ഏഴ് അധ്യാപകരും 42 വിദ്യാര്‍ത്ഥികളും ജില്ലാ ശിശു സംരക്ഷണ  അംഗങ്ങളും അടങ്ങിയ ടീം മാര്‍ച്ച് 21 മുതല്‍ മൂന്നുദിവസം കൊണ്ടാണ് കുട്ടികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയത്

ഇടുക്കി: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയത് 121 കുട്ടികള്‍. ബാലവകാശ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യാത്രസൗകര്യകുറവ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, സ്‌കൂള്‍ സൗകര്യങ്ങളുടെ അഭാവം, അലോട്ട്‌മെന്‍റിനെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷിന്‍റെ കണ്ടെത്തല്‍.

ഇവര്‍ക്കിടയില്‍ പ്രചാരമുള്ള മുതുവാന്‍ ഭാഷയും പുറമെനിന്ന് വരുന്ന അധ്യാപകരുടെ തനി മലയാളവും തമ്മിലുള്ള പൊരുത്തക്കേടുകളും കൂട്ടികളുടെ പഠനത്തോടുള്ള താല്പര്യം കുറയാന്‍ ഇടയാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൊസൈറ്റിക്കുടിയിലും പഞ്ചായത്തിന്റെ വക മുളകുതറയിലും പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളാണ് ഇടമലക്കുടിയിലുള്ളത്. കുടാതെ പരപ്പയാര്‍കുടിയിലും മുളകുതറയിലും ഇടലിപ്പാറക്കുടിയിലും ഏകധ്യാപക വിദ്യാലയങ്ങളുമുണ്ട്.

തൊടുപുഴ, വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ഏഴ് അധ്യാപകരും 42 വിദ്യാര്‍ത്ഥികളും ജില്ലാ ശിശു സംരക്ഷണ അംഗങ്ങളും അടങ്ങിയ ടീം മാര്‍ച്ച് 21 മുതല്‍ മൂന്നുദിവസം കൊണ്ടാണ് കുട്ടികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയത്. വീടുകളുടെ എണ്ണം, കുട്ടികളുടെ എണ്ണം കൊഴിഞ്ഞുപോകല്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിച്ചത്.