദ്യം ചോദിച്ചത്.

ചോദ്യം ഇങ്ങനെയായിരുന്നു

ട്രാക്ടർ ഫാക്ടറി ഉടമസ്ഥനായിരുന്ന ഫെറൂച്ചിയോ ഒരു ഫെറാറി കാർ സ്വന്തമാക്കി. എന്നാൽ ഫെറൂച്ചിയോ ആ കാറിൽ സംതൃപ്‌തനായിരുന്നില്ല. അതിന്റെ ക്ലച്ചിനെ കുറിച്ചും മറ്റ് സംവിധാനങ്ങളെ കുറിച്ചുമുള്ള പരാതിയുമായി ഫെറാറി കാറിന്റെ നിർമ്മാതാവ് എൻസോ ഫെറാറിയെ സമീപിച്ചു. എന്നാൽ പരാതി പറയാൻ ചെന്ന ഫെറൂച്ചിയക്ക് കടുത്ത അപമാനമാണ് എൻസോ ഫെറാറിയിൽ നിന്നും നേരിടേണ്ടി വന്നത്. ആ അപമാനത്തിൽ നിന്നാണ് ഇന്ന് ലോകത്തെ വിലയേറിയ ഒരു കാർ ജന്മം കൊണ്ടത്. ആ കാറിന്റെ പേര് എന്താണ് എന്ന് അറിയാമോ?

ഉത്തരത്തിന് ഒരു സെക്കന്റ് പോലും വേണ്ടിവന്നില്ല

ലംബോർഗിനി

ഉത്തരം പറഞ്ഞത് ഒരു പന്ത്രണ്ട് വയസ്സുകാരനാണ്

ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ മിർഷയുടെ മകൻ നിറവ്

ചേച്ചി സമ്മാനം വാങ്ങുന്നത് കാണാൻ കൂടെ വന്നതാണ്.

ഞങ്ങളുടെ ജില്ലാ പൊലീസ് മേധാവി ആ കുഞ്ഞിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ പേന സമ്മാനമായി നൽകുകയും ചെയ്തു.

കുഞ്ഞു മിടുക്കന് ഒരായിരം അഭിനനന്ദനങ്ങൾ.

മറ്റ് സവിശേഷതകളാലും നിറഞ്ഞു നിന്ന സായാഹ്‌നമായിരുന്നു അത്. അവാർഡ് ലഭിച്ചവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രിയപ്പെട്ട മ്മുടെ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത് സാർ, പൊലീസിൽ വന്ന ശേഷം എൽ എൽ ബി, എം എസ് ഡബ്ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, തുടർന്ന് ഇപ്പോൾ ചരിത്രത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രിയപ്പെട്ട അനിത. ഡോക്ടർമാർ തുടങ്ങി പത്താം ക്ലാസ് വരെയുള്ള അവാർഡ് കരസ്ഥമാക്കിയ കുട്ടികൾ, പ്രിയ പൊലീസുദ്യോഗസ്ഥർ, അവരുടെ കുടുബം എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.