അടൂരില്‍ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വിവിധ അക്രമങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതുവരെ 695 കേസ്സുകള്‍ എടുത്തു.

പത്തനംതിട്ട: അടൂരില്‍ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പണിമുടക്കിന്‍റെ മറവില്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടിയത്. വിവിധ അക്രമങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതുവരെ 695 കേസുകള്‍ എടുത്തു. പറക്കോട് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു.

ഇന്ന് വെളുപ്പിന് രണ്ടര മണിക്കാണ് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായ വേണുവിന്‍റെ പറക്കോടുള്ള വീടിന് നേരെ ആക്രമണം ഉണ്ടായത്. പേട്രൊള്‍ ബോംബ് പോട്ടി ജനല്‍ ചില്ലുകള്‍ തകർന്നു വീടിന് അകത്തേക്കും തീപടർന്നു. അക്രമത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണന്ന് പൊലീസ് പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് ജനുവരി രണ്ട് മുതല്‍ ഉണ്ടായ അക്രസംഭവങ്ങളുടെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ 695 കേസുകളാണ് ചാർജ് ചെയ്തത്. 917 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 63പേരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍റ് ചെയ്തു. അടൂരിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത് 331 കേസ്സുകള്‍ ചാർജ് ചെയ്യതു. 291 പേരെ അറസ്റ്റ് ചെയ്തു.