മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 13 കാരന്‍റെ മൃതദേഹം; മരണം ഷോക്കേറ്റ്, തോട്ടമുടമയ്ക്കെതിരെ കേസ്
കാട്ടുപന്നികളെ തുരത്താൻ തോട്ടമുടമ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് കുട്ടിക്ക് ഷോക്കെറ്റതെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിവരങ്ങള്‍ പുറത്ത്. കുട്ടി മരിച്ചത് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റത്തിനെ തുടർന്നാണെന്ന് പൊലീസ്. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നികളെ തുരത്താൻ തോട്ടമുടമ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് കുട്ടിക്ക് ഷോക്കെറ്റതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സ്ഥലമുടമ അറയിൽ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. അസം സോനിത്‌പൂർ തേസ്‌പൂരിലെ ബഗരിചാർ സ്വദേശികളായ മുത്തലിബ് അലി ,സോമാല ദമ്പതികളുടെ മകനാണ് മരിച്ച റഹ്മത്തുള്ള. രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പൂക്കോട്ടും പാടം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മരിച്ച കുട്ടി റഹ്മത്തുള്ളയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More : കരുവാരക്കുണ്ടിൽ 'മണ്ണിടിച്ചിൽ', ഓടിയെത്തി രക്ഷാ പ്രവർത്തകർ, പക്ഷേ...: പ്രതിരോധം ഉറപ്പാക്കി മോക്ഡ്രിൽ