ബസ് ഷെല്‍റ്ററില്‍ വച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പരസ്യം നല്‍കാം. ഇതില്‍ നിന്നുള്ള വരുമാന വിഹിതവും കോര്‍പ്പറേഷന്‍ ലഭിക്കുമെന്ന് മേയര്‍

തൃശൂര്‍: നഗരത്തിന്‍റെ മുഖം മിനുക്കി 150 ബസ് ഷെല്‍റ്ററുകള്‍ വരുന്നു. ആദ്യഘട്ടമായി ഏഴെണ്ണം സ്വരാജ് റൗണ്ടില്‍ തുറക്കും. പരസ്യത്തില്‍ നിന്ന് വരുമാനവും കിട്ടുമെന്ന് മേയര്‍ പറയുന്നു. അതിനിടെ പരസ്യ വരുമാനം തട്ടുന്നതിനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

സ്വരാജ് റൗണ്ടിലെത്തുന്നവര്‍ക്ക് ഒരു മഴ വന്നാല്‍ കയറി നില്‍ക്കാന്‍ കടത്തിണ്ണയല്ലാതൊന്നുമില്ലെന്ന പരാതിക്ക് അറുതിയാവുകയാണ്. റൗണ്ടില്‍ മാത്രം ഏഴു ബസ് ഷെല്‍റ്ററുകളാണ് തുറക്കുന്നത്. നഗരത്തിലെമ്പാടും ആറു മാസത്തിനുള്ളില്‍ തുറക്കുന്നത് 150 ബസ് ഷെല്‍റ്ററുകള്‍. സ്വകാര്യ കമ്പനിയുമായി പത്തു കൊല്ലത്തെ കരാറാണ് കോര്‍പ്പറേഷന്‍ വച്ചിട്ടുള്ളത്. നിര്‍മാണവും പരിപാലനവും നടത്തിപ്പും സ്വകാര്യ കമ്പനിയാണ്. ബസ് ഷെല്‍റ്ററില്‍ വച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പരസ്യം നല്‍കാം. ഇതില്‍ നിന്നുള്ള വരുമാന വിഹിതവും കോര്‍പ്പറേഷന്‍ ലഭിക്കുമെന്ന് മേയര്‍ അറിയിച്ചു.

നഗരത്തിലെ കൈവരികളില്‍ ഫ്ളക്സ് കെട്ടുന്നത് അവസാനിപ്പിച്ച് ബസ് ഷെല്‍റ്ററുകളില്‍ പരിപാടികള്‍ പ്രദര്‍ശിപ്പിക്കാമെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ പരസ്യ വരുമാനം പങ്കുവയ്ക്കലാണ് ഭരണപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.