കഴിഞ്ഞ ഓഗസ്റ്റിൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് മാതാപിതാക്കളുമായി പിണങ്ങിയിറങ്ങിയ 13കാരിയെ 37 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തി ബാലികാ മന്ദിരത്തിന്റെ സംരക്ഷണയിലാക്കിയത്

തിരുവനന്തപുരം: കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് മാതാപിതാക്കളുമായി പിണങ്ങിയിറങ്ങി നാടുവിട്ട ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന 13കാരി ഒടുവിൽ അസമിലേക്ക് തിരികെയെത്തി. കേരളത്തിന്റെ വളർത്തുപുത്രിയായി അഞ്ച് മാസത്തോളം തിരുവനന്തപുരം ശിശുക്ഷേമ സമിതി ബാലികാ മന്ദിരത്തിൽ കഴിഞ്ഞ ശേഷമാണ് 13കാരി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കേരള പൊലീസ് തിരികെ തിരുവനന്തപുരത്ത് എത്തിച്ച 13കാരി അന്ന് മാതാപിതാക്കൾക്കൊപ്പം മടങ്ങാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ബാലികാ മന്ദിരത്തിലാക്കിയത്. 

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞ പെൺകുട്ടി സ്കൂളിൽ ചേർന്ന് പഠനം തുടരാനും അവസരമൊരുക്കിയിരുന്നു. അടുത്തിടെ 13കാരി ആസാമിലെ അച്ഛനുമമ്മയ്ക്കുമൊപ്പം പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സി.ഡബ്ല്യൂ.സി. ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം കുട്ടിയെ നാട്ടിലെത്തിക്കാൻ ഉത്തരവു നൽകിയത്. കുട്ടിക്ക് സമിതിയിലെ കൂട്ടുകാരും അമ്മമാരും സമിതി ഭാരവാഹിയും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി. വിമാന മാർഗ്ഗം കുട്ടിയെ അസമിൽ എത്തിക്കുകയായിരുന്നു.

'ഇനിയും പഠിക്കണം; അസമിലേക്ക് പോയി, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിന്ന് പഠനം തുടരണം'

13കാരിയെ മാതാപിതാക്കൾക്കൊപ്പം എത്തിച്ചതായും ഉറ്റവർക്കൊപ്പം സുഖമായിരിക്കുന്നതായും ഉടൻ തന്നെ സ്കൂളിൽ പോയി തുടങ്ങുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി വിശദമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് മാതാപിതാക്കളുമായി പിണങ്ങിയിറങ്ങിയ 13കാരിയെ 37 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികൾ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. 

50 രൂപയും ഒരു കുഞ്ഞുബാ​ഗിൽ വസ്ത്രങ്ങളും; ഭക്ഷണം കഴിച്ചിട്ട് 2 ദിവസം; കുട്ടിയെ കണ്ടെത്തിയത് 37 മണിക്കൂറിനൊടുവിൽ

ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ കു‍ഞ്ഞ് ക്ഷീണിതയായിരുന്നു. അമ്പത് രൂപയും ഒരു ചെറിയ ബാ​ഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. ട്രെയിനിൽ സഞ്ചരിക്കവേ ബബിത എന്ന വിദ്യാർത്ഥിനി എടുത്ത കുട്ടിയുടെ ഫോട്ടോ ആണ് അന്വേഷണത്തിന് നിർണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം